'തന്റെ മൂക്കുത്തിയിൽ വെയിൽതട്ടുമ്പോ,എന്റെ പൊന്നു സാറെ എനിക്കപ്പൊ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല'


ഹർഷ എം.എസ്

6 min read
Read later
Print
Share

കോമഡി ആയിരുന്ന സീൻ പെട്ടെന്ന് സീരിയസായി. മറുപടി വേണ്ടാത്ത ഒരു പ്രണയം. കക്ഷിയുടെ തുറന്നുപറച്ചിൽ രീതി എനിക്കിഷ്ടായി .

Representative Image

ലമ്പുഴയിലെ രക്ഷാ ദൗത്യവും ഹൃദയം സിനിമയുടെ റിവ്യൂവും വായിച്ചിരിക്കെ ഹൃദയവും ഉയരവും തമ്മിലെന്ത് എന്നൊന്ന് കണക്കു കൂട്ടി നോക്കി. അപ്പോൾ ഹൃദയത്തിന്റെ ഉയരങ്ങളിൽ ഒരു മുഖം തെളിഞ്ഞു. ഒരു കഥയും.

ബാങ്ക് കോച്ചിംഗ്, സദ്യയിലെ സാമ്പാർ കണക്കെ ഒഴിവാക്കാൻ പറ്റാത്ത ഒന്നായി നിറഞ്ഞോടുന്ന ട്രെൻഡിൽ വന്ന കാലം. എന്നെയും എന്റെ ചങ്ക് കൂട്ടുകാരിയെയും വീട്ടുകാർ വെറുതെ വിട്ടില്ല. അങ്ങനെ ഞങ്ങളും ചേർന്നു കോച്ചിങ്ങിന്.

നോക്കിയപ്പോൾ സംഭവം കുറച്ചു ഡാർക്ക്‌ ആണ്. കഷ്ടപ്പെട്ട് മെന്റൽ എബിലിറ്റിയും കറന്റ് അഫയേഴ്സും സ്വായത്തമാക്കാൻ ഞങ്ങൾ ശ്രമിച്ചു തുടങ്ങി. കോച്ചിംഗ് കാലത്തെ ഒരു ഉച്ചസമയം. അത് ക്ലാസ്സിൽ ഇരുന്നു പ്രീവിയസ് ക്വസ്റ്റ്യൻ പേപ്പറുകൾ സോൾവ് ചെയ്യേണ്ട സമയമാണ്. M, N ന്റെ ഇടത്തുനിന്ന് നാലാമതും, O, N ന്റെ വലത്തുനിന്ന് രണ്ടാമതും ആണെങ്കിൽ... എന്നു തുടങ്ങുന്ന ഒരു വൃത്തത്തിനു ചുറ്റും ആളുകളെ ഇരുത്തുന്ന ചോദ്യം സോൾവ് ചെയ്യാൻ പെടാപ്പാടു പെടുകയായിരുന്നു ഞങ്ങൾ. ഏകദേശം വൃത്തത്തിനു ചുറ്റും ആൾക്കാരെ ഇരിക്കാൻ സെറ്റ് ആക്കി വന്നപ്പോൾ, ലവൾ വിളിച്ചുപറയുന്നു. "വീ ആർ ഇൻ ട്രബിൾ! ഇപ്പോൾ ചോദ്യപേപ്പറുകളിൽ വൃത്തം മാറ്റി ചതുരം ആക്കിയിരിക്കുന്നു. ചതി, ഒന്നു പഠിച്ചു വരുമ്പോഴാണ് ഇവന്മാരുടെ.... " അവളങ്ങനെ ഫുൾ പവറിൽ കത്തി കേറുമ്പോൾ ആൺകുട്ടികളുടെ സൈഡിൽ അവസാന ബെഞ്ചിൽ ഇടത്തുനിന്ന് മൂന്നാമത് ഇരിക്കുന്ന ഒരു പയ്യന്റെ നോട്ടങ്ങൾ വന്നു തട്ടുന്നത് മൊത്തം എനിക്ക്. നോ ചാൻസ്! ക്ലാസിലെ പ്രധാന പഠിപ്പിസ്റ്റ്, ദി സീരിയസ് മാൻ. എന്നെ നോക്കാൻ യാതൊരു ചാൻസും ഇല്ല. ചിലപ്പോൾ വായുവിൽ നിന്ന് ഇക്വേഷൻ വലിച്ചെടുക്കുന്നതിനിടെ എന്റെ തല പെട്ടു പോയതാകാം. എന്ന് സമാധാനിച്ച് ഞാനിരിക്കെ, പുള്ളിയതാ നെഞ്ചുംവിരിച്ച് ഞങ്ങളുടെ നേരെ നടന്നു വന്നു.

വന്ന പാടെ എന്റെ തോഴിയെ നോക്കി ഒരൊറ്റ കാച്ചലാണ്: " എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് ". ഞെട്ടൽ മറച്ചു വെച്ചുകൊണ്ട് അവളുടെ മറുപടി " അതിനെന്താ, ചേട്ടൻ പറഞ്ഞോ". അപ്പോഴാണ് ട്വിസ്റ്റ്‌! " തന്നോടല്ല, തന്റെ ഈ ഫ്രണ്ടിനോട്‌ ", നീണ്ട കരാം ഗുലി എന്റെ നേരെ ചൂണ്ടി ആശാൻ ആഗമന ഉദ്ദേശം വെളിപ്പെടുത്തി. എന്റെയുള്ളിൽ ഒരു ആളലുണ്ടായി. താൻ സേഫ് ആണെന്ന് തിരിച്ചറിഞ്ഞ വേളയിൽ തോഴി ആത്മധൈര്യം വീണ്ടെടുത്തു. നിഷ്കളങ്കത കണ്ടു പിടിച്ചത് അവളാണോ എന്ന് തോന്നിപോവാറുണ്ട് ഇടയ്ക്ക്. ഇതിലേക്ക് വെളിച്ചം വീശുന്ന ഒരു സംഭവം പറഞ്ഞുകൊള്ളട്ടെ.

കടുത്ത മുടികൊഴിച്ചിലിൽ ഈർക്കിലെല്ലാം പോയ ചൂല് പോലെ മുടിയായ ഒരു കാലം. എന്നെ അന്വേഷിച്ചു വന്ന ഒരു ജൂനിയർ പെൺകുട്ടി നല്ല മുടിയുള്ള ചേച്ചിയല്ലേ എന്ന് ചോദിച്ചപ്പോൾ കുറ്റിചൂല് പോലുള്ള എന്റെ മുടി മനസ്സിൽ ധ്യാനിച്ചുകൊണ്ട് തോഴി പറഞ്ഞത്രേ " ഉള്ള മുടി നല്ലതായുള്ള ഒരു ചേച്ചിയാ ". എത്ര മനോഹരമായ മറുപടി! ഇത് കേട്ടപ്പോഴേ ഞാൻ കുറിച്ചതാണ് , " നന്ദിയുണ്ട് തമ്പുരാനെ , ഈ പ്രമോട്ടറെ എനിക്ക് തന്നെ തന്നല്ലോ. മുത്താണ് ഇത് ".

ഫ്ലാഷ് ബാക്കിന് ശേഷം വീണ്ടും ക്യാമറ സീനിലേക്ക്. തോഴി കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവലിന്റെ പുസ്തകം കയ്യിലേന്തി നമ്മുടെ പയ്യനോട് : " അതിനെന്താ ചേട്ടൻ സംസാരിച്ചോ, ഞാൻ മാറി തരണോ? ". ഞാൻ അവളെ നോക്കി കണ്ണുരുട്ടി. എന്നാൽ പയ്യൻ സീറോ ഡിഗ്രി കൂൾ . " വേണ്ട, താൻ എങ്ങോട്ടും പോവേണ്ട, ബെഞ്ചിന്റെ തറ്റത്തേക്ക് നീങ്ങിയിരുന്നോ. ഞങ്ങൾക്കൊരു ധൈര്യത്തിന്!". പയ്യൻ ബഹുവചനത്തിലേക്ക് എത്തി കഴിഞ്ഞിരുന്നു. എന്തായിരിക്കും പറയാൻ ഉണ്ടാവുക ഞാൻ ഓർത്തു. ക്ലാസിലെ റാങ്ക് പ്രതീക്ഷക്കാരൻ! ഇനി വല്ല ഉപദേശവുമാണോ? എന്ത് പരീക്ഷ വന്നാലും തളരാതെ ആഴ്ചതോറും കോച്ചിംഗ് ക്ലാസ്സ് കട്ട് ചെയ്തു സിനിമ കാണുമെന്ന ദുഷ് പേരുള്ള ഞങ്ങളോട്. അങ്ങനെയെങ്കിൽ അവളെ മാറ്റി ഇരുത്തേണ്ട ആവശ്യം ഇല്ലല്ലോ.

ഇനി ചാൻസ് നമ്പർ 2 : "ജോലി കിട്ടിയിട്ടേ ഫാമിലി ആഘോഷവേളകളിൽ മുഖം കാണിക്കൂ "എന്നുള്ള ശപഥം എടുക്കണമെന്ന് അമ്മ പറഞ്ഞ അന്ന് , ഞാൻ ഒരു കാര്യം ഉറപ്പിച്ചു. " പാർട്ടി വെയർ ഒക്കെ കോച്ചിംഗ് ക്ലാസിലേക്ക് ഇട്ടു തീർത്തിരിക്കും!". ലിസ്റ്റിൽ കയറിയില്ലെങ്കിലും ഫാഷനിൽ നോ കോമ്പ്ര മൈസ്! അങ്ങനെ ഒരു ദിവസം പളപള മിന്നുന്ന കുപ്പായവുമിട്ട് ഇറങ്ങിയപ്പോൾ പിന്നിൽ നിന്ന് സ്വതസിദ്ധമായ നർമത്തോടെ കുത്തി, അച്ഛൻ ചന്തു! " നീ ലിസ്റ്റിൽ കയറാൻ പോവുകയാണോ അതോ , നാലു പേരെ ലിസ്റ്റിൽ നിന്ന് പുറത്താക്കാൻ പോവുകയാണോ !". അടുത്ത ലിസ്റ്റിൽ എന്നെ കാണാൻ വാശി പിടിപ്പിക്കലായിരുന്നു അച്ഛന്റെ ഉദ്ദേശമെങ്കിൽ ഞാൻ അത് പ്രോത്സാഹനമായിട്ടാണ് സ്വീകരിച്ചത്. എന്റെ ഈ പളപളിമ അല്ല, പഠിച്ചു പണി വാങ്ങണം കൊച്ചേ എന്നുള്ള ലൈനിലേക് തിരിയണം എന്നാവുമോ പഠിപ്പിസ്റ്റ് പയ്യന്റെ ഉപദേശം.

അങ്ങനെ പലതും ഓർത്തിരിക്കെ ടിയാൻ എനിക്ക് അഭിമുഖമായി വന്നിരുന്നു. പിന്നെ ഒരൊറ്റ ശ്വാസത്തിൽ പറച്ചിലാണ്. " എടോ ആകെ പ്രശ്നമാണ്. ഞാനിവിടെ വന്നിട്ട് കുറച്ച് മാസങ്ങളായി. ബി ടെക് കഴിഞ്ഞതാ. കഴിഞ്ഞ എസ്ബിഐ ലിസ്റ്റിൽ ഏതാണ്ട് കേറേണ്ടതായിരുന്നു. ഇന്റർവ്യൂവിൽ വെച്ച് നഷ്ടമായി. അതുകൊണ്ട് ഇനി പാഴാക്കാൻ സമയമില്ല. ഇത്തവണ എന്തായാലും കയറണം. അപ്പന്റെ കാശുകൊടുത്ത് ആണ് കോച്ചിങ്ങിന് വന്നത്. അതിനൊരു വിലയുണ്ട്. സമയം പോക്കാൻ തീരെയില്ല ". ഇതെല്ലാം കേട്ട് ഞാൻ കണ്ണുമിഴിച്ചു നോക്കിയിരുന്നു. അതിനിപ്പോ ഞാൻ എന്തു പിഴച്ചു ആവോന്നുള്ള മട്ടിൽ. ഇടയ്ക്കിടെ കേട്ടു കേട്ടില്ല എന്ന മട്ടിൽ ഇരിക്കുന്ന തോഴിയെ നോക്കി ഞാൻ പറയുന്നത് ശരിയല്ലേടോ എന്ന് മൂപ്പർ വിളിച്ചു ചോദിക്കുന്നു. അവൾ തലകുലുക്കി അതെയെന്ന് പറയുമ്പോൾ താൻ എല്ലാം കേൾക്കുന്നുണ്ടല്ലേ എന്ന ചോദ്യത്തിൽ അവൾ ചമ്മി ചിരിക്കുന്നു .

വീണ്ടും ടിയാൻ എന്നെ നോക്കി തുടർന്നു. " അപ്പോൾ പറഞ്ഞു വന്നത് കാര്യങ്ങളുടെ കിടപ്പാണ്. താൻ ഇപ്പോൾ ഓർക്കുന്നുണ്ടാവും ഇതെല്ലാം എന്തിനാണ് തന്നോട് പറയുന്നതെന്നു. കാരണമുണ്ട്. ഒന്ന് തന്റെ ഈ മൂക്കുത്തി. താൻ ഇരിക്കുന്നത് ഫസ്റ്റ് ബെഞ്ചിൽ. ഞാൻ ഇരിക്കുന്നത് ലാസ്റ്റ് ബെഞ്ചിൽ. എവിടെ ഇരുന്നാലും പഠിച്ചാൽ മതിയല്ലോ. എന്നാൽ എനിക്കത് പറ്റുന്നില്ല. രാവിലെ 9-9 :30 ആകുമ്പോൾ താനിരിക്കുന്ന ഭാഗത്ത് വെയിലു വരും. അത് ഈ മൂക്കുത്തിയിൽ തട്ടുമ്പോ, വല്ലാത്തൊരു പ്രകാശം വരും.എന്റെ പൊന്നു സാറെ എനിക്കപ്പൊ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുന്നില്ല, ബോർഡിൽ എഴുതുന്ന ഇക്വേഷൻ പോലും!". അരെ വാ! എന്തൊരു മനോഹരമായ സീൻ. എനിക്ക് തന്നെ സന്തോഷം വന്നു. എന്റെ മൂക്കുത്തിയെ പൊക്കി അടിക്കാൻ പറ്റിയ സമയം. " അത് പിന്നെ ചേട്ടാ ഡയമണ്ട് അല്ലേ, അതിൽ വെളിച്ചം തട്ടുമ്പോൾ.. പിന്നെ എന്റെ കയ്യിലെ ഈ അൺകട്ട് ഡയമണ്ട് മോതിരം ഉണ്ടല്ലോ... " കിട്ടിയ തക്കത്തിന് ഞാൻ തള്ളി തുടങ്ങി. എന്നാൽ എന്റെ സപ്ത നാഡികളേയും തളർത്തി ഇടിമുഴക്കം പോലുള്ള മറുപടി വന്നു. " തന്റെ മൂക്കുത്തി വജ്രമാണോ ഇന്ദ്രനീലം ആണോ എന്നുള്ള കണക്കെടുക്കാൻ വന്നതല്ല ഞാൻ. കം ടു ദി പോയിന്റ്. അപ്പോൾ ആ മൂക്കുത്തി പ്രശ്നമാണ്. ഇന്ന് താൻ ഇട്ട ഈ ചുരിദാർ.. ഈ നിറം പിങ്ക് അല്ലേ? അല്ലെടോ കൂട്ടുകാരി ". വീണ്ടും തോഴിക്ക് നേരെ ചോദ്യമെറിഞ്ഞു. " അതേ ചേട്ടാ പിങ്ക് തന്നെ!". അവൾ മറുമൊഴി കൊടുത്തു. ഞാൻ തിരുത്തി " ബേബി പിങ്ക്!". " ആ താൻ ഒരു ശിശുവാണ് എന്നെനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട് ", അതു കേട്ടപ്പോൾ കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പേപ്പറിലെ സ്കോർ പുള്ളി എങ്ങനെ എങ്ങനെ അറിഞ്ഞു എന്നായിരുന്നു എന്റെ ആലോചന.

" അപ്പോൾ മിസ്സ്‌ മൂക്കുത്തി, ഞാൻ പറഞ്ഞു വന്നത്. ഈ ഉടുപ്പും മൂക്കുത്തിയും താനും ഒക്കെ കൂടിയുള്ള കോമ്പോ എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഐ ലവ് യു എന്ന് വേണമെങ്കിൽ പറയാം. പക്ഷേ ഞാൻ പറയുന്നില്ല. എനിക്കറിയാം ഇവിടെ എനിക്ക് വലിയൊരു ലക്ഷ്യം ഉണ്ടെന്ന്. ഞാൻ വന്നത് പഠിക്കാനും ജോലി നേടാനും ആണ്. അതിനിടയിൽ പ്രണയം, ചാറ്റ് ഇതൊന്നും സെറ്റ് ആവൂല. പിന്നെ എന്തിനാ ഇതൊക്കെ പറഞ്ഞത് എന്നാണ് ചോദ്യമെങ്കിൽ, ഇത് എന്റെ മനസ്സിൽ കിടന്നാൽ എനിക്ക് നേരാംവണ്ണം പഠിക്കാൻ ഒക്കത്തില്ല. ശ്രദ്ധ ഇങ്ങനെ മാറിമറിയും. പറഞ്ഞു കഴിഞ്ഞാൽ ഒരു സമാധാനം. ഇതോടെ ഞാൻ വിട്ടു. തന്റെ മറുപടി പോലും എനിക്ക് വേണ്ട. ഒരു കാലത്തും!".

കോമഡി ആയിരുന്ന സീൻ പെട്ടെന്ന് സീരിയസായി. മറുപടി വേണ്ടാത്ത ഒരു പ്രണയം. കക്ഷിയുടെ തുറന്നുപറച്ചിൽ രീതി എനിക്കിഷ്ടായി . പ റഞ്ഞുതീർന്നതും ചേട്ടൻ ക്ലാസ് വിട്ടുപോയി. അങ്ങനെയൊരു സംഭവമേ നടന്നില്ല എന്നുള്ള മട്ടിൽ ദിവസങ്ങൾ മുന്നോട്ടുപോയി. ഒരു നോട്ടം കൊണ്ട് പോലും കക്ഷി പഴയ സംഭവങ്ങൾ ഒന്നും തന്നെ ഓർമ്മിപ്പിച്ചില്ല. നിനക്ക് എന്നെപ്പറ്റി എന്താണ് ഫീൽ ചെയ്യുന്നത് എന്നറിയാൻ എനിക്ക് താൽപര്യമുണ്ടെന്ന് ഒരിക്കലും പറഞ്ഞില്ല. അന്നും ഇന്നും.ഞങ്ങളുടെ കൂട്ടത്തിൽ എന്നും ഒരു നല്ല സുഹൃത്തായി.അധികം വൈകാതെ പറഞ്ഞ പോലെ ജോലിയും വാങ്ങി.ഏറെ വൈകാതെ ബാങ്ക് ജോലി വിട്ട് സ്വപ്ന സമാനമായ മറ്റൊന്നിലേക് മാറി.

ജീവിതത്തിലെ ഏറ്റവും വലിയ ത്രില്ല് യാത്രകൾ ആണെന്നുള്ള ഫിലോസഫിയിൽ ഒരു നിത്യ യാത്രികനായി. ഞാൻ വിളിക്കുകയോ മെസ്സേജ് ഇടുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ ഒക്കെയും ഏതെങ്കിലും മലമുകളിൽ ആയിരിക്കും കക്ഷി. എന്റെ കല്യാണം പറയാൻ വിളിച്ചപ്പോൾ : " ഏതു പാവത്തിനാണോ ഈ ഗതി " എന്ന് പറഞ്ഞു പൊട്ടിചിരിച്ചു. വരില്ലേ എന്നുള്ള ചോദ്യത്തിന് അപ്പോൾ ഏതോ മലനിരകളിൽ ട്രെക്കിങ് ആയിരിക്കുമെന്ന് പറഞ്ഞു. ഫോൺ വെക്കാൻ നേരം പറഞ്ഞു " എടോ മൂക്കുത്തി.... തനിക്കൊരു കാര്യം അറിയുവോ.. ഉയരം കൂടും തോറും ചായയുടെ സ്വാദി നേക്കാൾ കൂടുന്ന ഒന്നുണ്ട്. പ്രണയം! പ്രകൃതിയോട് ചേർന്നിങ്ങനെ നിൽകുമ്പോൾ നമുക്ക് അറിയാനാവും അത്. താൻ അപ്പോൾ കെട്ടി കുഞ്ഞു കുട്ടി പ്രാരാര... അതില്ലേ അതുമായി ഇരിക്ക്. നമ്മളിങ്ങനെ പറന്നു നടക്കട്ടെ ". പറഞ്ഞതെല്ലാം അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കി ഇന്നും നടക്കുന്നുണ്ട് ആ പർവ്വതാരോഹകൻ. ഒറ്റയ്ക്ക്, യാത്രകൾ ചെയ്ത്, ലോകം കണ്ട്. വല്ലപ്പോഴും മലമുകളിൽ നിന്നൊരു മെസ്സേജ് വരും. " എടോ മൂക്കുത്തി താൻ അടിപൊളി ആയി ഇരിക്കുന്നല്ലോ അല്ലേ, തന്റെ മോളുടെ പടം കണ്ടു സ്റ്റാറ്റസിൽ... പുലിയാക്കണം അവളെ, തന്നെ പോലെ ഒരു ശിശു ആക്കേണ്ട കേട്ടോ. താൻ വളരാനും പോകേണ്ടാ.അത് തനിക്കു ചേരൂല !". ഹൃദയത്തിലെ എവറസ്റ്റ് കീഴടക്കിയ ആ ഒരാൾ ഒരിക്കലും വാക്കുകൊണ്ടോ നോക്കുകൊണ്ടോ പ്രവർത്തി കൊണ്ടോ ഒരു രക്ഷാ ദൗത്യത്തിനും പിടി കൊടുത്തിട്ടില്ല എന്നതാണ് ഏറെ സന്തോഷം.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented