"പ്രണയിച്ചിട്ട് പിന്മാറിയിട്ടല്ലേ?അനുഭവിക്കട്ടെ" എന്നു പറയുന്നവരോട്, പ്രണയമുപേക്ഷിക്കുന്നതും മനോഹരം


ദീപ സെയ്റ

അങ്ങനെയൊരു ബന്ധം അവസാനിപ്പിക്കേണ്ടി വന്നാൽ അപ്പോൾ തന്നെ അത് വീട്ടിൽ പറയുക. കാരണം പിന്നീട് പ്രണയകാലത്തെ മുഖമായിരിക്കില്ല ഒരുപക്ഷെ അവന്/അവൾക്ക് .

Representative Image | Photo: Gettyimages.in

പ്രണയം മനോഹരമാണ്. ചിലപ്പോഴെങ്കിലും പ്രണയമുപേക്ഷിക്കുന്നത് അതിമനോഹരവും.. പ്രണയദിനത്തിൽ തന്നെയിത് പറയണോ എന്നാവും ചോദ്യം!

പ്രണയത്തിലേറ്റവും മനോഹരമായ നിമിഷമെതാണ്? തങ്ങൾ പ്രണയത്തിലാണ് എന്ന് രണ്ടുപേർ തിരിച്ചറിയുന്ന നിമിഷമാണത്. അവിടുന്നങ്ങോട്ട് മഞ്ഞിന്റെ ആവരണത്തിലാണ് അവരുടെ യാത്ര. എപ്പോഴൊക്കെയോ ആ ആവരണം നീങ്ങി വെയിൽ പ്രത്യക്ഷപെടും. അഭിപ്രായവ്യതാസങ്ങളും തർക്കങ്ങളുമുണ്ടാകാം. ചിലപ്പോൾ അതിശൈത്യം പോലെ കടുത്ത വിരഹവുമുണ്ടാകാം. ഇവയെല്ലാം തരണം ചേർന്ന് നിന്ന് യാത്ര പൂർത്തീകരിക്കുക എന്നത് എളുപ്പമല്ല. എങ്കിലും സ്നേഹമെന്ന ഒറ്റ വാക്കിൽ അവരാ വേദനകൾ പങ്കുവെച്ചു തരണം ചെയ്യുന്നു.. പ്രണയസാഫല്യത്തിലെത്തുന്നു.

ഇനിയിങ്ങനെയല്ലാത്ത ചില പ്രണയങ്ങൾ നോക്കാം. പ്രാക്ടിക്കൽ എക്സാം ഹാളിൽ വച്ചാണ് ഞാനവരെ രണ്ടുപേരെയും കണ്ടത്. തുമ്പക്കതിർ പോലെയൊരു പെൺകുട്ടി. ചെറിയ പനിയിലും ജലദോഷത്തിനുമിടയിൽ പോലും ചോദ്യങ്ങൾക്ക് വ്യക്തമായി മറുപടി പറഞ്ഞ് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടി. റെഗുലർ വിദ്യാർഥികൾക്ക് ശേഷം സപ്ലിമെൻററി കുട്ടികൾ വന്നു തുടങ്ങി.. കൂട്ടത്തിൽ അവൻ...! മുഷിഞ്ഞ യൂണിഫോമിൻറെ ബട്ടൺ തുറന്നു കിടക്കുന്നു. ഒന്നൊതുക്കി വയ്ക്കാത്ത തലമുടിയും... എന്തോ ഒരു ചോദ്യം ഞാൻ ചോദിച്ച ഉടനെ വന്നു മറുപടി.. തീരെ ബഹുമാനം ഇല്ലാത്ത വിധത്തിൽ "ഞാനിന്നു നാട്ടിൽ നിന്ന് വരുന്ന വഴിയാണ്.. പരീക്ഷയുണ്ടെന്നു രാവിലെയാണ് അറിഞ്ഞത്.. ഞാൻ പഠിച്ചിട്ടൊന്നും ഇല്ല.." നോട്ടിഫിക്കേഷൻ വന്നതൊന്നും അറിഞ്ഞില്ലേ എന്നു ചോദിച്ചപ്പോൾ താല്പര്യമില്ലാതെ പുറത്തേക്ക് നോക്കിനിന്നു.എന്തായാലും മൂന്നാം വട്ടം ഒരേ വിഷയത്തിൽ സപ്ലിമെൻററി എഴുതുന്ന അവനെ, മിനിമം മാർക്കിട്ടു ഞാൻ വിട്ടു.

