Photo: Gettyimages.in
ചന്തൂ.. പത്ത് വർഷങ്ങൾക്കിപ്പുറം നിന്നെ പേര് ചൊല്ലി വിളിക്കുമ്പോൾ അതിലൊരൽപം പോലും പ്രണയമില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. നീ കൂടെയില്ലാതെ ശ്വസിക്കാൻ പോലും സാധിക്കില്ലെന്ന് വിശ്വസിച്ചിരുന്ന ആ ഞാൻ തന്നെയാണോ ഇത്. അന്നത്തെ പത്തൊമ്പത്കാരിയിൽ നിന്നും ഇന്നത്തെ മുപ്പതുകാരിയിലേക്കെത്തിയപ്പോൾ കൈവന്ന മെച്യൂരിറ്റിയോ ജീവിതം പഠിപ്പിച്ച പാഠങ്ങളോ മാത്രമല്ല എന്നെ ഇങ്ങനെയാക്കിയതെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.
നമുക്കിടയിലെ പ്രണയം അത് എന്നോ അവസാനിച്ചതാണ്. ഓഹ് നമുക്കിടയിലെ എന്ന് പറയാനാവില്ലല്ലോ അല്ലേ.. എന്റെ ഉള്ളിലെ പ്രണയം. ഞാൻ മാത്രം ഉപേക്ഷിച്ച പ്രണയം..അതിന് നീയും നമ്മുടെ സുഹൃത്തുക്കളും എനിക്ക് നൽകിയ തേപ്പുകാരിയെന്ന പേരും. സത്യത്തിൽ ഞാനെങ്ങനെയാണ് തേപ്പുകാരിയായത് ? നമുക്കിടയിൽ എന്താണ് സംഭവിച്ചത് ? നിന്നിൽ മാത്രം ചുറ്റിത്തിരിഞ്ഞ ഞാനെങ്ങനെയാണ് മാറി ചിന്തിക്കാൻ തുടങ്ങിയത് ? സ്വപ്നങ്ങളും സന്തോഷങ്ങളും പരിഭവങ്ങളും പങ്കിട്ടിരുന്ന ഫോൺകോളുകളിൽ വഴക്കുകൾ മാത്രം നിറഞ്ഞത് എപ്പോഴാണ് ? നിന്റെ ഫോൺകോളുകളെ ഞാൻ ഭയക്കാൻ തുടങ്ങിയത് എന്ന് മുതൽക്കാണ് ? ഒരുത്തരമേയുള്ളൂ.. നീ സ്വാർഥനായി ചിന്തിച്ച് തുടങ്ങിയ അന്ന് മുതൽ...
അന്ന് ആ ക്യാമ്പസിൽ ഡിഗ്രിക്ക് ചേരാനായി അപേക്ഷ സമർപ്പിക്കാനെത്തിയ ദിവസം അത്രയും ആളുകൾക്കിടയിലും ഞാൻ കണ്ടത് നിന്നെ മാത്രമാണ്. അപേക്ഷ സമർപ്പിക്കാനെത്തിയവർക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്ത് ഓടി നടക്കുന്ന സീനിയർ ചേട്ടനോട് ഞാനെന്ന കൗമാരക്കാരിക്ക് തോന്നിയത് ഒരുപക്ഷേ വെറും 'ക്രഷ്' മാത്രമാകാം.. പക്ഷേ അതേ ക്യാമ്പസിൽ തന്നെ അഡ്മിഷൻ ലഭിച്ചതിന് ശേഷം പല തവണ വീണ്ടും കണ്ടുമുട്ടിയപ്പോൾ, പലരിൽ നിന്നും നിന്നെക്കുറിച്ച് അടുത്തറിഞ്ഞപ്പോൾ ആ ക്രഷ് പ്രണയമായി മാറുന്നത് ഞാനറിഞ്ഞിരുന്നു. ചങ്ക് കൂട്ടുകാരി അച്ചൂനോട് പോലും പറയാതെ ഞാൻ ഉള്ളിൽ കൊണ്ട് നടന്ന എന്റെ പ്രണയം. സജീവ രാഷ്ട്രീയ പ്രവർത്തകൻ, കോളേജിനകത്തും പുറത്തും ആരുടെയും എന്താവശ്യത്തിനും മുൻപിൻ നോക്കാതെ ഇറങ്ങിത്തിരിക്കുന്നവൻ, ഒരുപാട് അനിയന്മാരുടെയും അനിയത്തിമാരുടെയും പ്രിയപ്പെട്ട ഏട്ടൻ, പലരുടെയും ആരാധനാപാത്രം.. അങ്ങനെയങ്ങനെ നിന്നെ നേരിൽ പരിചയപ്പെടാതെ നടന്ന മൂന്ന് മാസക്കാലവും ഞാൻ അറിയുന്നുണ്ടായിരുന്നു ചന്തൂ നിന്നെ, എല്ലാവരുടെയും വാക്കുകളിൽ നിറഞ്ഞ് നിന്ന നിന്നെ.. ഒളിച്ച് കണ്ടും, മുന്നിൽ പെടാതെ മാറി നടന്നും തീർത്ത ദിവസങ്ങൾ. അതെന്തിനായിരുന്നു??? എന്റെ കൂട്ടുകാരെല്ലാം നിന്നെ കണ്ടാൽ ഓടി വന്ന് സംസാരിക്കുമ്പോൾ ഞാൻ മാത്രം മാറി നിന്നതെന്തിനായിരുന്നു? നിന്റെ മുന്നിൽ പെട്ടാൽ മാത്രം എന്റെ കയ്യും കാലും വിറക്കുന്നത് എന്തുകൊണ്ടായിരുന്നു? കലപില കൂട്ടി നടന്ന ഞാൻ നിന്നെ കാണുമ്പോൾ മൗനിയാവുന്നത് എന്തുകൊണ്ടായിരുന്നു ? നിന്നോടുള്ള പ്രണയത്തിൽ നിന്ന് ഉരുത്തിരിഞ്ഞ പേടിയോ പരിഭ്രമമോ അറിയില്ല...
ഒടുവിൽ പേടി മാറ്റി വച്ച് നിന്റെ സൗഹൃദക്കൂട്ടിലേക്ക് ഞാനും ചേക്കേറിയപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. പക്ഷേ അന്നേരവും ഞാൻ ഭയന്നിരുന്നു അച്ചുവിനെയും ഗായുവിനെയും ശിൽപയെയും പോലെ എന്നെയും നീ സഹോദരിയായി കാണുമോ എന്ന്. നിന്നെ കാണാൻ മാത്രം, നിന്നോടൊന്ന് മിണ്ടാൻ മാത്രം കോളേജിൽ വന്നിരുന്ന ദിവസങ്ങൾ..അതിനിടയിൽ ആ രഹസ്യം എന്റെ അച്ചു കണ്ടെത്തിയത് ഇന്നും എനിക്ക് ഓർമയുണ്ട്. അല്ല നിഴൽ പോലെ നടന്ന അവൾക്കത് എന്നേ മനസിലായതാണ്. സപ്പോട്ട മരത്തിന് കീഴെ നിൽക്കുന്ന നിന്നെ ഇങ്ങ് ഓഡിറ്റോറിയത്തിന്റെ മറവിൽ നിന്ന് അസ്സലായി വായ്നോക്കുന്ന സമയത്താണ് അവളുടെ ആ ചോദ്യം 'അമ്മൂ ഡൂ യൂ ലവ് ഹിം..?' എന്ന്.. ഞെട്ടലല്ല സങ്കടമാണ് തോന്നിയത്. എന്റെ പ്രണയം നിന്നെ അറിയിക്കാൻ പോലുമുള്ള ധൈര്യം എനിക്കില്ലെന്ന് ഓർത്തുള്ള സങ്കടം, ഇനിയും പറയാതെ ഇരുന്നാൽ നിന്നെ നഷ്ടപ്പെടുമോ എന്നോർത്തുള്ള സങ്കടം,അന്നവളെ കെട്ടിപ്പിടിച്ച് കുറേ കരഞ്ഞു. നിന്നോട് അവൾ സംസാരിക്കാം എന്ന് പറഞ്ഞപ്പോഴും ഞാൻ വിലക്കിയത് 'അവളെയും ഞാൻ നിന്നെ പോലെയേ അച്ചൂ കണ്ടിട്ടുള്ളൂ' എന്ന നിന്റെ മറുപടി ഭയന്നാണ്. പിന്നീട് എപ്പോഴൊക്കെയോ എന്നെ നോക്കുന്ന നിന്റെ കണ്ണിൽ പ്രണയത്തിന്റെ തരി കണ്ടെങ്കിലും അത് വെറും തോന്നലാണെന്ന് മനസിനെ പഠിപ്പിച്ചത് ഒടുക്കം സങ്കടപ്പെടാൻ വയ്യാഞ്ഞിട്ട് തന്നെയാണ്.
എന്നാൽ ആ ദിവസം എനിക്കിന്നും ഓർമയുണ്ട് ചന്തൂ..നാട്ടിലെ ഉത്സവത്തിന് നമ്മുടെ സുഹൃത്തുക്കളെല്ലാം എന്റെ വീട്ടിലെത്തിയ ദിവസം. വെറുതേ വിശേഷങ്ങൾ ചോദിക്കാനെന്ന പോലെ നീ വിളിച്ച കോളിൽ പതിവില്ലാതെ നിശബ്ദത നിറഞ്ഞ ദിവസം...ഇത്രയും നാൾ ഞാൻ കേൾക്കാൻ ആഗ്രഹിച്ചതെന്താണോ അത് തന്നെയാണ് നീ പറയാൻ മടിക്കുന്നതെന്ന് ഉറപ്പിച്ച് കൊണ്ട് തന്നെയാണ് 'നീ എന്നെ സ്നേഹിക്കുന്നുണ്ടോ ചന്തൂ' എന്ന ചോദ്യം ഞാൻ തന്നെ നിന്നോട് ചോദിച്ചത്. ഉണ്ട് എന്ന മറുപടി പറയുന്നതിന് മുമ്പായി നീ എന്നെ പറഞ്ഞ് മനസിലാക്കിപ്പിക്കാൻ ശ്രമിച്ചത് നമ്മൾ തമ്മിലുള്ള അന്തരമാണ്..ജാതിയിലും സാമ്പത്തികസ്ഥിതിയിലും കുടുംബ സാഹചര്യങ്ങളിലുമെല്ലാം മുന്നിട്ട് നിൽക്കുന്ന അന്തരം. എല്ലാം എനിക്കറിയാമെന്ന് പറഞ്ഞെങ്കിലും ഒടുക്കം രണ്ട് കൂട്ടരും വേദനിക്കരുതെന്ന കരുതലിൽ നീ പിന്നെയും എനിക്ക് മുന്നറിയിപ്പുകൾ തന്നു, കൂട്ടുകാരെ വിട്ട് ഉപദേശിപ്പിച്ചു. എന്നിട്ടും പിന്മാറില്ലെന്നുറപ്പായപ്പോൾ മനസിലുള്ള പ്രണയം തുറന്ന് പറയുക എന്നതല്ലാതെ നിന്റെ മുന്നിൽ മറ്റ് ഓപ്ഷനുകൾ ഇല്ലായിരുന്നു അല്ലേ...
പിന്നീടങ്ങോട്ടുള്ള ദിനങ്ങൾ സ്വപ്നങ്ങളാൽ കെട്ടിപ്പടുത്തതായിരുന്നു. പ്രണയം തുറന്ന് പറഞ്ഞതോടെ കോളേജിലോ പുറത്ത് വച്ചോ പരസ്പരം കാണുന്നത് നീ വിലക്കി. നാളെ നമ്മൾ ഒന്നിച്ചില്ലെങ്കിൽ പോലും ഒരാളും എന്നെ പറ്റി മോശം പറയരുതെന്ന നിന്റെ ഉറച്ച തീരുമാനം.. ഫോൺ കോളുകളിലൂടെ മാത്രം പ്രണയം പങ്കിട്ട ദിനങ്ങൾ. എന്നിട്ടും ആ ക്യാമ്പസ് മൊത്തം നമ്മുടെ പ്രണയം അറിഞ്ഞു. നീ കോളേജ് ഹീറോ ആയിരുന്നില്ലേ അപ്പോൾ പിന്നെ നിന്റെ പ്രണയം ക്യാമ്പസ് ആഘോഷിക്കാതിരിക്കുന്നതെങ്ങനെ..പക്ഷേ കോമഡി എന്തെന്നാൽ കഥാനായിക ആരെന്ന് നമ്മുടെ സുഹൃത്തുക്കൾക്കൊഴികെ മറ്റാർക്കും അപ്പോഴും അറിയില്ലായിരുന്നു. എനിക്ക് വേണ്ടി നിന്റെ അടുത്ത് ദൂത് വന്നിരുന്ന അച്ചുവിനെയായിരുന്നു എല്ലാവർക്കും സംശയം. നിന്റെ ഈ കരുതലെല്ലാം സ്വാർഥതയിലേക്ക് വഴി മാറിയതെന്തേ ചന്തൂ...
നിന്നിൽ തുടങ്ങി നിന്നിൽ മാത്രം അവസാനിച്ച ദിനങ്ങളായിരുന്നു അത്. മറ്റൊന്നും ഞാൻ ഓർത്തിരുന്നില്ല, മറ്റാരേയും ഞാൻ കണ്ടിരുന്നില്ല. നീയെന്ന ഗ്രഹത്തെ ചുറ്റിപ്പറ്റി മാത്രം എന്റെ സന്തോഷവും സങ്കടവും നിലനിന്നിരുന്ന നാല് വർഷങ്ങൾ.. പിന്നീടെപ്പോഴാണ് നമുക്കിടയിൽ താളപ്പിഴകൾ സംഭവിച്ച് തുടങ്ങിയത്. രാഷ്ട്രീയം കളിച്ച് നടന്ന് ഭാവിയെ നീ മനപൂർവം മറന്ന് തുടങ്ങിയപ്പോഴോ, ഡിഗ്രി പരീക്ഷ പോലും എഴുതിയെടുക്കാൻ മിനക്കെടാതെ പാർട്ടിക്കാര്യങ്ങൾക്ക് മാത്രം മുൻഗണന കൊടുത്തപ്പോഴോ, നശിച്ച കോളേജ് രാഷ്ട്രീയത്തിന്റെ അനന്തര ഫലമായി കേസുകൾ പെരുകി തുടങ്ങിയപ്പോഴോ, നിന്റെ ജീവന് തന്നെ ഭീഷണിയായി രാഷ്ട്രീയം മാറിത്തുടങ്ങിയിട്ടും നമുക്ക് വേണ്ടി അത് അവസാനിപ്പിച്ച് നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ നീ ശ്രമിക്കാതിരുന്നപ്പോഴോ ? അതോ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തെ കയ്യെത്തും ദൂരത്ത് നിന്ന് നീ തട്ടിത്തെറിപ്പിച്ചപ്പോഴോ?
ഡിഗ്രിക്ക് ശേഷം കുഞ്ഞുനാൾ മുതൽ ഞാൻ സ്വപ്നം കണ്ട കോഴ്സിന് ചേരാൻ എനിക്ക് പിന്തുണ തന്നത് നീ അല്ലേ..മറ്റൊരു കോഴ്സിനും അപേക്ഷ കൊടുക്കാതെ എൻട്രൻസിന് തയ്യാറെടുത്തത് ആ പിന്തുണയിലല്ലേ.. എൻട്രൻസിന് ആദ്യ റാങ്ക് തന്നെ ലഭിച്ച് അഭിമുഖവും പാസായി മെറിറ്റിൽ സർവകലാശാല ക്യാമ്പസിൽ തന്നെ അഡ്മിഷൻ കിട്ടിയ ദിവസം ഏറെ സന്തോഷിച്ചതും നീയല്ലേ. എന്നിട്ടും എന്തുകൊണ്ടാണ് കോളേജിൽ ചേരാൻ പോകുന്നതിന്റെ തലേന്ന് നമുക്കിത് വേണ്ടമ്മൂ എന്ന് നീ പറഞ്ഞത്? മറ്റ് അന്തരങ്ങളുടെ കൂട്ടത്തിൽ ഡിഗ്രി പോലുമെഴുതിയെടുക്കാത്ത നീയും പ്രൊഫഷണൽ മാസ്റ്റേഴ്സ് എടുത്ത ഞാനും തമ്മിലുള്ള അന്തരവും വിഷയമാകുമെന്ന് നീ പറഞ്ഞു, പഠിച്ച വിഷയത്തിൽ തന്നെ മാസ്റ്റേഴ്സ് എടുത്ത് നെറ്റ് എഴുതി നമ്മുടെ പ്രണയം പൂത്ത കോളേജിൽ തന്നെ അധ്യാപികയായി കയറാം എന്ന് നീ പറഞ്ഞു, നീ പറയുന്നതിന് അപ്പുറം മറ്റൊരു ഇഷ്ടവുമില്ലാത്ത ഞാൻ ഈ കോഴ്സിന് ചേരാൻ താത്പര്യമില്ലെന്ന് വീട്ടിലും പറഞ്ഞു. അമ്മയുടെ സങ്കടമോ ഉപദേശങ്ങളോ ഞാൻ കണ്ടില്ല, കേട്ടില്ല..നീയും നിന്റെ സന്തോഷവുമായിരുന്നു എനിക്ക് വലുത്.
പക്ഷേ ആ ഒരു തീരുമാനത്തോടെ നമ്മുടെ ജീവിതം തന്നെ മാറി മറഞ്ഞുവെന്ന് ഞാൻ വൈകാതെ മനസിലാക്കുകയായിരുന്നു. ആ തീരുമാനത്തോടെ എന്റെ ഒരു വർഷമാണ് പോയത്. പഠനത്തിൽ മിടുക്കിയായിരുന്ന പെൺകുട്ടി ഡിഗ്രി കഴിഞ്ഞ് വെറുതേ വീട്ടിലിരിക്കുന്നു, ഇനി പഠിക്കാൻ പോകുന്നില്ലേ, പരീക്ഷയ്ക്ക് മാർക്കില്ലേ, ജയിച്ചില്ലേ എന്ന നിരന്തരമായ ചോദ്യങ്ങൾ, പുറത്തിറങ്ങാനോ വിശേഷങ്ങളിൽ പങ്കെടുക്കാനോ ഭയന്ന് വീട്ടിൽ ഒതുങ്ങിത്തുടങ്ങിയ നാളുകൾ, ആരെയും കാണാനോ സംസാരിക്കാനോ താത്പര്യമില്ലാതെ മുറിക്കുള്ളിൽ അടച്ചിരിക്കാൻ ഇഷ്ടപ്പെട്ട് തുടങ്ങിയ, സങ്കടവും കരച്ചിലും പതിവായ ദിവസങ്ങൾ...വിഷാദരോഗത്തിന്റെ പിടിയിലേക്കാണ് മകൾ പോയ്ക്കൊണ്ടിരിക്കുന്നതെന്ന് മനസിലാവാതെ അച്ഛനും അമ്മയും എന്നിലെ മാറ്റം കണ്ട് പകച്ചു പോയ ദിനങ്ങൾ. അതിനിടയിൽ ഞാനേറെ സ്നേഹിച്ച എന്റെ ചെറിയച്ഛന്റെ അപ്രതീക്ഷിത മരണവും...അതോടൊപ്പം നിന്നെയോർത്തുള്ള അകാരണമായ ഭയവും. മനസ് എന്റെ കയ്യിൽ നിന്നും പോയിത്തുടങ്ങിയിരുന്നു. ഒരു ഡോക്ടറെ കാണാതെ മുന്നോട്ട് പോകാനാവില്ലെന്ന് തോന്നിയത് ഇതിനിടയിലാണ്. ആന്റി ഡിപ്രസന്റ് മരുന്നുകൾ നല്ല ഉറക്കം തന്ന ദിനങ്ങൾ.
പതിയെ പതിയെ നമുക്കിടയിൽ വിള്ളൽ വരുന്നത് ഞാനറിയുന്നുണ്ടായിരുന്നു. നിനക്കായി എന്റെ സന്തോഷം ഞാനുപേക്ഷിച്ചപ്പോഴും എനിക്കായി ഒന്നും ചെയ്യാൻ നീ തയ്യാറായില്ല. രാഷ്ട്രീയം ഉപേക്ഷിക്കാനോ, നല്ല ജോലി നോക്കാനോ എന്റെ പേടി നീ കാണാനോ ശ്രമിച്ചില്ല. നമുക്കിടയിൽ തർക്കങ്ങൾ പതിവായി, ഇതിനിടയിലെപ്പോഴോ മദ്യപാനവും പുകവലിയും നിന്നെ കീഴടക്കാൻ തുടങ്ങി, രാവെളുക്കുവോളം സംസാരിച്ചിരുന്നവർക്കിടയിൽ അടിപിടിയൊഴിഞ്ഞ നേരമില്ലാതെയായി..പതിയെ നിനക്കെന്നെ സംശയവുമായി, സംസാരത്തിൽ സംസ്കാരം ഒഴിഞ്ഞു പോയിത്തുടങ്ങി.. സത്യം പറയാമല്ലോ ചന്തൂ തെറിയുടെ എബിസിഡി അറിയാതിരുന്ന ഞാനിന്ന് അതിൽ പി.എച്ച്.ഡി എടുത്തിരിക്കുന്നു..എന്താലേ..
എങ്ങനെയൊക്കെയോ ആ ഒരു വർഷം തള്ളി നീക്കി സംസ്ഥാനത്തിന് പുറത്ത് പഠിക്കാൻ പോകണമെന്ന് ഞാനെടുത്ത ഉറച്ച തീരുമാനം, നിന്റെ ഇഷ്ടത്തിന് പുറത്തെടുത്ത ആ തീരുമാനമാിരുന്നു ഏറ്റവും മികച്ചതെന്ന് ഞാനിന്നും പറയും. അപ്പോഴേക്കും നിന്റെ സ്വഭാവം സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തിച്ചേർന്നിരുന്നു. നിന്റെ ഓരോ ഫോൺകോളിനേയും ഞാൻ ഭയക്കാൻ തുടങ്ങിയിരുന്നു. ഭ്രാന്തെടുത്ത പോലെയായിരുന്നു നിന്റെ പെരുമാറ്റം, നിസാര കാര്യങ്ങൾക്ക് പോലും ഭീകരമായി നീ പ്രതികരിച്ച് തുടങ്ങിയിരുന്നു, സ്വയം വേദനിപ്പിച്ചും ആത്മഹത്യാ ഭീഷണി മുഴക്കിയും എന്നെ നീ ഭയപ്പെടുത്തി തുടങ്ങിയിരുന്നു. ഈ ബന്ധത്തിൽ ഇനിയൊരു ഭാവി എനിക്ക് കാണാൻ സാധിച്ചിരുന്നില്ല.. ഉള്ളിൽ അവശേഷിച്ചിരുന്ന ഇത്തിരി ഇഷ്ടത്തിന്റെ പേരിൽ വീട്ടുകാരെയും സ്വന്തക്കാരെയും വെറുപ്പിച്ച് ഈ ബന്ധവുമായി മുന്നോട്ട് പോയിരുന്നുവെങ്കിൽ ഒന്നുകിൽ നീ എന്നെ കൊന്നേനേ, അല്ലെങ്കിൽ നമ്മളിലൊരാൾ ആത്മഹത്യ ചെയ്തേനെ.. പ്രണയം ടോക്സിക് ആയി മാറുന്നത് എങ്ങനെയെന്ന് ഞാനറിഞ്ഞ് തുടങ്ങുകയായിരുന്നു. ശ്വാസം മുട്ടി മരിക്കുമെന്ന് ഉറപ്പായതോടെയാണ് ഈ ബന്ധം അവസാനിപ്പിക്കാമെന്ന തീരുമാനത്തിലേക്ക് ഞാനെത്തിയത്. നീ കരുതും പോലെ മറ്റൊന്നിനെ കണ്ട് വിട്ട് കളഞ്ഞതല്ല ചന്തൂ..സഹിക്കാൻ പറ്റാത്തത് കൊണ്ട് തന്നെയാണ്. അതോടെ ഞാനും ഒരു തേപ്പുകാരിയായി. എന്റെ ഭാഗത്ത് നിന്ന് ഒരിക്കൽ പോലും ചിന്തിക്കാതിരുന്ന കൂട്ടുകാർക്ക് ഞാൻ വെറുക്കപ്പെട്ടവളും. ഞാൻ അനുഭവിച്ച് വന്നതൊന്നും അവരറിഞ്ഞിട്ടില്ലല്ലോ..ഞാൻ അറിയിച്ചിരുന്നില്ലല്ലോ...
ബ്രേക്കപ്പ് കാലം ഓർക്കാൻ പോലും ഞാനിപ്പോഴും ഇഷ്ടപ്പെടുന്നില്ല. എന്നെയും വീട്ടുകാരെയും തേടിയെത്തിയിരുന്ന നിന്റെ കോളുകൾ, അസഭ്യ വർഷങ്ങൾ, ഭീഷണികൾ...മറക്കാനുമാവില്ല.
വൈകിയാണ് നിനക്ക് തിരിച്ചറിവ് വന്നത്. നഷ്ടപ്പെടുത്തിക്കളഞ്ഞതിനെക്കുറിച്ച് ബോധോദയം ഉണ്ടായത്. ഇന്നും മറ്റൊരു ജീവിതത്തെ പറ്റി നീ ചിന്തിച്ചിട്ടില്ലെന്ന് ഞാനറിയുന്നുണ്ട്. പക്ഷേ എന്നെ തോൽപ്പിക്കാനാണ് നിന്റെ ഈ കാത്തിരിപ്പെങ്കിൽ അതിൽ അർഥമില്ല ചന്തൂ.. ഇനി എവിടെയും തോൽക്കില്ലെന്ന് ഞാൻ എനിക്ക് തന്നെ നൽകിയ വാക്കാണ്. നിന്റെ വേദനകളിൽ കൂടെ വേദനിച്ചിരുന്ന ആ എന്നെ എനിക്ക് എന്നോ നഷ്ടമായിയിരിക്കുന്നു..എല്ലാ പഴിയും നിന്റെ മേൽ ചാരി ഞാൻ രക്ഷപ്പെടുകയല്ല. ഞാനും തെറ്റുകാരി തന്നെയായിരുന്നു. ബ്രേക്കപ്പിന് ശേഷമുള്ള ഭ്രാന്തമായ അവസ്ഥയിലേക്ക് നിന്നെ തള്ളിവിട്ടതിൽ എനിക്കിന്നും കുറ്റബോധമുണ്ട്. പക്ഷേ അതേ അളവിൽ ഞാനിവിടെയും വേദനിച്ചിരുന്നു ചന്തൂ..നിന്നെ പ്രണയിച്ചിരുന്ന സമയത്ത് ഞാൻ കാണാതെ പോയ എന്റെ അമ്മയുടെ കണ്ണൂനീരാണ് ആ ഭ്രാന്തമായ അവസ്ഥയിൽ നിന്ന് പെട്ടെന്ന് പുറത്ത് കടക്കാൻ എനിക്ക് പ്രചോദനമായത്.
നമ്മുടെ പ്രണയവും ബ്രേക്കപ്പും എന്നെ പഠിപ്പിച്ച, എന്റെ മുന്നോട്ടുള്ള ജീവിതത്തിന് മുതൽക്കൂട്ടായി മാറിയ ചില പാഠങ്ങളുണ്ട്... ജീവിതത്തിൽ ഒരാളെയും അമിതമായി ആശ്രയിക്കരുതെന്ന് എന്നെ പഠിപ്പിച്ചത് എന്റെ പ്രണയമാണ്, ഒരാൾക്ക് വേണ്ടിയും നമ്മുടെ സ്വപ്നങ്ങളെയും സന്തോഷങ്ങളെയും അടിയറവ് വയ്ക്കരുതെന്ന് എന്നെ പഠിപ്പിച്ചതും എന്റെ പ്രണയമാണ്, നമ്മുടെ ജീവിതത്തിന് മീതേയുള്ള അവസാന തീരുമാനം അത് നമ്മുടേത് മാത്രമായിരിക്കണമെന്ന് എന്നെ പഠിപ്പിച്ചതും ഇതേ പ്രണയമാണ്. ജീവിതത്തിൽ നേരിട്ട വലിയ തിരിച്ചടിയിൽ ഞാൻ തകർന്നു പോകാതിരുന്നതും ഇതേ പാഠങ്ങൾ പകർന്ന് നൽകിയ കരുത്തിലാണ്...
നീയെന്റെ ആദ്യ പ്രണയമായിരുന്നു ചന്തൂ. യാതൊരു കളങ്കവുമില്ലാതെ തന്നെയാണ് ഞാൻ നിന്നെ സ്നേഹിച്ചതും. നിന്റെ ഈ കാത്തിരിപ്പ് പോലും ആ സ്നേഹത്തിന്റെ ബാക്കിയാണല്ലോ.. മറന്നിട്ടില്ല, മറക്കാനുമാകില്ല. പക്ഷേ ഇനിയൊരിക്കലും നമുക്കിടയിൽ പ്രണയം പൂക്കില്ല. ഇനി ഒരു ഉയിർപ്പില്ലാത്ത വിധം ആ ചെടി വാടിക്കരിഞ്ഞുപോയിരിക്കുന്നു.
Content Highlights: valentines day, love experience, toxic relationship, breakup experience
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..