നിവേദ് ആന്റണി
ഒരു ഗേ റിലേഷൻഷിപ് എന്നു പറയുമ്പോൾ അല്ലെങ്കിൽ ആ പദം കേൾക്കുമ്പോൾ പലർക്കും ഇന്നും തെറ്റിദ്ധരിപ്പിക്കുന്ന ചിന്തകളാണ് ഉള്ളത്. അതിനൊരു പരിധിവരെ സിനിമ പോലുള്ള മാധ്യമങ്ങളും കാരണമാണ്. ഇന്ത്യയിലോ കേരളത്തിലോ കുറച്ചുവർഷങ്ങൾക്ക് മുമ്പ് വരെ ഇത്തരം ബന്ധങ്ങളെ പരിഹസിച്ചും അധിക്ഷേപിച്ചുമൊക്കെയാണ് കാണിച്ചിട്ടുള്ളത്. കേരളത്തിൽ പുറത്തിറങ്ങിയ ചാന്തുപൊട്ട് എന്ന സിനിമ ഒരുപാട് തെറ്റിദ്ധാരണകൾ തലച്ചോറിൽ കുത്തിവച്ചിട്ടുണ്ട്. ഒരിക്കലും ഒരു ഗേ ആയ വ്യക്തിക്ക് സ്ത്രീയുമായി മാനസികമായി അടുപ്പം വന്നാലും ശാരീരികമായി അടുപ്പമുണ്ടാകില്ല.
കേരളത്തിൽ ഇന്നും ഒളിമറയിലുള്ള ഗേ റിലേഷൻഷിപ്പുകളാണ് ഏറെയുള്ളത്. ചിലരാകട്ടെ സ്ത്രീധനമൊക്കെ ആഗ്രഹിച്ച് സ്ത്രീകളെ വിവാഹം കഴിക്കും, അത് വീട്ടുകാരുടെ പ്രേരണ മൂലമാണെന്നും മറ്റും ന്യായവും പറയും. പക്ഷേ ഒരിക്കലും ഒരു ഗേ ആയ വ്യക്തിക്ക് ഒരു സ്ത്രീയുമായി പ്രണയം ഉണ്ടാകില്ല. ഇവിടെ ധാരാളം പേർ സ്ത്രീകളെ വിവാഹം കഴിച്ച് താമസിച്ച് സ്വകാര്യമായി ഗേ വ്യക്തികളുമായി ബന്ധം തുടരുന്നുണ്ട്. അവരോടൊക്കെ സഹതാപം മാത്രമേയുള്ളു. കാരണം അവർ സ്വന്തം ജീവിതം മാത്രമല്ല മറ്റൊരു വ്യക്തിയുടെ ജീവിതം കൂടിയാണ് ഇല്ലാതാക്കുന്നത്.
ഗേ റിലേഷൻഷിപ്പുകൾ എന്നു പറയുമ്പോൾ സ്ത്രൈണതയോടെയുള്ള രൂപമാണ് പലർക്കും മനസ്സിൽ വരിക. എന്നാൽ ഏതൊരു പുരുഷനെയും പോലെയാണ് അവരും. ചിലർക്ക് സ്ത്രൈണത ഉണ്ടായിരിക്കാം. ഗേ റിലേഷൻഷിപ്പുകൾ മറ്റേതൊരു ബന്ധങ്ങളെപ്പോലെയും ആണ്. അതല്ലെങ്കിൽ അവയേക്കാൾ അർഥവത്താണ്. ഒരു പുരുഷന് മറ്റൊരു പുരുഷനെ വേഗത്തിൽ മനസ്സിലാക്കാൻ കഴിയും. എന്റെ വിവാഹമോചനം കഴിഞ്ഞ സമയത്ത് പലരും പറഞ്ഞു അത് വിജയകരമാകില്ലെന്ന് പണ്ടേ അറിയാമായിരുന്നു എന്ന്. മറ്റേതൊരു പ്രണയവും പോലെ എന്റെ പ്രണയകാലവും വളരെ സന്തുഷ്ടമായിരുന്നു. അഞ്ചുവർഷം പ്രണയിച്ചാണ് വിവാഹിതരായത്. എന്നാൽ വിവാഹജീവിതവും പ്രണയജീവിതവും തമ്മിൽ ഒരുപാട് അന്തരമുണ്ടെന്ന് തിരിച്ചറിഞ്ഞു, അതുമൂലം താളപ്പിഴകളുണ്ടായി. മറ്റേതു ബന്ധങ്ങളിലും ദിവസങ്ങൾക്കുള്ളിൽ വിവാഹമോചിതരാകുന്നവർ ഉണ്ട്. എന്നാൽ ഞാൻ ഗേ ആയതുകൊണ്ടുമാത്രം ആ വിവാഹമോചനം ചർച്ച ചെയ്യപ്പെട്ടു.
ഗേ റിലേഷൻഷിപ്പിനെ സെക്ഷ്വലി മാത്രം കാണുന്നവരുമുണ്ട്. എന്നാൽ ഒരു വ്യക്തിയോട് ശാരീരികമായി ആകർഷിക്കപ്പെടണമെങ്കിൽ മാനസിക ഐക്യം കൂടി വേണ്ടതുണ്ട്. കേരളത്തിൽ ഒരുമിച്ചു ജീവിക്കുന്ന വളരെ കുറച്ച് ഗേ ദമ്പതിമാരേ ഉള്ളു. എന്നാൽ ബെംഗളൂരുവിലൊക്കെ പത്തും ഇരുപതും വർഷമായി ഒരുമിച്ച് ജീവിക്കുന്നവരുണ്ട്. പക്ഷേ അവർ സമൂഹമാധ്യമത്തിലും മറ്റും സജീവമല്ലാത്തതുകൊണ്ട് അധികമാരും അറിയുന്നില്ല. എല്ലാ ബന്ധങ്ങളെയും പോലെ തന്നെയാണ് ഇവയും. ഗേ റിലേഷൻഷിപ് എന്ന പേരിട്ടു വിളിക്കുന്നു എന്നതുകൊണ്ട് അവ മറ്റു ബന്ധങ്ങളേക്കാൾ താഴെയാകുന്നില്ല.
Content Highlights: nived antony about gay relationship gay couple, valentines day, unconditional love
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..