ഇണകളുടെ പരസ്പര പൊരുത്തമാണ് ചുംബന വിജയത്തിന്റെ രഹസ്യം, അല്ലെങ്കിൽ അവ ചുണ്ടുകളുടെ കൂടിച്ചേരൽ മാത്രം


6 min read
Read later
Print
Share

മനുഷ്യരിൽ അധിക പേരും മുഖാമുഖമുള്ള സംഭോഗത്തിലേർപ്പെടുന്നത് കൊണ്ടാണ് അധര ചുംബനം സാധാരണമായത്

Representative Image | Photo: Gettyimages.in

നിന്റെ ചുണ്ടുകളെ നീ പുച്ഛിക്കാൻ പഠിപ്പിക്കരുത്, അവ ചുംബിക്കാനായി സൃഷ്ടിക്കപ്പെട്ടവയാണ് - ഷേക്‌സ്പിയർ

പ്രണയത്തിന്റെ പ്രപഞ്ച ഭാഷയാണ് ചുംബനം. തീവ്രമായ പ്രണയത്തിന്റെ, ലൈംഗികതയുടെ സന്ദേശം അതിലുണ്ട്. വീഞ്ഞിനേക്കാൾ ലഹരി ചുംബനത്തിനുണ്ടെന്ന് പണ്ടാരോ പറഞ്ഞത് അതുകൊണ്ടായിരിക്കാം. ഷേക്‌സ്പിയർ മുതൽ ബൈറൺവരെ പ്രണയ കവികളൊക്കെ ചുംബനത്തിന്റെ മാജിക്കിനെക്കുറിച്ച് പാടിയിട്ടുണ്ട്.

ചുംബനവും ഒരു തരം സ്പർശനമാണ്. സ്പർശനങ്ങളിൽ വെച്ച് ഏറ്റവും 'ഹോട്ട്'. അലൈംഗിക കവിൾ ചുംബനം തൊട്ട് വികാര വിസ്‌ഫോടനം സൃഷ്ടിക്കുന്ന സെക്‌സി ചുംബനം വരെ അത് പലവിധമുണ്ട്. നന്നായി ചെയ്താൽ അതിശയിപ്പിക്കുന്ന ഫലം നൽകും ഓരോ ചുംബനവും.

കാരണം ചുണ്ടുകളും നാവും വായയുടെ ആർദ്രമായ ഉൾഭാഗവുമൊക്കെ സംവേദനക്ഷമമായ നാഡികളാൽ സമൃദ്ധമാണ്. വിരൽതുമ്പിനേക്കാൾ നൂറിരട്ടി സംവേദനക്ഷമമാണ് ചുണ്ടുകൾ. അക്കാര്യത്തിൽ അവയ്ക്ക് മുന്നിൽ ജനനേന്ദ്രിയങ്ങൾ പോലും തോറ്റു പോകും. അതുകൊണ്ടാണ് അധര സ്പർശനം ഇണകളിൽ വികാര വിസ്‌ഫോടനം സൃഷ്ടിക്കുന്നത്.

നാവിന്റെയും ചുണ്ടിന്റെയും വൈകാരിക സാധ്യത മനുഷ്യൻ മാത്രമല്ല പ്രയോജനപ്പെടുത്തുന്നത്. സസ്തനികളും മൽസ്യങ്ങളും പക്ഷികളും പല്ലികളുമൊക്കെ സംഭോഗത്തിന് മുമ്പ് മണിക്കൂറുകളോളം വദന സുരതമടക്കമുള്ള അധര പ്രയോഗങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മനുഷ്യരിൽ അധിക പേരും മുഖാമുഖമുള്ള സംഭോഗത്തിലേർപ്പെടുന്നത് കൊണ്ടാണ് അധര ചുംബനം സാധാരണമായത്. ചുംബന സ്വഭാവം പലരിലും പല വിധമാണ്. ചിലർ സെക്‌സിൽ ഇടക്കിടെ ചുംബിക്കുമ്പോൾ മറ്റുചിലർ തുടർച്ചയായി ചുംബിച്ചുകൊണ്ടിരിക്കും.

എന്നാൽ അധിക ദമ്പതികളും ചുംബനത്തിൽ വലിയ ശ്രദ്ധ പുലർത്താറില്ല എന്നതാണ് വാസ്തവം. ഒരേ രീതിയിൽ ഒരേ സ്ഥലത്ത് ചട്ടപ്പടി ചുംബിച്ച് സംഭോഗത്തിലേക്ക് തിടുക്കപ്പെട്ട് പോകുന്ന രീതിയാണ് വ്യാപകം. എന്നാൽ മെച്ചപ്പെട്ട ലൈംഗികത ആഗ്രഹിക്കുന്നവർ ചുംബനത്തിൽ ശ്രദ്ധിക്കണമെന്നാണ് ലൈംഗിക ശാസ്ത്രജ്ഞർ പറയുന്നത്.

ചുണ്ട്, കഴുത്ത് തുടങ്ങിയ പതിവ് ചുംബന സ്‌പോട്ടുകൾക്കപ്പുറം ചുംബനത്തിന് അനന്ത സാധ്യതകളുണ്ടെന്നാണ് അവരുടെ പക്ഷം. ലോകപ്രസിദ്ധ രതിശാസ്ത്രജ്ഞരായ വാൻഡിവെൽഡും ഹാവ്‌ലോക് എല്ലിസും പ്രകീർത്തിക്കുന്ന ലൈംഗിക ചുംബനത്തിന് ചുണ്ടുകളോടൊപ്പം നാവും ഫലപ്രദമായി ഉപയോഗിക്കണം.

അപ്പോൾ ഇണ വികാരാധിക്യത്താൽ പൊട്ടിത്തെറിക്കുന്നത് കാണാം. ഫ്രഞ്ച് കിസ് അത്തരത്തിലുള്ള ഒന്നാണ്. 16-ാം നൂറ്റാണ്ടിലെ പ്രശസ്ത ടുണീഷ്യൻ കാമശാസ്ത്ര ഗ്രന്ഥമായ സുഗന്ധോദ്യാനത്തിൽ സംഭോഗത്തിനിടയിൽ ചെയ്യാൻ ഏറ്റവും അനുയോജ്യമായ ചുംബനം ഫ്രഞ്ച് കിസ് ആണെന്നാണ് പറയുന്നത്.

എങ്കിലും എല്ലാ ചുംബനവും സെക്‌സിലേക്ക് നയിക്കണമെന്നില്ല. അതേസമയം ചുംബനമില്ലാത്ത സെക്‌സ് അപൂർവവുമാണ്. പലപ്പോഴും ചുംബനമാണ് സെക്‌സിന്റെ സ്റ്റാർട്ടിങ് പോയന്റായി മാറുക. ചുംബനം വെറും അധരസ്പർശനം മാത്രമല്ല, അതിൽ ഇണകളുടെ ബന്ധത്തിന്റെ ജാതകം തന്നെ കുറിച്ചിരിക്കുന്നു എന്നാണ് വിദഗ്ധമതം.

ആദ്യ ചുംബനത്തിന് നാം നൽകുന്ന പ്രാധാന്യവും അതാണ് വ്യക്തമാക്കുന്നത്. നിന്നെ ചുംബിക്കുമ്പോൾ എനിക്ക് നിന്റെ ആത്മാവിനെ രുചിക്കാനാവുന്നുണ്ടെന്ന് ആരോ പറഞ്ഞത് അതുകൊണ്ടാണ്. ഇണകളുടെ പരസ്പര പൊരുത്തമാണ് ചുംബന വിജയത്തിന്റെ രഹസ്യം. അല്ലെങ്കിൽ അവ ചുണ്ടുകളുടെ കൂടിച്ചേരൽ മാത്രമായി ചുരുങ്ങും. പലപ്പോഴും ചുംബനത്തെ പുരുഷൻ മറന്ന് കളയും. എന്നാൽ സ്ത്രീ മറക്കില്ല. അതവൾക്ക് പുരുഷനെ, അവന്റെ പ്രേമത്തെ അളക്കാനുള്ള അളവുകോലാണ്.

ഇനി ചിലതരം ചുംബനങ്ങളെ പരിചയപ്പെടാം

1. ഫ്രഞ്ച് കിസ്

ചുംബനങ്ങളിലെ സൂപ്പർ സ്റ്റാർ ഫ്രഞ്ച് കിസ് തന്നെ. വായ തുറന്നുള്ള ചുംബനമാണിത്. അപ്പോൾ ഇണകളുടെ നാവുകൾ തമ്മിൽ സ്പർശിക്കും. അതുകൊണ്ട് നാവ് ചുംബനം എന്നും ഇതിന് പേരുണ്ട്. ആത്മ ചുംബനം എന്നതാണ് മറ്റൊരു പേര്. ചെയ്യാൻ എളുപ്പമെന്ന് തോന്നുമെങ്കിലും വൈദഗ്ധ്യം നേടാൻ സമയമെടുക്കും. ഇണയുടെ വായിലേക്ക് നാവ് നുഴഞ്ഞ് കയറുന്നത് മൂലം ഫ്രഞ്ച് കിസ് സംഭോഗ സമാനമായാണ് പരിഗണിക്കപ്പെടുന്നത്. രതിമൂർച്ഛയ്ക്ക് ജനനേന്ദ്രിയ ഉത്തേജനം ആവശ്യമില്ലാത്ത സ്ത്രീകൾക്ക് ഫ്രഞ്ച് കിസിലൂടെ അത് ലഭിക്കുന്നതായി കിൻസിയുടെ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. സാധാരണ അധരചുംബനത്തിന് ശേഷമാണ് ഫ്രഞ്ച് കിസിലേക്ക് കടക്കേണ്ടത്. ആദ്യം ചുംബനത്തിനിടയിൽ മെല്ലെ വായതുറന്ന് നാവുകൊണ്ട് മൃദുവായി സ്പർശിച്ച് ഇണയുടെ വായ തുറക്കണം. പിന്നെ മെല്ലെ നാവ് ഇണയുടെ വായയിൽ കടത്തി നാവിൽ സ്പർശിക്കണം. ഇണയുടെ പ്രതികരണം മനസ്സിലാക്കി പരസ്പരം നാവ് നുണയാം. ഉമിനീർ രുചിക്കാം. ചുംബിക്കുമ്പോൾ നാവ് അയച്ച് പിടിക്കാനും ചുണ്ടുകൾ മുറുക്കിപ്പിടിക്കാനും ശ്രദ്ധിക്കുക. ഈ നനഞ്ഞ ചുംബനത്തിനിടയിൽ പക്ഷേ, ശ്വസിക്കാൻ മറക്കരുത്.

2. ഏക അധര ചുംബനം

ഇതൊരു പ്രണയചുംബനമാണ്. ഇണയുടെ ഒരു ചുണ്ട് മാത്രം ചുണ്ടാൽ തഴുകി, നുകരുകയാണ് ചെയ്യേണ്ടത്. നന്നായി ചെയ്താൽ ഇണയുടെ ഉടലിൽ വികാരത്തിന്റെ തിരയിളക്കം സൃഷ്ടിക്കാനാവും.

3. ചിത്രശലഭ ചുംബനം

മറ്റ് ചുംബനങ്ങൾക്കിടയിൽ രസത്തിന് ചെയ്യാവുന്ന ഒന്നാണിത്. ചിത്രശലഭ ചുംബനത്തിനായി ചേർന്ന് നിൽക്കണം. ഇരുവരുടെയും കൺപിലീകൾ തമ്മിൽ സ്പർശിക്കണം. ഇമ ചിമ്മുമ്പോൾ അവ പൂമ്പാറ്റച്ചിറകുകൾ പോലെ ചലിക്കും. കൺപീലികൾ കവിളോട് ചേർത്തും ഇത് ചെയ്യാവുന്നതാണ്.

4. ചെവിയിലൊരു ചുംബനം

അധര ചുംബനത്തിൽ നിന്ന് വ്യത്യസ്തമായി ഇണയുടെ മൃദുലമായ കീഴ്‌ച്ചെവി ചുണ്ടുകൾക്കിടയിലാക്കി താഴേക്ക് വലിക്കുകയാണ് ഇത്.

5. എസ്‌കിേമാ കിസ്

കണ്ണുകളടച്ച് ഇണകൾ പരസ്പരം മൂക്കുകൾ തമ്മിൽ മുന്നോട്ടും പിന്നോട്ടും ഉരസുകയാണ് ഇതിൽ ചെയ്യുന്നത്. എസ്‌കിമോകൾക്കിടിയിലെ ഒരു രീതിയായതിനാലാണ് ആ പേർ വന്നത്.

6. കവിൾ ചുംബനം

വായടച്ച് പിടിച്ച് ഇണയുടെ കവിളിൽ ഉമ്മ വെക്കുന്നതാണ് ഈ ചുംബനം. സൗഹൃദ സന്ദേശം നൽകാനാണ് ഇത് സാധാരണ ഉപയോഗിക്കുന്നത്. പങ്കാളിക്ക് ആദ്യരാത്രിയിലെ ആദ്യചുംബനമായി ഇത് നൽകാം.

7. മാലാഖ ചുംബനം

മധുരമൂറുന്ന ഒരു ചുംബന രീതിയാണിത്. ഇണയുടെ കൺപോളകളിലോ കണ്ണുകളുടെ വശങ്ങളിലോ മൃദുവായി ചുംബിക്കുകയാണ് ചെയ്യേണ്ടത്.

8. സമ്പൂർണ ചുംബനം

പ്രണയത്തിന്റെ ഒരു നിമിഷത്തിൽ ആവേശത്തോടെ എല്ലാം മറന്ന് നൽകുന്ന ചുംബനമാണത്. അപ്പോൾ പ്രണയത്തിന്റ പ്രഖ്യാപനം ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തായി ഒതുക്കി നിർത്താൻ ഇണകൾ ആഗ്രഹിക്കില്ല.

9. നെക്ക് കിസ്

വളരെ വൈകാരികത ഉണർത്തുന്ന ചുംബനമാണിത്. പിന്നിലൂടെ വന്ന് ഇണയെ മൃദുവായി ആലിംഗനം ചെയ്ത ശേഷം പിൻ കഴുത്തിൽ ചുംബിക്കുന്ന രീതിയാണിത്. പിന്നെ അത് കഴുത്തിന്റെ വശങ്ങളിലേക്ക് പുരോഗമിക്കും.

10. കൂൾ ചുംബനം

വായിൽ ചെറിയ ഐസ് ക്യൂബ് വെച്ച ശേഷം ഇണയുടെ ചുണ്ടിൽ ചുംബനം നൽകുന്ന രീതിയാണിത്. നാവുപയോഗിച്ച് ഐസ് ക്യൂബ് ഇണയ്ക്ക് കൈമാറുകയും ചെയ്യാം.

11. നെറ്റിയിൽ ചുംബനം

ഇണയുടെ നെറ്റിയിൽ നൽകുന്ന ചുംബനം വാൽസല്യത്തിന്റെയും സൗഹൃദത്തിന്റെയും അടയാളമാണ്. അധരങ്ങൾകൊണ്ട് ഇണയുടെ നെറ്റി തഴുകുകയും ചെയ്യാം.

12. പാദ ചുംബനം

പ്രണയാതുര സൂചനയാണീ ചുംബനം. പാദവും വിരലുകളും ചുംബിക്കുമ്പോൾ ഇണയ്ക്ക് ഇക്കിളിയും രോമാഞ്ചവും ഉണ്ടാകും. ഒപ്പം ഇണയുടെ പാദം തലോടു ന്നതും ഇണയിൽ വികാരമുണർത്തും.

13. ഹാൻഡ് കിസ്

കുനിഞ്ഞ് ഇണയുടെ കരം പിടിച്ച് കൈത്തണ്ടയുടെ പുറത്ത് നൽകുന്ന ഈ ചുംബനം അതിപുരാതനമായ ഒരു രീതിയാണ്.

14. വുഡ്‌പെക്കർ കിസ്

മരം കൊത്തി മരത്തിൽ കൊത്തും പോലെ വേഗത്തിൽ കഴിക്കുന്ന ചുംബനമാണിത്. 'ഹായ്' എന്ന് അഭിവാദ്യം ചെയ്യും പോലെ ഹ്രസ്വം, ലളിതം. ജോലിക്കും തിരക്കിനുമിടയിൽ കൈമാറുന്ന ചുംബനമാണിത്.

15. സ്‌പൈഡർമാൻ ചുംബനം

2002 ലിറങ്ങിയ സ്‌പൈഡർമാൻ ചിത്രത്തിലെ ചുംബനമായതിനാലാണ് ഈ പേര് വന്നത്. ദമ്പതികളിലൊരാളുടെ മുഖത്തിന്റെ മേൽഭാഗം താഴെയായിവരുന്ന രീതിയിലായിരിക്കണം പൊസിഷൻ. അപ്പോൾ നിങ്ങളുടെ മേൽചുണ്ട് ഇണയുടെ താഴെത്തച്ചുണ്ടിനെയും ഇണയുടെ മേൽചുണ്ട് നിങ്ങളുടെ താഴത്തെ ചുണ്ടിനെയും സ്പർശിക്കും.

16. കണ്ണുകളടച്ച് ചുംബനം

ആഴത്തിലുള്ള പ്രണയത്തിന്റെ സൂചനയാണീ ചുംബനം. കണ്ണുകളടച്ച്, പരിസരം മറന്ന്, പരസ്?പരം ലയിച്ച് അധരം അധരത്തിലേൽപിക്കുന്ന ചുംബനം.

17. മുഴുനീള ചുംബനം

മുഖം മുഴുവൻ നൽകുന്ന ചുംബനമാണിത്. ചുണ്ടിൽ തുടങ്ങി, കവിളിലൂടെ മൂക്കിൽ സ്പർശിച്ച് നെറ്റി വഴി അത് മുഖം മുഴുവൻ പരന്ന് ഒഴുകും. ചുംബനങ്ങളിൽ വളരെ റൊമാന്റിക്കാണിവൻ.

18. കണ്ണ് തുറന്ന ചുംബനം

ഇണകൾ ആത്മനിയന്ത്രണത്തോടെ നൽകുന്ന ചുംബനം. പ്രണയത്തിൽ മതിമറന്ന് പോകാതിരിക്കാനാണ് അപ്പോൾ ഇണകൾ കണ്ണ് തുറന്ന് ജാഗ്രതയോടെ നിൽക്കുന്നത്.

19. വിനയ ചുംബനം

പ്രണയത്തിന്റെ തുടക്കത്തിൽ ഇണയ്ക്ക് നൽകാവുന്ന അധര ചുംബനം. സൗഹൃദം പ്രണയത്തിന് വഴിമാറുന്നതിന്റെ സൂചനയാണ് മൃദുചുംബനം.

20. ആന്റി കിസ്

കവിളിൽ അധരത്തിന്റെ അടയാളം പതിയുന്നത്ര തീവ്രമായി നൽകുന്ന ചുംബനമാണിത്.

21. ഷോൾഡർ കിസ്

ഇതും ഒരു പ്രണയ ചുംബനമാണ്. പിന്നിലൂടെ വന്ന് ഇണയുടെ അനാവൃതമായ ചുമലുകളിൽ തുടരെ ചുംബിക്കുകയാണ് ചെയ്യുക.

22. സിപ് കിസ്

ഇണകൾക്ക് രണ്ടുപേർക്കും ഇഷ്ടമുള്ള പാനീയം വായിൽ നിറച്ച്, അൽപം അധരത്തിൽ പുരട്ടി നൽകുന്ന ചുംബനം ആസ്വാദ്യകരമായ സുഗന്ധവും രുചിയും നൽകും.

23. ടൈഗർ കിസ്

കടുവയെപ്പോലെ പതുങ്ങി വന്ന് ഇണയെ ഞെട്ടിച്ച് നൽകുന്ന ചുംബനമാണിത്. ഇണയുടെ ഞെട്ടലകലും മുമ്പ് അധരം കൊണ്ട് കഴുത്തിലും ഒരു വെള്ളിടി പായിക്കാം.

24. സംസാര ചുംബനം

ഇണയുടെ ചുണ്ടോട് ചുണ്ട് ചേർത്ത് പിടിച്ച് വളരെ മധുരമായി എന്തെങ്കിലും മന്ത്രിക്കുന്ന രീതിയാണിത്. ചുണ്ടുകളുടെ ചെറുചലനം വികാരോത്തേജനം വർധിപ്പിക്കും.

25. ഫിംഗർ കിസ്

ഇണയുടെ വിരലുകളുടെ അഗ്രങ്ങളെ വികാരപരമായി ചുംബിക്കുന്ന രീതിയാണിത്. വിരലുകളുടെ അഗ്രത്തിന് വളരെയധികം സംവേദനക്ഷമതയുള്ളതിനാൽ ഇണയിൽ അത് ഉത്തേജനമുണ്ടാക്കും.

കിസ്സിങ് ടിപ്‌സ്

ഒരിക്കലും ധൃതി കാണിക്കാതിരിക്കുക
ചുംബനത്തിന് മുമ്പ് ടെൻഷനില്ലാതെ മൂക്കിലൂടെ ശ്വസിക്കുക
ശ്വാസം ഫ്രഷ് ആണെന്ന് ഉറപ്പുവരുത്തുക
ഇണയോട് ഏറ്റവും അടുത്ത് നിൽക്കുക
കണ്ണുകളിൽ നോക്കുക
പിന്നെ ശാന്തമായി മൃദുവായി ചുംബിക്കുക, വയലന്റാകരുത്!
ചുംബനം ആഗ്രഹിക്കുന്നത് പോലെ കൊടുക്കാനും മടിക്കരുത്
ചുംബിക്കുമ്പോൾ അതിൽ മാത്രം ശ്രദ്ധിക്കുക

ചുംബിക്കുമ്പോൾ ഇണകൾ അറിയേണ്ടത്

നന്നായി ചെയ്താൽ ചുംബനത്തിന്റെ അവിശ്വസനീയമായ ശക്തി നിങ്ങൾക്കും ബോധ്യപ്പെടും. ഓരോ നല്ല ചുംബനവും ഒത്തിരി ചുംബനങ്ങളിലേക്ക് നിങ്ങളെ നയിക്കും. 'ചുംബനം ഉപ്പ് വെള്ളം കുടിക്കുന്നത് പോലെയാണ്, കുടിക്കുന്തോറും നിങ്ങളുടെ ദാഹം കൂടിക്കൊണ്ടിരിക്കും' എന്ന ചൈനീസ് പഴമൊഴിയുടെ പൊരുളും അത് തന്നെ.

വായയുടെ രുചി, ശ്വാസത്തിന്റെ ഗന്ധം, ശുചിത്വം തുടങ്ങിയ കാര്യങ്ങളൊക്കെ ചുംബനത്തിന്റെ ഫലത്തിൽ നിർണായകമാണ്. ആദ്യം വായ അടച്ച് മൃദുവായി വേണം ഇണയുടെ അധരത്തിൽ ചുംബിക്കാൻ. പിന്നെ ചുണ്ടുകൾ ഭാഗികമായി തുറന്ന് ചുംബിക്കുക.

ഇണയുടെ ശ്വാസത്തിന്റെ ഗന്ധം അറിയുക. ഉമിനീർ പരസ്പരം രുചിക്കുക. നിശ്വാസത്തിന്റെ ചൂടും ഉമിനീരിന്റെ രുചിയും ഇരുവരിലും വികാരമുണർത്തും. ചുംബനത്തിനിടയിൽ കൈകളും മികച്ച രീതിയിൽ ഉപയോഗിക്കുക. തലയുടെ പിൻഭാഗം, കൈകൾ, അരക്കെട്ട് തുടങ്ങിയവയൊക്കെ ചുംബിക്കുമ്പോൾ കൈകളുടെ സാന്നിധ്യം കൊതിക്കുന്ന ഇടങ്ങളാണ്.

Content Highlights: things to know about kissing, kissing tips, how to kiss, valentines day 2022

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented