മാർക്സും ജെനിയും
എനിക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു- പേരുകളിലെ അസാധാരണത്വം ഞങ്ങളുടെ പ്രേമകാലത്തെ കൂടുതൽ മനോഹരമാക്കിയേക്കും എന്ന തോന്നലുണ്ടായിരുന്നതിനാൽ ഞാൻ അയാളെ റെബേക്കാ സെന്താൾ എന്ന് വിളിച്ചു. അയാളെന്നെ പീറ്റർ ബോണപ്പാർട്ടെന്നും.
ഒരിക്കൽ അയാളെന്നോട് പറഞ്ഞു: "പീറ്റർ, അഗാധമായ രഹസ്യങ്ങളായിരിക്കും നമ്മുടെ അനുരാഗത്തിന്റെ ദിനങ്ങളെ കൂടുതൽ ധന്യമാക്കുക, ഭാവികാലത്തെ പ്രതിയുള്ള കേവലവാഗ്ദാനങ്ങളായിരിക്കില്ല."
എനിക്ക് സന്തോഷം തോന്നി. വരാനിരിക്കുന്ന ജീവിതത്തെക്കുറിച്ചുള്ള കൗതുകങ്ങൾ ഞങ്ങളെ ആനന്ദിപ്പിച്ചില്ല; അതിന്റെ അനിശ്ചിതത്വങ്ങളിലും സന്ദേഹങ്ങളിലും ഞങ്ങൾ അസ്വസ്ഥരായുമില്ല. ഞങ്ങൾ രഹസ്യങ്ങൾ തേടിനടന്നു. പരസ്പരമുള്ള സന്തോഷങ്ങൾ പോലെ, പരസ്പരമുള്ള രഹസ്യങ്ങൾ പിടിച്ചെടുക്കാനുള്ള തീവ്രപരിശ്രമത്തിലായിരുന്നു ഞങ്ങൾ.
രഹസ്യങ്ങൾ, ഗോസിപ്പുകൾ, പ്രേമലേഖനങ്ങൾ...
സെന്താളിനോട് പറയാൻ ഞാനെന്റെ ജീവിതത്തിലെ രഹസ്യങ്ങളെ ഓരോന്നോരോന്നായി അഴിച്ചെടുത്തു. അവളുടെ അടുക്കലിരിക്കുമ്പോൾ അത്യഗാധസ്ഥലികളിൽ ഞാനൊളിപ്പിച്ച രഹസ്യങ്ങൾ ഓരോന്നായി പുറത്തുചാടി. രഹസ്യങ്ങളെ തുറന്നുവിടുന്നതിൽ അവളും ആനന്ദിച്ചിരുന്നു. അച്ഛൻ മരിച്ചുപോയ രാത്രിയെക്കുറിച്ചുള്ള ആർക്കുമറിയാത്ത ചില രഹസ്യങ്ങൾ ഞാനുമായി പങ്കുവയ്ക്കാം എന്ന് സെന്താൾ എനിക്ക് ഉറപ്പുതന്നിരുന്നു.
ഒരിക്കൽ അയാളെന്നോട് പറഞ്ഞു: "പീറ്റർ നിനക്കറിയാമോ, എന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ ഒരു രാജ്യമുണ്ട്. അടുത്ത സുഹൃത്തുക്കൾ അവരെ മിസ്റ്റർ ഫ്രാൻസ് എന്നും മിസിസ് ഫ്രാൻസ് എന്നുമാണ് വിളിച്ചിരുന്നത്. വീടിനുള്ളിൽ അവർ ഒരു ഫ്രഞ്ച് നഗരം പണികഴിപ്പിച്ചിരുന്നു. അടുത്ത സുഹൃത്തുക്കൾക്ക് മാത്രം പ്രവേശനമുള്ള ഒരു റിപബ്ലിക്കായിരുന്നു അത്. അവർ ഏറെയും ഫ്രഞ്ച് പുസ്തകങ്ങൾ മാത്രം വായിച്ചു. നിനക്കറിയാമോ, അച്ഛനും അമ്മയും ഒരുമിച്ചിരുന്നാണ് ഗുസ്താവ് ഫ്ലോബേറിന്റെ മദാം ബോവറി വായിച്ചത്."
