ഡോ.ഫാത്തിമ അസ്ലയും ഫിറോസും
രണ്ടു വ്യക്തികൾ ഒന്നാകുമ്പോൾ മറ്റെല്ലാ പ്രതിബന്ധങ്ങളും അവിടെ അപ്രസക്തമാകും. അസ്ഥികൾ പൊടിഞ്ഞുപോകുന്ന രോഗം കീഴടക്കിയപ്പോഴും സ്വന്തം സ്വപ്നങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതിരുന്ന ഡോ.ഫാത്തിമ അസ്ലയുടെ പ്രണയവും മനോഹരമാകുന്നത് അത്തരമൊരു കാരണത്താലാണ്. കഴിഞ് ഒക്ടോബറിലാണ് ഫാത്തിമ ഫിറോസിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തിന് മഹറായി പൊന്നിനു പകരം വീൽചെയർ സ്വീകരിച്ച് ഫാത്തിമ വാർത്തകളിൽ നിറഞ്ഞിരുന്നു. രണ്ടുപേർ ഒന്നാകുമ്പോൾ അവിടെ മറ്റൊന്നും തീർപ്പുകളാകരുതെന്നു പറയുകയാണ് ഫാത്തിമ.
പ്രണയവും വിവാഹവുമൊക്കെ വ്യക്തിപരം
സുഹൃത്ത് വഴിയാണ് ഫിറോസിനെ പരിചയപ്പെടുന്നത്. ഒരുപോലെ ചിന്തിക്കുന്ന കാര്യങ്ങളെ സമീപിക്കുന്ന മനുഷ്യരാണ് ഞങ്ങൾ. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പ്രതീക്ഷകളുമൊക്കെ ഒരുപോലെയായിരുന്നു. അതുകൊണ്ടാവാം അടുത്തതും. ആരാണ് ആദ്യം പ്രണയം പറഞ്ഞതെന്നൊന്നും ഓർക്കുന്നില്ല. അത്രത്തോളം സ്വാഭാവികമായി സംഭവിച്ച ഒന്നായിരുന്നു അത്. പ്രത്യേകിച്ച് ഫിറുവിന്റെ കുടുംബത്തിന്റെ പിന്തുണ കൊണ്ടുകൂടിയാണ് സന്തോഷത്തോടെ ഞങ്ങൾ ഒന്നായതും. ഭിന്നശേഷിക്കാരിയായ കുട്ടിയെ പങ്കാളിയായി മകനു വേണ്ടെന്ന് അവർ കരുതിയില്ല. അവർ ഞങ്ങളുടെ പ്രണയത്തെ സന്തോഷത്തോടെ തന്നെ സ്വീകരിച്ചു.
ഭിന്നശേഷിക്കാരെ പങ്കാളികളായി സ്വീകരിക്കുന്നതിൽ അസ്വാഭാവികത കണ്ടെത്തുന്നതുപോലെ തന്നെ ജാതിയും മതവും ജെൻഡറുമൊക്കെ ഇന്നത്തെ കാലത്തും വിഷയങ്ങളാകുന്നുണ്ട്. സത്യത്തിൽ ആരെ വിവാഹം കഴിക്കണം പ്രണയിക്കണം എന്നതെല്ലാം വ്യക്തിപരമായ തീരുമാനം മാത്രമാണ്. അതിലെന്തിനാണ് മൂന്നാമതൊരാൾ ഇടപെടുന്നത്? ഒരു മനുഷ്യൻ മറ്റൊരാളെ ഉപദ്രവിക്കാത്തിടത്തോളം അയാൾക്ക് എങ്ങനെയും ജീവിക്കാനുളള അവകാശമുണ്ട്. മറ്റൊരാളുടെ ജീവിതത്തിൽ ഇടപെടേണ്ടെന്ന് ഇനിയെന്നാണ് സമൂഹം തിരിച്ചറിയുക
അന്നേ തീരുമാനിച്ചു മഹറായി പൊന്നുവേണ്ട
ഫിറോസുമായി പ്രണയിക്കുന്ന കാലം മുതൽക്കേ വിവാഹിതരാകുമ്പോൾ മഹറായി പൊന്നു വേണ്ടെന്ന് കരുതിയിരുന്നു. ഞാനേറ്റവും കൂടുതൽ ഞാനായിരിക്കുന്ന വീൽ ചെയർ ആയിരുന്നെങ്കിൽ എന്നും ആഗ്രഹിച്ചിരുന്നു. ഒടുവിൽ അങ്ങനെ തന്നെ സംഭവിക്കുകയായിരുന്നു. പുതിയ ജീവിതയാത്രയിൽ ഏറ്റവും സുരക്ഷിതത്വം നൽകുന്ന വീൽചെയർ തന്നെ മഹറായി ലഭിച്ചു. വീൽചെയർ കാണുമ്പോൾ കൗതുകത്തോടെ നോക്കുകയും അതിലിരിക്കുന്നവരോട് സഹതാപം പ്രകടിപ്പിക്കുകയുമൊക്കെ ചെയ്യുന്ന സമൂഹത്തിന് മുന്നിൽ ഇത് സാധാരണമാണെന്ന് കാണിക്കണമായിരുന്നു. വീൽചെയറിലിരിക്കുന്നവരെല്ലാം വിഷമിച്ച് കഴിയുന്നവരാണെന്ന ധാരണയുള്ളവരുണ്ട്. അത്തരം ചിന്താഗതികളെല്ലാം പൊളിച്ചടുക്കുകയായിരുന്നു ഉദ്ദേശം. എല്ലാ മനുഷ്യരേയും പോലെ തന്നെയാവണം ഭിന്നശേഷിക്കാരേയും കാണേണ്ടത്.
Content Highlights: specially abled doctor fathima asla about love, valentines day 2022
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..