മിനി.പി.സി.|photo: Mathrubhumi
പറഞ്ഞാൽ തീരാത്ത, പറയാതെ ഒളിപ്പിച്ച എന്തോ. അതാണ് പ്രണയം. പ്രണയദിനത്തിൽ കഥാകാരി മിനി പി.സി. എഴുതിയ പ്രണയലേഖനം...
നിനക്ക് സുഖമല്ലേ? ഞാനീ കത്തെഴുതുന്നത് നിനക്കേറ്റവും പ്രിയപ്പെട്ട മീശപ്പുലിമലയുടെ മണ്ടയ്ക്കിരുന്നുകൊണ്ടാണ്. ഈ ദിവസം ഇവിടല്ലാതെ വേറെ എവിടെയിരുന്ന് നിനക്കെഴുതാനാണ്?
ഒരിക്കൽ ഇതുപോലൊരു പ്രണയദിനത്തിൽ നീയും ഞാനുംകൂടി കൈകോർത്തുപിടിച്ച് കാട്ടുപൂവരശുകൾ പൂത്തുനിൽക്കുന്ന കടുമുടുവഴിയിലൂടെ വരയാടുകളോട് കിന്നാരംപറഞ്ഞ് നടന്നതും ഹൃദയതടാകത്തിൽ മുഖംനോക്കിയിരുന്നതും ശടശടേയെന്ന് അക്കാണുന്ന കുന്നുകളത്രയും താണ്ടി ഇതിന്റെ തുഞ്ചത്തുവന്നുനിന്നതും നീ മുകിൽമറയ്ക്കുള്ളിലേക്ക് എന്നെ ചേർത്തുപിടിച്ച്,
‘മെ തെനു സംഝാവാൻ കി
നാ തേരെ ബിന ലഗ്‌ദാ ജീ’, പാടിയതും ഓർക്കുന്നുണ്ടോ? ക്രിപ്‌റ്റോ കറൻസിയുടെ ലോകത്തിരുന്നു തലപുകയ്ക്കുന്ന നിനക്കിത് വായിക്കുമ്പം ആ ഫീല് കിട്ടുമോ എന്നറിഞ്ഞൂടാ. അതെന്തുതന്നെയാണേലും ഈ മുകിലുകളപ്പടി ഇറങ്ങിവന്ന് എന്നെ മൂടിപ്പുതച്ചില്ലാതാക്കുംമുമ്പ്
എനിക്കു നിന്റെ നെഞ്ചത്തോട്ടു ചാരിയിരുന്ന് ആ പാട്ട് ഒന്നൂടിയൊന്നു കേൾക്കണം,
മെ തെനു സംഝാവാൻ കി
നാ തേരെ ബിന ലഗ്‌ദാ ജീ’
------------------------------------------
പ്രിയപ്പെട്ട ആദം,
നിനക്ക് സുഖമാണോ? ഇവിടെ മഞ്ഞുകാലം അവസാനിക്കാറായി. അതിന്റെ മുന്നോടിയായി നീ നട്ട സ്‌മോക്ക് ട്രീയിലെ വിളറിയ മഞ്ഞപ്പൂക്കൾ പിങ്കും പർപ്പിളുമായി നിറംമാറിത്തുടങ്ങിയിരിക്കുന്നു. ഇലകളില്ലാത്തവിധം പൂത്ത നമ്മുടെ ഏദൻതോട്ടം എന്നിൽ നിന്റെ ഓർമകൾ ഉണർത്തുന്നു.
ഇവിടെ നമ്മൾ ആദ്യമായി തമ്മിൽക്കണ്ട ഇടമില്ലേ? ഗുൽഗുലുവും ഗോമേദകവുംപോലെ അത്തിപ്പഴങ്ങൾ ഉതിർന്നുകിടക്കുന്ന ഇടം? അവിടെയൊരു പിക്കിൾചെറി പ്ലാന്റിൽ രണ്ടു സൂചിമുഖിപ്പക്ഷികൾ കൂടുവെച്ചിട്ടുണ്ട്. അതിലെ ആൺപക്ഷിയെ ആദമെന്നാണ് ഞാൻ വിളിക്കുന്നത്. ആ വിളി കേൾക്കുമ്പോൾ അതിന്റെ കണ്ണുകളിൽ നീ പറയാതെ പറഞ്ഞ പ്രണയം ഞാൻ കാണും.
പ്രിയപ്പെട്ട ആദം, മനുഷ്യരാശിയുടെ ചരിത്രത്തിലെ ആദ്യപ്രണയമാണ് നമ്മൾ. കോടാനുകോടിവരുന്ന നമ്മുടെ പരമ്പരകളിൽ വിശുദ്ധവും പവിത്രവും ജീവിതപ്രതീക്ഷ നിലനിർത്തുന്നതുമായ പ്രണയസങ്കല്പത്തിന് തുടക്കംകുറിച്ചവർ!
ആ പ്രണയമിന്ന് ഏദനുമപ്പുറം അനാദിയായി പൂത്തുലഞ്ഞുനിൽക്കുന്നു. പ്രിയനേ വരിക, പന്നലും നിലംപതുങ്ങികളും കാമിക്കുന്ന ഫ്രാത്തിന്റെ പടവുകളിലിരുന്ന്
മെ തെനു സംഝാവാൻ കി
നാ തേരെ ബിന ലഗ്‌ദാ ജീ’, പാടിക്കൊണ്ട് നമുക്കീ പ്രണയദിനം ആഘോഷിക്കാം
Content Highlights: mini p c , love letter, valentines day,love, valentines day gifts
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..