ചുംബനം വീട്ടിൽ പ്രശ്‌നമാകുമെങ്കിൽ ആലിംഗനമാക്കിയാലോ?


ഷബിത

വാക്കുകൾക്കായി തലപെരുക്കി ഗതികിട്ടാതെ നടന്ന കത്തുകളൊക്കെ എന്തായിപ്പോയിട്ടുണ്ടാകും? ആ കത്തുകളെ പിൻപറ്റി ആരെങ്കിലുമൊക്കെ ഒന്നിച്ചു ജീവിച്ചിട്ടുണ്ടാകുമോ?

Photo: Gettyimages.in

ന്റെ കയ്യക്ഷരം ഓരോ സമയത്തും ഓരോ തരത്തിലാണെന്ന് കണ്ടുപിടിച്ചത് ഇംഗ്ലീഷ് പഠിപ്പിച്ച കവിത ടീച്ചറാണ്. നോട്ട്ബുക്കിൽ ഹോം വർക്കുകൾ പരിശോധിക്കുമ്പോൾ ആദ്യത്തെ പേജിൽ വലത്തോട്ടു ചെരിഞ്ഞാണെങ്കിൽ രണ്ടാമത്തേതിൽ ഇടത്തോട്ടായിരിക്കും എഴുത്തിന്റെ ചെരിവ്. മൂന്നാമത്തെ പേജിലെത്തുമ്പോൾ അത് മുരിങ്ങയില കറിവെച്ചതുപോലും കൊമ്പും കൊളുത്തും നിറഞ്ഞതായിരിക്കും. ചിലപ്പോൾ ഞാൻ ഇസ്തിരിവടിപോലെ എഴുതും. ചിലപ്പോൾ കേരളത്തിന്റെ മാപ്പുപോലെ താഴോട്ടും വളയും. വട്ടയക്ഷരത്തിലും കുനുകുനാന്നും എഴുതും. അന്നത്തെ മൂഡ് പോലെ ഇരിക്കും കയ്യക്ഷരവും. കയ്യക്ഷരത്തിന്റെ സൈക്കോളജി പഠിച്ച ടീച്ചർ അതത്ര നല്ലതിനല്ല എന്നു മാത്രമേ പറഞ്ഞുള്ളൂവെങ്കിലും എനിക്കതൊരു അനുഗ്രഹമായിരുന്നു. എത്രവേഗമാണ് ഞാൻ ഷിബുവേട്ടന്റെ സ്വന്തം വാവയും, മുനീറിക്കാന്റെ മാത്രം പൂവിയും ജയേട്ടന്റെ സജിനിക്കുഞ്ഞാവയുമൊക്കെയായി കൂടുവിട്ട് കൂട് മാറുന്നത്! ഞാൻ ആത്മാർഥമായെഴുതിയ, വാക്കുകൾക്കായി തലപെരുക്കി ഗതികിട്ടാതെ നടന്ന കത്തുകളൊക്കെ എന്തായിപ്പോയിട്ടുണ്ടാകും? ആ കത്തുകളെ പിൻപറ്റി ആരെങ്കിലുമൊക്കെ ഒന്നിച്ചു ജീവിച്ചിട്ടുണ്ടാകുമോ?
രണ്ടര ദശാബ്ദങ്ങൾക്കപ്പുറത്തെ അത്തോളി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ പത്ത് ജിയിലേക്ക് ഒരു വെളിപാടുപോലെ ഇന്ന് ഞാനങ്ങ് ഇറങ്ങി നടന്നു. പ്രാർഥനയ്ക്കും ദേശീയഗാനത്തിനും പോലും സ്വൈര്യം കൊടുക്കില്ല എന്ന നിരന്തര പരാതി എന്നെക്കുറിച്ചുണ്ടായിരുന്നതിനാൽ ആദ്യത്തെ ബെഞ്ചിൽ ആദ്യത്തെ സീറ്റിലാണ് അധ്യാപകരായ അധ്യാപകരെല്ലാം എന്നെ കുടിയിരുത്തിയിരുന്നത്. അടുപ്പിനടുത്ത് കെട്ടിയിട്ട പിടക്കോഴിയെപ്പോലെ ഞാൻ ഇടത്തും വലത്തും തിരിഞ്ഞും മറിഞ്ഞും രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാല് വരെ ഇരിപ്പോട് ഇരിപ്പാണ്. ഒമ്പത് മണിക്ക് സ്‌പെഷ്യൽ ക്ലാസ് തുടങ്ങും. പത്തുമണിമുതൽ സാധാരണ പോലെയും. തലവേദന എന്നെക്കൊണ്ട് അധ്യാപകർക്കാണെങ്കിലും ഞാനും ആ പേരും പറഞ്ഞ് വലിയൊരു വട്ടക്കണ്ണടയിൽ കണ്ണുകളെ ഒളിപ്പിച്ചിട്ടുണ്ട് (പത്താം ക്ലാസിലെ ഗ്രൂപ്പ് ഫോട്ടോയെടുക്കാൻ നോക്കുമ്പോൾ എന്റെ കണ്ണടയുടെ ഫ്രെയിമാകെ നിറം പോയി ചുണങ്ങുപിടിച്ചിരിക്കുന്നു. ഒട്ടും താമസിയാതെ ബിജില വി.എസ്സിന്റെ കണ്ണടവാങ്ങി അഡ്ജസ്റ്റ് ചെയ്തു.) തലവേദന വലിയൊരു ആശ്വാസമാണ്. ഇടയ്ക്ക് രണ്ട് ഛർദ്ദി കൂടി വേണം. എഴുമണിയ്ക്ക് നിന്ന നിൽപ്പിൽ വല്ലതും വലിച്ചുകുടിച്ച് ട്യൂഷൻ ക്ലാസിൽ പോകുകയും പിന്നെ സ്‌കൂളിലെത്തുകയും ചെയ്യുന്ന എനിക്കുണ്ടോ ഛർദ്ദിക്ക് പഞ്ഞം? ഒന്നു മനസ്സിരുത്തി വിചാരിക്കുമ്പോഴേക്കും കവിളിൽ രണ്ട് പുളിച്ചുതികട്ടൽ, ഓക്കാനത്തിന്റെ മുന്നറിയിപ്പില്ലാതെ ആഞ്ഞൊരു ഛർദ്ദി. പിന്നെ കൂനിക്കൂടിയൊരു ഇരിത്തക്കിടത്തമാണ്.
അധ്യാപകര് കയറി വരുമ്പോൾ തന്നെ ആദ്യം കാണുക ഡസ്‌കിലേക്ക് തലവെച്ചുകിടക്കുന്ന തൊന്തരവ് കാഴ്ചയാണ്! തലവേദനയൊത്തുകിട്ടിയാൽ കൂട്ടുകാരികൾ ആരെങ്കിലും വന്ന് എഴുന്നേൽപിച്ച് ഏറ്റവും അവസാനത്തെ ബെഞ്ചിന്റെ അറ്റത്തിരുത്തും. അവിടുന്നെങ്ങാനും വീണുപോയാലോ എന്നു ഭയന്ന് രണ്ടുപേരുടെ നടുക്കിരിക്കാൻ നിർദ്ദേശം കിട്ടും. പിന്നെയാണ് മക്കളേ സംഗതികൾ വൈബ് ആവുന്നത്. കണ്ണടച്ച് കിടക്കുകയേ വേണ്ടൂ. ആഗോള പ്രണയത്തിന്റെയും രതിയുടെയും ഭൂമികയിൽ അങ്ങനെ കേൾവിക്കാരിയായി നിശബ്ദം കിടക്കാം. ക്ലാസിലെ ഏറ്റവും വലിപ്പം കൂടിയവരായ, മുതിർന്ന(ഹൈസ്‌കൂൾ മുതൽ അവരുടെ മാത്രം സീറ്റാണ് ബാക് ബെഞ്ച്), കണ്ണെഴുതി പൊട്ടുതൊട്ട് മൊഞ്ചത്തികളായ, എട്ടുമുതലേ ബ്രായിട്ടുതുടങ്ങിയവർ അവരുടെ ലോകം തുറക്കുന്ന നിമിഷങ്ങളിലേക്കാണ് എന്നെ ആനയിച്ചിരിക്കുന്നത്. രാവിലത്തെ ഇന്റർവെല്ലിനുശേഷമേ തലവേദന തുടങ്ങാൻ പാടുളളൂ. അതാണ് അവരുടെ സ്വർഗം തുറക്കുന്ന സമയം.
ഹിസ്റ്ററിയുടെ മാഷ് പഞ്ചാബിനെയും ഹരിയാനയെയും അടയാളപ്പെടുത്താൻ പറയുമ്പോൾ സജിനി ബുഷറയോട് പറയുന്നു; ഇന്നലെ ഞാൻ സത്യം ഇടീച്ചിട്ടുണ്ട് ഇനി കുടിക്കേം വലിക്കേം ചെയ്യൂലാന്ന്. സത്യം ഇട്ട കൈ ഇങ്ങോട്ട് തിരിച്ചുകിട്ടാനെന്തൊരു പാടാന്നറിയോ? ആര് മ്മളെ കുഞ്ഞാവ ജയനോ. ബുഷറ ചോദിക്കുന്നു. സ്‌കൂളിന് നേരെ മുമ്പിൽ ഓട്ടോ സ്റ്റാൻഡാണ്. കുഞ്ഞാവ ഓട്ടോയിലെ ഡ്രൈവർ ജയൻ ഞങ്ങളുടെ സ്‌കൂളിലെ ബെല്ലിനേക്കാൾ കൃത്യനിഷ്ഠതയുള്ളയാളാണ്. കൃത്യം പതിനൊന്നര, അതിലും കൃത്യം പന്ത്രണ്ടേ അമ്പത്തിആറ്, കിറുകൃത്യം മൂന്നേഅമ്പത്തിയെട്ട്...കുഞ്ഞാവ കാത്തിരിക്കും; ആരെയൊക്കെയോ...കുഞ്ഞാവയെന്നാണ് സജിനിയുടെ വട്ടപ്പേര്. ഓരോ പത്താം ക്ലാസ് കഴിയുമ്പോഴും അടുത്ത കുഞ്ഞാവമാർ ഉണ്ടായിക്കൊണ്ടേയിരിക്കും. സജിനിക്കുഞ്ഞാവയ്ക്കു മുമ്പുള്ള വർഷത്തെ കുഞ്ഞാവ എന്റെ അയൽക്കാരി ഷൈമയായിരുന്നു. എല്ലാവരും ജയന്റെ മാത്രം കുഞ്ഞാവമാരാണ്. ഷൈമക്കുഞ്ഞാവ ജയന്റെ ഓട്ടോയിൽ പോകുമ്പോൾ പിറകിലല്ല ഇരിക്കുക, ജയന്റെ തൊട്ടടുത്താണ്. അതുപോലെ സജിനിക്കുഞ്ഞാവയും പോയിട്ടുണ്ടാകുമോ എന്നു ഞാൻ തലവേദനിക്കുമ്പോഴേക്കും ഷീന ചോദിച്ചുകഴിഞ്ഞു; നീ ഓട്ടോയിൽ പോയോ? അപ്പറഞ്ഞതിന് വൻവ്യാഖ്യാനങ്ങളുണ്ട്. കുഞ്ഞാവയുടെ ഓട്ടോയിൽ പോവുക എന്നു പറഞ്ഞാൽ രണ്ടും കൽപ്പിച്ച പ്രണയമാണ്. അച്ഛനാണേ സത്യം ഞാമ്പോയില്ല. സജിനി ഉരുണ്ട നെഞ്ചത്ത് ചുവന്ന ക്യൂട്ടക്‌സിട്ട നീണ്ട നഖങ്ങളുള്ള ഇടതുകൈ ആഞ്ഞു പതിപ്പിക്കും.
ഷീനയും സജിനിയുമൊക്കെ പത്താംക്ലാസ് റിസൽട്ടിന്റെ കാര്യത്തിൽ ബോർഡർ ലൈനിൽ ഉള്ളവരാണ്. ഒന്നുകടന്നുകിട്ടാൻ അധ്യാപകര് കിണഞ്ഞുപരിശ്രമിക്കുകയാണ്. ഷീന സുന്ദരിയാണ്. നല്ല മുടിയും കണ്ണുമൊക്കെയുണ്ട്. ട്യൂഷൻ ക്ലാസിലെ ഷിബുമാഷിന് ഉത്തരക്കടലാസിലെ ചില പ്രത്യേക അക്ഷരങ്ങൾ മാത്രം കറുപ്പിച്ചുകൊണ്ട് പ്രണയം പറഞ്ഞവളാണ്. അതിനുശേഷം ഞങ്ങളുടെ പിരീഡാവുമ്പോഴേക്കും ഷിബുമാഷ് രണ്ടുവട്ടം മുഖം സോപ്പിട്ടു കഴുകിയാണ് വരിക.
ബുഷറാന്റെ ബാപ്പ ഗൾഫിലാണ്. രണ്ടു കൈയിലെ വിരലുകളിലും മോതിരമുണ്ട്, തൂങ്ങുന്ന കമ്മലുണ്ട്, ഐലൈനർ എഴുതും. മുനീർ തൊട്ടപ്പുറത്ത് പത്ത് എഫിലാണ്. ഞാൻ അവനെ എടോ മുനീറേ എന്നു വിളിക്കുമ്പോൾ എന്നേക്കാൾ രണ്ടുവർഷം അധികം ഹൈസ്‌കൂള് കണ്ട ബുഷറ മുനീർക്ക എന്നാണ് പറയുക. അല്ലേൽ മൂപ്പരാള്. ബുഷറയാണെന്റെ എഴുത്തിലെ രാശി. മുനീറും അവളും ലൈനായപ്പോൾ അവനാണ് മാമൂലനുസരിച്ച് കത്തെഴുതാൻ പറഞ്ഞത്. ബുഷറ കുടുങ്ങി. ഒന്നാമത് എഴുതിയാൽ അവന് മനസ്സിലാകുമോ എന്ന പേടി. രണ്ടാമതായി കത്തിൽ എന്താണെഴുതേണ്ടത് എന്നറിയില്ല. ബുഷറയ്ക്കുവേണ്ടി ഞാൻ എഴുത്ത് ഏറ്റെടുത്തു. 'മുനീറിക്കായ്ക്ക് ചുംബനത്തോടെ ബുഷറ' എന്നും പറഞ്ഞ് അവസാനിപ്പിച്ച കത്തിൽ ഞാൻ നിറയെ ഭാവിയെക്കുറിച്ചുള്ള ആകുലതകളായിരുന്നു പങ്ക് വെച്ചത്. പത്താം ക്ലാസ് പാസ്സായാൽ ഉടനടി ഗൾഫിൽ പോകണം. ബാപ്പ വന്നാൽ എന്റെ നിക്കാഹ് നടത്തും. അതിനുമുമ്പേ ഇങ്ങളുടെ പൊരക്കാരെ പറഞ്ഞയച്ച് മുട്ടായി തന്നുറപ്പിച്ച് വെക്കണം. നമ്മൾക്ക് രണ്ട് പെൺകുട്ടികൾ വേണം. ബാപ്പ തരുന്ന സ്ഥലത്ത് ഒരു ചെറിയ പൊര കെട്ടണം. എന്റെ പൊന്നേ എനിക്ക് ചോറും കറിയുമൊന്നും വെക്കാനറിയില്ലട്ടോ. വെക്കെ പഠിച്ചോളാം...മുനീറിക്കാ...എന്നാണ് അങ്ങനെയൊരു കാലം വരിക? പിന്നെ, സിറാജ് ബസ്സിലെ കിളിയില്ലേ, അവന് ഒരു വല്ലാത്ത നോട്ടവും ഇളക്കവുമാണ് എന്നെ കാണുമ്പോൾ. സ്‌റ്റോപ്പിൽ ഇറങ്ങാൻ നോക്കുമ്പോൾ ഓന്തിനെപ്പോലം നോക്കി ചോരയൂറ്റും. അവൻ കാണെ മുനീറിക്ക ഒരു ദിവസം ബസ്സിൽ എന്റെയടുത്ത് നിക്കണം. വേറാരും കാണുകയും അരുത്....ഏതാണ്ടിങ്ങനെ പോകും കത്തിന്റെ ചുരുക്കം.
ബുഷറ മാറ്ററിനെക്കുറിച്ച് ഒരു ഐഡിയ തരും. ഞാനത് എനിക്കാവുംപോലെ എഴുതിക്കൊടുക്കും. മറ്റൊരുത്തൻ ശല്യം ചെയ്യുന്നുണ്ട് എന്നത് എഴുതിക്കൊടുത്ത എല്ലാ കത്തിലും വെക്കണമെന്ന് കാമിനികൾ നിർബന്ധം പിടിച്ചിരുന്നു. ഒരു നിലയും വിലയുമൊക്കെ വേണം പെൺകുട്ടികളായാൽ. അവസാനം രണ്ട് വെള്ളപ്രാവുകൾ കൊക്കുരുമ്മി ഇരിക്കുന്ന ചിത്രവും നിർബന്ധമാണ്. ചിത്രം വര ഷഹനാസിന്റെ ചുമതലയാണ്. ന്യൂസ് പ്രിന്റ് പേപ്പറിൽ കണ്ടുകണ്ടില്ല എന്ന മട്ടിൽ നേരത്തേ ചിത്രം വരപ്പിച്ചുവെക്കും അവളെക്കൊണ്ട് ആവശ്യക്കാർ. അതിനു മുകളിലാണ് പിന്നെ എഴുത്ത്. ഷഹനാസിന്റെ വര കണ്ടാലേ ചിലപ്പോൾ എനിക്ക് എഴുത്തുവരികയുള്ളൂ. ഇനി ഞാൻ എഴുതിയിട്ടാണ് അവൾ വരയ്ക്കുന്നതെങ്കിൽ നിർദ്ദേശം വരും. ഇതുതന്നെയാണ് ട്ടോ സജിനിയ്ക്കും എഴുതിയത്. ഭാഷമാറ്റ്.
ലവ് ലെറ്റർ പോലെ ലീവ് ലെറ്ററും എന്റെ ചുമതലയിൽ പെട്ടതായിരുന്നു. As my Daughter was suffering from headache and fever she was not able to attend yeasteday's class. So I request you to kindly grant her leave for that day. അഞ്ചാം ക്ലാസിൽ കൃഷ്ണൻ മാഷ് പഠിപ്പിച്ച ലീവ് ലെറ്റർ ഫോർമാറ്റിൽ നിന്നും അണുവിട ചലിക്കാതെ ഞാനെഴുതി. യുവേഴ്‌സ് സിൻസ്യേർലി ഫാദർ പ്രകാശനായും യൂസഫായും സുധാകരനായും സതിയായും മാറിമാറി ഒപ്പിട്ടു. ഒന്നിൽ നിന്നും തികച്ചും വിഭിന്നമായിരുന്നു ഒപ്പുകൾ.
ചുംബനത്തോടെ...എന്നു ഞാൻ കത്ത് അവസാനിപ്പിക്കുന്നത് ഷീനയ്ക്ക് പ്രശ്‌നമായി. ചുംബനം വേണ്ട. എനിക്കാണേൽ ആ വാക്ക് വിട്ടിട്ടുള്ള ഒരു കത്തും നടപടിയാവില്ല. കത്തിലൂടെ ചുംബനം കൊടുത്താൽ വലിയ പ്രശ്‌നമാവും. വീട്ടിൽ പിടിച്ചാൽ ചുംബനം കൈമാറിയതിന് അവളെ അകത്തിട്ട് തല്ലും. ഷിബുമാഷിന്റെ കാല് തല്ലിയൊടിക്കും വീട്ടുകാർ. പകരം എന്താക്കും? നീയങ്ങ് എഴുതിക്കോ എന്നും പറഞ്ഞ് വിട്ടുകൊടുക്കാൻ മനസ്സ് വരുന്നതേയില്ല. ഞാനെന്ന റൊമാൻസ് ജീവിക്കുന്നതുതന്നെ ഇവരുടെ കത്തുകളിലെ ആശ്രയത്താലാണ്. ഇപ്പോൾ പിൻമാറിയാൽ പിന്നെ ഇവർ ജന്മത്ത് അടുപ്പിക്കില്ല. മുൻ കത്തുകളുടെ ഫോർമാറ്റ് നോക്കി എഴുതാൻ പറ്റുന്നതേയുള്ളൂ. എന്നാൽ നമുക്ക് ആലിംഗനത്തോടെ എന്ന് വെക്കാം എന്നായി ഞാൻ. ആലിംഗനം എന്നു പറഞ്ഞാൽ എന്താണ് അർഥം? ഷീന ചോദിച്ചു. അതീവ സ്‌നേഹത്തോടെയുള്ള മനസ്സിന്റെ കൂടിച്ചേരൽ- ഞാൻ ആലിംഗനത്തെ നിർവചിച്ചു. അതു മതി. ഷീനയ്ക്കു സമാധാനമായി. ഇനി അഥവാ കത്തുപിടിച്ചാലും മനസ്സിന്റെ ആലിംഗനമല്ലേ, ചുംബനമല്ലല്ലോ. ഷീനയുടെ ചുംബനത്തെ വെട്ടിമാറ്റി ആലിംഗനമാക്കിയപ്പോൾ ബുഷറയുടേതും വെട്ടണം. (കത്തെഴുതിക്കൊടുത്താലും ദിവസങ്ങളോളം പുസ്തകത്തിനുള്ളിൽ അത് പതുങ്ങിക്കിടക്കും. സമയവും സന്ദർഭവും കൊടുക്കണോ കൊടുക്കേണ്ടയോ എന്നൊക്കെ തീരുമാനിച്ച് ഉറപ്പിക്കുമ്പോഴേക്കും പൗർണമി കഴിഞ്ഞ് അമാവാസി ആയിട്ടുണ്ടാകും.) അതിനിടയിൽ അന്നേരത്തെ മൂഡനുസരിച്ച് സജിനിയുടെ കത്തിൽ ആവേശം കൂടിപ്പോയാലും ബുഷറയുടേതിൽ കുറഞ്ഞുപോയാലും പ്രശ്‌നമാണ്. അവർ പരസ്പരം കത്ത് വായിക്കും. അഭിപ്രായം പറയും. ഷീനയുടെ കത്തിൽ പ്രാവിനുപകരം നിറകണ്ണുകളോടെ ചിന്താമഗ്നയായ പെൺകുട്ടിയുടെ ചിത്രം വരച്ചുകൊടുത്ത ഷഹനാസും ഈ ക്ലിയോപാട്രമാരുടെ വിമർശനത്തിന് വിധേയരായി. പെൺകുട്ടിയുടെ അമ്മിഞ്ഞ മുഖത്തേക്കാൾ ഉയർന്നുനിന്നതായിരുന്നു പ്രശ്‌നം. ഉള്ളതല്ലേ എന്ന് ഷഹനാസ് ന്യായീകരിച്ചെങ്കിലും ഷീന പ്രാവിനെത്തന്നെ മതി എന്നു പറഞ്ഞു. പ്രാവ് മുലയൂട്ടുന്ന പക്ഷിയാടോ എന്നും പറഞ്ഞായിരുന്നു ഷഹനാസ് ഡിഫന്റ് ചെയ്തത്. എന്തു തന്നെയായാലും കത്ത് ബാഗിലിട്ട് വീട്ടിൽ കൊണ്ടുപോകുന്ന പരിപാടി പറയരുത്. ഷീനയുടെ ബാഗ് അഞ്ചാറ് വട്ടം അവളുടെ ഏട്ടൻ തൊണ്ടിമുതലോടെ പൊക്കിയതാണ്. അതിന്റെ പരിണിതഫലമായി അവളുടെ ഇടത്തെ പെടലി നാലുദിവസത്തേക്ക് അനക്കാൻ പറ്റില്ലായിരുന്നു. ബുഷറ പിന്നെ റിസ്‌ക് എടുക്കാനെ തയ്യാറല്ല. സജിനിയുടെ കത്ത് ഒന്നുകൂടി മിനുക്കാനുണ്ടെന്നും പറഞ്ഞ് ഞാൻ തന്നെ കസ്റ്റഡിയിൽ വെക്കുന്ന പതിവുണ്ടായിരുന്നു; അമ്മയുടെ കണ്ണുകൾ ബാഗിനെ സ്‌കാൻ ചെയ്യാൻ തുടങ്ങിയതോടെ ഞാനും റിസ്‌കിന് നിന്നില്ല. പത്ത് ജിയിൽ കിടന്ന് പ്രണയങ്ങൾ അക്ഷരങ്ങളിൽക്കിടന്ന് വിങ്ങിത്തുടത്തു ചുവന്നു. ഡസ്‌കിന്റെ അടിയിൽ മരംകുത്തിത്തൊഴിഞ്ഞുണ്ടായ പൊത്തിൽ തീപ്പെട്ടിക്കൂടിന്റെ വലുപ്പത്തിൽ മടക്കിച്ചുരുട്ടി വെച്ച കത്തുകൾ കുറുക്കന്മാർ കുളക്കോഴിമുട്ടകൾ പരതിപ്പൊട്ടിക്കുന്നതുപോലെ കണ്ടുപിടിച്ച് പൊട്ടിക്കാൻ തുടങ്ങിയതോടെ പലരഹസ്യങ്ങളും പാരടിപ്പാട്ടുകളായി പൈപ്പിൻ ചുവട്ടിലും ഗാലറിയിലും മൂത്രപ്പുരകളിലും അച്ചടിക്കപ്പെട്ടു. സജിനി പ്രായോഗികമായി കാര്യങ്ങളെ സമീപിച്ചു. കോമ്പസ്സും പ്രൊട്ടാക്ടറും വെച്ച് ജ്യാമിതീയരൂപങ്ങൾ കൊണ്ട് തെയ്യക്കോലം കെട്ടിയ ബോർഡിനെ വൃത്തിയാക്കുന്ന ചുമതല അവൾ ശിരസ്സാ ഏറ്റെടുത്തു. ഉച്ച സമയത്ത് ഞങ്ങൾ ഉണ്ടാപ്പു എറിഞ്ഞ് കളിക്കുന്ന ഡസ്റ്ററിന്റെ വയറ് പൊട്ടി കുടൽമാലകൾ പുറത്തുചാടുമ്പോൾ ടീച്ചർമാരുടെ നെറ്റി ചുളിയിക്കാതെ ഡസ്റ്റർ തയ്ച്ചുകൊണ്ടുവരിക സജിനിയാണ്. സജിനിയാണ് ഡസ്റ്ററിന്റെ ഉടമസ്ഥ. പൊട്ടിച്ചാടിയ ഡസ്റ്ററുകൾ അവൾ അലക്ഷ്യമായി ഡസ്‌കിനടിയിൽ വെച്ചു. അതിന്റെ വയറിനുള്ളിലേക്ക് തന്റെ ഹൃദയമായ കത്തും കുത്തിത്തിരുകി.
ഒരിക്കൽ പുതിയ ഡസ്റ്ററുകൊണ്ട് ബോർഡ് നല്ലവണ്ണം മാഞ്ഞില്ലെന്നും പറഞ്ഞ് രമാദേവി ടീച്ചർ പഴയ ഡെസ്റ്റർ നേരെയങ്ങ് പോയി എടുത്തു. ഒരു തുടയ്ക്കലിന് കത്ത് താഴെ വീണു. നിഷ്‌കളങ്കനായ ക്ലാസ് ലീഡർ ഓടിപ്പോയി എടുത്ത് ടീച്ചർക്കുകൊടുത്തു. ഈ കുഞ്ഞാവ ജയൻ ടീച്ചറുടെ ഭർത്താവിന്റെ ഏട്ടന്റെ ഒടുക്കത്തെ സന്തതിയാകയാലും നാളെയെങ്ങാനീപ്പെണ്ണ് കയറിവന്ന് ഇളയമ്മേ എന്നു വിളിക്കുമോ എന്ന ഭയത്താലും സജിനിയുടെ കൈ വെള്ള പപ്പടം പോലെ പൊള്ളി.
ഈ യുവതികളുടെ മനോവികാരങ്ങൾ, ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകൾ, പ്രതീക്ഷകൾ, ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ ഇതെല്ലാം എന്റെ മനോധർമത്തിനനുസരിച്ച് മാറിമറഞ്ഞത് എഴുത്തുകളിലൂടെയാണ്. കത്തുകിട്ടിയവർ വായിച്ചു നിർവൃതിയടഞ്ഞിരുന്നോ? എന്തായിരുന്നു അവരുടെ പ്രതികരണം. പയ്യന്മാരുടെ കത്തുകൾ അവർ വായിക്കാൻ തരാതിരുന്നതെന്തായിരിക്കാം? മുനീറേ നിനക്ക് സ്വപ്‌നത്തിലെങ്കിലും നിരീക്കാൻ പറ്റുമോ കത്തിലെ ബുഷറ ഞാനായിരുന്നെന്ന്!കുഞ്ഞാവ ജയൻ ഇപ്പോഴും ക്രോണിക് ബാച്ചിലറായിട്ട് സ്‌കൂളിനുമുമ്പിൽ ഓട്ടോയുമായി മഴയും വെയിലും കൊണ്ട് നിൽപ്പുണ്ട്. പുള്ളിക്ക് ഇതല്ലാതെ മറ്റൊരു ജീവിതത്തെക്കുറിച്ച് ആലോചിക്കാൻ പോലും പറ്റുന്നുണ്ടാവില്ല. കുഞ്ഞാവേ മക്കളെല്ലാം അപ്‌ഡേറ്റഡായിപ്പോയത് വല്ലോം നിങ്ങളറിഞ്ഞോ? ഷിബുമാഷ് പി.എസ്.സി കിട്ടിപ്പോയി വേറൊരു പി.എസ്.സിക്കാരിയെ കല്യാണം കഴിച്ചു. ഷീനയെ ഒരു മിലിറ്ററിക്കാരൻ കെട്ടിക്കൊണ്ടുപോയി. ബുഷറയായിരുന്നു ആദ്യമായി മൊബൈൽ വാങ്ങിയത്. അറിയാതെ വന്ന ഫോൺകോളിലൊരുനാൾ പിടിമുറുക്കി അവള് ഇറങ്ങിപ്പോയി. കാൺമാനില്ല എന്ന പരസ്യത്തിൽ വന്നതാവട്ടെ പത്താം ക്ലാസ് സർട്ടിഫിക്കറ്റിലേക്കെടുത്ത ഫോട്ടോയും!സജിനിയുടെ കാര്യത്തിലാണ് വമ്പൻ ട്വിസ്റ്റ് സംഭവിച്ചത്. ഞങ്ങളെല്ലാം കുട്ട്യാട്ടൻ എന്നു വിളിച്ചിരുന്ന സഹപാഠിയും മൂത്താപ്പയുമായിരുന്ന സരിത്തിനെ അവൾ കെട്ടി. എപ്പോൾ, എങ്ങനെ എന്നൊന്നും ചോദിക്കരുത്. വർഷങ്ങൾക്കുശേഷം എന്നുമാത്രമേ അറിയൂ...
*ഇതെല്ലാം നടന്ന സംഭവങ്ങളാണെങ്കിലും ആരോഗ്യ-കുടുംബ സംരക്ഷണാർഥം ഇവിടെ പറഞ്ഞിരിക്കുന്ന പേരുകൾ വ്യാജമാണെന്ന് നിർവ്യാജം ആണയിടുന്നു.
Content Highlights: valentine's day 2022 love experience valentines day ideas


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented