-
പ്രണയത്തിന്റെ കാമുകി ആരാണെന്ന് ചോദിച്ചാൽ അത് വാക്കുകളാണെന്ന് പറയണം. കാരണം പ്രണയത്തെ വാക്കുകൾകൊണ്ട് അത്രമേൽ സുന്ദരമാക്കിയിട്ടുണ്ട് മൺമറിഞ്ഞു പോയവരും അല്ലാത്തവരുമായ നമ്മുടെ പ്രിയ എഴുത്തുകാർ. പ്രണയലേഖനങ്ങളിലൂടെ പ്രണയമൊഴികൾ അപ്പൂപ്പൻ താടി പോലെ പറന്ന് നടന്നു. ആ വാക്കുകളെയും നെഞ്ചോട് ചേർത്ത് എത്രയെത്ര രാത്രികൾ കാമുകീ കാമുകൻമാർ ഉറങ്ങാതെയിരുന്നൂ. കാലം മാറി പ്രണയം ആധുനികതയ്ക്ക് വഴിമാറിയപ്പോഴും വാക്കുകൾക്ക് ഇന്നും പത്തരമാറ്റാണ്. മലയാളി അത്രമേൽ സ്നേഹിച്ച ചില പ്രണയമൊഴികൾ ഇതാ...
നന്ദിത
ശിരസ്സുയർത്താനാവാതെ
നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമർത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തിൽ
കടിഞ്ഞാണില്ലാത്ത കുതിരകൾ കുതിക്കുന്നു
തീക്കൂനയിൽ ചവിട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാൻ?
എനിക്കിനി മടക്കയാത്ര.
എന്നെ തളർത്തുന്ന നിന്റെ കണ്ണുകളുയർത്തി
ഇങ്ങനെ നോക്കാതിരിക്കൂ
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത് നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക് പടരുന്ന അഗ്നിയുമെന്നോട് പറയുന്നു.
സാഗരത്തിന്റെ അനന്തതയിൽ പൂക്കുന്ന
സ്വപ്നങ്ങൾ അറുത്തെടുത്ത്
ഞാനിനി തിരിച്ചു പോകട്ടെ
ഉള്ളൂർ
പേർത്തുമെൻ കണ്ണിൽ നിന്നെപ്പോഴും വീഴുന്ന
നീർത്തുള്ളി പിച്ചകമാകുമെങ്കിൽ ..
തങ്കമേ, ഞാനൊരു മാലയായ്ക്കോർക്കത്തതു
നിൻ കരിക്കൂന്തലിൽച്ചാർത്തിയേനേ..
ബാലചന്ദ്രൻ ചുള്ളിക്കാട്
ചാടിമരിക്കുവാൻ ആഴങ്ങളിലേക്ക് നോക്കും പോലെ അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാനിരുന്നു. വികൃതിയായ ഒരു സ്കൂൾകുട്ടിയെ ഒറ്റനോട്ടം കൊണ്ട് കവിയും കാമുകനും ഭ്രാന്തനുമാക്കി മാറ്റി കാലത്തിന്റെ അനന്തമായ ഭ്രമണപഥത്തിലേക്ക് ചുഴറ്റിയെറിഞ്ഞ മാന്ത്രികനയനങ്ങൾ. അവയുടെ നക്ഷത്രവെളിച്ചം എന്റെ ശൂന്യാകാശങ്ങളിൽ നിറഞ്ഞൊഴുകി
വി.ആർ സുധീഷ്
കോരിക്കുടിക്കുമ്പോൾ ഞാൻ നിനക്ക് ജലമായി
തിന്നുമ്പോൾ കനിയായി
ഉറങ്ങുമ്പോൾ ഉപധാനമായി
ഊതിക്കെടുത്താൻ ഒടുവിൽ വിളക്കുമായി.
പത്മരാജൻ
രാത്രി വളരെക്കഴിഞ്ഞിരുന്നു. പ്രഭാതം വളരെ അടുത്തടുത്ത് വരുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു. ഞാൻ കട്ടിലിലിരുന്നു. എന്റെ കാൽക്കൽ വെറുംനിലത്തായി ലോലയും. ഇടയ്ക്കിടെ എന്റെ കൈകളിൽ അവൾ മൃദുവായി ചുംബിച്ചു. മറ്റു ചിലപ്പോൾ നിശ്ശബ്ദയായി അവൾ എന്റെ മുഖത്തേക്ക് നോക്കി. അവൾ ഒരമേരിക്കക്കാരിയാണെന്ന് വിശ്വസിക്കാൻ ആ നിമിഷങ്ങളിൽ പ്രയാസം തോന്നി. രാവിലെ തമ്മിൽ പിരിഞ്ഞു വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകൾക്ക് വിടതരിക.
സോളമന്റെ പ്രണയഗീതങ്ങൾ
നമുക്ക് വയലുകളിലേക്ക് പോയി ഗ്രാമങ്ങളിൽ രാപാർക്കാം. അതിരാവിലെയെഴുന്നേറ്റ് മുന്തിരിത്തോട്ടത്തിൽ ചെല്ലാം. അവ തഴച്ച് വളർന്നോയെന്നും മുന്തിരിപ്പൂക്കൾ വിടർന്നുവോയെന്നും നോക്കാം. മാതളനാരകംപൂവിട്ടോയെന്നും നോക്കാം. എന്നിട്ട്, അവിടെ വെച്ച് നിനക്ക് ഞാൻ എന്റെ പ്രണയം നല്‍കും
വൈലോപ്പിള്ളി
ചാലിൽ കഴുത്തോളം വെള്ളത്തിൽ നില്ക്കുന്ന
ചേലുറ്റ വെള്ളാമ്പൽ കൊണ്ടുനൽകാൻ
വൻ ചെളിയെത്ര ചവിട്ടി ഞാൻ, തീരത്തു
പുഞ്ചിരിയൊന്നു വിരിഞ്ഞുകാണാൻ ..
എൻ തോഴി ചൊല്ലുകിൽ ചന്ദ്രനെക്കൂടിയും
തണ്ടോടറുത്തു ഞാൻ കൊണ്ടുചെല്ലും..
സച്ചിദാനന്ദൻ
ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
അവളെ കല്ലിനുള്ളിൽനിന്ന്
ഉയിർത്തെഴുന്നേല്പിക്കുകയെന്നാണർത്ഥം
അടിതൊട്ടു മുടിവരെ പ്രേമത്താലുഴിഞ്ഞ്
ശാപമേറ്റുറഞ്ഞ രക്തത്തിന്
സ്വപ്നത്തിന്റെ ചൂടു പകരുകയെന്നാണർത്ഥം
ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
കരിയും മെഴുക്കും പുരണ്ട അവളുടെ പകലിനെ
സ്വർഗ്ഗത്തിന്റെ പൂമ്പൊടി ഉച്ഛ്വസിക്കുന്ന
വാനമ്പാടിയായി മാറ്റുകയെന്നാണ്
രാത്രി ആ തളർന്ന ചിറകുകൾക്കു ചേക്കേറാൻ
ചുമൽ കുനിച്ചു നില്ക്കുന്ന
തളിരു നിറഞ്ഞ മരമായി മാറുകയെന്നാണ്
ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
കാറ്റും കോളും നിറഞ്ഞ കടലിൽ
മേഘങ്ങൾക്കു കീഴിൽ പുതിയൊരു ഭൂഖണ്ഡം തേടി
കപ്പലിറക്കുകയെന്നാണർത്ഥം
സ്വന്തം വീട്ടുമുറ്റത്തുണ്ടായ ഒരു നാലുമണി
ആരും കണ്ടിട്ടില്ലാത്ത ഒരു വൻകരയിൽ
കൊണ്ടുചെന്നു നട്ടുപിടിപ്പിക്കുകയെന്നാണർത്ഥം
പി.ഭാസ്കരൻ
യാത്രയാക്കുന്നൂ സഖീ
നിന്നെ ഞാൻ മൗനത്തിന്റെ
നേർത്ത പട്ടുനൂൽപൊട്ടിച്ചിതറും
പദങ്ങളാൽ ..
വാക്കിനു വിലപിടിപ്പേറുമിസ്സന്ദർഭത്തിൽ
ഓർക്കുക വല്ലപ്പോഴും
എന്നല്ലാതെന്തോതും ഞാൻ...
സുഗതകുമാരി
മേലിലുച്ചലംവാനം താണു
വന്നതായ് തോന്നി
ഭൂമിയെൻകാൽക്കൽ കുതിച്ചോള
മാർന്നതായ് തോന്നി
താരകളൊരുപിടിപ്പൂവായി വന്നെൻ
മാറിൽ
പാറിവീണതായ് തോന്നി ഞാനൊരു
വെറും കാറ്റായ്
മാറിയുൽക്കടമേതോ സുഗന്ധമൂർച്ഛ
യ്ക്കുള്ളി-
ലാകെ വീണലിഞ്ഞതായ് മാഞ്ഞു
പോയതായ് തോന്നി.
ഡി.വിനയചന്ദ്രൻ
ഒരു കൊല്ലം
അടി തേഞ്ഞ്
അകം തേഞ്ഞ്
വള്ളി പൊട്ടി.
ഇനി നിനക്ക്
എന്റെ കാലിൽ നടക്കാം.
ഒരു കൊല്ലം കഴിഞ്ഞ്
ചെരിപ്പിന്റെയും പ്രേമത്തിന്റെയും
വ്യത്യാസം അവസാനിക്കുന്നില്ലെങ്കിൽ
എനിക്ക് നിന്റെ കാലിൽ നടക്കാം.
ടി.പി.രാജീവൻ
ഇന്നലെ പുതുമഴ പെയ്തു
വീട്ടിലേക്കുള്ള വഴിയിൽ
വയൽവരമ്പിൽ
എന്റെ കാൽവഴുതി,
ഇന്നു ഞാൻ നിന്നെ കണ്ടു
മുളംകാടുകൾക്കിടയിൽ
ഇന്നോളം വരാത്ത വഴിയിൽ
ഞാനിതാ, ആകാശം നോക്കി
കൺതുറക്കുന്നു.
അയ്യപ്പപ്പണിക്കർ
ഇത്രനാൾ നാമിണങ്ങീ പരസ്പരം
അത്രമാത്രം പ്രപഞ്ചം മധുരിതം
അത്രമാത്രമേ നമ്മുടെ ജീവനും
അർഥമുള്ളെൻ പ്രിയങ്കരതാരമേ.
Content Highlights: valentines day 2022, love quotes malayalam, malayalam writers about love
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..