കെ.ജെ. യേശുദാസ്, വാണി ജയറാം | ഫോട്ടോ: എൻ.എം. പ്രദീപ്, ജി. ശിവപ്രസാദ് | മാതൃഭൂമി
വാണിയമ്മയുമൊത്ത് ഒട്ടേറെ ഗാനങ്ങൾ പാടാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. കന്നടയിലും തമിഴിലും തെലുഗിലും പാടിയിട്ടുണ്ടെങ്കിലും മലയാളത്തിൽ അവരോടൊത്തുള്ള മുഴുവൻ ഗാനങ്ങളും ശ്രോതാക്കൾ ഏറെ ഇഷ്ടപ്പെടുന്നവയായിരുന്നു.
മലയാളത്തിൽ ഞങ്ങൾ ആദ്യമായി ഒന്നിക്കുന്നത് ശ്രീകുമാരൻ തമ്പി എഴുതിയ ‘പ്രവാഹ’ത്തിലെ ‘മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു’ എന്ന പാട്ടിലൂടെയാണ്. ഏറെ വൈകാതെ മലയാളത്തിലെ യുഗ്മഗാനങ്ങളുടെ പട്ടികയിൽ എന്നും സൂപ്പർ ഹിറ്റായി ജനങ്ങൾ ഏറ്റുപാടുന്ന ‘പിക്നിക്’ എന്ന ശശികുമാർ സാറിന്റെ ചിത്രത്തിലെ ‘വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി’ എന്ന ഞങ്ങളുടെ രണ്ടാമത്തെ യുഗ്മഗാനവുമെത്തി.
രണ്ടുഗാനങ്ങളും ശ്രീകുമാരൻ തമ്പി-എം.കെ. അർജുനൻ ജോഡികളുടേതാണെന്നതും എടുത്തുപറയേണ്ടതാണ്. ‘സൗരയൂഥത്തിൽ...’ എന്ന വാണിയമ്മയുടെ ആദ്യമലയാളഗാനംകേട്ട അന്നുതന്നെ ശ്രീകുമാരൻ തമ്പിയുടെ ആഗ്രഹമായിരുന്നു വാണിയമ്മയെക്കൊണ്ട് അടുത്ത ഗാനം പാടിക്കണമെന്നത്. തുടർന്ന് എത്രയോ ഗാനങ്ങൾ ഞങ്ങൾ ഒരുമിച്ചുപാടി. വാണിയമ്മ ഏതുഗാനം പാടുമ്പോഴും അവരുടെ ശ്രുതി ശുദ്ധി ഒരു ആകർഷണംതന്നെയായിരുന്നു. രാസലീല എന്ന ചിത്രത്തിലെ ആയില്യം പാടത്തെ പെണ്ണേ, പഞ്ചവർണക്കിളിവാലൻ, കുറുമൊഴി കൂന്തലിൽ, എസ്.പി.ബി.ക്കും സുശീലാമ്മയ്ക്കുമൊപ്പം പാടിയ സർപ്പം എന്ന ചിത്രത്തിലെ സ്വർണമീനിന്റെ, ദേവദാസിയിലെ ‘പൊന്നലയിൽ അമ്മാനമാടി’, മഞ്ചാടിക്കുന്നിൽ, ‘പ്രേമഗീതങ്ങളി’ലെ മുത്തും മുടി പൊന്നും, രക്തം എന്ന സിനിമയിലെ ‘മഞ്ഞിൽ ചേക്കേറും’, ‘പ്രേമാഭിഷേക’ത്തിലെ ദേവീശ്രീദേവി, മഴക്കാലമേഘം, ഒരു സ്വപ്നഹംസം, വീണേ നിന്നെ മീട്ടാൻ... തുടങ്ങി എത്രയോ ഗാനങ്ങൾ. ഏറ്റവുമൊടുവിലായി ആറുവർഷംമുമ്പ് പാടിയ ‘പൂക്കൾ പനിനീർ പൂക്കൾ...’ എന്ന ഗാനത്തിൽവരെ അവരുടെ ശബ്ദത്തിന്റെ മാധുര്യവും ശ്രുതിശുദ്ധതയും എടുത്തുപറയേണ്ട കാര്യമാണ്.
പദ്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും അത് സ്വീകരിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമം ഏറെയുണ്ട്. ശുദ്ധസംഗീതത്തിന് വാണിയമ്മ നൽകിയ സംഭാവനകൾ എന്നുമെന്നും സ്മരിക്കപ്പെടുകതന്നെ ചെയ്യും. ആ സംഗീതസ്മരണയ്ക്കുമുന്നിൽ ആദരാഞ്ജലികൾ.
Content Highlights: kj yesudas about his songs with vani jayaram, vani jayaram passed away
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..