അപ്പക്കഷണങ്ങളല്ല വേണ്ടത്‌, നടപടികളാണ്


പി.ചിന്ദംബരം

3 min read
Read later
Print
Share

ബജറ്റ് പ്രഖ്യാപനത്തിലുണ്ടാകുന്ന എന്തെങ്കിലും ചെറിയ അപ്പക്കഷണങ്ങളോ ആവർത്തനവിരസമായ വാചകങ്ങളോ സമ്പദ്‌വ്യവസ്ഥയെ കരകയറ്റുകയോ പണപ്പെരുപ്പത്തിന്റെയും തൊഴിലില്ലായ്മയുടെയും ആഗോളമാന്ദ്യത്തിന്റെയും ദുരിതങ്ങൾ കുറയ്ക്കുകയോ ചെയ്യില്ല. നമുക്കാവശ്യം വ്യക്തമായ നയങ്ങളും നിശ്ചയദാർഢ്യത്തോടുകൂടിയ നടപടികളുമാണ്

-

സാമ്പത്തികവർഷം അവസാനിക്കുന്നതിനുമുന്നോടിയായി ദേശീയവരുമാനത്തിന്റെ ആദ്യ മുൻകൂർ കണക്കുകൾ (ഫസ്റ്റ് അഡ്വാൻസ് എസ്റ്റിമേറ്റ്-എഫ്.എ.ഇ.) നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻ.എസ്.ഒ.) പ്രസിദ്ധീകരിക്കാറുണ്ട്. 2016-’17 സാമ്പത്തികവർഷം മുതലാണ് ഈ ആരോഗ്യകരമായ നടപടി തുടങ്ങിയത്. അടുത്ത സാമ്പത്തികവർഷത്തെ ബജറ്റ് തയ്യാറാക്കുന്നതിനുള്ള സഹായിയും സ്രോതസ്സുമാണ് ഈ കണക്കുകൾ. ഒരു സാമ്പത്തികവർഷത്തിന്റെ ആദ്യ എട്ടുമാസം ലഭ്യമായ സ്ഥിതിവിവരക്കണക്കുകളും അതിന്റെയടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ശേഷിക്കുന്ന നാലുമാസത്തെ പ്രതീക്ഷിതകണക്കുകളും ഉൾപ്പെടുന്ന എസ്റ്റിമേറ്റിൽ നിർണായകവിവരങ്ങളാണുണ്ടാവുക. കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സ് (സി.ജി.എ.) സമാഹരിക്കുന്ന നവംബർവരെയുള്ള വരവുചെലവുകണക്കുകൾ ബജറ്റിനുമുന്നോടിയായുള്ള മികച്ച സൂചകങ്ങളാണ്. നടപ്പുസാമ്പത്തികവർഷത്തെ പുതുക്കിയ എസ്റ്റിമേറ്റും അടുത്തവർഷത്തെ ബജറ്റ് എസ്റ്റിമേറ്റും തയ്യാറാക്കുന്നതിന് ഈ സൂചകങ്ങൾ ധനമന്ത്രിയെ സഹായിക്കും.

എപ്പോഴും വരില്ല, കറുത്ത അരയന്നം

ബജറ്റ് കണക്കുകൂട്ടലുകൾ ചിലപ്പോൾ തെറ്റിപ്പോകാം. സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് മൂന്നോനാലോ മാസം എന്നത് വലിയ കാലയളവാണ്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെടുമെന്നും 2020 മാർച്ചോടെ അതിവേഗം വ്യാപിക്കുമെന്നും ആരും പ്രതീക്ഷിച്ചതല്ല. കോവിഡുണ്ടാക്കിയ ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം, 2020-’21-ൽ പ്രഖ്യാപിച്ച ബജറ്റിലെ എല്ലാകണക്കുകളെയും പ്രതീക്ഷകളെയും കീഴ്‌മേൽ മറിച്ചു. ലോകത്തെയാകെ പിടിച്ചുലച്ച് 2008 സെപ്റ്റംബറിൽ ഉടലെടുത്ത കടുത്തസാമ്പത്തികമാന്ദ്യവും മറ്റൊരു കറുത്ത അരയന്ന സിദ്ധാന്തമായിരുന്നു (മൂൻകൂട്ടി പ്രവചിക്കാനാകാത്ത സംഭവങ്ങളെയാണ് കറുത്ത അരയന്ന സിദ്ധാന്തത്തിലൂടെ വിശേഷിപ്പിക്കുന്നത്). അന്ന് ആഗോള സാമ്പത്തികപ്രതിസന്ധി ഇന്ത്യയുൾപ്പെടെ മിക്ക രാജ്യങ്ങളുടെയും വളർച്ച, പണപ്പെരുപ്പം, തൊഴിൽലഭ്യത എന്നിവസംബന്ധിച്ച എല്ലാ ബജറ്റ് കണക്കുകൂട്ടലുകളെയും അട്ടിമറിച്ചു.

ഇപ്പോൾ 2023 ജനുവരി ആറിന് എൻ.­എസ്.ഒ. പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിൽനിന്ന് ചില നിഗമനങ്ങളിലെത്തിച്ചേരാൻ കഴിയും. അതിനുമുമ്പ്, ജനുവരി ഒന്നിന് ഒരു ഇംഗ്ലീഷ് പത്രത്തിലെഴുതിയ ലേഖനത്തിൽ ഞാൻ എത്തിച്ചേർന്ന നിഗമനങ്ങൾ ഓർത്തെടുക്കേണ്ടതുണ്ട്. ഔദ്യോഗികവും മറ്റു വിശ്വസനീയവുമായ സ്രോതസ്സുകളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 2023-’24-ലേക്കുള്ള സാമ്പത്തികരൂപരേഖ ഞാൻ മുന്നോട്ടുവെച്ചത്. ആദ്യ മുൻകൂർ കണക്കുകൾ (എഫ്.എ.ഇ.) നമ്മൾ വിലയിരുത്തണം, അതിന്റെയടിസ്ഥാനത്തിൽ എത്തിച്ചേരുന്ന നിഗമനങ്ങളും നിരീക്ഷണങ്ങളും പുനഃപരിശോധിക്കണോയെന്ന കാര്യവും നമ്മൾ ചിന്തിക്കണമെന്നാണ് ഞാൻ നിർദേശിക്കുന്നത്.

എന്നാൽ, ചില തിളക്കമാർന്ന വശങ്ങൾ ഇതിനുണ്ട്. എസ്റ്റിമേറ്റിൽ കണക്കാക്കിയ 15.4 ശതമാനം എന്ന ജി.ഡി.പി., ബജറ്റിൽ കണക്കാക്കിയ 11.1 ശതമാനത്തെക്കാൾ ഉയർന്നതാണ്. റവന്യൂവരുമാനം അസ്ഥിരമാണെങ്കിലും ചിലപ്പോൾ അത് സർക്കാരിന് കൂടുതൽ വരുമാനവും നേടിക്കൊടുത്തേക്കാം. ഒപ്പം ധനക്കമ്മി 6.4 ശതമാനമായി നിലനിർത്തുക എന്ന ലക്ഷ്യം കൈവരിക്കാനും ഈ വളർച്ച സഹായിക്കും.

ഉപഭോഗാധിഷ്ഠിത വളർച്ച

ഒരുപാട് ഇരുണ്ടവശങ്ങളും ഈ കണക്കുകൾക്കുണ്ട്. റിസർവ് ബാങ്കിന്റെ വാർത്താക്കുറിപ്പ് ആസ്പദമാക്കി ഞാൻ രൂപപ്പെടുത്തിയ നിഗമനങ്ങളെ തിരുത്താൻപോന്ന ഒന്നുംതന്നെ എൻ.എസ്.ഒ.യുടെ ആദ്യ മുൻകൂർ കണക്കുകളിൽ ഇല്ലെന്നതാണ് യാഥാർഥ്യം.

