മകൻ വീൽചെയർ വാങ്ങി; ഓർമകളുടെ തീരത്ത് അബ്ദുൾഖാദറെത്തി


1 min read
Read later
Print
Share

കോൺഗ്രസ് വൈക്കം സത്യാഗ്രഹശതാബ്ദി ആഘോഷവേദിയുടെ മുൻനിരയിലിരുന്ന് ചടങ്ങ് വീക്ഷിക്കുന്ന അബ്ദുൾ ഖാദർ. പിന്നിൽ മകനും കോൺഗ്രസ്‌ നേതാവുമായ വൈക്കം നസീർ

വൈക്കം: വയസ്സ്‌ 93 ആയെങ്കിലും കാഞ്ഞിരമറ്റം വടക്കേപാണാറ്റിൽ അബ്ദുൾ ഖാദറിന് വൈക്കമെന്ന സ്വന്തം നാട് ഇന്നും ആവേശമാണ്. കോൺഗ്രസ് സത്യാഗ്രഹ സമരശതാബ്ദി ആഘോഷിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ രോഗശയ്യയിലാണെങ്കിലും തനിക്ക് ആ വേദിയിലെത്തണമെന്ന് മകനും കോൺഗ്രസ് നേതാവുമായ നസീറിനെ ചട്ടംകെട്ടി.

വാപ്പായ്ക്കുവേണ്ടി പുതുതായി ഒരു വീൽചെയർ തന്നെ വാങ്ങി കാത്തിരുന്നു മകൻ. പിന്നെ വ്യാഴാഴ്ച ഉമ്മ ആസിയെയും കൂട്ടി വൈക്കത്തെ ശതാബ്ദി ആഘോഷത്തിലേക്ക്. വേദിയുടെ മുൻനിരയിൽ തന്നെ സ്ഥാനം പിടിച്ച്, നേതാക്കളുടെ പ്രസംഗവും അണികളുടെ ആവേശവും മനസ്സിൽ നിറച്ച് മടക്കയാത്ര.

വാർധക്യത്തിന്റെ അവശതകളുണ്ടെങ്കിലും വേദിക്കുമുൻപിൽ വീൽചെയറിലിരുന്ന് ആവേശത്തോടെ എല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന അബ്ദുൾഖാദറിലായിരുന്നു എല്ലാ കണ്ണുകളും.

എന്തുകൊണ്ട് ഇങ്ങനെ ഇവിടെ എന്ന ചോദ്യത്തിന് മകൻ വൈക്കം നസീറാണ് പഴയ കഥ പറഞ്ഞത്. സത്യാഗ്രഹസമരം അരങ്ങേറിയ വൈക്കം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ പണ്ട് ആകെയുണ്ടായിരുന്ന മൂന്ന് കടകളിൽ ഒന്ന് അബ്ദുൾ ഖാദറിന്റേതായിരുന്നു. വാപ്പ പരീതിന്റെ മരണത്തോടെ 10-ാം വയസ്സിൽ മുറുക്കാൻകടയുടെ സാരഥ്യമേറ്റടുക്കുമ്പോൾ സമര ഓർമകൾക്ക് 16 വയസ്സായിരുന്നു. വൈക്കത്ത് എത്തുന്ന പ്രമുഖ നേതാക്കളെല്ലാം ഈ കടയിലെ സന്ദർശകരായിരുന്നു. അവർ ഓരോരുത്തരും ജയിൽവാസവും പോലീസ് മർദനവുമെല്ലാം നിറഞ്ഞ തങ്ങളുടെ സത്യാഗ്രഹ അനുഭവങ്ങൾ കുഞ്ഞ് അബ്ദുൾഖാദറിനോടും പങ്കുവെച്ചു. ഇതിൽ ആവേശമുൾക്കൊണ്ട് അദ്ദേഹം പിന്നീട് കോൺഗ്രസ് പ്രവർത്തകനായി.

പിന്നീട് കടയിലെത്തുന്ന ഓരോരുത്തർക്കും വൈക്കം സത്യാഗ്രഹത്തെ പരിചയപ്പെടുത്താനും അദ്ദേഹത്തിന് ആവേശമായിരുന്നു. കച്ചവടവും അവസാനിപ്പിച്ച് വൈക്കം മടിയത്തറയിലെ പുളിഞ്ചോട്ടിൽ തറവാട്ടിൽനിന്ന്‌ കാഞ്ഞിരമറ്റത്തേക്ക് താമസം മാറിയെങ്കിലും ആ ഓർമകൾക്കിന്നും ചെറുപ്പമാണ്. സുബൈർ, ലൈല എന്നിവരാണ് മറ്റ് മക്കൾ.

Content Highlights: vaikom satyagraha centenary

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented