ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിനിടെ | ഫോട്ടോ: പിടിഐ
നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളാണ് രണ്ടാം മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തിയിരിക്കുന്നത്. ആദായ നികുതി ഇളവുകളും അടിസ്ഥാന സൗകര്യമേഖലയിലെ നിക്ഷേപങ്ങളുമുള്‍പ്പെടെ 'അമൃത് കാല്‍' ബ്ലൂ പ്രിന്റാണ് ഈ ബജറ്റെന്നാണ് ധനമന്ത്രിയുടെ വാദം. 2024-ല്‍ രാജ്യം അടുത്ത പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെ മോദി സര്‍ക്കാരിന്റെ ബജറ്റിന്റെ ന്യൂനതകള്‍ അക്കമിട്ട് പരിശോധിക്കുന്നു. സാമ്പത്തിക വിദഗ്ധന്‍ ബി.എ പ്രകാശ് മാതൃഭൂമി ഡോട്ട് കോമിനോട് ബജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നു.
അമൃതകാലത്തിലേക്കുള്ള ചുവടുവെപ്പായി കണക്കാക്കാന്‍ സാധിക്കുമോ, അതോ പൊള്ളയായ വാഗ്ധാനങ്ങളാണോ കേന്ദ്രബജറ്റിലുള്ളത്?
കോവിഡ് പ്രതിസന്ധി, യുക്രൈന്‍ യുദ്ധം, ആഗോള സാമ്പത്തിക മാന്ദ്യം തുടങ്ങിയ പ്രതിസന്ധികളുടെ കാലത്താണ് ഈ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. പലകാര്യങ്ങളിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മാക്രോ എക്കണോമിക്ക് യോജിച്ച തരത്തിലുള്ള ബജറ്റാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ വിലക്കയറ്റം കുറയ്ക്കുക, കേന്ദ്രസര്‍ക്കാരിന്റെ ധനസ്ഥിതി കുറേക്കൂടി മെച്ചപ്പെടുത്തുക, ധനക്കമ്മി കുറയ്ക്കുക, അതോടൊപ്പം കയറ്റുമതിയില്‍ വര്‍ധനവുണ്ടാക്കുക, എല്ലാ മേഖലകളിലും കൂടുതല്‍ നിക്ഷേപം ഉണ്ടാക്കുക ഇങ്ങനെ ആകെ നമ്മുടെ സമ്പദ്ഘടനയെ മുന്നോട്ട് നയിക്കാന്‍ സഹായകരമായൊരു ബജറ്റാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചിട്ടുള്ളത്.
അപ്പോള്‍ ബജറ്റ് സമ്പൂര്‍ണമാണെന്നാണോ കരുതുന്നത്?
ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ ഉണ്ടെങ്കിലും ബജറ്റിന്റെ പ്രധാന ന്യൂനതയായി കാണുന്നത് കോവിഡ് മൂലം ജീവിതം തകര്‍ന്നവരെ പരിഗണിച്ചിട്ടില്ല എന്നുള്ളതാണ്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി ആളുകള്‍ക്ക് നഷ്ടപ്പെട്ട ജോലിയും ജീവിത മാര്‍ഗവും പഴയതുപോലെ തിരികെ ലഭിച്ചിട്ടില്ല, നിരവധി ആളുകള്‍ ദാരിദ്ര്യത്തിലേക്ക് പോയി. ഇങ്ങനെ കോവിഡ് മൂലം വലിയ തകര്‍ച്ചയെ നേരിട്ടവരെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഒരു നയസമീപനം ബജറ്റിലില്ല. കോവിഡ് പ്രതിസന്ധിയെ രാജ്യം മറികടന്നുവെന്നുള്ള നിലപാടാണ് ബജറ്റില്‍ ധനമന്ത്രിക്കുള്ളത്.
പക്ഷെ ചെറുകിടക്കാര്‍, ചെറുകിട തൊഴില്‍ ചെയ്യുന്നവര്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍, കര്‍ഷകര്‍ അങ്ങനെയുള്ള വിഭാഗത്തില്‍ പെട്ടവര്‍ വലിയ ദാരിദ്ര്യത്തിലേക്ക് പോയി. അവര്‍ക്കുവേണ്ടിയുള്ള കാര്യമായ പ്രഖ്യാപനങ്ങള്‍ ബജറ്റിലില്ല. ബജറ്റില്‍ പ്രധാനമായും രണ്ട് കാര്യങ്ങളെയാണ് അഭിമുഖീകരിക്കേണ്ടത്. രാജ്യത്തിന്റെ പുരോഗതിയും അതോടൊപ്പം തന്നെ ജനങ്ങളുടെ അഭിവൃദ്ധിയും. നാടുനന്നാകുന്നതിനൊപ്പം ജനങ്ങളുടെ ജീവിത സാഹചര്യങ്ങളും നന്നാകണമെന്ന് ലളിതമായി പറയാം.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ എത്രയാളുകളാണ് രാജ്യത്ത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളത് എന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഒരു കണക്കുപോലും എടുത്തിട്ടില്ല. ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് വേണ്ടി ഇന്ന കാര്യങ്ങള്‍ ചെയ്യുന്നുവെന്ന് ബജറ്റില്‍ പറയുന്നുണ്ടെങ്കിലും 2011-12 സാമ്പത്തിക വര്‍ഷത്തിന് ശേഷം എത്രപേരാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളതെന്നതിന്റെ കണക്ക് സര്‍ക്കാര്‍ ശേഖരിച്ചിട്ടില്ല. ബജറ്റില്‍ 2012ലെ വിവരങ്ങളാണ് ഇതിനായി എടുത്തിരിക്കുന്നത്. ഐഎംഎഫിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ ഏകദേശം 30 ശതമാനം ആളുകളും ദരിദ്രരാണ് എന്നാണ്. അങ്ങനെ നോക്കിയാല്‍ വലിയൊരു വിഭാഗം ആളുകളും ഇവിടെ ദരിദ്രരാണ്.
അങ്ങനെയുള്ളവര്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ ഉതകുന്ന കാര്യങ്ങളൊന്നും ബജറ്റിലില്ല എന്നുള്ളതാണ് പ്രധാനം. അതേസമയം, അപ്പര്‍ മിഡില്‍ ക്ലാസ്, റിച്ച് ക്ലാസിലുള്ള ആളുകള്‍ക്ക് പ്രയോജനം ചെയ്യുന്ന ഒരുപാട് പദ്ധതികളുമുണ്ട്.
ആദായ നികുതിയുടെ കാര്യത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടല്ലോ, നികുതി പരിധി എഴ് ലക്ഷമാക്കി ഉയര്‍ത്തിയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍. അങ്ങനെ നോക്കുമ്പോള്‍ മധ്യവര്‍ഗത്തിനെ തഴുകുന്ന നടപടികള്‍ ബജറ്റില്‍ കൂടുതലാണെന്ന് കരുതുന്നുണ്ടോ?
ആദായ നികുതുയുടെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പഴയതും പുതിയതുമായ സ്‌കീമെന്ന് പറയുന്നു. രണ്ടിലും ആദായ നികുതിയുടെ നിര്‍വചനത്തില്‍ തന്നെ മാറ്റമുണ്ട്. പഴയ സ്‌കീമില്‍ നിരവധി റിഡക്ഷനുകളുണ്ട്. അതിന് ശേഷം വരുന്ന തുകയ്ക്കാണ് നിങ്ങള്‍ നികുതി അടയ്ക്കേണ്ടത്. എന്നാല്‍ പുതിയ സ്‌കീമില്‍ അത്തരം റിഡക്ഷനുകളില്ല. ഇതിനാണ് എഴ്ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇതിലൂടെ ഞാന്‍ കാണുന്നതെന്താണെന്നാല്‍ ഇളവുകള്‍ അവസാനിപ്പിച്ച് മുഴുവന്‍ തുകയ്ക്കും നികുതി നല്‍കാന്‍ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ്.
മധ്യവര്‍ഗത്തിനെയും അതിന് മുകളിലുള്ളവരെയും പ്രീതിപ്പെടുത്തുന്ന ബജറ്റാണ് ഇത്. വിപണി കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയിലൂടെയാണല്ലോ നമ്മള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. പലമേഖലകളിലും നേരത്തെ വിവിധ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ആനുകൂല്യങ്ങളുണ്ടായിരുന്നു. അതൊക്കെ നിര്‍ത്തലാക്കിക്കൊണ്ടിരിക്കുന്ന കാലമാണ്. അങ്ങനെ വരുമ്പോള്‍ അവര്‍ക്ക് മത്സരിക്കാനുള്ള അവസരങ്ങള്‍ കുറയുകയും അതേസമയം, മുകള്‍ തട്ടിലുള്ളവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ സാധിക്കുകയും ചെയ്യുന്ന തരത്തിലുള്ള ബജറ്റ് നിര്‍ദ്ദേശങ്ങളാണ് ഇതിലുള്ളത്.
സാധാരണക്കാരെ കൂടി ഉള്‍ക്കൊള്ളുന്ന വികസനമാണ് ലക്ഷ്യമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഡിജിറ്റല്‍ മേഖലയില്‍ പ്രത്യേകിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലുള്‍പ്പെടെ നിക്ഷേപങ്ങള്‍ ബജറ്റിലുണ്ട്. ഇത് എത്രത്തോളം പ്രയോജനം ചെയ്യും?
ഒരു സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയില്‍ നോക്കിയാല്‍ ഡിജിറ്റലൈസേഷന്‍ ഒരു വിഭജനമാണ് ഉണ്ടാക്കുന്നത് എന്ന് കാണാനാകും. ഡിജിറ്റല്‍ മേഖലയില്‍ നില്‍ക്കാന്‍ ഒരു സാധാരണക്കാരന് അതിനാവശ്യമായ ഉപകരണങ്ങള്‍ വേണം. അതിന് പണം വേണം. ഇക്കാര്യത്തിലും പണമുള്ളവനും ഇല്ലാത്തവനും എന്ന വ്യത്യാസമുണ്ട്.
പിന്നെ ബജറ്റില്‍ പറയുന്ന പ്രഖ്യാപനങ്ങളൊക്കെ എത്രകണ്ട് നടക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. നമ്മുടെ രാഷ്ട്രീയ സാഹചര്യത്തില്‍ അത് കൂടുതലും പ്രഖ്യാപനങ്ങള്‍ മാത്രമാണ്. ഒരു തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ സാധാരണ ജനങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ ഇതൊക്കെ ചെയ്തുവെന്ന് കാണിക്കുക എന്നതുമാത്രം. ബജറ്റ് തുടങ്ങുമ്പോള്‍ തന്നെ സാധാരണക്കാര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യുന്നുവെന്നൊക്കെ പറഞ്ഞാണ്. പക്ഷെ, കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും രാജ്യത്തെ പാവപ്പെട്ട ദരിദ്രരുടെ കണക്ക് സര്‍ക്കാരെടുത്തിട്ടില്ല. അതാണ് ഇരട്ടത്താപ്പ്.
അടിസ്ഥാന സൗകര്യമേഖലയിലെ നിക്ഷേപത്തെപ്പറ്റി ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ട്. വിമാനത്താവളങ്ങളുടെ എണ്ണം ഉയര്‍ത്തുന്നതും റെയില്‍വേയ്ക്ക് കൂടുതല്‍ ബജറ്റ് വിഹിതം നീക്കിവെച്ചതുമൊക്കെ അതില്‍ പെടുന്നു, ഇതൊക്കെ രാജ്യത്തിന് പൊതുവില്‍ ഗുണം ചെയ്യുന്നവയല്ലെ?
അടിസ്ഥാന സൗകര്യമേഖലയിലെ നിക്ഷേപങ്ങള്‍ രാജ്യത്തിന് പൊതുമെ ഗുണകരമായ കാര്യങ്ങളാണ്. അതില്‍ വലിയ തര്‍ക്കമൊന്നുമില്ല. മറ്റ് രാജ്യങ്ങളെവെച്ചു നോക്കുമ്പോള്‍ വലിയ ശക്തിയായി മാറാനൊക്കെ ഇത് അത്യാവശ്യമാണ്. പക്ഷെ, അതിനൊക്കെ ഒരു മറുവശമുണ്ട്. രാജ്യം വലിയ സാമ്പത്തിക ശക്തിയാണെന്ന് പറയുമ്പോഴും ഇവിടെ സാമ്പത്തിക അസമത്വം വളരെവലുതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നമ്മളും ലോകമാകെയും വലിയ പ്രതിസന്ധിയില്‍കൂടിയാണ് കടന്നുപോകുന്നത്. അതില്‍ വളരെ പ്രായാസം ഇപ്പോഴും അനുഭവിക്കുന്ന നിരവധി ആളുകളുണ്ട്. അവര്‍ക്ക് വേണ്ടി ഭക്ഷ്യധാന്യം സൗജന്യമായി കൊടുക്കുന്നതുപോലെ ചെറിയ പദ്ധതികളുണ്ട്. അതൊന്നും ഞാന്‍ തള്ളിപ്പറയുന്നില്ല. പക്ഷെ, അവരെ പരിഗണിക്കുന്ന സമീപനം ഇതുപോര എന്നാണ് എനിക്ക് പറയാനുള്ളത്.
Content Highlights: No schemes for the poor- 2023 budget analysis


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..