അനിയന്ത്രിതമായി കുതിച്ചുയരുന്ന പണപ്പെരുപ്പവും വർധിച്ചുവരുന്ന തൊഴിലില്ലായ്മയും വരുംനാളുകളിൽ വ്യക്തിഗത ഉപഭോഗത്തെ കാര്യമായി ബാധിക്കും. കൊട്ടിഘോഷിക്കപ്പെട്ട സർക്കാർചെലവുകളാണ് (ജി.ഡി.പി.യുടെ 10.3 ശതമാനം) വളർച്ചയുടെ മറ്റൊരു ചാലകശക്തി. അത് കഴിഞ്ഞ രണ്ടുവർഷങ്ങളെക്കാൾ കുറവാണ്. മറ്റൊന്ന് ജി.ഡി.പി.യുടെ 22.7 ശതമാനം വരുന്ന കയറ്റുമതിയാണ്. ആഗോളവ്യാപാരം ഇടിയുമെന്ന ലോകവ്യാപാരസംഘടനയുടെ പ്രവചനങ്ങൾക്കിടയിലും കയറ്റുമതി സ്ഥിരതയോടെ നിൽക്കുന്നുണ്ട്.

ആശങ്കയുളവാക്കുന്ന ഇറക്കുമതി

ആശങ്കയുളവാക്കുന്ന മറ്റൊരുരംഗം ഇറക്കുമതിയാണ്. അത് ജി.ഡി.പി.യുടെ 27.4 ശതമാനം വരും. 2020-’21-ൽ 19.1 ശതമാനവും 2022-ൽ 23.9 ശതമാനവുമായിരുന്ന ഇറക്കുമതി കുത്തനെ കൂടിയിരിക്കുകയാണ്. കയറ്റുമതി വർധിപ്പിക്കാതെ ഇറക്കുമതി കൂട്ടുന്നത് ഉപഭോഗസംസ്കാരത്തിന്റെ ആധിക്യംകൊണ്ടാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇത് രൂപയുടെ വിനിമയനിരക്കിനെ സമ്മർദത്തിലാക്കുന്നതോടൊപ്പം വ്യാപാരക്കമ്മി കൂട്ടുകയും രാജ്യത്തിന് പുറത്തേക്കുള്ള മൂലധന ഒഴുക്കിന് ആക്കംകൂട്ടുകയും ചെയ്യും.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പുരോഗതി വിലയിരുത്തുമ്പോൾ ആശങ്കയുളവാക്കുന്ന മേഖലയാണ് ഖനികളുടെയും ക്വാറികളുടെയും പ്രവർത്തനം(2.4 ശതമാനം വളർച്ചയാണ് കഴിഞ്ഞവർഷമുണ്ടായത്). മറ്റൊന്ന്, വ്യാവസായികോത്പാദനമാണ് (1.6 ശതമാനം വളർച്ച). ഇത് 2021-’22-ലെ വളർച്ചാനിരക്കുകളെ അപേക്ഷിച്ച് നന്നേ കുറവാണ്. 2022-’23 സാമ്പത്തികവർഷം നിർമാണമേഖല 9.1 ശതമാനം വളർച്ച കൈവരിക്കുമെങ്കിലും 2021-’22-ലെ വളർച്ചയെ (11.5 ശതമാനം) അപേക്ഷിച്ച് കുറവാണ്.

കുറഞ്ഞ ഉത്പാദനവും ഉയർന്ന തൊഴിലില്ലായ്മയും

തൊഴിലില്ലായ്മ ഭാവിയിൽപ്പോലും പരിഹരിക്കപ്പെടുമെന്നതിന്റെ ഒരു ലക്ഷണവും കാണുന്നില്ല. കൃഷി, ഖനനം, ക്വാറി പ്രവർത്തനം, ഉത്പാദനം, നിർമാണം, വ്യാപാരം, ഹോട്ടലുകൾ, ഗതാഗതം, വാർത്താവിനിമയം തുടങ്ങിയവയാണ് രാജ്യത്തെ ഏറ്റവുംവലിയ തൊഴിൽദായകമേഖലകൾ അതിൽ വാർത്താവിനിമയം(13.7 ശതമാനം) ഒഴികെയുള്ള മറ്റുമേഖലകളിലെ വളർച്ച മാറ്റമില്ലാത്തതോ നേരിയതോ ആണ്.

നിരാശപ്പെടുത്തുന്ന ഉത്പാദനമേഖല

ഉത്പാദനമേഖലയെ സംബന്ധിച്ചിടത്തോളവും 2022’-23-ലെ ആദ്യ മുൻകൂർകണക്കുകൾ നിരാശാജനകമാണ്. 2021-’22 സാമ്പത്തികവർഷത്തിലുണ്ടായ വളർച്ചയിലെ മുരടിപ്പ് കോവിഡ് മഹാമാരിയുടെ ഫലമാണെന്ന് സമ്മതിച്ചാൽ­പ്പോലും 2022-’23-ലെ കണക്കുകൾ വിരൽചൂണ്ടുന്നത്, സമ്പദ് വ്യവസ്ഥയുടെ എല്ലാ പ്രധാനരംഗങ്ങളും വ്യക്തമായ മാന്ദ്യത്തിലേക്കാണെന്നാണ്. അരിയുത്പാദനം, ക്രൂഡ് ഓയിൽ, സിമന്റ് മുതലായവ പ്രത്യേകിച്ചും. പ്രധാന തുറമുഖങ്ങളിലെയും വിമാനത്താവളങ്ങളിലെയും ചരക്കുനീക്കവും കഴിഞ്ഞവർഷത്തെക്കാൾ കുറഞ്ഞു. ഇന്ത്യൻ റെയിൽവേയുടെ ചരക്ക്, പാസഞ്ചർ ഗതാഗത വളർച്ചാനിരക്കും കുത്തനെ ഇടിഞ്ഞു. വ്യാവസായികോത്പാദന സൂചിക (ഐ.ഐ.പി.) പല മേഖലകളിലും കുറഞ്ഞ് ഒറ്റ അക്കത്തിലെത്തി. പണപ്പെരുപ്പം പിടിച്ചുനിർത്താനാകാത്തവിധം വർധിക്കുന്നത് സാമ്പത്തികദുരിതമുണ്ടാക്കുന്നു.

അപ്പക്കഷണങ്ങൾ പോരാ

എങ്ങനെയാണ് 2023-’24-ലെ ബജറ്റിൽ ധനമന്ത്രി ഈ ദൗർബല്യങ്ങളെയെല്ലാം അഭിമുഖീകരിക്കാൻപോകുന്നതെന്നാണ് പ്രധാനം. ബജറ്റ് പ്രഖ്യാപനത്തിലുണ്ടാകുന്ന എന്തെങ്കിലുംചെറിയ അപ്പക്കഷണങ്ങളോ ആവർത്തനവിരസമായ വാചകങ്ങളോ സമ്പദ്‌വ്യവസ്ഥയെ കരകയറ്റുകയോ പണപ്പെരുപ്പത്തിന്റെയും തൊഴിലില്ലായ്മയുടെയും ആഗോളമാന്ദ്യത്തിന്റെയും ദുരിതങ്ങൾ കുറയ്ക്കുകയോ ചെയ്യില്ല. നമുക്കാവശ്യം വ്യക്തമായ നയങ്ങളും നിശ്ചയദാർഢ്യത്തോടുകൂടിയ നടപടികളുമാണ്. നമുക്ക് കാത്തിരിക്കാം, ഫെബ്രുവരി ഒന്നിനായി.

Content Highlights: Union Budget 2023

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented