.jpg?$p=59bad30&&q=0.8)
വെല്ലുവിളിയിലും സമ്പദ്‌വ്യവസ്ഥ ശക്തം
ധനമന്ത്രി നിർമലാ സീതാരാമൻ 2023-ലെ കേന്ദ്രബജറ്റ് അവതരിപ്പിക്കാനൊരുങ്ങുമ്പോൾ സാമ്പത്തികസ്ഥിതി ഏറെ മെച്ചമാണ്. ഇന്ത്യ ഇപ്പോൾ ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ്. 2023 സാമ്പത്തികവർഷത്തെ ജി.ഡി.പി. വളർച്ച ഏഴു ശതമാനത്തോളമായിരിക്കും. ഏതു വൻകിട സമ്പദ്‌വ്യവസ്ഥയെക്കാളും മൂന്നു ശതമാനത്തോളം കൂടുതലാണിത്. അടുത്ത സാമ്പത്തികവർഷത്തിലും ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന ബഹുമതി നിലനിർത്തും. കൂടിയതോതിലുള്ള ജി.ഡി.പി. വളർച്ച പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട നികുതിവരുമാനവും സൃഷ്ടിച്ചു. നിഷ്‌ക്രിയ ആസ്തികൾ കുറഞ്ഞതോടെ ബാങ്കിങ് മേഖല ആരോഗ്യം വീണ്ടെടുത്തു. വായ്പവളർച്ച 17 ശതമാനമെന്നത് ആകർഷകമാണ്. അയൽരാജ്യങ്ങളായ ശ്രീലങ്കയും പാകിസ്താനും ബംഗ്ളാദേശും സാമ്പത്തികസഹായംതേടി അന്തരാഷ്ട്ര നാണയനിധിയെ സമീപിച്ചപ്പോൾ ആവശ്യത്തിന് വിദേശനാണ്യശേഖരവുമായി ഇന്ത്യ ശക്തമായനിലയിലാണ്. നമ്മുടെ വിദേശനാണ്യശേഖരം 550 ബില്യൺ ഡോളറാണ്. ഇരുണ്ട സാമ്പത്തികചക്രവാളത്തിലെ തിളങ്ങുന്ന നക്ഷത്രമായാണ് ഐ.എം.എഫ്. മേധാവി ഇന്ത്യയെ വിശേഷിപ്പിച്ചത്.
കരിമേഘങ്ങളെ പക്ഷേ, അവഗണിക്കാനാവില്ല
ഈ രജതരേഖകൾക്കിടയിലും ആഗോള സാമ്പത്തിക ചക്രവാളത്തിൽ ചില കരിമേഘങ്ങൾ ഉരുണ്ടുകൂടുന്നത് ധനമന്ത്രിക്ക് അവഗണിക്കാൻ കഴിയില്ല. ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളർച്ചനിരക്ക് 2023-ൽ ഏറെ മന്ദഗതിയിലാവും. ആഗോളവളർച്ചയുടെ മൂന്നു പ്രധാന ചാലകശക്തികളായ യു.എസും ചൈനയും യൂറോ മേഖലയും വളർച്ചാമാന്ദ്യം നേരിടുകയാണ്. ആഗോളവ്യാപാരത്തെയും ഇന്ത്യയുടെ കയറ്റുമതിയെയും ഇതു ബാധിക്കും. അടുത്ത സാമ്പത്തികവർഷം ഇന്ത്യയുടെ വളർച്ചയ്ക്ക് ഈ വർഷത്തെ ഗതിവേഗമുണ്ടാവില്ല. ഏഴു ശതമാനം വളർച്ചനിരക്ക് എന്നത് ആറു ശതമാനമായി കുറയാനാണിട. ഈ വർഷത്തെ നികുതിവരുമാനവർധന അടുത്തവർഷം പ്രതീക്ഷിക്കാൻ കഴിയില്ല. അതേസമയം കഴിഞ്ഞവർഷം വാഗ്ദാനം ചെയ്തതുപോലെ ധനക്കമ്മി കുറയ്ക്കുകയും വേണം. സമ്പദ്‌വ്യവസ്ഥയിൽ വളർച്ച നിലനിർത്തുന്നതിന് മൂലധനച്ചെലവു പദ്ധതികൾ തുടരേണ്ടതും ആവശ്യമാണ്. 2024 പൊതു തിരഞ്ഞെടുപ്പു വർഷമാകയാൽ ഈ സർക്കാരിന്റെ അവസാന പൂർണബജറ്റ് കൂടിയായിരിക്കും ഇത്. അതുകൊണ്ടുതന്നെ ഇടത്തരക്കാർക്ക് നികുതിയിൽ ആശ്വാസം നൽകുന്നതുൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾക്കും സാധ്യതയുണ്ട്.
മുന്തിയ പരിഗണന ധനക്കമ്മി കുറയ്ക്കാൻ
ഇന്ത്യയുടെ ധനക്കമ്മിയും കറണ്ട് അക്കൗണ്ട് കമ്മിയും കൂടുതലാണെങ്കിലും നിയന്ത്രണവിധേയമാണ്. കമ്മി കുറയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ധനപരമായ അസ്ഥിരത ഉണ്ടായേക്കും. കഴിഞ്ഞ ബജറ്റിലെ ധനക്കമ്മി ലക്ഷ്യമായ ജി.ഡി.പി.യുടെ 6.4 ശതമാനമെന്നത് ഈവർഷത്തെ നാമമാത്ര ജി.ഡി.പി. വളർച്ച 15.1 ശതമാനമായതിനാലും നികുതിപിരിവ് മികച്ചതായതിനാലും അനായാസം നേടാൻ കഴിയും. ഈ അനുകൂല സ്ഥിതിവിശേഷം അടുത്ത സാമ്പത്തികവർഷം ആവർത്തിക്കാൻ സാധ്യതയില്ല. വെല്ലുവിളിനിറഞ്ഞ ഈ ഘട്ടത്തിലും 2024-ലെ ധനക്കമ്മി ലക്ഷ്യം 5.8 ശതമാനമായി നിലനിർത്താൻ ധനമന്ത്രിക്കു കഴിയണം. സാമ്പത്തിക അച്ചടക്കത്തിലൂടെ മാത്രമേ ധനകാര്യസ്ഥിരത കൈവരിക്കാൻ സാധിക്കൂ.
അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നൽ
അടിസ്ഥാനസൗകര്യ വികസനരംഗത്ത് അസൂയാർഹമായ വളർച്ചയാണ് ഇന്ത്യ കൈവരിച്ചിട്ടുള്ളത്. ഭാരത് മാല, സാഗർ മാല, ഗതി ശക്തി തുടങ്ങിയ പദ്ധതികൾ സമ്പദ്‌വ്യവസ്ഥയുടെ ഘടനതന്നെ മാറ്റിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തെ ദേശീയപാതാ ശൃംഖല ഇരട്ടിയായി. വ്യോമയാന ഗതാഗതരംഗം മൂന്നിരട്ടി വളർന്നു. ബ്രോഡ്ബാൻഡ് കണക്ടിവിറ്റി 40 മടങ്ങാണ് വർധിച്ചത്. ജൻധൻ, ആധാർ, മൊബൈൽ (JAM) ത്രിത്വം മികച്ച സാമൂഹിക സുരക്ഷാ ശൃംഖലയാണ് സൃഷ്ടിച്ചിട്ടുള്ളത്. അടിസ്ഥാനസൗകര്യ വികസനരംഗത്തുള്ള ഊന്നൽ 2023-ലെ ബജറ്റിലും പ്രതീക്ഷിക്കാം.
ആദായനികുതിയിളവ്
ആദായനികുതിയിലെ അടിസ്ഥാന ഇളവ് 2.5 ലക്ഷമായി നിശ്ചയിച്ചത് 2014-ലാണ്. ഇളവുപരിധി വർധിപ്പിക്കേണ്ടത് ആവശ്യമാകയാൽ ബജറ്റിൽ ഇത് പ്രതീക്ഷിക്കാവുന്നതാണ്. ഇളവുകളില്ലാത്ത പുതിയ ആദായനികുതി സമ്പ്രദായത്തിൽ ആശ്വാസനടപടികൾ പ്രതീക്ഷിക്കാം. മൂലധന ലാഭത്തിന്മേലുള്ള നികുതിയിലും ചില മാറ്റങ്ങൾ വന്നേക്കാം. പരോക്ഷനികുതികൾ ജി.എസ്.ടി. കൗൺസിലിനു കീഴിൽ വരുന്നതിനാൽ ഈ രംഗത്ത് വലിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല.
മറ്റൊരു കാഴ്ചപ്പാടിലും ബജറ്റ് ’23-നു പ്രാധാന്യമുണ്ട്. ഇന്ത്യ ജി 20 അധ്യക്ഷപദവി ഏറ്റെടുത്തശേഷമുള്ള ആദ്യ ബജറ്റാണിത്. ഉറച്ച സാമ്പത്തികവളർച്ചയ്ക്കും ആഗോള അഭിവൃദ്ധിക്കുമാണ് ജി 20 പ്രയത്നിക്കുന്നത്. അതിനാൽ ദോഷകരമായ ജനപ്രിയ പ്രഖ്യാപനങ്ങൾക്കു പകരം ശരിയായ സാമ്പത്തിക കാഴ്ചപ്പാടുകളോടെയുള്ള പ്രഖ്യാപനങ്ങളായിരിക്കും ധനമന്ത്രി നടത്തുകയെന്നു കരുതാം.
(ജിയോജിത് ഫിനാൻഷ്യൽ സർവീസസിൽ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)
Content Highlights: Union budget 2023


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..