ക്രിസ് ക്രൗസ്,സിൽവേർ ലൊത്രാൻഷേ|photo:wikipedia
പ്രണയത്തിന്റെ സാധ്യതകളെന്തൊക്കെയാണ്. ചിന്തിച്ചിട്ടുണ്ടോ. അത്തരം വിചാരങ്ങളിലേക്ക് പോകാനുള്ള ധാരണയൊന്നും സാധാരണ പ്രണയങ്ങള്‍ക്കുണ്ടാവാറില്ല. എന്നാല്‍ പ്രണയം മനസ്സിനെ ബാധിക്കുന്നതിലെ അസാധാരണമായ വൈചിത്ര്യങ്ങളാണ് ക്രിസ് ക്രൗസിന്റെ ഐ ലവ് ഡിക്ക്. തന്റെ പ്രണയ സാധ്യതകള്‍ ഒരു പുസ്തകമാക്കി മാറ്റി ക്രിസ്. 1997-ലാണത്.
എന്റെ മനസ്സിലെ നിലാവ് തിളങ്ങുന്നുണ്ട്... എന്നാണ് ക്രിസിന് തന്റെ ഒഴിയാബാധയായ പ്രണയം കൊണ്ട് തോന്നുന്നത്. എന്നാല്‍ വായനക്കാര്‍ക്കോ അത് വെറുമൊരു പ്രണയമല്ല, കത്തുകളിലൂടെയുള്ള ലോകസഞ്ചാരമാണ്...
പരീക്ഷണാത്മകമായ സിനിമകള്‍ ചെയ്യാന്‍ എന്തുകൊണ്ടോ ഇഷ്ടപ്പെടുന്ന അമേരിക്കന്‍ എഴുത്തുകാരിയും സംവിധായികയുമാണ് ക്രിസ് ക്രൗസ്. ഭര്‍ത്താവ് ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രൊഫസര്‍ സില്‍വേര്‍ ലൊത്രാന്‍ഷേ. താന്‍ ജീവിതത്തിലുടനീളം സില്‍വേറിന്റെ വാലില്‍ തൂങ്ങി നടക്കുന്ന ഒരു വമ്പന്‍ പരാജയമാണെന്ന തോന്നല്‍ ഉള്ളില്‍ക്കൊണ്ടുനടക്കുന്നുണ്ട് ക്രിസ്. ഒരിക്കല്‍ ക്രിസിന് സില്‍വേറിന്റെ സുഹൃത്തായ ഡിക്കിനോട് അതികഠിനമായ പ്രണയം തോന്നുന്നു. ആ പ്രണയം അത്രവേഗം കെട്ടടങ്ങുന്നതായിരുന്നില്ല.
തന്റെ ഒടുങ്ങാത്ത അഭിനിവേശങ്ങളെ ക്രിസ് കത്തുകളാക്കുന്നു. ഡിക്കിന് അതയക്കും മുമ്പ് ഭര്‍ത്താവുമൊത്ത് ആ കത്തുകള്‍ ചര്‍ച്ച ചെയ്യുന്നുമുണ്ട്. സാഹിത്യവും സിദ്ധാന്തവും ജീവിതവും പ്രണയവും കാമവും എന്നുവേണ്ട ഈ ഭൂമുഖത്ത് നിലവിലുള്ള പലയിടങ്ങളിലേക്കും കൊണ്ടുപോകുന്നവയായിരുന്നു ആ കത്തുകള്‍.
എല്ലാത്തിനുമൊടുവില്‍ ഐ ലവ് ഡിക്ക് അതു മാത്രമായിരുന്നു ആ കത്തുകളുടെ സാരാംശം. മറുപടിക്കവ കാത്തുനിന്നതേയില്ല. ഡിക്കിനോടുള്ള പ്രണയത്താല്‍ ഒരു കൗമാരക്കാരിയുടെ ചാപല്യത്തോടെ ക്രിസ് വേവലാതിപ്പെട്ടു, കരഞ്ഞു, കെഞ്ചി. എന്തിനാണിങ്ങനെ എന്നു നമുക്ക് തോന്നുമ്പോഴേക്കും ആ കത്തുകള്‍ നമ്മെ മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയിട്ടുണ്ടാകും.
ഒന്നുകില്‍ ഫ്രാന്‍സിന്റേയോ അമേരിക്കയുടേയോ ചരിത്രത്തിലേക്ക് അല്ലെങ്കില്‍ സാഹിത്യത്തിന്റേയോ സിനിമയുടേയോ സൈദ്ധാന്തിക ചര്‍ച്ചയിലേക്ക്. പ്രണയം മനുഷ്യനെ അവര്‍ പ്രതീക്ഷിക്കാത്തിടങ്ങളിലേക്ക് കൊണ്ടെത്തിക്കുന്ന പോലെ.നാല്പതു വയസ്സുള്ള സംവിധായിക ക്രിസ് ക്രൗസും ഭര്‍ത്താവ് സില്‍വേര്‍ ലൊത്രാന്‍ഷെയും വളരെ യാദൃശ്ചികമായാണ് സുഹൃത്തായ ഡിക്ക് ഹെബ്ഡിജിന്റെ വീട്ടില്‍ അന്തിയുറങ്ങുന്നത്.
കാണാന്‍ അത്ര രൂപഭംഗിയോ ആകാരവടിവോ അവകാശപ്പെടാനില്ലാത്ത നാല്‍പതുകളിലെത്തിയ ഒരു പെണ്ണ്, അവള്‍ പക്ഷേ മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത വിധമുള്ള ചിന്തകളുടെ ഒരു വിളനിലമാണ്. എങ്കിലും തന്റെ പ്രേമഭാജനത്തെ പ്രേമമൊന്നറിയിക്കാന്‍ അവള്‍ പാടുപെടുന്നു. ബാലിശമായ ചേഷ്ടകളും വാക്കുകളും കൊണ്ട് തന്റെ പ്രണയത്തെ ഇല്ലാതാക്കാന്‍ അവളുദ്ദേശിക്കുന്നില്ല.
അതുകൊണ്ട് വികാരത്തെ കുറച്ച് മാറ്റിനിര്‍ത്തി അവര്‍ വിവേകത്തോടെ ചിന്തിക്കുന്നു. തന്നെ ഇളക്കിമറിച്ച പ്രണയത്തെ അറിയിക്കാന്‍ ക്രിസ് ഗുസ്താവ് ഫ്ലൊബേറിന്റെ മദാം ബൊവാറി, ഹെന്റി ജെയിംസിന്റെ സ്വര്‍ണക്കോപ്പ, കവിയും ചിന്തകനുമായ ഡേവിഡ് റാറ്റ്റേ, സോഫി കാല്‍, ഷേര്‍ഷ് ബതായി, ഗ്രാവിറ്റി ആന്‍ഡ് ഗ്രേസ്, ജാപ്പനീസ് കൊട്ടാര ദാസിയായ നിജോ തുടങ്ങി ഡെക്കന്‍ഡന്റുകളെക്കുറിച്ചും കാത്തി അക്കറെക്കുറിച്ചും നാടകം, സിനിമ, വംശഹത്യകള്‍, പാലായനങ്ങള്‍, ഫെമിനിസം എന്നിവയെല്ലാം ക്രിസിന്റെ കത്തുകളാവുന്നു.
മറുപടികള്‍ ലഭിക്കാത്ത ചില കത്തുകള്‍ ക്രിസിനു വേണ്ടി ഭര്‍ത്താവായ സില്‍വേറും എഴുതുന്നുണ്ട്. ഡിക്കിന്റെ സാമീപ്യവും ഓര്‍മകളും തന്റെ ഭാര്യയിലുണ്ടാക്കുന്ന ഉണര്‍വും ആവേശവും കെട്ടുപോകാതിരിക്കാനാണ് സില്‍വേറിന്റെ പരിശ്രമം. എന്നാല്‍ ഡിക്കിന്റെ മൗനവും ക്രിസിന്റെ ആത്മസംഘര്‍ഷങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്ന സില്‍വേര്‍ ഒരിക്കല്‍ ഗതികെട്ട് ഡിക്കിനോടു പറയുന്നുണ്ട് -ക്രിസിന്റെ കത്തുകള്‍ ഒരു തരം പുതിയ സാഹിത്യ രീതിയാണെന്നെങ്കിലും നിങ്ങള്‍ സമ്മതിച്ചു തരണം. അത്രക്ക് ശക്തമാണവ. പക്ഷേ, ഡിക്ക് മറുപടി നല്‍കുന്നില്ല.
200-ലധികം പേജുകളുള്ള ആ കത്തുകള്‍ക്ക് ഒരേയൊരിക്കല്‍ മാത്രം ഡിക്ക് രണ്ടുപേര്‍ക്കും മറുപടിക്കത്തു നല്‍കി. സില്‍വേറിന്റെ കത്താണ് ക്രിസ് ആദ്യം തുറക്കുന്നത്. അതില്‍ ക്രിസിന്റെ സൃഷ്ടികളോടും സൗഹൃദത്തോടുമുള്ള അഗാധമായ ബഹുമാനം ഡിക്ക് അറിയിക്കുന്നുണ്ട്. തന്റെ മൗനത്തിന്റെ കാരണം എന്തെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ക്രിസിനുള്ള കത്തിലെന്തായിരിക്കും. അതേ ഹൃദയഭാരത്തോടെയാണ് ക്രിസും തന്റെ കത്ത് തുറക്കുന്നത്.
ഡിക്ക്... നിങ്ങള്‍ കേട്ടിരിക്കുന്നിടത്തോളം കാലം എനിക്ക് പ്രോത്സാഹനമോ മറുപടിയോ അനുമോദനമോ ഒന്നും വേണ്ടെന്ന് ക്രിസ് തന്റെ കത്തുകളില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മലയാളത്തിന്റെ ഏറ്റവും സാധ്യമായ തലങ്ങളിലേക്ക് നോവലിനെ കൊണ്ടുപോകാന്‍ സാധിച്ചിട്ടുണ്ട് വിവര്‍ത്തകയായ സംഗീത ശ്രീനിവാസന്. മലയാളിയുടെ ശ്ലീലാശ്ലീലങ്ങളെ വേരോടെ പിഴുതെറിയാന്‍ ചില പദപ്രയോഗങ്ങളിലൂടെ സംഗീത ശ്രമിക്കുന്നുമുണ്ട്.
നമ്മള്‍ പരിചയിച്ചിട്ടില്ലാത്ത പ്രണയത്തിന്റെ മറ്റൊരു സാധ്യതയിലേക്കാണ് ഈ നോവല്‍ വാതില്‍ തുറന്നു തരിക. തന്നെ അലട്ടിയതിനെയെല്ലാം തന്റെ കലക്കുള്ള വിഷയങ്ങളാക്കി മാറ്റാനുള്ള ഹന്ന വില്‍കെയുടെ അപാരമായ ഇച്ഛാശക്തി പോലെ.ഈ നോവലിന്റെ പരിഭാഷ പ്രവൃത്തികള്‍ നടന്നു വരവേയാണ് സില്‍വേര്‍ മരണപ്പെടുന്നത്.
2021 നവംബര്‍ എട്ടിന്. സില്‍വേര്‍ ആണ് ഡിക്കിലേക്കുള്ള പാത ക്രിസിനുമുന്നില്‍ തുറക്കുന്നത്. സില്‍വേറിന്റെ പ്രചോദനത്താലാണ് മറുപടികള്‍ വേണ്ടാത്ത കത്തുകളെഴുതാന്‍ ക്രിസിനു ധൈര്യം വരുന്നത്. സില്‍വേറിലൂടെയാണ് ക്രിസ് ലോകസഞ്ചാരം സാധ്യമാക്കുന്നത്.
ആ സില്‍വേര്‍ ഇല്ലാതെ ക്രിസ് ഇനി ഡിക്കിനെഴുതുമോ? അറിയില്ല, പക്ഷേ സില്‍വേറിന്റെ മരണത്തില്‍ വിവര്‍ത്തകയുടെ അനുശോചനത്തിന് ക്രിസിന്റെ മറുപടി ഇതാണ്: പലരുടേയും ജീവിതത്തില്‍ പല തരത്തില്‍ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു സില്‍വേര്‍. എന്റെ ജീവിതം മാറ്റി മറിച്ച പോലെ. സില്‍വേര്‍ അങ്ങനെയായിരുന്നു. പലര്‍ക്കും ജീവിതം അനായാസമാക്കാന്‍ പ്രാപ്തനാക്കുന്ന മനുഷ്യന്‍.
Content Highlights: I Love Dick ,Chris Kraus ,love letters,love,valentines day 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..