അവന്റെ പേര് ആദർശ്.. അവളുടെ പേര് ലക്ഷ്മി.. ഓർമ്മയുണ്ടാകും... പ്രണയം നിരസിച്ചതിന് അവളെ അവൻ 'സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ'ന്റെ ആ ക്ലാസ്സ്മുറിയിൽ ഇട്ടു കത്തിച്ചത്... കൂടെ അവനും കത്തി തീർന്നത്!!

അവരൊരിക്കൽ പ്രണയിച്ചിരുന്നു. പിന്നീടവൾ അതിൽ നിന്നു പിന്മാറിയതാണെന്ന് ആരോ പറഞ്ഞ് കേട്ടു.. "പ്രണയിച്ചിട്ട് പിന്മാറിയിട്ടല്ലേ? അനുഭവിക്കട്ടെ"എന്നൊരു സ്ത്രീ തന്നെ പറയുന്നതും ഞാൻ കേട്ടു.

എന്നിരുന്നാലും സംഭവം കേട്ട ഉടനെ മനസിൽ ആദ്യം വന്നത് ആ രണ്ടു കുട്ടികൾ തമ്മിലുള്ള അന്തരമായിരുന്നു.. ഒരുപക്ഷെ, അവന്റെ ജീവിതത്തിലെ ഉഴപ്പും ഉത്തരവാദിത്തമില്ലായ്മയും അവനിൽ നിന്നു പിന്മാറാൻ അവളെ പ്രേരിപ്പിച്ചിരിക്കാം..

ഇക്കാര്യത്തിൽ ആൺപെൺ വ്യത്യാസമില്ല. പ്രണയത്തിൽ നിന്ന് പിന്മാറിയതിന്റെ പേരിൽ പ്രണയിച്ചൊരുന്നവന്റെ ജീവിതവും ഭാവിയും വരെ തുലച്ചു കളഞ്ഞ സ്ത്രീകളുണ്ട്. എങ്കിലും ഉപദ്രവിക്കപ്പെടുന്നത് കൂടുതൽ പെൺകുട്ടികളാണ് എന്നത് വാസ്തവം.ഒരു കാര്യം എടുത്തു പറയട്ടെ.. ഇരകളിൽ കൂടുതൽ പെൺകുട്ടികൾ ആയത് കൊണ്ടാണ് സ്ത്രീപക്ഷത്തു നിന്നു സംസാരിക്കുന്നത്. ഉറപ്പായും ഇത്തരമൊരു ദുര്യോഗം ആൺകുട്ടികൾക്കും വന്നു കൂടായ്കയില്ല...

ഒരിക്കൽ പ്രണയിച്ചു പോയി എന്നു കരുതി എത്ര ചേർച്ചയില്ലാത്തവൻ ആയാലും പ്രണയത്തിൽ നിന്ന് പിന്മാറാൻ സ്വാതന്ത്ര്യമില്ലവൾ ആണോ മനുഷ്യർ ? പ്രണയത്തിൽ നിന്നു പിന്മാറുക എന്നതിനെ "തേപ്പ് "എന്ന ഒറ്റപ്പേരിട്ടു വിളിക്കുകയാണ് സമൂഹം. ചതികളും ചതിക്കുഴികളും ഇല്ലെന്നല്ല. പക്ഷെ അന്വേഷിക്കണം, അറിയണം... എന്ത് കൊണ്ട് അവൻ അകന്നു, അവൾ അകന്നു! പ്രണയത്തിലേക്ക് വീഴുക എന്നാണ് പ്രയോഗം തന്നെ... അതെ കണ്ണുമടച്ചു വീഴുകയാണ് അതിലേക്ക്. പക്ഷെ ഇതൊക്കെയെന്നു ശ്രദ്ധിക്കാം...!

1. പ്രണയിക്കുന്നവനെ/ളെ ഒന്ന് പഠിക്കാൻ ശ്രമിക്കാം.. വിവാഹം മുന്നിൽ കണ്ടുകൊണ്ടാണ് പ്രണയിക്കുന്നതെങ്കിൽ തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ നല്ല ഭാവിയും സുരക്ഷിതത്വവും അല്പമെങ്കിലും ഉറപ്പു വരുത്തേണ്ടതുണ്ട്.. ആളുടെ രീതികൾ, പെരുമാറ്റം, പെരുമാറ്റവൈകൃതങ്ങൾ, സ്നേഹം പ്രകടിപ്പിക്കുന്ന രീതി... അങ്ങനെ പലതിലൂടെയും അവരുടെ മാനസികനിലയെ കുറിച്ചുള്ള ഒരു ചിത്രം ലഭിക്കും..

2. പ്രണയം വീട്ടിൽ ആരോടെങ്കിലും, പറ്റിയാൽ അമ്മയോട് തന്നെ, അല്ലെങ്കിൽ ബന്ധുക്കളായ ഏറ്റവും അടുപ്പമുള്ള ഒരാളോടെങ്കിലും പറയാൻ ശ്രമിക്കുക. നാളെ നിങ്ങളൊരു പ്രശ്നത്തിൽ പെട്ടാൽ ഒന്ന് വിളിച്ചു കൂടെ നിർത്താൻ ഒരാളെ കണ്ട് വയ്ക്കുക...

3. പ്രണയിക്കുന്ന ഒരുവനെ മാറ്റിയെടുക്കാൻ പ്രണയം കൊണ്ട് കഴിയും എന്നു ഞാൻ വിശ്വസിക്കുന്നു. അവനെ, അവനിൽ നിനക്കിഷ്ടമല്ലാത്ത കാര്യങ്ങൾ, നിങ്ങളുടെ ഭാവിക്ക് ദോഷം ചെയ്യുന്ന കാര്യങ്ങൾ പറഞ്ഞു തിരുത്താൻ ശ്രമിക്കുക.. അവനതിനും വഴങ്ങുന്നില്ല എങ്കിൽ ഒട്ടും മുന്നോട്ട് പോകാൻ കഴിയില്ല എന്നു തോന്നിയാൽ ഉറപ്പായും നല്ല രീതിയിൽ അയാളോട് പറഞ്ഞു ബന്ധം അവസാനിപ്പിക്കുക..

4. അങ്ങനെയൊരു ബന്ധം അവസാനിപ്പിക്കേണ്ടി വന്നാൽ അപ്പോൾ തന്നെ അത് വീട്ടിൽ പറയുക. കാരണം പിന്നീട് പ്രണയകാലത്തെ മുഖമായിരിക്കില്ല ഒരുപക്ഷെ അവന്/അവൾക്ക് . പകയോ കൊന്നുകളയും എന്നാ ഭീഷണിയോ മറുഭാഗത്ത് നിന്നുണ്ടെങ്കിൽ നിസ്സാരമായി എടുക്കാതെ അത് മാതാപിതാക്കളുമായൊ അടുപ്പമുള്ള ബന്ധുക്കളുമായോ അപ്പപ്പോൾ പങ്കുവയ്ക്കുക.

5. "അവരൊരിക്കലും അത് ചെയ്യില്ല" എന്ന ധാരണ മനസിൽ നിന്നു കളയുക.. സ്വകാര്യനിമിഷങ്ങളുടെ ചിത്രങ്ങൾ മുതൽ ചാറ്റ് ഹിസ്റ്ററി വരെ നിങ്ങൾക്കെതിരെ ഉപയോഗിച്ചേക്കാം എന്ന ചിന്ത മനസിൽ വേണം. വീട്ടുകാരുടെയും നിയമത്തിന്റെയും സഹായം ഈ സമയങ്ങളിൽ മടി കൂടാതെ ചേർത്ത് നിർത്തേണ്ടതാണ്.. പ്രണയിക്കുന്ന സമയത്ത് എത്ര ദുർബലനിമിഷമുണ്ടായാലും ചിത്രങ്ങൾ പകർത്തുക, നഗ്നത പകർത്തുക തുടങ്ങിയ കാര്യങ്ങൾക്ക് വഴങ്ങാതെയിരിക്കുക. അങ്ങനെയുള്ള എന്തെങ്കിലും തെളിവുകൾ വേർപിരിഞ്ഞ ശേഷം ഉപയോഗിക്കപ്പെടാം എന്നു തോന്നിയാൽ ഉടനടി അത് മാതാപിതാക്കളെ അറിയിക്കുക..

6. ഇനി വിവാഹം ഉറപ്പിച്ച ശേഷമാണ് സ്വഭാവവൈകൃതമോ ദുസ്വഭാവങ്ങളോ നിങ്ങൾ അറിയുന്നതെങ്കിൽ നാട്ടുകാരെ വിളിച്ചു കൂട്ടി ഉറപ്പിച്ച കല്യാണത്തിൽ നിന്നെങ്ങനെ പിന്മാറും എന്നാ ചിന്ത വേരോടെ പിഴുതെറിയുക... നാളെയുടെ ഭദ്രതയ്ക്കായി ചങ്കൂറ്റത്തോടെ വീട്ടുകാരോടും കാമുകനോടും വ്യക്തമായി തെളിവുകൾ സഹിതം പിന്മാറാനുള്ള കാരണങ്ങൾ അറിയിക്കുക.

മാതാപിതാക്കളെ...

1.നിങ്ങളുടെ മക്കൾക്ക്‌ അവരുടെ ദുരവസ്ഥ പങ്കുവയ്ക്കുവാനുള്ള സ്വാതന്ത്ര്യം നൽകുക.. മറ്റെവിടേയ്ക്കും ചെല്ലാതെ മാനസികപിരിമുറക്കത്തിൽ അവർ നിങ്ങളുടെ അടുത്തേക്ക് ഓടി വരട്ടെ... പ്രണയനൈരാശ്യത്തിൽ നിന്ന് ഒരു ഭീഷണിയുടെ സ്വരമുയർന്നാൽ രണ്ടു വീട്ടുകാരും അതറിയുകയും അതിലിടപെടുകയും കുട്ടികളെ പറഞ്ഞു മനസിലാക്കുകയും ചെയ്‌താൽ വലിയ ദുരന്തങ്ങൾ ഒഴിവായേക്കാം..

2."കൊച്ചുങ്ങളല്ലേ, ഇവർക്കെന്ത് മാനസികബുദ്ധിമുട്ട്, പ്രാരാബ്ദവുമായി ഓടി നടക്കുന്ന ഞങ്ങൾക്കല്ലേ പ്രശ്നങ്ങൾ " എന്നു ചിന്തിക്കരുത്..
മാനസികമായ എന്തെങ്കിലും സംഘർഷം അവർ അനുഭവിക്കുന്നു എന്ന് തോന്നിയാൽ സമയം വൈകാതെ ഒന്നടുത്തു വിളിച്ചിരുത്തി ചോദിക്കാം. ഉപക്ഷിക്കേണ്ടവ വൈകിയാണ് തിരിച്ചറിയുന്നെങ്കിലും അവളോ അവനോ തിരിച്ചറിയുന്നതെങ്കിലും അത് ഉപേക്ഷിക്കാൻ അവർക്ക് കഴിയും വിധം അവരെ സജ്ജരാക്കാം.. അവർക്കൊപ്പം നിൽക്കാം!

Content Highlights: valentines day 2022, love experience, toxic love, love breakup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented