ബജറ്റ് 2023: ധനക്കമ്മി കുറയ്ക്കുന്നതിന് മുന്‍ഗണന നല്‍കാന്‍ സാധ്യത


ഡോ. വി. കെ വിജയകുമാര്‍ 

2 min read
Read later
Print
Share

ഇന്ത്യയുടെ ജിഡിപിയുടെ ഏകദേശം 45 ശതമാനവും വിദേശ വ്യാപാരമാണ്. അതിനാല്‍ത്തന്നെ, ആഗോളമാന്ദ്യം ഇന്ത്യയുടെ വളര്‍ച്ചയെയും ബാധിക്കുമെന്നതുറപ്പാണ്.

budget

പ്രസിദ്ധ സാമ്പത്തിക വിദഗ്ദ്ധന്‍ മില്‍ട്ടണ്‍ ഫ്രീഡ്മാന്റെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍, നിയമംമൂലം അല്ലാത്ത നികുതിയാണ് വിലക്കയറ്റം. നികുതിദായകന്റെ വീക്ഷണകോണില്‍ ഇത് ശരിയാണെങ്കിലും, പണപ്പെരുപ്പം ധന മന്ത്രിമാര്‍ക്ക് ഒരുതരത്തില്‍ പറഞ്ഞാല്‍ അനുഗ്രഹമാണ്. 2023 സാമ്പത്തിക വര്‍ഷത്തിലെ ഉയര്‍ന്ന നാണ്യപ്പെരുപ്പം കാരണം 2022-23ല്‍ രാജ്യത്തിന്റെ നാമമാത്ര ജിഡിപി വളര്‍ച്ച ബജറ്റില്‍ കണക്കാക്കിയിരുന്ന 11.1 ശതമാനത്തില്‍ നിന്നും 15.4 ശതമാനമായി ഉയരുമെന്നാണ് എന്‍എസ്ഒയുടെ അനുമാനം.

അപ്രതീക്ഷിതമായി 8.5 ശതമാനത്തിന്റെ ഉയര്‍ന്ന ജിഡിപി ഡിഫ്ലേറ്റര്‍ (ചില്ലറ നാണ്യപെരുപ്പത്തിന്റെയും, മൊത്തവില നാണ്യപ്പെരുപ്പത്തിന്റെയും സങ്കലനം) മൂലം 254 ലക്ഷം കോടി ജിഡിപി എന്ന അനുമാനത്തില്‍ നിന്നും ജിഡിപി 273 ലക്ഷംകോടി ആയത് ധനമന്ത്രിക്ക് ലഭിച്ച ഒരു പാരിതോഷികമാണ്. ധനക്കമ്മി എന്ന സുപ്രധാനമായ സൂചിക ജിഡിപിയുടെ 6.4 ശതമാനമായി നിലനിര്‍ത്താന്‍ ഉയര്‍ന്ന ജിഡിപി വളര്‍ച്ച ധനമന്ത്രിയെ സഹായിക്കും. എന്നിരുന്നാലും, ഇപ്പോള്‍ വളര്‍ച്ച മന്ദഗതിയിലാവുകയും പണപ്പെരുപ്പം കുറയുകയും ചെയ്യുന്നതിനാല്‍ ഈ അനുകൂല സാഹചര്യം അടുത്ത സാമ്പത്തിക വര്‍ഷം ആവര്‍ത്തിക്കാനിടയില്ലാത്തതുകൊണ്ട് ധനമന്ത്രി ജാഗ്രത പാലിക്കണം.

ധനക്കമ്മി കുറയ്ക്കുന്നതില്‍ ഉറച്ചുനില്‍ക്കുക
ഭേദപ്പെട്ടവളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുന്നതിന് ധനകാര്യ സ്ഥിരത അനിവാര്യമാണ്. ഇന്ത്യയുടെ ധനക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും ഭയാനകമല്ലെങ്കിലും ഉയര്‍ന്നതാണ്. ഇത് പിടിച്ചുനിര്‍ത്താന്‍ ജിഡിപി വളര്‍ച്ചാ നിരക്ക് ഉയര്‍ന്ന തലത്തില്‍ നിലനിര്‍ത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ആഗോളവളര്‍ച്ച കുത്തനെ കുറയുന്നതിനാല്‍ 2023-2024 വെല്ലുവിളി നിറഞ്ഞ സാമ്പത്തിക വര്‍ഷമായിരിക്കും. ആഗോള വളര്‍ച്ചയുടെ മൂന്ന് എഞ്ചിനുകളും - യുഎസ്, യൂറോസോണ്‍, ചൈന - മന്ദഗതിയിലാണ്, അതിനാല്‍ ആഗോളവളര്‍ച്ച 2023-ല്‍ 2.1 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു(ഐഎംഎഫ്).

ഇത് ആഗോള വ്യാപാരത്തെയും പ്രതികൂലമായി ബാധിക്കും. ഇന്ത്യയുടെ ജിഡിപിയുടെ ഏകദേശം 45 ശതമാനവും വിദേശ വ്യാപാരമാണ്. അതിനാല്‍ത്തന്നെ, ആഗോളമാന്ദ്യം ഇന്ത്യയുടെ വളര്‍ച്ചയെയും ബാധിക്കുമെന്നതുറപ്പാണ്. ഈ വസ്തുതയുടെ പശ്ചാത്തലത്തില്‍ 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കാവുന്ന വളര്‍ച്ച 6 ശതമാനത്തോളമാണ്. പ്രസ്തുത സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, നാമമാത്ര ജിഡിപി വളര്‍ച്ചാ നിരക്കും കുറവായിരിക്കും. കൂടാതെ, 2023 സാമ്പത്തിക വര്‍ഷത്തിലെ അതേ നിരക്കില്‍ തന്നെ 2024 സാമ്പത്തിക വര്‍ഷത്തിലും നികുതി വരുമാനം ലഭിക്കാനിടയില്ല. അതിനാല്‍, 2024 സാമ്പത്തിക വര്‍ഷത്തില്‍ 5.8ശതമാനം ധനക്കമ്മി ലക്ഷ്യം വയ്ക്കുമ്പോള്‍ മിതമായ സാമ്പത്തിക വളര്‍ച്ചയും നികുതി വരുമാനവും മാത്രമേ കണക്കിലെടുക്കാവൂ.

മൂലധനനേട്ട നികുതി ലളിതമാക്കുക
ജിഎസ്ടി പരിഷ്‌കാരങ്ങള്‍ ജിഎസ്ടി കൗണ്‍സിലിനു കീഴിലായതിനാലും പ്രത്യക്ഷ നികുതി സമ്പ്രദായം സ്ഥിരത കൈവരിച്ചിട്ടുള്ളതിനാലും നികുതി സംബന്ധിച്ച വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. മൂലധന നേട്ടത്തിന്‍മേലുള്ള നികുതിയില്‍ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ഇക്വിറ്റി, ഡെറ്റ്, സ്ഥാവരവസ്തുക്കള്‍ എന്നിവയില്‍ നിന്നുള്ള മൂലധനനേട്ടത്തിന് ഇപ്പോള്‍ വ്യത്യസ്തമായ നികുതി നിരക്കുകളും ഹോള്‍ഡിങ് കാലയളവുകളുമാണുള്ളത്. ഈ സങ്കീര്‍ണമായ സമ്പ്രദായത്തിനെ ലഘൂകരിക്കണം എന്ന ന്യായമായആവശ്യം ധനമന്ത്രി പരിഗണിച്ചേക്കാം.

രാഷ്ട്രീയ മാനം
2024ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂര്‍ണ ബജറ്റ് എന്ന നിലയില്‍ രാഷ്ട്രീയമായി പ്രാധാന്യമര്‍ഹിക്കുന്നു. രാഷ്ട്രീയം 'സാധ്യതയുടെകല' ആയതിനാല്‍, ഭരണകക്ഷി രാഷ്ട്രീയ മൈലേജിനായി ബജറ്റിനെ ഉപയോഗിക്കാനിടയുണ്ട്. ഇത് ഇടത്തരക്കാര്‍ക്കുള്ള ആദായ നികുതിഇളവിന്റെ രൂപത്തില്‍ വന്നേക്കാം. ഇളവുകളില്ലാത്ത പുതിയ നികുതി സമ്പ്രദായത്തിന് ഇനിയും വന്‍തോതില്‍ സ്വീകാര്യത ലഭിക്കാത്തതിനാല്‍ ഈ സമ്പ്രദായത്തില്‍ ആദായ നികുതി ഇളവിന്റെ പരിധി നാലോ അഞ്ചോ ലക്ഷം രൂപയായി ഉയര്‍ത്താനും സാധ്യതയുണ്ട്.

ഇന്ത്യ ജി 20യുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ ബജറ്റാണ് എന്നതും ശ്രദ്ധേയമാക്കുന്നു. ജി20 സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയ്ക്കും ആഗോള അഭിവൃദ്ധിക്കും വേണ്ടി പരിശ്രമിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ്. അതിനാല്‍, ഏവരെയും പരിഗണിച്ചു കൊണ്ടുള്ള മികച്ച സാമ്പത്തിക ശാസ്ത്രത്തിന്റെ സന്ദേശം ധനമന്ത്രി നല്‍കുമെന്ന് പ്രതീക്ഷിക്കാം.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍)

Content Highlights: Union budget 2023 analysis

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented