ടി.കെ മാധവൻ | ഫോട്ടോ:മാതൃഭൂമി
കോട്ടയം: ക്ഷേത്ര പ്രവേശനം ആഗ്രഹിച്ചിരുന്നവർ പോലും അത് പരസ്യമായി പറയാൻ മടിച്ചിരുന്ന കാലം. തന്റെ മനസ്സിൽ ഒരു കനലായി കൊണ്ടുനടന്ന വലിയ ആശയത്തിന് ആദ്യകാലം വലിയ പിന്തുണ കിട്ടിയില്ലന്ന് ഓച്ചിറയിൽ നടന്ന ക്ഷേത്രപ്രവേശന മഹായോഗത്തിൽ ടി.കെ. മാധവൻ വെളിപ്പെടുത്തി. 1105 വൃശ്ചികം ആറിന് (1929 നവംബർ- 21) നടന്ന യോഗത്തിലെ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഈ ആശയം സഫലമാക്കാൻ അദ്ദേഹം സഹിച്ച പ്രയാസങ്ങളും കടമ്പകളും തുറന്നുപറയുന്നുണ്ട്.
ഭാര്യയ്ക്ക് കാഴ്ച പോയതിന് പരിഹാസം
അവർണഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം വേണമെന്ന ആവശ്യം പ്രജാസഭയിൽ ഉന്നയിക്കാൻ ടി.കെ. മാധവൻ തീരുമാനിച്ചു. അന്ന് വലിയതോതിൽ മാറ്റം ആഗ്രഹിച്ചിരുന്ന പ്രമുഖവ്യക്തി യോജിച്ചെങ്കിലും സഭയിലെ അവതരണസമയത്ത് വളരെ മാറിയിരുന്നു. മറ്റുള്ളവർ ഈ വിഷയത്തോട് കാണിക്കുന്ന പുച്ഛവും മറ്റുമാണ് ആ മാറ്റത്തിനു പിന്നിൽ. പക്ഷേ, താൻ ഒട്ടും മടിക്കാതെ ആവശ്യം ഉന്നയിച്ചു. ദിവാൻ മുഴുവൻ കേട്ടുവെങ്കിലും ആശയത്തോട് യോജിച്ചില്ല. ഇതിന് തുടർച്ചയായും ചില സംഭവങ്ങൾ ഉണ്ടായതായി അദ്ദേഹം പറഞ്ഞു. അടുത്തദിവസം പ്രജാസഭാ ഹാളിൽ ഇരിക്കുമ്പോൾ മാധവന് ഒരു കമ്പിയെത്തി. അത് വായിച്ചുകഴിഞ്ഞ ഉടനെ സമീപത്തുള്ള ഉയർന്ന സമുദായത്തിലെ ഒരംഗം വിശേഷം തിരക്കി.
“ഭാര്യയുടെ കണ്ണിന് പെട്ടെന്ന് കാഴ്ചയില്ലാതായി. അനുജൻ ഇക്കാര്യം അറിയിച്ച് അയച്ച കമ്പിയാണ്.”-താൻ പറഞ്ഞു.“ക്ഷേത്രത്തിൽ കയറണമെന്ന് ഇന്നലെ പറഞ്ഞതല്ലേയുള്ളൂ. കണ്ടോ എത്ര എളുപ്പം ഫലം കിട്ടി. കലിയിൽ അനുഭവം ഇങ്ങനെയാണ് കേട്ടോ..”-എന്നൊരു പരിഹാസം. പ്രസവസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളിൽ ഭാര്യ അക്കാലത്ത് ചികിത്സയിലായിരുന്നു. അതാണ് പെട്ടെന്നുള്ള കാഴ്ച നഷ്ടമാകലിന് പിന്നിൽ. കെ. രാമൻതമ്പി എന്ന ഡോക്ടർ അസുഖം മാറ്റുകയും ചെയ്തു.
മണിയോർഡറായി രണ്ടുപവൻ
പ്രജാസഭയിൽ ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടത് പിന്നീടും വലിയ കളിയാക്കലിന് ഇടയാക്കിയെന്ന് മാധവൻ പ്രസംഗത്തിൽ പറയുന്നു. ഈ ആശയപോരാട്ടം നടക്കുമ്പോഴാണ് ഗാന്ധിജി തിരുനൽവേലിയിൽ വരുന്നത് അറിഞ്ഞത്. താൻ ഗാന്ധിജിയുമായി നടത്തിയ സംഭാഷണമാണ് ക്ഷേത്രപ്രവേശനം എളുപ്പമാക്കിയതെന്ന് അദ്ദേഹം വിലയിരുത്തുന്നു. സവർണസമുദായം ഈ ആവശ്യത്തിലേക്ക് എത്തുന്നതിൽ ഗാന്ധിജിയുടെ അഭിപ്രായങ്ങളും പ്രധാന പങ്കുവഹിച്ചു. ചെങ്ങന്നൂരിൽനടന്ന ഹിന്ദുമഹാസഭ യോഗത്തിൽ ഹരിപ്പാട് എസ്.കൃഷ്ണയ്യരും താനും ഗാന്ധിജിയും തമ്മിൽ നടന്ന സംഭാഷണം ജനങ്ങളെ അറിയിച്ചു.
ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ച് പ്രമേയവും പാസാക്കി. ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ച കാര്യങ്ങളിൽ വഴിത്തിരിവുണ്ടാക്കിയെങ്കിലും തന്റെ തിരുവനൽവേലി യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. ആരോഗ്യപ്രശ്‌നമുള്ളതിനാൽ തനിച്ച് യാത്ര പറ്റില്ല. കൂട്ടുവേണം. രണ്ടുപേർ തിരുനൽവേലി പോയി താമസിച്ച് മടങ്ങാൻ 15 രൂപ വേണം. ദൂരയാത്രയായതിനാൽ 30 രൂപ കരുതണം. ജോലി ചെയ്തിരുന്ന പത്രസ്ഥാപനത്തിൽ പറഞ്ഞപ്പോൾ ഉദ്യോഗസ്ഥൻ പണം തരാം എന്ന് പറഞ്ഞു. പക്ഷേ പണം ഉണ്ടാവില്ലന്ന് തനിക്ക് ഉറപ്പായിരുന്നു. മടങ്ങി മാവേലിക്കര എത്തിയപ്പോൾ ഒരു മണിയോർഡർ കിട്ടി. ഇംഗ്ലണ്ടിൽ താമസിച്ചിരുന്ന രണ്ട് വിദ്യാർഥികൾ തന്റെ ആശയം അറിഞ്ഞ് അയച്ച പണം. രണ്ടു പവനായിരുന്നു മൂല്യം. താൻ മനസ്സിൽകണ്ട അതേ തുകയ്ക്ക് തുല്യം. താനും പി.ആർ. നാരായണനും കൂടിയാണ് തിരുനൽവേലിക്കുപോയി ഗാന്ധിജിയെ കണ്ടത്. ഈ കൂടിക്കാഴ്ചയ്കു ശേഷമാണ് എസ്.എൻ.ഡി.പി. യോഗം ക്ഷേത്രപ്രവേശനത്തിന് പ്രമേയം പാസാക്കുന്നത്.
സവർണ-അവർണ ഐക്യം
ഇതിനെല്ലാംശേഷം രണ്ടാമതും പ്രജാസഭയിൽ ഇതേ ആവശ്യത്തിന് പ്രമേയംവെച്ചു. വലിയ മാറ്റം ഉണ്ടായി. സവർണ അംഗങ്ങളും ചേർന്ന് ഒരു മെമ്മോറിയൽ ദിവാന് സമർപ്പിച്ചു. ആലോചിക്കാൻപോലും പറ്റാതിരുന്ന കാലത്തുനിന്ന് ആവശ്യമായി അത് വളർന്നു. പിന്നെയും ക്ഷേത്രപ്രവേശനം ആവശ്യമായി സഭയിലേക്ക് താൻ നിവേദനം നൽകി. പക്ഷേ, ഇക്കുറി ദിവാൻ രാഘവയ്യ അത് തടഞ്ഞു. വിഷയം രാജാവിന് മുന്നിൽ അവതരിപ്പിക്കാൻ ദിവാനോട് അഭ്യർഥിച്ചു. പ്രമേയം നിരോധിച്ചത് മാറ്റാനായിരുന്നു കൂടിക്കാഴ്ച ഉദ്ദേശിച്ചത്. ദിവാൻ എതിർത്തു. ഇങ്ങനെയായാൽ തിരുവിതാംകൂർ വിടുകയേ നിവൃത്തിയുള്ളൂ എന്ന് താനും പറഞ്ഞു. താങ്കൾ പുറത്ത് പൊയ്‌ക്കൊള്ളൂ എന്ന് ദിവാനും. ദിവാൻ ഇങ്ങനെ പറഞ്ഞതിന് ശേഷമാണ് താൻ കാക്കിനദയിൽ പോയി കോൺഗ്രസിൽ ചേർന്നത്. അയിത്തോച്ചാടനപ്രസ്ഥാനവും ആരംഭിച്ചത്.
Content Highlights: vaikom satyagraha centenary articles
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..