ഐക്യത്തിനും അഭിമാനത്തിനും അസ്തിവാരമിടാൻ ക്ഷണം


2 min read
Read later
Print
Share

കെ.പി. കേശവമേനോ‍ൻ

മീനം പതിനേഴാം തീയതി അടുത്തിരിക്കുന്നു. തീണ്ടൽജാതിക്കാർക്ക് വൈക്കം ക്ഷേത്ര റോഡിൽക്കൂടി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം സ്ഥാപിക്കാനുള്ള ശ്രമം ആരംഭിക്കാൻ തീർച്ചപ്പെടുത്തിയിരിക്കുന്നത് ഈ ദിവസമാണ്. താണജാതിക്കാരോട് ഉയർന്ന ജാതി ഹിന്ദുക്കൾക്ക് നിഷ്കളങ്ക മനോഭാവത്തെ പ്രദർശിപ്പിക്കുവാനുള്ള അവസരം ഇതാണ്. തങ്ങളുടെ സഹോദരങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടുക്കുന്ന പൈശാചികമായ ദുരാചാരം നമ്മുടെ രാജ്യത്തെ കെടുത്തും.

താണജാതിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ സ്ഥാപിച്ചുകൊടുക്കേണ്ടതിനുള്ള ഭാരം ഉയർന്ന ജാതിക്കാരിലാണ്.

അയിത്തവും തീണ്ടലും കേരളത്തിൽനിന്ന് അകറ്റുന്നതാണെന്ന് പ്രതിജ്ഞ ചെയ്യുവിൻ. ആ പ്രതിജ്ഞയ്ക്കനുസരിച്ചുള്ള ഒരു പ്രവൃത്തിയാണ് ഇപ്പോൾ വൈക്കത്ത് ആരംഭിക്കുന്നത് എന്നു ധരിച്ച് അതിന്റെ നിർവിഘ്നമായ നിവൃത്തിക്കുവേണ്ടി നിങ്ങളെല്ലാവരും സഹായിക്കുവിൻ!

വളണ്ടിയർമാരായി ചേരുവാൻ കഴിയുന്നവർ അങ്ങനെ ചെയ്യുവിൻ. 18 വയസ്സിനുമീതേയുള്ളവർ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. പണംകൊണ്ട് സഹായിക്കുവാൻ സാധിക്കുന്നവർ അതും ചെയ്യുവിൻ. താണ ജാതിക്കാരെക്കാൾ അധികം സഹായം ചെയ്യേണ്ടുന്നത് ഉയർന്ന ജാതി ഹിന്ദുക്കളാണ്. കേരളത്തിലെ ഐക്യത്തിന്റെയും അഭിമാനത്തിന്റെയും അസ്തിവാരമാണ് വൈക്കത്ത് ഇടുവാൻ ആരംഭിക്കുന്നത്. അതിന് എല്ലാ കേരളീയരും സഹായിക്കേണ്ടതല്ലേ?

ശ്രീനാരായണഗുരു വൈക്കം ക്ഷേത്രത്തിന് സമീപം റിക്ഷയിൽ വന്നപ്പോൾ തീണ്ടൽപ്പലക കാട്ടി ചിലർ യാത്ര തടസ്സപ്പെടുത്തിയതോടെ അയിത്തോച്ചാടനപ്രവർത്തനത്തിന് ടി.കെ. മാധവൻ ദൃഢനിശ്ചയമെടുത്തു. കോൺഗ്രസിന്റെ നേതൃത്വത്തിൽ സവർണ സമുദായങ്ങളുടെകൂടി പിന്തുണയോടെ സത്യാഗ്രഹം നടത്തി വിപ്ലവകരമായ സാമൂഹികപരിവർത്തനം അദ്ദേഹം ലക്ഷ്യമിട്ടു. മഹാത്മാഗാന്ധിയെക്കൊണ്ട് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്ക് കത്തയപ്പിച്ചതും കാക്കിനട സമ്മേളനത്തിൽ അയിത്തോച്ചാടനം കോൺഗ്രസിന്റെ പരിപാടിയാക്കിയതും അതിന്റെ തുടർച്ച. 1924 മാർച്ച് 20-ന് ‘മാതൃഭൂമി’ പത്രാധിപർകൂടിയായിരുന്ന കോൺഗ്രസ് സംസ്ഥാന കാര്യദർശി കെ.പി. കേശവമേനോൻ പുറപ്പെടുവിച്ച അഭ്യർഥനയിൽ എല്ലാവരും ചേർന്നുള്ള സമരത്തിന്റെ ആഹ്വാനമാണുള്ളത്. അതിന്റെ ചില ഭാഗങ്ങൾ.

സത്യാഗ്രഹവളണ്ടിയർമാരാകാൻ തയ്യാറുള്ളവർ ഒരു പ്രതിജ്ഞ ഒപ്പിട്ട് നൽകണമായിരുന്നു. അക്രമരാഹിത്യവും സഹനസന്നദ്ധതയും നിസ്വാർഥതയുമാണ് അതിന്റെയും ആത്മാവ്. പ്രതിജ്ഞ ഇപ്രകാരം

1. ഞാൻ ഒരു ഹിന്ദുവാണ്. തീണ്ടലും അയിത്തവും അകറ്റുന്നതിനുള്ള ആവശ്യകതയിലും നീതിയിലും ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. ‘തീണ്ടൽ ജാതി’ക്കാർക്ക് പൊതുസ്ഥലങ്ങളിൽക്കൂടി സഞ്ചാരസ്വാതന്ത്ര്യം ഉണ്ടാക്കിക്കൊടുക്കുവാനായി ഞാൻ നിരന്തരം പരിശ്രമിക്കുന്നതാണ്.

2. ഈ സ്വാതന്ത്ര്യത്തെ സ്ഥാപിക്കുവാനായി വൈക്കം ക്ഷേത്ര റോഡിനെ സംബന്ധിച്ച് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുവാൻ പോകുന്ന സത്യാഗ്രഹ സമരത്തിൽ ഞാൻ ഒരു വളണ്ടിയറായി ആയി ചേരുവാൻ ആഗ്രഹിക്കുന്നു.

3. എന്റെ മേലുദ്യോഗസ്ഥന്മാരുടെ കല്പനകളെ ശരിയായി അനുസരിച്ച് ഈശ്വരൻ മുമ്പാകെ ചെയ്യുന്നതായ ഈ പ്രതിജ്ഞ അണുപോലും പിഴയ്ക്കാതെ ഞാൻ അനുഷ്ഠിക്കുന്നതാണ്.

4. ഞാൻ ഇതിലെ ഒരു വളണ്ടിയർ ആയിരിക്കുന്ന കാലത്തോളം വാക്കിലും പ്രവൃത്തിയിലും അക്രമരാഹിത്യം അനുഷ്ഠിക്കുന്നതാണ്.

5. ‘തീണ്ടൽ ജാതി’ക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യം ഉണ്ടാക്കിക്കൊടുക്കുവാനായുള്ള ഈ സത്യാഗ്രഹത്തിൽ ജയിൽവാസമോ, ദേഹദണ്ഡമോ അനുഭവിക്കുവാൻ ഞാൻ ഒരുക്കമാണ്.

6. എനിക്ക് തടവുശിക്ഷ അനുഭവിക്കേണ്ടിവരുന്നതായാൽ എന്റെ കുടുംബത്തിലെ ചെലവിലേക്കായി യാതൊന്നും ഞാൻ കോൺഗ്രസിൽനിന്നും ആവശ്യപ്പെടുന്നതല്ല.

Content Highlights: vaikom satyagraha centenary celebrations articles

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented