കഠിനപാതയിൽ പിടിച്ചുകയറാൻ


ഷൈൻ മോഹൻ

4 min read
Read later
Print
Share

രണ്ടാംമോദി സർക്കാരിന്റെ അവസാനത്തെ പൂർണ ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുമ്പോൾ രാജ്യത്തെ ­സമസ്തമേഖലകളും ­ഉറ്റുനോക്കുന്നത് ആനുകൂല്യങ്ങളും പ്രോത്സാഹനപദ്ധതികളും എന്തൊ​െക്കയാകുമെന്നാണ്. കോവിഡും ആഗോളസാഹചര്യങ്ങളും വരാനിരിക്കുന്ന മാന്ദ്യത്തിന്റെ സൂചനകളും നൽകുന്ന ആശങ്കകളിൽനിന്ന് ഓരോ മേഖലയ്ക്കും ആത്മവിശ്വാസം ­പകരുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ധനമന്ത്രിക്കുള്ളത്

Nirmala sitharaman | Photo: ANI

മീപകാലത്ത് ചുവടുറപ്പിച്ച ഇലക്‌ട്രിക് വാഹന മേഖലമുതൽ രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാവായ ഇന്ത്യൻ റെയിൽവേക്കുവരെ ഏറെ പ്രതീക്ഷകളാണ് കേന്ദ്ര ബജറ്റിൽ. തുടങ്ങാൻ പോകുന്ന ചെറുകിട സ്റ്റാർട്ടപ്പുകൾമുതൽ വൻകിട കോർപ്പറേറ്റ് കമ്പനികൾവരെ കണ്ണുംനട്ടിരിക്കുന്നത് ബജറ്റിലേക്കാണ്. ആഗോളവിപണികളിലെ അസ്വസ്ഥതകൾക്കിടയിലും മുന്നേറുന്ന ഇന്ത്യൻ ഓഹരി വിപണിയും ഇനിയുള്ള ദിവസങ്ങളിൽ ബജറ്റ് പ്രഖ്യാപനങ്ങൾക്കായി ശ്വാസമടക്കിയാണ് കാത്തിരിക്കുന്നത്.

റെയിൽവേ
ചരക്ക് ഇടനാഴികൾക്ക് കൂടുതൽ പണം നീക്കിവെക്കുന്ന റെയിൽവേ, ലോജിസ്റ്റിക് മേഖലയിലെ അടിസ്ഥാനസൗകര്യവികസനത്തിന് കൂടുതൽ ഊന്നൽ നൽകിയേക്കും. നിലവിൽ റെയിൽവേയുടെ വരുമാനത്തിൽ 75 ശതമാനവും ചരക്കുനീക്കത്തിൽനിന്നാണ്. എണ്ണവില ഉയർന്നതോടെ തീവണ്ടിവഴിയുള്ള ചരക്കുനീക്കവും കൂടിയിട്ടുണ്ട്.
ഇത്തവണ 1.6 ലക്ഷം കോടിമുതൽ രണ്ടുകോടി രൂപവരെ റെയിൽവേക്കായി വകയിരുത്തുമെന്നാണ് പ്രതീക്ഷ. വൈദ്യുതീവത്കരണം, ഗേജ് മാറ്റം, സ്റ്റേഷൻ വികസനം എന്നിവയ്ക്കായി മൂലധനനിക്ഷേപം വർധിപ്പിക്കും.

വിദ്യാഭ്യാസം
സ്റ്റാർട്ടപ്പ്, ശാസ്ത്രസാങ്കേതികതാ മേഖലകളിൽ സമീപഭാവിയിൽ വളർച്ച പ്രതീക്ഷിക്കുന്ന ഇന്ത്യയിൽ അതിനടിസ്ഥാനമാക്കുന്നത് ഗുണനിലവാരമുള്ള വിദ്യാഭ്യാസമാണ്. 2020-ലെ പുതിയ വിദ്യാഭ്യാസപദ്ധതിപ്രകാരമുള്ള മാറ്റങ്ങൾക്ക് ശക്തിപകരാനുള്ള നീക്കങ്ങൾ ബജറ്റിലുണ്ടാകാം. സ്കൂളുകളുടെ അടിസ്ഥാനസൗകര്യവികസനം, പുതിയ സ്കോളർഷിപ്പുകൾ, ഗ്രാന്റുകൾ, സാങ്കേതികത അടിസ്ഥാനമാക്കിയുള്ള പഠനങ്ങൾ എന്നിവയ്ക്ക് ഊന്നലുണ്ടാകും.
വിദ്യാഭ്യാസസേവനങ്ങൾക്കുള്ള ജി.എസ്.ടി. 18-ൽനിന്ന് അഞ്ചുശതമാനമാക്കണമെന്ന ആവശ്യമുയരുന്നുണ്ട്. വിദേശ സർവകലാശാലകളുമായുള്ള പങ്കാളിത്തങ്ങൾക്ക് സൗകര്യമൊരുക്കൽ, ഓൺലൈൻ ഹൈബ്രിഡ് ബിരുദങ്ങൾ, പെൺകുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയ്ക്കും ഊന്നൽ നൽകിയേക്കും.

ആരോഗ്യം
കഴിഞ്ഞ ബജറ്റിൽ ആരോഗ്യമേഖലയ്ക്ക് 86,200 കോടി രൂപയാണ് വകയിരുത്തിയത്. ഇക്കുറി അതിൽനിന്ന് വലിയൊരു വർധനതന്നെ മേഖല പ്രതീക്ഷിക്കുന്നു. ആരോഗ്യമേഖലയുടെ ഡിജിറ്റൽ വത്കരണത്തിനും കൂടുതൽ തുക വകയിരുത്തിയേക്കും.സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആവശ്യമാണ്. രാജ്യത്ത് 40 കോടിയോളം പേർ ഇപ്പോഴും ഇതിന്റെ പരിധിയിൽ വരുന്നില്ല. മെഡിക്കൽ രംഗത്ത് ഇടത്തരം, ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി വേണം. കഴിഞ്ഞ കുറച്ചുവർഷങ്ങളിൽ വളരെ കുറച്ച് സ്വകാര്യ മെഡിക്കൽ കോളേജുകളാണ് രാജ്യത്ത് തുടങ്ങിയത്. ഫീസിന് പരിധി നിശ്ചയിച്ചത് സ്വകാര്യമേഖലയുടെ താത്പര്യം കുറച്ചു. അതിനാൽ സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് കുറഞ്ഞ പലിശയിൽ വായ്പയും മറ്റ് സൗകര്യങ്ങളും ആവശ്യപ്പെടുന്നുണ്ട്. ആരോഗ്യ മുൻകരുതൽ പരിശോധനകൾക്ക് നികുതിയിളവിന്റെ പരിധി 5000 രൂപയിൽനിന്ന് 15,000 രൂപയാക്കണമെന്ന് ആവശ്യമുയരുന്നു.

നിർമാണമേഖല
നിർമാണവ്യവസായങ്ങൾ തുടങ്ങാനുള്ള മൂലധനച്ചെലവിലും വികസനപദ്ധതികൾക്ക്‌ ആവശ്യമായ പ്രവർത്തനച്ചെലവിലും നികുതി നേട്ടം പ്രതീക്ഷിക്കുന്നു. നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), മെഷീൻ ലേണിങ് (എം.എൽ.), ഇന്റർനെറ്റ് ഓഫ് തിങ്‌സ് (ഐ.ഒ.ടി.) തുടങ്ങിയ പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗത്തിന് ആനുകൂല്യം വേണമെന്നാണ് ആവശ്യം.
ജി.എസ്.ടി. വൈകിയാലുള്ള പലിശ 18 ശതമാനത്തിൽനിന്ന് 12 ശതമാനമാക്കണമെന്നും അസോചം (അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ്) ആവശ്യപ്പെടുന്നുണ്ട്.

ഹോസ്പിറ്റാലിറ്റി, ട്രാവൽ
കോവിഡ് കാലത്ത് രണ്ടുവർഷം ഏതാണ്ട് നഷ്ടമായ മേഖലകളാണിവ. അതിനുശേഷം തിരിച്ചുവരവിന്റെ പാതയിലാണ് ഹോട്ടൽ, ട്രാവൽ മേഖലകൾ. ഹോട്ടൽ മുറികളുടെ ഉയർന്ന ജി.എസ്.ടി.യിൽ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന മേഖലകളിലൊന്നാണിത്. എന്നിട്ടും ഒട്ടേറെ പരോക്ഷനികുതികൾ നേരിടേണ്ടിവരുന്നു. അതിനാൽ ഏതുതരം മുറികൾക്കും ജി.എസ്.ടി. നിരക്ക് 12 ശതമാനമായി നിജപ്പെടുത്തിയാൽ ഈ മേഖലയ്ക്ക് ഏറെ ഗുണകരമാകുമെന്ന് പറയുന്നു. നിലവിൽ 7500 രൂപയിലേറെയുള്ള ഹോട്ടൽമുറികൾക്ക് ജി.എസ്.ടി. 18 ശതമാനമാണ്. ഹോട്ടൽ പദ്ധതികൾക്ക് അംഗീകാരം നൽകാൻ ഏകജാലക സംവിധാനം വേണം, ഹോട്ടൽ പദ്ധതികൾക്ക് പലിശ കുറഞ്ഞ വായ്പകൾ ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളും ഈ മേഖലയ്ക്കുണ്ട്. ഹോട്ടൽ നിർമാണത്തിന് മൂന്നോ നാലോ വർഷമെടുക്കുമെന്നതിനാൽ ദീർഘകാല വായ്പകൾ ലഭ്യമാക്കണമെന്ന് വ്യവസായികൾ പറയുന്നു.

കോവിഡ് ലോക്ഡൗണിനുശേഷം വിനോദസഞ്ചാരമേഖലയിൽ വൻ കുതിപ്പ് ലക്ഷ്യമിടുന്നതിനാൽ വിദേശത്തുനിന്നെത്തുന്ന സഞ്ചാരികൾക്ക് സൗജന്യ ഇ-വിസാപദ്ധതി നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആയുർവേദവും യോഗയും ലക്ഷ്യമാക്കിയുള്ള വെൽനെസ് ടൂറിസംകൂടി മുന്നിൽക്കണ്ടുള്ള പദ്ധതികൾ ബജറ്റിലുണ്ടായേക്കും.

ഓഹരിവിപണി
ദീർഘകാല നിക്ഷേപനേട്ടത്തിൻമേലുള്ള നികുതിയിൽ (എൽ.ടി.സി.ജി.) ഓഹരിമേഖല സന്തുഷ്ടരല്ല. ഇത് കുറയ്ക്കുന്നത് ഇന്ത്യൻ വിപണിക്ക് വലിയ ഉണർവുണ്ടാക്കും. അതേസമയം, എൽ.ടി.സി.ജി. വർധിപ്പിച്ചാൽ നിക്ഷേപകർക്കും വിപണിക്കും തിരിച്ചടിയാകും. ഓഹരി, മ്യൂച്വൽ ഫണ്ട് വിപണികളെ നേരിട്ട് ബാധിക്കുന്ന മാറ്റമാണ് ഇതുവഴിയുണ്ടാവുക.

ഭവനവായ്പപ്പലിശ
രാജ്യത്ത് അഞ്ചുലക്ഷം ഹൗസിങ് യൂണിറ്റുകളാണ് നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ മുടങ്ങിക്കിടക്കുന്നത്. വീടുകളും ഫ്ളാറ്റുകളും വാങ്ങാൻ ലക്ഷ്യമിടുന്നവർക്ക് നിലവിലെ ഉയർന്ന പലിശ തടസ്സമാണ്. റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണർവ് നൽകാൻകൂടി ലക്ഷ്യമിട്ട് ഭവനവായ്പാരംഗത്ത് എന്തെങ്കിലും ആനുകൂല്യം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. ഭവനവായ്പയെടുത്തവർക്ക് ആദായനികുതി നിയമത്തിലെ 24(ബി) പ്രകാരമുള്ള സർക്കാർ റിബേറ്റ് രണ്ടുലക്ഷത്തിൽനിന്ന് അഞ്ചുമുതൽ ഏഴുലക്ഷം വരെയാക്കി ഉയർത്തണമെന്ന് റിയൽ എസ്റ്റേറ്റ് മേഖല ആവശ്യപ്പെടുന്നു.

കോർപ്പറേറ്റുകൾ
വിവിധ മേഖലകൾക്ക് വ്യത്യസ്ത നികുതിനിരക്കാണ് നിലവിൽ. നിർമാണ-സേവന മേഖലകളുടെ ഹബ്ബാക്കി ഇന്ത്യയെ മാറ്റാൻ ലക്ഷ്യമിടുമ്പോൾ നികുതിനിരക്കിൽ ഏകീകരണം വേണമെന്ന് കോർപ്പറേറ്റ് മേഖല ആവശ്യപ്പെടുന്നു. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ അറ്റവരുമാനത്തിനുമേൽ ചുമത്തുന്ന പ്രത്യക്ഷ നികുതിയാണ് കോർപ്പറേറ്റ് നികുതി. സ്ഥാപനത്തിന്റെ സ്വഭാവമനുസരിച്ച് വ്യത്യസ്ത സ്ലാബുകളിലാണ് നികുതി നിരക്ക്. വാർഷികവിറ്റുവരവ് 250 കോടി വരെയുള്ള ആഭ്യന്തരകമ്പനികൾക്ക് 25 ശതമാനവും 250 കോടിയിൽ കൂടുതലുള്ളവയ്ക്ക് 30 ശതമാനവും വിദേശകമ്പനികൾക്ക് 40 ശതമാനവുമാണ് നികുതി. ഇതിനുപുറമേ വരുമാനമനുസരിച്ച് സർച്ചാർജും വരും.

കോർപ്പറേറ്റ് നികുതിനിരക്ക് 15 ശതമാനമാക്കാൻ സാധിച്ചാൽ ആഗോളതലത്തിൽത്തന്നെ ഈ മേഖലയിൽ ഏറ്റവും മത്സരക്ഷമതയുള്ള രാജ്യമാവാൻ ഇന്ത്യക്കാകുമെന്ന് ചൂണ്ടിക്കാട്ടുന്നു.

ഇലക്‌ട്രിക്‌ വാഹനം
വാഹനവ്യവസായം പൊതുവിലും ഇലക്‌ട്രിക്‌ വാഹനനിർമാണം പ്രത്യേകിച്ചും വലിയ പ്രതീക്ഷയാണ് ബജറ്റിൽ വെച്ചുപുലർത്തുന്നത്. ഇലക്‌ട്രിക്‌ വാഹനങ്ങളുടെ നികുതി കുറയ്ക്കൽ, മറ്റ് സബ്‌സിഡി ആനുകൂല്യങ്ങൾ എന്നിവ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ബജറ്റിൽ ബാറ്ററി സ്വാപിങ് പദ്ധതിക്ക് തുടക്കംകുറിച്ചതിന്റെ തുടർച്ചയും പ്രതീക്ഷിക്കാം. ഇലക്‌ട്രിക്‌ വാഹനങ്ങളുടെ ബാറ്ററി നിർമാണത്തിന് പ്രോത്സാഹനമുണ്ടാകും.

ലോഹവ്യവസായം
ഉരുക്കിനും ബന്ധപ്പെട്ട അസംസ്കൃതവസ്തുക്കൾക്കുമുള്ള കയറ്റുമതിത്തീരുവ നവംബറിൽ പിൻവലിച്ചതിനാൽ ഈ മേഖലയ്ക്ക് ബജറ്റിൽ വലിയ പ്രതീക്ഷയ്ക്ക് വകയില്ല. അടിസ്ഥാനസൗകര്യവികസന മേഖല, ഇലക്‌ട്രിക്‌ വാഹനങ്ങൾ എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകിയാൽ ഉരുക്ക് വ്യവസായത്തിനും പരോക്ഷ നേട്ടം ലഭിക്കും. ക്ലീൻ എനർജി സെസ്, അസംസ്കൃതിവസ്തു ഇറക്കുമതിയിലെ കസ്റ്റംസ് ഡ്യൂട്ടി എന്നിവയിൽ കുറവുവരുത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് ഈ മേഖല.

സൗരോർജം
പുനഃസൃഷ്ടിക്കാവുന്ന ഊർജമേഖലയിൽ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഉത്പാദകരാണ് ഇന്ത്യ. എങ്കിലും ഈ മേഖലയിൽ ഏറെ മുന്നോട്ടുപോകാനുള്ളതിനാൽ സൗരോർജവ്യവസായത്തിന് ബജറ്റിൽ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു. പലരാജ്യങ്ങളും സൗരോർജമേഖയ്ക്ക് വലിയ നികുതി ആനുകൂല്യങ്ങൾ നൽകിവരുന്നു. 2030-ലെ സൗരോർജപദ്ധതി ലക്ഷ്യം സാക്ഷാത്കരിക്കാൻ സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്നവർക്കും അത് ചെയ്തുകൊടുക്കുന്ന സ്ഥാപനങ്ങൾക്കും നികുതിയാനുകൂല്യം പ്രതീക്ഷിക്കുന്നു.

Content Highlights: Union budget 2023

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented