സത്യൻ അന്തിക്കാട്|photo:പ്രവീൺ കുമാർ.വി.പി.
"ഒരു നിമിഷം തരൂ'' എന്ന പ്രണയ ഗാനത്തെ കുറിച്ചോർക്കുമ്പോൾ സത്യൻ അന്തിക്കാട് മഹാസാഹിത്യകാരനായ വി കെ എന്നിനെ ഓർക്കും; ഒപ്പം അദ്ദേഹത്തിന്റെ കഥകളിലെ ഇതിഹാസ നായകൻ പയ്യനെയും. വിശ്വവിഖ്യാതമായ ആ `പയ്യനിസ്റ്റിക്' ആത്മഗതം കാതിൽ മുഴങ്ങും അപ്പോൾ: ``ഛെ.. നല്ലൊരു ഫലിതം കാറ്റിൽ പറത്തിക്കളഞ്ഞല്ലോ..''
പാഴായിപ്പോയ ഒരു പ്രണയദൂതിന്റെ ചിരിയുണർത്തുന്ന ഓർമ്മ കൂടിയാണ് യേശുദാസ് പാടിയ ആ മനോഹര ഗാനം സത്യന്.ഡോ ബാലകൃഷ്ണൻ കഥയെഴുതി ജേസി സംവിധാനം ചെയ്ത ``സിന്ദൂര'ത്തിലെ ആ പാട്ടിനെ കുറിച്ച് പലരും വികാരവായ്‌പ്പോടെ സംസാരിക്കുന്നതു കേൾക്കുമ്പോൾ സന്തോഷം തോന്നും സത്യന്; അത്ഭുതവും.
ചെന്നൈ എഗ്മൂറിലെ ഡോ ബാലകൃഷ്ണന്റെ ക്ലിനിക്കിനു പിന്നിലെ ഒരു മുറിയിലിരുന്ന് ഡോക്ടറും സംവിധായകൻ ജേസിയും വിവരിച്ചു തന്ന സിറ്റുവേഷൻ മനസ്സിൽ കണ്ട് പാട്ടെഴുതുമ്പോൾ അതിത്രത്തോളം ജനപ്രിയമാകുമെന്നോ മുപ്പതു വർഷങ്ങൾക്കിപ്പുറവും ആസ്വദിക്കപ്പെടുമെന്നോ സങ്കൽപ്പിച്ചിട്ടു പോലുമില്ലല്ലോ അന്നത്തെ യുവഗാനരചയിതാവ്. എഴുതിക്കൊടുത്ത വരികളിൽ നിന്ന് എ ടി ഉമ്മർ സൃഷ്ടിച്ച ഈണമാണത്.
.jpg?$p=74dd70a&&q=0.8)
``പാട്ടെഴുത്തുകാരനാവാൻ മോഹിച്ചു കോടമ്പാക്കത്തേക്ക് വണ്ടികയറിയ ആളല്ല ഞാൻ. സിനിമാ സംവിധാനം തന്നെയായിരുന്നു ആത്യന്തിക ലക്ഷ്യം. അതേ സമയം, ചെയ്യുന്ന ഏതു തൊഴിലിനോടും പരിപൂർണ പ്രതിബദ്ധത പുലർത്തണം എന്ന് നിർബന്ധവുമുണ്ട്. പാട്ടെഴുത്തിന്റെ കാര്യത്തിലും ആ നിലപാടിൽ നിന്ന് വ്യതിചലിച്ചിട്ടില്ല ഞാൻ. സിന്ദൂരത്തിലെ പാട്ടെഴുതുമ്പോൾ ചെറിയൊരു മത്സരബുദ്ധി കൂടിയുണ്ടായിരുന്നു എന്നു കൂട്ടിക്കോളൂ. ''
സത്യനു പുറമെ നാലുപേർ കൂടിയുണ്ട് ആ പടത്തിൽ ഗാനരചയിതാക്കളായി -- ഭരണിക്കാവ് ശിവകുമാർ, അപ്പൻ തച്ചേത്ത്, ശശികല മേനോൻ, കോന്നിയൂർ ഭാസ്. ചിലരൊക്കെ പരിചയസമ്പന്നർ. ഇന്നത്തെ സിനിമാന്തരീക്ഷത്തിൽ എന്നപോലെ വളരെ ലാഘവത്തോടെ, ചുരുങ്ങിയ സമയത്തിനുള്ളിൽ നിർവഹിക്കാൻ കഴിയുന്ന ഒന്നല്ല അന്ന് ഗാനസൃഷ്ടി. പാട്ടെഴുതി ചിട്ടപ്പെടുത്തിക്കഴിഞ്ഞാൽ വിശദമായ റിഹേഴ്സലാണ്.
``ക്ലിനിക്കിനു പിന്നിലെ മുറിയിൽ വന്നിരുന്ന് യേശുദാസ് മനസ്സിരുത്തി എന്റെ പാട്ടു പഠിക്കുന്നത് ഓർമ്മയുണ്ട്. ഗാനസന്ദർഭം മാത്രമല്ല പാടുന്ന കഥാപാത്രവും നടനും ആരെന്നു വരെ ചോദിച്ചു മനസ്സിലാക്കും അദ്ദേഹം. അത് കഴിഞ്ഞു മൂന്ന് ദിവസം കഴിഞ്ഞാണ് റെക്കോർഡിംഗ്. ഗാനത്തിന്റെ പൂർണ്ണതക്ക് വേണ്ടിയുള്ള ഏകാഗ്രമായ ഒരു യജ്ഞമാണ് അവിടെ നമ്മൾ കാണുക.''-- സത്യൻ ഓർക്കുന്നു. ഭരണി സ്റ്റുഡിയോയിലെ ഗാനലേഖനവേളയിൽ ഓർക്കസ്ട്ര കണ്ടക്റ്റ് ചെയ്തത് ആർ കെ ശേഖർ.
.jpg?$p=b4643a5&&q=0.8)
സഹസംവിധായകൻ എന്ന നിലയിൽ `സിന്ദൂര'ത്തിന്റെ ആശയം രൂപപ്പെടുന്ന ഘട്ടം മുതലേ ഒപ്പമുണ്ടായിരുന്നതുകൊണ്ട് കഥാമുഹൂർത്തങ്ങൾ എല്ലാം കാണാപ്പാഠമാണ് സത്യന്. ``ഡോക്ടർ പറഞ്ഞുതരുന്ന തിരക്കഥ എഴുതിയെടുക്കുന്ന ജോലിയാണ് അന്നെനിക്ക്. എഴുതിയും വായിച്ചും വെട്ടിയും തിരുത്തിയും കഥയുടെയും കഥാപാത്രങ്ങളുടെയും ആത്മാവുമായി അതിനകം ഇഴുകിചേർന്നിരിക്കും നമ്മൾ. "
ഡോക്ടറുടെ സുന്ദരിയായ മകളെ പ്രണയിക്കുന്ന ലുക്കീമിയ രോഗിയുടെ റോളിലാണ് `സിന്ദൂര'ത്തിൽ വിൻസന്റ്. സിനിമയുടെ ഒരു ഘട്ടത്തിൽ ജയഭാരതിയുടെ കഥാപാത്രം വിൻസന്റിനോട് അപേക്ഷിക്കുന്നുണ്ട് -- താലികെട്ടി ഒരു നിമിഷമെങ്കിലും ഒപ്പം ജീവിക്കാൻ സമ്മതിക്കണം എന്ന്. ആ അപേക്ഷയിൽ നിന്നാണ് പാട്ടിന്റെ പല്ലവി സത്യൻ രൂപപ്പെടുത്തിയത്. ആർക്കും എളുപ്പം പിടികൊടുക്കാത്ത പെൺമനസ്സിനെ "ഒരു യുഗം തരൂ നിന്നെയറിയാൻ" എന്ന ഒറ്റ വരിയിൽ ഒതുക്കി വെച്ചു താരതമ്യേന നവാഗതനായ പാട്ടെഴുത്തുകാരൻ.
ഇനി ചരണം വേണം. "മനസ്സിൽ തോന്നുന്ന വരികൾ അപ്പപ്പോൾ ഡയറിയിൽ എഴുതിവെക്കുന്ന ശീലമുണ്ട് അന്നെനിക്ക്. അങ്ങനെ കുറിച്ചുവെച്ച 'വെൺമേഘക്കസവിട്ട നീലാംബരം നിന്റെ നീല മിഴി കണ്ടു മുഖം കുനിച്ചു' എന്ന് തുടങ്ങുന്ന നാലുവരിക്കവിതയാണ് ഈ പാട്ടിന്റെ ചരണമാക്കി മാറ്റിയെഴുതിയത്: "നീലാംബരത്തിലെ നീരദകന്യകൾ നിൻ നീലമിഴി കണ്ടു മുഖം കുനിച്ചു..."

"ആ നീലമിഴികളിൽ ഒരു നവ സ്വപ്നമായ് നിർമ്മലേ എൻ അനുരാഗം തളിർത്തുവെങ്കിൽ'' എന്നെഴുതുമ്പോൾ സത്യന്റെ മനസ്സിലുണ്ടായിരുന്നത് കാമുകിയായ നിമ്മി എന്ന നിർമ്മലയുടെ രൂപം തന്നെ. കൗമാരപ്രായക്കാരനായ ഒരു കാമുകന്റെ കുസൃതിയായിരുന്നു നിർമ്മലേ എന്ന ആ അഭിസംബോധന.
"ഏറ്റവും വലിയ ദുരന്തം പല തവണ ആ പാട്ട് കേട്ടിട്ടും കാമുകി അത് മനസ്സിലാക്കിയതേയില്ല എന്നതാണ്. വിവാഹിതരായ ശേഷം ഇക്കാര്യം ആവേശത്തോടെ ഞാൻ അവതരിപ്പിച്ചപ്പോഴാണ് ആ നിർമ്മല താൻ തന്നെയായിരുന്നു എന്ന സത്യം എന്റെ ഭാര്യ തിരിച്ചറിഞ്ഞത്. പാട്ട് കേട്ടപ്പോൾ അവൾ വിചാരിച്ചത് സിനിമയിൽ ജയഭാരതിയുടെ കഥാപാത്രത്തിന്റെ പേരാവും നിർമ്മല എന്നാണത്രേ. ശരിക്കും തകർന്നു പോയി. ഇതിലപ്പുറം പാഴായിപ്പോകാനുണ്ടോ ഒരു പ്രണയസന്ദേശം?"
"നല്ലൊരു ഫലിതം കാറ്റിൽ പറത്തിക്കളഞ്ഞല്ലോ" എന്ന് പണ്ട് വി കെ എൻ എഴുതിയതാണ് ഓർമ്മവന്നത്. -- സത്യൻ ചിരിക്കുന്നു.
Content Highlights: love,loveletter,valentine's day,sathyan anthikadu,ravimenon, song
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..