അവളല്ലാതെ മറ്റൊരാളേ എന്നോട് ഫ്ലൊബേറിനെപ്പറ്റി സംസാരിച്ചിട്ടുള്ളൂ. അത് സച്ചു തോമസാണ്. സച്ചുവേട്ടനെ പരിചയപ്പെടുന്നതിനു മുൻപ് ഫ്ലൊബേറിനെ പരിചയപ്പെടുത്തിത്തന്നതിന് ഞാൻ റെബേക്കാ സെന്താളിനോട് എക്കാലവും കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ പ്രേമകാലം ധന്യമായിരുന്നു എന്നോർക്കാൻ എനിക്ക് അയാൾ സമ്മാനിച്ച ഒരേയൊരു പേരു മാത്രം മതി- ഗുസ്താവ് ഫ്ലൊബേർ. ഫ്ലൊബേറിനെ വായിക്കാതെ മരിച്ചുപോവേണ്ടി വരുമോ എന്ന കുറ്റബോധം വേട്ടയാടുമ്പോഴൊക്കെ ഞാൻ റെബേക്കാ സെന്താളിനെ ഓർക്കുന്നു. ഞാൻ അയാൾക്ക് സമ്മാനിച്ച ഒരേയൊരു പുസ്തകത്തിന്റെ പേരുകൂടി ഇപ്പോൾ യാദൃച്ഛികമായി ഓർത്തുപോവുന്നു- അത് എൻ.എസ് മാധവന്റെ ലന്തൻബത്തേരിയിലെ ലുത്തിനിയകൾ ആയിരുന്നു.
ഗോസിപ്പുകളായിരുന്നു ഞങ്ങളുടെ അനുരാഗത്തിന്റെ ദിനങ്ങളെ ആനന്ദകരമാക്കിയിരുന്ന മറ്റൊരു കാര്യം. മീൻപിടുത്തക്കാരനായ എന്റെ മുത്തച്ഛൻ പിടിച്ചുകൊണ്ടുവരുന്ന ഗോസിപ്പുകൾ ഞാൻ അയാൾക്ക് പറഞ്ഞുകൊടുക്കും. അമ്മാവന്റെ പഴയകാല പട്ടാളഗോസിപ്പുകൾ സെന്താൾ എനിക്കായി കരുതിവയ്ക്കും. ഓരോന്നും ഞങ്ങൾ ഞങ്ങളുടേതായ നിലകളിൽ പൊലിപ്പിച്ചെടുക്കും. നാട്ടിലെ എല്ലാ പുരുഷൻമാരുടെയും ഉടുപ്പുകൾ തുന്നുന്ന ഒരു അമ്മായിയുണ്ടായിരുന്നു സെന്താളിന്. അമ്മായിയുടെ ഗോസിപ്പുകൾ സെന്താൾ ശേഖരിച്ചിരുന്നത് എനിക്കുവേണ്ടിയായിരുന്നു.
ഒരിക്കൽ അവളെനിക്കെഴുതി
"അമ്മായിയുടെ ഇന്നത്തെ ഗോസിപ്പുകൾ നിനക്കയക്കുമ്പോൾ ഞാനൊരു മുത്തം കൂടി അതിനോടു ചേർത്തുവയ്ക്കുന്നുണ്ട്.
രണ്ടും നിനക്കിഷ്ടമാവും. മുത്തച്ഛന്റെ ഗോസിപ്പുകളോടൊപ്പം നീയും ഒരെണ്ണം വയ്ക്കുക. നീ സുന്ദരനാണ്! പക്ഷേ നിന്റെ പ്രേമലേഖനങ്ങളിലെ അക്ഷരത്തെറ്റ് ആവർത്തിക്കാതിരിക്കാൻ ഇനിയെങ്കിലും ശ്രദ്ധിക്കുക. നിനക്കറിയാമോ, അച്ഛനെന്നെ ഒരിക്കൽ മാത്രമേ ശകാരിച്ചിട്ടുള്ളൂ. അച്ഛന്റെ ചില എഴുത്തുകൾ, പ്രൂഫ് വായിച്ചു വൃത്തിയാക്കാൻ മൂപ്പരെന്നെ ഏൽപ്പിക്കുമായിരുന്നു. ഒരിക്കൽ അച്ഛന്റെ ഒരു കോമ കളഞ്ഞ് ഞാൻ അസ്ഥാനത്തൊരു കോളനിട്ടു. പിന്നെ പറയണോ!
പ്രേമലേഖനത്തിൽ അക്ഷരത്തെറ്റു വന്നാലുള്ള കാര്യം നീയൊന്നോർത്തുനോക്കൂ, ഉമ്മയ്ക്കു പകരം അമ്മയെന്നായാൽ! ദൈവമേ, പ്രേമലേഖനമെഴുതുമ്പോൾ നീ കൂടുതൽ ജാഗ്രത പാലിക്കുമല്ലോ. അതുകൊണ്ട് നിനക്കുവായിച്ചു പഠിക്കാൻ ചില മഹത്തായ പ്രേമലേഖനങ്ങൾ ഇതോടൊപ്പം അയയ്ക്കുന്നു"
അതിലൊന്ന് മാർക്സ് ജെന്നിക്കെഴുതിയ പ്രേമലേഖനമായിരുന്നു. സെന്താൾ പതിവായി മാർക്സിനെ വായിക്കുമായിരുന്നു. അതിസങ്കീർണമായ സാമ്പത്തികതത്വശാസ്ത്രങ്ങൾ മാത്രമല്ല, മനോഹരമായ പ്രേമലേഖനങ്ങളുമെഴുതിയിട്ടുണ്ട് മാർക്സ് എന്ന് സെന്താൾ പറയുമ്പോഴാണ് ഞാനറിയുന്നത്. ഏറെക്കാലത്തിനു ശേഷം ഞാനാ പ്രേമലേഖനം വീണ്ടും കണ്ടെടുത്തു. സച്ചുവേട്ടൻ എനിക്ക് വേണ്ടി അത് പരിഭാഷപ്പെടുത്തി.
"ഭൂമിയിൽ ധാരാളം സ്ത്രീകളുണ്ട്, അവരിൽ ചിലർ സുന്ദരികളുമാണ്. എന്നാൽ, ഓരോ ഭാവത്തിലും ഓരോ ചുളിവിലും എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തരവും മധുരതരവുമായ ഓർമ്മകളെ വീണ്ടും ഉണർത്തുന്ന ഒരു മുഖം എനിക്ക് മറ്റെവിടെ കാണാനാകും? നിന്റെ സ്നേഹം നിറഞ്ഞ മുഖത്തുനിന്ന് എനിക്കെന്റെ അവസാനമില്ലാത്ത വേദനകളും പകരം വെക്കാനാവാത്ത നഷ്ടങ്ങളുംവരെ വായിച്ചെടുക്കാം, സ്നേഹം നിറഞ്ഞ നിന്റെ മുഖത്ത് മുത്തംവെക്കുമ്പോൾ എന്റെ വേദനകളെ ഞാൻ ദൂരെനിറുത്തുന്നു."
(കാൾ മാർക്സ്, ജെന്നി ഫൊൻ വെസ്റ്റ്ഫാലന്‍ എഴുതിയ ഒരു കത്തിൽനിന്ന്, 21 ജൂൺ 1856)
സെന്താളിന് അവസാനമായി ഞാനെഴുതിയ പ്രേമലേഖനത്തിൽ ഒരൊറ്റ വാചകമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ കുറ്റബോധത്തോടെ ഞാനത് വെളിപ്പെടുത്തട്ടെ, ആ വാചകം ഞാൻ മറ്റൊരു പ്രേമലേഖനത്തിൽ നിന്ന് മോഷ്ടിച്ചതായിരുന്നു: "സെന്താൾ, വർഗസമരങ്ങളുടെ ഈ കാലത്ത് നിനക്കെന്റെ ജെന്നിയാകാനാകുമോ?''
അതിന് മറുപടിയായി റെബേക്കാ സെന്താൾ, ഞാനിന്നോളം അറിഞ്ഞിട്ടുള്ള ഏറ്റവും ബുദ്ധിമതിയായ ആ സ്ത്രീ ഇങ്ങനെയെഴുതി: ''മാർക്സിനോളവും ജെന്നിയോളവും മഹത്വമുള്ള ജീവിതം നമുക്കസാധ്യമാണ് പീറ്റർ.''
സെന്താളിന്റെ നഗരത്തിൽ വച്ചായിരുന്നു ഞങ്ങളുടെ അവസാനകൂടിക്കാഴ്ച. മറ്റൊരാളുടെ സന്തോഷം പിടിച്ചെടുക്കാനാവും എന്ന് ഞാനാദ്യമായി തിരിച്ചറിഞ്ഞത് ആ നഗരത്തെക്കുറിച്ചുള്ള അവളുടെ കഥകളിലൂടെയാണ്. തുന്നൽക്കാരിയായ അമ്മായിയോടൊപ്പം അവൾ വൈകുന്നേരങ്ങൾ മനോഹരമായ കടൽത്തീരത്തു ചിലവഴിക്കുമായിരുന്നു.
കടലുകളുള്ള എല്ലാ നഗരങ്ങളും മനോഹരമാണ് എന്ന് പണ്ടാരോ പറഞ്ഞത് ഓർമ്മിക്കുമ്പോഴെല്ലാം ഞാൻ സെന്താളിന്റെ ആ വൈകുന്നേരങ്ങളെക്കുറിച്ചും ഓർമ്മിക്കുമായിരുന്നു. ചാമ്പങ്ങ കൊണ്ടുണ്ടാക്കുന്ന ഒരു പ്രത്യേകതരം മധുരപാനീയം അമ്മായി അവൾക്ക് അവിടെ നിന്നും വാങ്ങിക്കൊടുക്കമായിരുന്ന. "പീറ്റർ, നിനക്കറിയാമോ, ചില ചെറുപ്പക്കാർ, ഒരു തമാശക്ക്, കുട്ടിയായ എന്നെ കളിപ്പിക്കാൻ, ആ മധുരപാനീയത്തിൽ ഉപ്പുചേർക്കുമായിരുന്നു. പക്ഷേ പീറ്റർ, നമ്മുടെ പ്രേമം പോലെയായിരുന്നു ആ പാനീയം. എത്ര ഉപ്പുചേർത്താലും എനിക്കതിൽ മധുരം അനുഭവിക്കാനാവുമായിരുന്നു." ഉപ്പു കഴിച്ചാലും മധുരമനുഭവിക്കാൻ കഴിയുന്ന ഒന്നിന്റെ പേരാണ് പ്രേമമെന്ന് സെന്താൾ എന്നെ പഠിപ്പിച്ചു; മറ്റൊരാളുടെ രഹസ്യങ്ങൾ പോലെ മറ്റൊരാളുടെ സന്തോഷങ്ങളും പിടിച്ചെടുക്കാനാവുമെന്നും. ചിലപ്പോൾ സെന്താൾ ആ ചാമ്പങ്ങാ പാനീയത്തെക്കുറിച്ചു പറയുമ്പോൾ ഞാനത് കഴിച്ചതിന്റെ അതേ രുചിയനുഭവിക്കുകയും ആഹ്ലാദത്താൽ മതിമറക്കുകയും ചെയ്യുമായിരുന്നു.
ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമേതാണ് എന്ന ചോദ്യത്തിന്, ലോകം മുഴുവൻ സഞ്ചരിച്ചിട്ടുള്ള ഒരു സഞ്ചാരി ഇങ്ങനെ ഉത്തരം പറഞ്ഞുപോലും: "അത് എന്റെ കാമുകിയുടെ നഗരമാണ്." സെന്താളിന്റെ നഗരത്തിലൂടെ ആ ഇളകിക്കൊണ്ടിരുന്ന ബസ്സിൽ സഞ്ചരിക്കുമ്പോൾ അവിടുത്തെ ഓരോ കാഴ്ചകളും എന്നെ വിസ്മയിപ്പിച്ചുകൊണ്ടിരുന്നു. പഴയ പുസ്തകശാലകൾ, സെന്താളിന്റെ സ്കൂൾ, അമ്മായിയുടെ തുന്നൽക്കട, കടൽത്തീരം, ഞങ്ങളുടെ ഗോസിപ്പുകളിൽ വന്നും പോയിയുമിരുന്ന മനുഷ്യർ...
"ഇവിടെ കടലുള്ളതു കൊണ്ടുമാത്രമല്ല, ഈ നഗരം ഇത്ര മനോഹരമായിരിക്കുന്നത്, ഇവിടെ നീയുള്ളതു കൊണ്ടുകൂടിയാണ്." ഞാൻ അയാളോട് പറഞ്ഞു."ഇനിയെങ്കിലും പറയൂ സെന്താൾ, എന്തായിരുന്നു അച്ഛൻ മരിച്ച രാത്രിയിലെ ആ വലിയ രഹസ്യം?" "പീറ്റർ, ഉറപ്പായും, അത് ഞാൻ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുന്നു. നിനക്കറിയാമോ, ഇതുവരെ ജീവിച്ചതല്ല, മറ്റൊരു ദിവസത്തേക്കായി മാറ്റിവയ്ക്കുന്ന ഒന്നിനെയാണ് യഥാർത്ഥത്തിൽ ജീവിതമെന്ന് വിളിക്കുന്നത്. പൊയ്പ്പോയ ശൈത്യകാലത്തിലെ തണുപ്പ് ഓർമകളിലൂടെ അനുഭവിക്കാൻ ശ്രമിക്കുകയാണ് നമ്മൾ. പക്ഷേ പീറ്റർ ഉറപ്പായും, നമ്മുടെ ജീവത്തിൽ മറ്റൊരുദിവസം വരും. അതൊരു തണുത്ത ദിവസമായിരിക്കും." എല്ലാ പ്രണയങ്ങളിലും അങ്ങനെയൊരു തണുത്ത കാലത്തിനുവേണ്ടിയുള്ള കാത്തിരിപ്പുണ്ടായിരിക്കും എന്നോർത്ത് ഞാനപ്പോൾ കരഞ്ഞു. ലൂയിസ് ഗ്ലക്കിന്റെ കഥയിലെ യജമാനത്തിയെപ്പോലെ സെന്താൾ എന്നോട് ആവർത്തിച്ചുകൊണ്ടിരുന്നു. "പീറ്റർ, നിനക്ക് മറ്റൊന്നും ചെയ്യാനാവുന്നില്ലെങ്കിൽ, നീ എനിക്ക് വേണ്ടി കരയൂ."
ചില കൂടിക്കാഴ്ചകൾ അവസാനത്തേതായിരിക്കുമെന്ന് നാമറിയുന്നില്ല. ഏത് പ്രേമത്തിലും, നാളേക്ക് വേണ്ടി കരുതിവയ്ക്കപ്പെടുന്ന ചില സംഭാഷണങ്ങൾ സംഭവിക്കാതെ പോകുന്നുണ്ട് എന്ന് എനിക്കിപ്പോൾ അറിയാം. ഈ എഴുത്തു വായിക്കുന്ന ഒരാൾ, പൊടുന്നനെ തന്റെ കമിതാവിനോട്, നാളേക്കായി കരുതിവച്ച എന്തൊക്കെയോ രഹസ്യങ്ങൾ വെളിപ്പെടുത്തുമെന്ന് ഞാൻ വെറുതെ സങ്കല്പിക്കുന്നു!
ജീവിതം ഇങ്ങനെയൊക്കെയാകുമെന്നറിയാമായിരുന്നുവെങ്കിൽ കുറേക്കൂടി തയ്യാറെടുപ്പുകളോടെ ജീവിക്കാമായിരുന്നു എന്ന് എന്റെ ആത്മസ്നേഹിതൻ മനോജ് വെങ്ങോല എഴുതിയതു വായിച്ചപ്പോൾ, ഞാൻ വീണ്ടും റെബേക്കാ സെന്താളിനെ ഓർത്തു. കണക്കുകൂട്ടലുകളോടെ ജീവിക്കേണ്ട ഒന്നായിരുന്നു ജീവിതമെന്ന് എനിക്കിനിയും തോന്നുന്നില്ല. എങ്കിലും റെബേക്കാ സെന്താൾ, നിന്നെയും നമ്മുടെ മനോഹരമായ ആ പ്രേമകാലത്തെയും ഞാനിപ്പോഴും ഓർക്കുന്നു. പ്രേമങ്ങളിൽ അധികാരം ഇടപെടുമ്പോൾ, അവ കലാപങ്ങൾക്ക് വഴിതെളിക്കുമ്പോൾ, മനുഷ്യർ കൊല്ലപ്പെടുമ്പോൾ, ഒക്കെയും...
യാദൃച്ഛികമായി റെബേക്കാ സെന്താളിന്റെ ഒരു പ്രേമലേഖനം ഇന്ന് കണ്ടുകിട്ടി. അതിലിങ്ങനെ എഴുതിയിരിക്കുന്നു.
"അമ്മായിക്കൊരു പ്രേമമുണ്ടായിരുന്നു. ഒളിച്ചുകടത്തപ്പെട്ട അമ്മായിയുടെ പ്രേമലേഖനം ഒരുനാൾ പിടിക്കപ്പെട്ടു. പട്ടാളക്കാരനായിരുന്നു അമ്മായിയുടെ അപ്പൻ. 'അന്നുമുതൽ എന്റെ സ്നേഹം നിരോധിക്കപ്പെട്ടു' എന്നാണ് അമ്മായി എന്നോട് പറഞ്ഞത്.
നമ്മുടെ രാജ്യത്ത് പ്രേമം നിരോധിക്കപ്പെടുന്നത് നീയൊന്നോർത്തു നോക്കൂ, നിനക്ക് ചിരി വരുന്നുണ്ടോ. എന്നാൽ അങ്ങനെയും സംഭവിച്ചേക്കാം. നിരോധിക്കപ്പെടാത്തതായി ഇപ്പോൾ സ്നേഹമല്ലാതെ മറ്റെന്താണ് ഇവിടെയുള്ളത്."
Content Highlights: karl marx jenny von westphalen love story, valentines day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..