മുന്നില്‍നിന്ന് മന്നം


2 min read
Read later
Print
Share

.

ല്ലാ സമുദായങ്ങളുടെയും ഉന്നമനമെന്ന ആദർശം സ്വന്തംജീവിതത്തിൽ പ്രാവർത്തികമാക്കുകയും താൻ നട്ടുനനച്ചുവളർത്തിയ സംഘടനയെ അത് പഠിപ്പിക്കുകയും ചെയ്ത മഹാനാണ്‌ മന്നത്ത് പദ്‌മനാഭൻ. തീണ്ടൽ, തൊടീൽ തുടങ്ങി എല്ലാ അയിത്താചാരങ്ങളും ഉന്മൂലനം ചെയ്യണമെന്ന നിലപാടായിരുന്നു, അദ്ദേഹത്തിന്.

വൈക്കം സത്യാഗ്രഹവിജയത്തിന് സവർണരുടെ പിന്തുണവേണമെന്ന് ടി.കെ. മാധവൻ ഉറച്ചുവിശ്വസിച്ചിരുന്നു. ഉത്പതിഷ്ണുവായ മന്നത്തിന്റെ നേതൃത്വത്തിൽ സംഘടിച്ചുകഴിഞ്ഞ നായന്മാരുടെ പിന്തുണയുണ്ടായാൽ വലിയ നേട്ടമാകുമെന്ന് അദ്ദേഹം കണക്കുകൂട്ടി. ഇക്കാര്യത്തിന് ബന്ധപ്പെട്ടപ്പോൾ മന്നത്തിന് രണ്ടാമതൊന്ന് ആലോചിക്കാൻ ഉണ്ടായിരുന്നില്ല. അനാചാരങ്ങളുടെ അർഥശൂന്യതയും അനീതിയും സവർണരെ ബോധ്യപ്പെടുത്തി എതിർപ്പ് നീക്കുക എന്നതായിരുന്നു മന്നത്തിന്റെ ചുമലിൽ അർപ്പിക്കപ്പെട്ട ഉത്തരവാദിത്വം. പ്രസംഗംകൊണ്ട് എവിടെയും പ്രകമ്പനം സൃഷ്ടിക്കാൻ കെൽപ്പുണ്ടായിരുന്ന മന്നം രംഗത്തിറങ്ങിയതോടെ പെട്ടെന്ന് മാറ്റം പ്രകടമായി.

വൈക്കത്തിനടുത്ത് ഇരുമ്പൂഴിക്കരയിൽ വെച്ച് കെ. മാധവൻ നായരുടെ അധ്യക്ഷതയിൽ വിപുലമായ ഒരു നായർ സമ്മേളനം നടത്തി. അതിൽ, അവർണർക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്ന പ്രമേയം അവതരിപ്പിച്ച് മന്നം പ്രസംഗിച്ചത് ജനങ്ങളുടെ മനസ്സിൽ വലിയ ചലനമുണ്ടാക്കി. എം.എൻ. നായർ പ്രമേയത്തെ പിന്താങ്ങി സംസാരിച്ചു. ഇതിന്റെ തുടർച്ചയായിട്ടാണ് സത്യാഗ്രഹപ്പന്തലിൽ നായരീഴവ സമ്മേളനം നടന്നത്. എൻ.എസ്.എസ്. പ്രസിഡന്റായിരുന്ന ചങ്ങനാശ്ശേരി പരമേശ്വരൻപിള്ളയാണ് അതിൽ അധ്യക്ഷത വഹിച്ചത്. 1998-ൽ നായർ സർവീസ് സൊസൈറ്റി വൈക്കത്ത് മന്നത്തിന്റെ പൂർണകായ പ്രതിമ സ്ഥാപിച്ചു.

സവർണജാഥ

മഹാത്മജിയുടെ ഉപദേശാനുസരണം വൈക്കത്തുനിന്ന്‌ കാൽനടയായി തിരുവനന്തപുരത്തേക്ക് സവർണജാഥ ആരംഭിച്ചത് 1924 നവംബർ ഒന്നിനാണ്. മന്നത്ത് പദ്മനാഭനായിരുന്നു ജാഥാനായകൻ. ഖദർവസ്ത്രം ധരിച്ച് നഗ്നപാദരായി നീങ്ങിയ ജാഥാംഗങ്ങൾ വലിയ ആവേശമുയർത്തി. നാടുനീളെ സ്വീകരണങ്ങൾ, യോഗങ്ങൾ, പ്രസംഗങ്ങൾ. വർക്കലയിൽവെച്ച് ശ്രീനാരായണഗുരുവിന്റെ അനുഗ്രഹാശിസ്സുകൾ നേടി, ജാഥ 11-ാം നാൾ തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും കേരള മനസ്സാക്ഷിയിൽ വൈക്കം സത്യാഗ്രഹത്തിന് അനുകൂലമായ വലിയൊരുതരംഗം പ്രകടമായിരുന്നു. നാഗർകോവിലിൽനിന്ന് ഇ.എം. നായിഡുവിന്റെ നേതൃത്വത്തിൽ മറ്റൊരു ജാഥയും പുറപ്പെട്ട് സവർണജാഥയോട് ചേർന്നു. നവംബർ 12-ന് റാണി സേതുലക്ഷ്മീബായിക്ക് 20,000 പേർ ഒപ്പിട്ട നിവേദനം സമർപ്പിച്ചു.

അവശവിഭാഗങ്ങൾക്ക് വഴിനടക്കാനും ആരാധന നടത്താനും അവകാശം നൽകുന്നതിൽ സവർണവിഭാഗങ്ങളുടെ എതിർപ്പ് കുറയ്ക്കാൻ മന്നത്തിന്റെ വാഗ്വിലാസവും അദ്ദേഹം നയിച്ച സവർണജാഥയും ഏറെ സഹായിച്ചു. വൈകാതെ നിയമസഭയിൽ എൻ. കുമാരൻ സഞ്ചാരസ്വാതന്ത്ര്യത്തിനായി അവതരിപ്പിച്ച അടിയന്തരപ്രമേയം ഒറ്റ വോട്ടിന് പരാജയപ്പെട്ടെങ്കിലും മുഴുവൻ നായർ അംഗങ്ങളും പ്രമേയത്തിന് അനുകൂലമായാണ് വോട്ടുചെയ്തതെന്നത് സമൂഹനന്മയ്ക്കായി മനസ്സുകളെ മാറ്റിത്തീർക്കാൻ മന്നത്തിനുണ്ടായിരുന്ന പാടവത്തിന് സാക്ഷ്യമാണ്. വൈക്കം സത്യാഗ്രഹവിജയത്തിന് അത് അനുകൂലഘടകമായി മാറി.

Content Highlights: vaikom satyagraha and Mannathu Padmanabha Pillai

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented