എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി


Pinarayi Vijayan | Photo: PTI

തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കാന്‍ ഒരു മാര്‍ഗവും തേടാത്തതും കോര്‍പ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതുമാണ് കേന്ദ്ര ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രാദേശിക സമതുലിതാവസ്ഥ പാലിക്കാത്ത സമീപനമാണ് ബജറ്റിലേറ്റത്.

കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഉള്‍പ്പെടുത്താത്തതും കേരളത്തിന്റെ റെയില്‍ വികസനത്തിനായുള്ള പരാമര്‍ശങ്ങളൊന്നും ഉള്‍പ്പെടുത്താത്തതുമാണ് ബജറ്റ് പ്രസംഗമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്.

സംസ്ഥാനങ്ങളുടെ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി സംസ്ഥാനങ്ങളുടെ ആഭ്യന്തര വരുമാനത്തിന്റെ 3.5 ശതമാനമായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറയുകയുണ്ടായി. 3 ശതമാനം സാധാരണ പരിധിയും 0.5 ശതമാനം വൈദ്യുതി വിതരണരംഗത്തെ പരിഷ്‌കരണങ്ങള്‍ നടപ്പാക്കണമെന്ന നിബന്ധനയുടെ പുറത്തുമാണ് ഇത്. 15-ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകളില്‍ ഉള്ളത് ഒരാവര്‍ത്തി കൂടി പറഞ്ഞതല്ലാതെ ഒരു ഇളവും പ്രഖ്യാപിച്ചിട്ടില്ല.

കേന്ദ്രത്തിന്റെ ധനക്കമ്മി 6.4 ശതമാനമായിരിക്കും. കോവിഡിന്റെ പ്രത്യാഘാതങ്ങളില്‍പ്പെട്ട് ഉഴലുന്ന സംസ്ഥാനങ്ങള്‍ക്ക് കുറഞ്ഞത് 4 ശതമാനമെങ്കിലും അനുവദിക്കേണ്ടതുണ്ട്. ഇക്കാര്യം പരിഗണിച്ചിട്ടില്ല.

മൂലധന ചെലവിനായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പലിശരഹിത വായ്പ ഈ വര്‍ഷവും തുടരും എന്ന പ്രഖ്യാപനമുണ്ടെങ്കിലും ഇതില്‍ ധാരാളം നിബന്ധനകളുണ്ടെന്ന സൂചന ബജറ്റ് പ്രസംഗത്തിലുണ്ട്. ഇത് സഹകരണ ഫെഡറലിസത്തിന്റെ തത്വങ്ങള്‍ക്കനുസൃതമല്ല. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സാമ്പത്തിക അസമത്വങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി വിദഗ്ദ്ധരുടെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതിസമ്പന്നരുടെമേല്‍ ന്യായമായും ചുമത്തേണ്ട നികുതി ചുമത്താനുള്ള നടപടികള്‍ ഒന്നുംതന്നെ കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഉണ്ടായിട്ടില്ല.

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിക്ക് 2021-22 സാമ്പത്തിക വര്‍ഷം 98,467.85 കോടി രൂപയാണ് ചെലവിട്ടത്. 2022-23 ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം 89,400 കോടി രൂപയാണ്. 2023-24 ല്‍ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത് 60,000 കോടി രൂപയാണ്. സുപ്രധാനമായ ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് വിഹിതത്തില്‍ ക്രമാനുഗതമായ വെട്ടിക്കുറവാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ഇത് തിരുത്തപ്പെടേണ്ടതാണ്.

ആരോഗ്യമേഖലയിലെ കേന്ദ്ര പദ്ധതികള്‍ക്ക് 2021-22 ല്‍ 15097.44 കോടി രൂപ ചെലവിട്ടിരുന്നു. 2022-23 ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം ഇത് 11,868.63 കോടിയായി കുറഞ്ഞിട്ടുണ്ട്. 2023-24 ലെ ബജറ്റ് വകയിരുത്തില്‍ ഇത് 8820 കോടി രൂപയായി കുറഞ്ഞു.

നാഷണല്‍ ഹെല്‍ത്ത് മിഷനുവേണ്ടി 2021-22 ല്‍ 27,447.56 കോടി രൂപ ചെലവിട്ടു. 2022-23 ലെ പുതുക്കിയ കണക്കുകളില്‍ ഇത് 28,974.29 കോടി രൂപയാണ്. 2023-24 ലെ ബജറ്റ് അനുമാനത്തില്‍ ഇത് 29,085.26 കോടി രൂപയാണ്. കേവലം 0.42 ശതമാനത്തിന്റെ നാമമാത്രമായ വര്‍ദ്ധന. ആരോഗ്യമേഖലയോട് വേണ്ടത്ര പരിഗണന ഉണ്ടായിട്ടില്ല എന്നുള്ളതിന്റെ ദൃഷ്ടാന്തങ്ങളാണിത്.

കേന്ദ്ര ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമായി പരിശോധിച്ച് കേരളത്തിന് പ്രയോജനകമാകുന്നവ ഏതൊക്കെയാണെന്ന് പരിശോധിച്ച് അവ പരമാവധി വിനിയോഗം ചെയ്യാനുള്ള എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കും. കേരളത്തിന്റെ റെയില്‍വേ, മറ്റു പശ്ചാത്തല സൗകര്യ വികസന പദ്ധതികളോട് അനുഭാവപൂര്‍വ്വമായ സമീപനം ഉണ്ടാകണമെന്നും ആവശ്യമായ പ്രഖ്യാപനങ്ങള്‍ ബജറ്റ് സമ്മേളനത്തില്‍ തന്നെ ഉണ്ടാകണമെന്നും കേന്ദ്ര സര്‍ക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

യാഥാര്‍ത്ഥ്യബോധമില്ലാത്ത ബജറ്റ്- രമേശ് ചെന്നിത്തല

തിരുവനന്തപുരം: പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ശ്രമിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടാന്‍ പോലും തയ്യാറാവാത്ത ദീര്‍ഘവീക്ഷണമില്ലാത്ത ബഡ്ജറ്റാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോറോണക്കാലത്ത് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ജനങ്ങളെ പറ്റിച്ചത് ആരും മറന്നിട്ടില്ല. ഈ ബഡ്ജറ്റിനും അല്‍പ്പായുസേയുള്ളൂ. മന്ത്രി നടത്തിയ വാചക കസര്‍ത്ത് യാഥാര്‍ത്ഥ്യമാവണമെങ്കില്‍ കൂടുതല്‍ വിയര്‍പ്പ് ഒഴുക്കേണ്ടി വരും. ബഡ്ജറ്റ് അവതരണത്തിന് ശേഷം പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ കവല പ്രസംഗം മാത്രമെന്നും ചെന്നിത്തല പറഞ്ഞു.

സര്‍വ്വസ്പര്‍ശിയായ ബജറ്റ്, തൊഴിലവസരങ്ങള്‍ വര്‍ധിക്കും- കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് എല്ലാ മേഖലകളേയും സ്പര്‍ശിക്കുന്നതും രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്തേകുന്നതുമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. 10 ലക്ഷം കോടി അടിസ്ഥാന വികസനത്തിന് മാറ്റിവെച്ചതോടെ രാജ്യത്ത് വലിയതോതില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നുറപ്പായി. മൂലധന നിക്ഷേപം 33% വര്‍ധിച്ചിരിക്കുന്നത് യുവാക്കള്‍ക്ക് ഏറെ ഗുണകരമാവുമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നത് കാര്‍ഷിക ഉല്‍പാദനം വര്‍ധിക്കുന്നതിനും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ മാര്‍ക്കറ്റിങ്ങിനും കര്‍ഷകരെ സഹായിക്കും. സഹകരണ മേഖയില്‍ ഭക്ഷ്യ സംഭരണം നടത്താനുള്ള തീരുമാനം കര്‍ഷകര്‍ക്ക് വളരെ ഗുണകരമാണ്. കാര്‍ഷിക മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതിന് ഭക്ഷ്യ സംഭരണം ഉപകരിക്കും. കര്‍ഷകര്‍ക്ക് 20 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ നല്‍കുന്നതും ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയ്ക്ക് 220 കോടി മാറ്റിവെച്ചതും സ്വാഗതാര്‍ഹമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

റെയില്‍വെ വികസനത്തിന് 2.4 ലക്ഷം കോടി അനുവദിച്ചത് റെയില്‍വെയെ അതിവേഗം ആധുനികവല്‍ക്കരിക്കുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതിനും സഹായിക്കും. 63,000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നത് കേരളത്തിലെ സഹകരണ മേഖലയിലെ തട്ടിപ്പുകള്‍ തടയുന്നതിനും ആധുനികവല്‍ക്കരണത്തിനും തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതിനും സഹായിക്കും.

ആവശ്യത്തിന് പിന്‍വലിക്കാന്‍ സാധിക്കുന്ന രീതിയില്‍ സ്ത്രീകള്‍ക്ക് ഉയര്‍ന്ന പലിശ നിരക്കില്‍ സ്ഥിര നിക്ഷേപം എന്നത് രാജ്യത്തെ സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയ്ക്ക് കാരണമാകും. മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യസമ്പദ പദ്ധതിയുടെ 6000 കോടി രൂപ മാറ്റിവെച്ചത് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസകരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പൊതുവില്‍ നിരാശാജനകം- എളമരം കരീം

2023-24 വര്‍ഷത്തേക്ക് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്രബജറ്റ് പൊതുവില്‍ നിരാശാജനകമാണെന്ന് സി.പി.എമ്മിന്റെ രാജ്യസഭാ എം.പി. എളമരം കരീം പറഞ്ഞു. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യമാണിത്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായകമായ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ കമ്പോളത്തെ സജീവമാക്കാനും രാജ്യം ഇന്നു നേരിടുന്ന മാന്ദ്യത്തില്‍നിന്ന് കരകയറാനും സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: Chief Minister Pinarayi Vijayan's response on the Union Budget

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented