Representative Image
''നീ മുടക്കുന്ന എത്രാമത്തെ കല്യാണമാണ് ഇതെന്ന് നിനക്ക് അറിയുമോ? ഇത്തവണ എന്തായിരുന്നു കാരണം? അവനോട് നീ എന്താ പറഞ്ഞത് കുട്ടികളെ വേണ്ടന്നോ? കുട്ടികളെ ഇഷ്ടമില്ലാത്ത മനുഷ്യരുണ്ടോ? നിനക്ക് ഇങ്ങനെ ഒക്കെ കല്യാണം മുടക്കാന്‍ എങ്ങനെ സാധിക്കുന്നു''
ദേഷ്യത്തോടെ അമ്മ ചായ ഗ്ലാസ് മേശപ്പുറത്ത് വയ്ക്കുമ്പോള്‍ എനിക്ക് ചിരി വന്നു. ഹാ, കുട്ടികളെ ഇഷ്ടമല്ല എന്ന് പറഞ്ഞപ്പോഴേ അയാള്‍ ഒറ്റഓട്ടമായിരുന്നു. ഈ ആണുങ്ങളുടെ ഭീരുത്വം ഓര്‍ക്കുമ്പോള്‍ ചിരി വരും. എന്തൊക്കെയാണെങ്കിലും കാര്യത്തോട് അടുക്കുമ്പോള്‍ അവര്‍ക്ക് ഭയമാണ്. ചുംബിക്കാന്‍ അവര്‍ക്ക് ധൈര്യമുണ്ട്. പക്ഷേ ആ ചുംബനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ധൈര്യമുള്ളവര്‍ കുറവാണ്. ഒന്ന് അമര്‍ത്തി ചോദിച്ചാല്‍ ഭയം കൊണ്ട് അവര്‍ ചുവക്കും.
കണ്ടില്ലേ മാട്രിമോണിയല്‍ വഴി വന്നയാളാണ്, ഇന്നലെവരെ വിളിച്ചു വെറുപ്പിക്കുവായിരുന്നില്ലെ, കുട്ടികളെ വേണ്ടന്നു പറഞ്ഞപ്പോള്‍ പിന്നെ അയാളെ കാണാനില്ല.
''ഇനി നീ എത്രകാലം ഇങ്ങനെ തനിയെ നില്‍ക്കും? ഇഷ്ടപ്പെട്ട ഒരുത്തനെ കല്യാണം കഴിക്കാന്‍ പറ്റിയില്ലെന്ന് പറഞ്ഞ് ഇങ്ങനെയുണ്ടോ പെണ്ണുങ്ങള്. ഒരുമാതിരി എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്, എന്നുവച്ചാല്‍ നീ അല്ലെ ആദ്യമായിട്ട് പ്രേമിക്കുന്ന പെണ്ണ്''.അമ്മ ദേഷ്യം കൊണ്ട് വിറക്കുകയാണ് ഒന്നും പറഞ്ഞിട്ട് കാര്യമില്ല, എല്ലാം നേരിടുക തന്നെ.
പത്തുവര്‍ഷങ്ങളായിരുന്നു...പത്തുവര്‍ഷമെന്നു പറഞ്ഞാല്‍ യൗവനത്തിന്റെ വസന്തകാലം, വിദ്യാഭ്യാസത്തിന്റെയും കരിയറിന്റെയും ആരോഗ്യത്തിന്റെയുമൊക്കെ മാന്തളിരുപോലുള്ള കാലം. സങ്കല്‍പ്പവുമായി സാമ്യമില്ലെങ്കിലും ഒരു വര്‍ഷം പിന്നാലെ നടന്നിട്ട് ഒരു ദിവസം പെട്ടെന്ന് ഇനി ഒരിക്കലും എന്റെ ശല്യം ഉണ്ടാകില്ലെന്ന് പറഞ്ഞപ്പോള്‍ നെഞ്ചൊന്നു പിടഞ്ഞു. ആ പിടച്ചില്‍ കാണാതെ പോയിരുന്നെങ്കില്‍ എന്ന് പിന്നീട് ആയിരംവട്ടം ചിന്തിച്ചിട്ടുണ്ട്. പണ്ട് കാര്‍ന്നോമാര് ജിന്ന് കേറുകാന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് പിന്നെ അതുപോലെ ഒരു കേറ്റമായിരുന്നില്ലെ. പതിയെ പതിയെ പ്രണയം നുരഞ്ഞും ചിലപ്പോഴൊക്കെ പതഞ്ഞും ചുറ്റും പടര്‍ന്നപ്പോള്‍ ഞാന്‍ ഒരു വല നെയ്ത് തുടങ്ങി. ചിലന്തിവല പോലെ ഒന്ന്. അത് അയാള്‍ക്ക് ചുറ്റും പടര്‍ന്നു കയറാന്‍ തുടങ്ങി. ലോകം മുഴുവന്‍ ആ വല കൊണ്ട് മൂടിയിടാന്‍ നോക്കി. പക്ഷേ എത്ര മൂടിയിട്ടും ആ വലയ്ക്കുള്ളില്‍ ഞങ്ങള്‍ മാത്രമായിരുന്നു. ഞങ്ങള്‍ മാത്രമെന്നു പറഞ്ഞാല്‍ പുറംലോകവുമായി ബന്ധമില്ലാതെ ഒരു കൊടുംവനത്തില്‍ ഏറ്റവും പ്രിയപ്പെട്ട രണ്ട് പേര്‍ തനിച്ചായാല്‍ എങ്ങനെ ഉണ്ടാകും അങ്ങനെ തന്നെ. ആ പ്രണയവലയ്ക്ക് അപ്പുറം ഒരുലോകമില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. അല്ലെങ്കില്‍ തന്നെ അതിനപ്പുറമുള്ള ലോകമത്രയും മരുഭൂമിയായിരുന്നു.
പ്രണയത്തിന്റെ 9 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോഴാണ് വിവാഹമെന്നൊരു ചര്‍ച്ച വരുന്നത്. ഉറപ്പീരിന്റെ അന്ന് അയാളുടെ അമ്മയും അമ്മാവന്‍മാരും പറഞ്ഞു മോള് ജോലിയൊക്കെ നിര്‍ത്തണം എന്നിട്ട് കല്യാണം നടത്താം. 'അത് എങ്ങനെ ശരിയാകും ഇത് ഞാന്‍ ആഗ്രഹിച്ച പഠിച്ചു നേടിയ ജോലിയല്ലെ അതും 16 ശതമാനം പലിശയ്ക്ക് ലോണ്‍ എടുത്ത് പഠിച്ചിട്ട്' ഇത് എന്റെ സ്വപ്നമാണ് അങ്ങനെ ഈ ജോലി ഉപേക്ഷിക്കാന്‍ പറയരുതമ്മേ എന്ന് പറഞ്ഞപ്പോള്‍ അവരുടെ മുഖം തീക്കനല് പോലെയായിരുന്നു.
'നമ്മുടെ വീട്ടില്‍ പെണ്ണുങ്ങള്‍ ആരും ജോലിക്കു പോയ പാരമ്പര്യം ഇല്ലമോളെന്ന്' ഒരു പറച്ചിലും. കരിയര്‍ തുടങ്ങിട്ടല്ലേ ഉള്ളു ഇനിയെത്രദൂരം പോകാനുള്ളതാന്ന് പറഞ്ഞു തീരും മുമ്പ് അപ്പുറത്ത് നിന്ന അമ്മാവന്റെ വകയായി കനംപിടിച്ച ഡയലോഗ് എത്തി. "അങ്ങനെ പെണ്ണുങ്ങള്‍ കൊണ്ടു വന്ന് കുടുംബം നടത്തേണ്ട അവസ്ഥയൊന്നും നമുക്കില്ല!"
വെള്ളിടിയേറ്റപോലെ നില്‍ക്കുന്നതിനിടയില്‍ ഒഴിഞ്ഞ ക്ലാസിലെ അവസാന ബഞ്ചിലിരുന്ന് ഒരു ചോക്ലേറ്റ് മിഠായി ചുണ്ടുകള്‍ കൊണ്ട് പരസ്പരം പകുത്ത് നുണഞ്ഞിറക്കുന്നതിനിടയില്‍ എന്റെ കൊച്ചിനെ ഞാന്‍ ജോലിക്കു വിടില്ല, രാജ്ഞിയേ പോലെ നോക്കാനാ കൊണ്ടുപോകുന്നതെന്ന് പറഞ്ഞത് 9 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം കണ്ണിനുമുന്നിലൂടെ പാഞ്ഞുപോയി. ആദ്യ ആലിംഗനം മുറിച്ചു കൊണ്ട് അയാളുടെ പോക്കറ്റിരുന്ന ബെല്ലടിച്ച ഫോണ്‍ എടുത്തു കൊണ്ട് എന്റെ മോള് ജോലിക്ക് പോകാതിരിക്കാനാണ് ഞാന്‍ ഈ കഷ്ടപ്പെടുന്നതൊക്കെ എന്ന് പറഞ്ഞത് ഓര്‍മയില്‍ വന്നു. പിന്നെ ജോലി കഴിഞ്ഞു വരുന്ന അനേകം രാത്രികളില്‍ എന്തിനാണ് എന്റെ കുട്ടി ജോലിക്കു പോകുന്നത് എല്ലാം ഞാന്‍ നോക്കില്ലേ എന്ന് ചുംബനത്തില്‍ ചാലിച്ച് പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു. ചിലന്തി വല കുലുക്കികൊണ്ട് ഒരു ചിന്ത എന്റെ മനസില്‍ മിന്നി മാഞ്ഞു, ആ വാക്കുകളൊന്നും നിഷ്‌കളങ്കമായിരുന്നില്ലേ?
ആദ്യമായി കാണുന്ന അയാളുടെ അമ്മയുടെ കൈ പിടിച്ച് ഞാന്‍ കെഞ്ചി,'എനിക്ക് ജോലിക്ക് പോകണം'. കൈ തട്ടിമാറ്റി അവര്‍ പറഞ്ഞു, "ഞാന്‍ എന്റെ മോനെ കെട്ടിക്കുന്നത് എനിക്ക് ഒരു കൂട്ടിന് വേണ്ടിട്ടാണ് അവന്‍ ജോലിക്ക് പോകും നീ എന്റെ കൂടെ നില്‍ക്കും". ആ ദിവസത്തിന്റെ അവസാനം അയാള്‍ എനിക്കു നേരെ തൊടുത്തുവിട്ട 'കരിയറാണോ ഞാനാണോ നിനക്ക് വലുത്'? എന്ന അത്ര നിഷ്‌കളങ്കമല്ലാത്ത ആ വാക്കുകള്‍ക്ക് വജ്രത്തേക്കാള്‍ കടുപ്പമുണ്ടായിരുന്നു. ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം പങ്കുവച്ച മണിക്കൂറുകളും പകുത്തു നല്‍കിയ സ്നേഹവും കെട്ടിപ്പടുത്തലോകവും അര്‍ഹിക്കാത്ത ഒന്നിനു വേണ്ടിയായിരുന്ന എന്ന തിരിച്ചറിവ് എന്റെ സമനില തെറ്റിക്കാന്‍ പോന്നതായിരുന്നു.
വെറുതെ ഒന്നു ചോദിക്കട്ടെ നിങ്ങളായിരുന്നു എങ്കില്‍ എന്തു തീരുമാനിക്കുമായിരുന്നു.... ആഗ്രഹിച്ച കഷ്ടപ്പെട്ട് നേടിയ ജോലിയോ പ്രിയപ്പെട്ടവളുടെ സ്വപ്‌നമെന്ത് എന്ന് 9 വര്‍ഷം ഒപ്പം നിന്നിട്ടും മനസിലാകാത്ത ഒരാള്‍ക്കൊപ്പമുള്ള ജീവിതമോ? ശരിക്കും എന്തായിരിക്കും തിരഞ്ഞെടുക്കുക.
പിന്നെ ഓരോ ദിവസം മുന്നോട്ട് പോകുമ്പോഴും ഞാന്‍ നെയ്‌തെടുത്ത ചിലന്തിവലയുടെ കണ്ണികള്‍ എന്റെ കണ്‍മുമ്പില്‍ തന്നെ പൊട്ടിത്തുടങ്ങി, ഒടുവില്‍ അത് ഒരു നേര്‍ത്ത നൂലുമാത്രമായി. അപ്പോഴും എല്ലാം പഴയപോലെയാക്കാമെന്ന ഒരു സാധാരണ ചിലന്തിയുടെ ചിന്തയോടെ വീണ്ടും വീണ്ടും ഞാന്‍ പ്രണയവല നെയ്ത്ത് തുടര്‍ന്നു. ഒടുവില്‍ അയാള്‍ മറ്റൊരു പെണ്ണിന്റെ ജീവിതത്തിലേയ്ക്ക് കടക്കുന്ന ആ രാത്രിവരെ.. അന്നു രാത്രി വെളുക്കുവോളം ഞങ്ങള്‍ സംസാരിച്ചു. നീ ജോലിക്ക് പോകാതിരുന്നെങ്കില്‍ എന്ന കുറ്റപ്പെടുത്തലുകള്‍ അവസാന നിമിഷം വരെ തുടരാന്‍ അയാള്‍ ശ്രദ്ധിച്ചു. സംസാരത്തില്‍ അവസാന നിമിഷം ആ പ്രണയകാലം എന്നില്‍ നിക്ഷേപിച്ച എല്ലാ പോറലും വേദനകളും മറന്ന് അയാളുടെ നിറുകയില്‍ ഞാന്‍ അമര്‍ത്തി ചുംബിച്ചു. ചുണ്ടുകള്‍ വിറക്കുന്നുണ്ടായിരുന്നു. അയാള്‍ക്ക് അറിയില്ലെങ്കിലും എനിക്ക് ഉറപ്പായിരുന്നു ഇനി ഒരു ചുംബനം കൂടി എന്നില്‍ നിന്ന് അയാള്‍ക്കായി ഉതിരില്ലെന്ന്, ഇനി ഒരിക്കല്‍ കൂടി അയാളെ ഞാന്‍ പുല്‍കില്ലെന്ന്, ഇനി ഒരിക്കലും പ്രണയത്തിന്റെ ചിലന്തിവലയില്‍ എനിക്കൊപ്പം അയാള്‍ ഉണ്ടാവില്ലെന്ന്.
പൂര്‍ണമായും അയാള്‍ മറ്റൊരു സ്ത്രീയുടേതാകുമ്പോള്‍ എന്നുള്ളില്‍ നഷ്ട്ടത്തിന്റെയും നിരാശയുടെയും കനലെരിഞ്ഞുകൊണ്ടിരുന്നു. അയാള്‍ക്കായി മാറ്റി വച്ച സമയം കുറ്റബോധത്തിന്റെ കുന്തമുനയായി എനിക്കു നേരെതിരിഞ്ഞു. നഷ്ടപ്പെട്ട യവ്വനവും സമയവും അടക്കം ഒന്നും തിരിച്ചു കിട്ടില്ലെന്ന ചിന്ത വല്ലാതെ അലട്ടി. ആ അലട്ടലില്‍ നിന്ന് രക്ഷനേടാന്‍ ആന്റി ഡിപ്രസെന്റുകള്‍ക്കും ഉറക്കഗുളികകള്‍ക്കും പിന്നില്‍ ഞാനൊളിച്ചു. നെഞ്ചുനീറുന്ന നേരങ്ങളില്‍ വല്ലാതെ ഒറ്റപ്പെടുന്ന സമയങ്ങളില്‍ ചുറ്റും അയാളുടെ മുഖം തിരഞ്ഞു ഞാന്‍ തളര്‍ന്നു. അയാളുടെ കണ്ണുകളോ ചിരികളോ മുടിയോ ഉയരമോ അങ്ങനെ എന്തെങ്കിലുമുള്ള മനുഷ്യരെ ഞാന്‍ ചുറ്റും തേടിക്കൊണ്ടെയിരുന്നു. എന്റെ സങ്കല്‍പ്പവുമായി ഒരു സാമ്യവും ഇല്ലാതിരുന്ന ആ മനുഷ്യന്‍ 9 വര്‍ഷങ്ങള്‍ കൊണ്ട് ഇതാ എന്റെ സങ്കല്‍പ്പമായി മാറിയിരിക്കുന്നു!
ഒടുവില്‍ ആന്റിഡിപ്രസെന്റുകളും ഉറക്ക ഗുളികകളും ഇല്ലാതിരുന്ന ഒരു നിമിഷം ഇനി ഇങ്ങനെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു...അന്ന് എന്റെ മുമ്പില്‍ രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് പ്രതികാരം മറ്റൊന്ന് അതിജീവനും. എന്നെ ആകര്‍ഷിച്ചത് അതിജീവനമായിരുന്നു. അല്‍പ്പം ബുദ്ധിമുട്ടിയെങ്കിലും ഒരുപാട് കാലത്തിനു ശേഷം ഞാന്‍ എടുക്കുന്ന ഒരു മികച്ച തീരുമാനം. ഞാന്‍ ഇതാ എന്റെ വിരഹത്തെ അതിജീവിച്ചു കഴിഞ്ഞു. ഇന്ന് ഒരു കൈനീട്ടിയാല്‍ എത്തുന്ന ദൂരത്തില്‍ എന്റെ സ്വപ്‌നങ്ങളുണ്ട്. ചാരം മുടിയ കനലായല്ല തിളങ്ങുന്ന ഒരു വജ്രമായി ആ പ്രണയം എന്റെ ഉള്ളിലുണ്ട്. ഒരു ശിശിരവും വര്‍ഷവും വസന്തവും നല്‍കാത്ത അനുഭവങ്ങള്‍ സമ്മാനിച്ച ഒരു മനുഷ്യനും അയാള്‍ക്കൊപ്പം കടന്നു പോയ ആ കാലവും ഉള്ളിലുണ്ട്. അത് അവിടെ അങ്ങനെ തന്നെ ഇരിക്കട്ടെ. ചില വൈകുന്നേരങ്ങളില്‍ ഒരു കപ്പ് കാപ്പി നുണഞ്ഞ് ഓടി പോയി തിരികെ വരാന്‍ പാകത്തിന് ഈ ഭൂമിയില്‍ എനിക്കുമാത്രമുള്ളൊരിടമായിട്ട്.
പിന്നെ ചുറ്റും ഇന്നും പ്രണയമുണ്ട് പക്ഷേ പ്രണയവലകളില്ല.
Content Highlights: valentines day memory, love experience, love breakup, unconditional love, toxic love
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..