
Photo: Gettyimages.in
ആദ്യമായി ക്ലാസ് റൂമിൽ ഞാൻ ശ്രദ്ധിച്ച ആൺകുട്ടി നീയായിരുന്നു. ക്രീം നിറമുള്ള ഷർട്ട് ധരിച്ച് മേ ഐ കം ഇൻ ടീച്ചർ എന്ന ചോദ്യവുമായി നീ ക്ലാസ് റൂമിലേക്ക് കയറിവന്നത് ഞാൻ ഇന്നുമോർക്കുന്നു. നല്ല ഉയരമുണ്ടായിരുന്നു നിനക്ക്, നന്നേ മെലിഞ്ഞ് വെളുത്തനിറമായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ നിന്നോട് എനിക്കൊരു കൗതുകം തോന്നി. അതുകൊണ്ടു തന്നെയാണ് നീയുമായി സൗഹൃദം സ്ഥാപിക്കുന്നതിൽ ഞാൻ മുൻകൈ എടുത്തത്.
നീയുമായി സംസാരിച്ച് രണ്ട് ദിവസം പിന്നിടുമ്പോൾ തന്നെ ഞാൻ അറിഞ്ഞു, നമ്മൾ പ്രണയത്തിലാകുമെന്ന്. എന്നാൽ ഞാനും നീയും അത് സമർഥമായി മറച്ചുപിടിച്ചു. നമ്മൾ സുഹൃത്തുക്കളാണെന്ന് നടിച്ചു. നമുക്കുചുറ്റുമുള്ളവരിൽ പലരും അത് വിശ്വസിച്ചില്ല. അവരുമായി ഞാൻ തർക്കിച്ചു, ഉറക്കെപ്പറഞ്ഞു, അതെ ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണ്. അതിലുപരി നിന്നോടും ഞാൻ കള്ളം പറഞ്ഞു, എനിക്ക് നിന്നോട് പ്രണയമില്ലെന്ന്.
അങ്ങനെ പ്ലസ് വൺ അവസാനിക്കുന്നു. ഒരു മാസത്തെ അവധിക്കാലത്തിനായി നമ്മൾ പിരിയുകയാണ്. പ്ലസ് വണിലെ അവസാന പരീക്ഷയ്ക്ക് ശേഷം വരാന്തയിൽ നിനക്കായി എന്റെ കണ്ണുകൾ പരതി നടന്നു. നീ സൈക്കിളുമായി സ്കൂൾ ഗെയ്റ്റ് കടന്ന് നടന്ന് പോകുന്നതാണ് ഞാനന്ന് കണ്ടത്. എനിക്ക് നിന്നോടുതോന്നുന്ന പോലെ നിനക്കെന്നോട് പ്രണയമുണ്ടാകില്ല എന്നാണ് ഞാനന്ന് കരുതിയത്. അന്ന് രാത്രി ഞാൻ ഉറങ്ങിയില്ല, പിന്നീടുള്ള എല്ലാ ദിനങ്ങളിലും എനിക്ക് നിന്നെ മിസ് ചെയ്തു. മനസ്സിന്റെ ഭാരം ദിവസങ്ങൾ കഴിയും തോറുമേറി വന്നു. അങ്ങനെയിരിക്കെ ഒരുനാൾ വീട്ടിലെ ലാൻഡ് ഫോണിൽ ഒരു കോളുവന്നു. മറുതലയ്ക്കൽ നീയാണെന്നറിഞ്ഞപ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടി. അന്ന് ഞാൻ തിരിച്ചറിഞ്ഞു, നിന്നെ ഞാൻ ഏറെ പ്രണയിക്കുന്നൂ എന്ന്.
അങ്ങനെ കാത്തിരിപ്പിനൊടുവിൽ സ്കൂൾ തുറന്നു. സ്കൂളിൽ പോകാൻ പൊതുവെ മടിച്ചിയാന്ന ഞാൻ ആവേശത്തോടെ ക്ലാസ് മുറിയിലേക്ക് നടന്നുകയറിയത് അന്നാദ്യമായിരുന്നു. എന്നാൽ അന്നെനിക്ക് നിന്റെ മുഖത്തേക്ക് നോക്കാൻ ശക്തിയുണ്ടായിരുന്നില്ല, നിനക്ക് എന്റെയും. നീ ഓർക്കുന്നോ ആ നിമിഷങ്ങൾ. നമ്മൾ പിന്നീട് പരസ്പരം ഒന്നും സംസാരിച്ചില്ല. ആ മൗനം ഏതാണ്ട് ഒരു മാസത്തോളം നീണ്ടുപോയി. ആ രാത്രികളിലെല്ലാം തേങ്ങലോടെയാണ് ഞാൻ ഉറങ്ങിയിരുന്നത്. നീ എന്തു കൊണ്ടെന്നോട് മിണ്ടുന്നില്ല, എന്തുകൊണ്ടെനിക്ക് നിന്നോട് സംസാരിക്കാനാകുന്നില്ല, ഈ രണ്ടു ചോദ്യങ്ങളും ദിവസങ്ങളോളം എന്നെ അലട്ടി. ഒടുവിൽ നമ്മുടെ സുഹൃത്ത് മുൻകൈയെടുത്താണ് ഒരു മാസം നീണ്ട നിശബ്ദതയ്ക്ക് വിരാമമിടുന്നത്. പിന്നീടുള്ള ദിനങ്ങളിൽ നീയും ഞാനും സംസാരിച്ചുകൊണ്ടേയിരുന്നു. എന്റെ പ്രിയഗാനങ്ങളിലെ നായകനായി നിന്നെ സങ്കൽപ്പിച്ചു. ആകെ അവധിയായി ലഭിച്ചിരുന്ന ഞായറാഴ്ചകൾക്ക് ദൈർഘ്യം കൂടുതലാണെന്ന് എനിക്കന്ന് തോന്നി. നിന്നെ പിരിയുന്നത് എനിക്ക് ആലോചിക്കാൻ പോലും കഴിയുമായിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ഉച്ചസമയത്തെ ഇടവേളയിൽ നീ നിന്റെ പ്രണയം എന്നോട് തുറന്ന് പറഞ്ഞു. പ്രണയിക്കുന്നത് ചീത്തപ്പേര് സമ്പാദിച്ചുതരുമെന്ന ഭയത്താൽ ഞാനെന്റെ മനസ്സ് നിനക്ക് മുന്നിൽ തുറന്നില്ല. സൗഹൃദം മാത്രം മതിയെന്ന് ശാഠ്യം പിടിച്ചു. എന്നാൽ നിന്നക്ക് എന്നെ നന്നായി അറിയാമായിരുന്നു. ഞാൻ എന്നെങ്കിലും സത്യം തുറന്ന് പറയുമെന്ന് നീയും വിശ്വസിച്ചു. ഈ കാലമത്രയും നാം വഴക്കിട്ടുകൊണ്ടേയിരുന്നു. നമുക്കിടയിലുണ്ടായിരുന്ന സൗഹൃദം പതിയെ നശിച്ചുകൊണ്ടിരുന്നു. എന്റെ പ്രണയം നിന്നോട് ഞാൻ തുറന്ന് പറഞ്ഞത് സ്കൂൾ കാലഘട്ടത്തിന്റെ അവസാനത്തിലായിരുന്നു. അപ്പോഴേക്കും നീയൊരു സ്വാർഥനായ കാമുകനായി മാറിയിരുന്നു. നീയെന്നെ എല്ലായ്പ്പോഴും വിമർശിച്ചുകൊണ്ടേയിരുന്നു. മറ്റുള്ള പെൺകുട്ടികളുമായി എന്നെ താരതമ്യം ചെയ്യുന്നത് പതിവാക്കി. ഞാൻ നിന്റേത് മാത്രമായിരിക്കണമെന്ന് ശഠിച്ചു. എന്നാൽ വ്യക്തിസ്വാതന്ത്ര്യത്തിന് ഏറെ പ്രധാന്യം കൽപ്പിച്ചിരുന്ന എനിക്ക് നിന്റെ വാശികൾക്ക് മുൻപിൽ വഴങ്ങാൻ കഴിഞ്ഞില്ല. നിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ എനിക്കും ഒരുപാട് തെറ്റ്കുറ്റങ്ങളുണ്ടായിരിക്കാം. നമുക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ ഹിമാലയപർവ്വതം കണക്കെ വളർന്നപ്പോൾ ഞാൻ നിന്നിൽ നിന്നും നീ എന്നിൽ നിന്നും ഇടവേളയെടുത്തു. പിന്നീട് എനിക്കോ നിനക്കോ ഒരിക്കലും തിരിച്ചുപോകാൻ സാധിക്കുമായിരുന്നില്ല.
ഇന്നെനിക്കറിയാം, നീ ആ പഴയ പതിനേഴുകാരനല്ല. മുപ്പതിലെത്തിയ നിനക്ക് എന്റെ ഭാഗത്ത് നിന്ന് ചിന്തിക്കാൻ സാധിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. എന്റെ തെറ്റുകൾ ഞാനും നിന്റെ തെറ്റുകൾ നീയും മനസ്സിലാക്കുന്നു. പരസ്പരം ബഹുമാനിക്കുന്നു. ഇന്ന് നാം രണ്ട് വ്യത്യസ്ത വഴികളിലൂടെ യാത്ര തുടരുകയാണ്. എല്ലാ ഭാവുകങ്ങളും, എങ്കിലും ഞാൻ ഒരിക്കൽ കൂടി പറയുന്നു, നീയൊരു മോശം കാമുകനായിരുന്നുവെങ്കിലും നിന്നോളം ഞാൻ ആരെയും പ്രണയിച്ചിട്ടില്ല.
Content Highlights: valentines day 2022, first love experience
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..