Representative Image | Photo: Gettyimages.in
കോഴിക്കോട്: വാലന്റൈൻ ദിനത്തിൽ പഴയ കോഴിക്കോടൻ പ്രണയകാലം ഓർത്തെടുക്കുകയാണ് മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ നിയതി ശ്രീകുമാർ. പ്രണയദിനം കേരളത്തിൽ കൊണ്ടാടപ്പെടുന്നത് അടുത്തകാലത്താണ്. എന്നാൽ നാലുപതിറ്റാണ്ട് മുമ്പേ വാലന്റൈൻ ക്ലബ്ബ് തുടങ്ങിയ ചരിത്രം കോഴിക്കോടിനുണ്ടെന്ന് ശ്രീകുമാർ പറയുന്നു.
സെയ്‌ന്റ് ജോസഫ്‌സ് ബോയ്സ് ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്താണ് ശ്രീകുമാർ വാലന്റൈൻ ദിനത്തെക്കുറിച്ച് കേൾക്കുന്നത്. അധ്യാപികമാരായ സിസ്റ്റർമാരാണ് ഈ അറിവുപകർന്നത്.
എൺപതുകളുടെ തുടക്കത്തിലാണ് ശ്രീകുമാറും കൂട്ടുകാരും പ്രണയികൾക്കായി നഗരത്തിൽ വാലന്റൈൻ ക്ലബ്ബ് രൂപവത്കരിക്കുന്നത്. മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. പ്രണയിക്കുന്നവർക്ക് ഒരുമിച്ചുകൂടി സംസാരിക്കാനും സമയം ചെലവഴിക്കാനും സൗകര്യമൊരുക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി മാവൂർ റോഡിൽ ഒരു താവളവും കഫ്റ്റീരിയയും പണിയാൻ പദ്ധതിയിട്ടിരുന്നെങ്കിലും നടന്നില്ല.

പരസ്പരം ഇഷ്ടപ്പെടുന്നവർ ഒരുമിക്കണം എന്നുതന്നെയാണ് അന്നും ഇന്നും ശ്രീകുമാറിന്റെ അഭിപ്രായം. മുപ്പതിലേറെ കമിതാക്കളുടെ വിവാഹം നടത്തിക്കൊടുക്കാൻ മുൻകൈയെടുത്തിട്ടുണ്ട്. അകാലത്തിൽ മരിച്ച ബാല്യകാലസഖിയുടെ കല്ലറയിൽ പ്രണയദിനത്തിൽ പ്രാർഥിക്കുന്ന പതിവ് ഇന്നും തുടരുന്നു.
ഏറെ ഇഷ്ടം യാത്രകളും വായനയും. ഹിമാലയത്തിൽ ചെരിപ്പ് ധരിക്കാതെ യാത്ര ചെയ്തതിലായിരുന്നു കൂട്ടുകാർക്ക് വിസ്മയം.
മാതൃഭൂമിയിലെ പത്രപ്രവർത്തകരുമായുണ്ടായിരുന്ന ബന്ധമാണ് ശ്രീകുമാറിനെ വായനയുടെയും എഴുത്തിന്റെയും ലോകത്തെത്തിച്ചത്. മാതൃഭൂമി എം.എം. പ്രസിന് സമീപമായിരുന്നു വീട്. 1932-1945 കാലത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അപൂർവശേഖരവും ശ്രീകുമാറിന്റെ പക്കലുണ്ട്.
കോൺഗ്രസ് പ്രവർത്തകനായിരുന്ന പിതാവ് കെ. ഉണ്ണികൃഷ്ണപിള്ളയാണ് ആഴ്ചപ്പതിപ്പ്ശേഖരം ശ്രീകുമാറിന് നൽകിയത്. ഗീതുവാണ് ഭാര്യ.ആൻ ഉൻമില്യ മകളും ജാനേഷ് മരുമകനും.
Content Highlights: valentine club in calicut, valentines day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..