ബജറ്റ് പ്രതീക്ഷകള്‍: ആദായ നികുതി കുറയുമോ?


ഷൈൻമോഹൻ

കൈയടിനേടുന്ന ജനകീയ ബജറ്റിനെക്കാൾ, കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽനിന്ന് കരകയറാൻ ലക്ഷ്യമിട്ടുള്ള നടപടികളാണ് ബജറ്റിൽ പ്രതീക്ഷിക്കേണ്ടത്. പണപ്പെരുപ്പവും ധനക്കമ്മിയും നിയന്ത്രിച്ചുകൊണ്ടുതന്നെ വളർച്ചയുടെ പാത സ്വീകരിക്കാനാകും ബജറ്റിലൂടെ ധനമന്ത്രി ശ്രമിക്കുക

വര: ദ്വിജിത്ത്‌

2024-ലെ പൊതു തിരഞ്ഞെടുപ്പിനുമുമ്പായി രണ്ടാം മോദിസർക്കാരിന്റെ അവസാനത്തെ പൂർണ ബജറ്റാണ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കാൻ പോകുന്നത്. മുൻവർഷത്തേതിൽനിന്ന് ഭിന്നമായി അനിശ്ചിതത്വത്തിലൂടെയാണ് സമ്പദ്‌വ്യവസ്ഥ കടന്നുപോകുന്നത്. റഷ്യ-യുക്രൈൻ സംഘർഷം തുടരുന്നതും രണ്ടുവർഷത്തെ കോവിഡ് അടച്ചിടൽ ബാക്കിവെക്കുന്ന ക്ഷീണവുമെല്ലാം ബജറ്റിലും പ്രതിഫലിക്കാം.

പണപ്പെരുപ്പവും ധനക്കമ്മിയും നിയന്ത്രിച്ചുകൊണ്ടുതന്നെ വളർച്ചയുടെ പാത സ്വീകരിക്കാനാകും ബജറ്റിലൂടെ ധനമന്ത്രി ശ്രമിക്കുക. ഊർജം, ആരോഗ്യം, മരുന്നുവ്യവസായം, കെമിക്കൽസ്, സാങ്കേതികവിദ്യ, നിർമാണമേഖല എന്നിവയ്ക്ക് ബജറ്റിൽ ഊന്നലുണ്ടായേക്കും. അടിസ്ഥാനസൗകര്യവികസനം, ഡിജിറ്റൽവത്കരണം, ഉത്പാദനബന്ധിത ആനുകൂല്യങ്ങൾ എന്നിവയിൽ ശ്രദ്ധ നൽകാനിടയുണ്ട്.

പുതിയ നിക്ഷേപങ്ങൾ കൂടുതലായിവരുന്ന നിർമാണമേഖല, മൂലധനവസ്തുക്കൾ, പ്രതിരോധം, റെയിൽവേ, പൊതുമേഖലാബാങ്കുകൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ നൽകിയേക്കും. മൂലധനച്ചെലവ് ജി.ഡി.പി.യുടെ 2.9 ശതമാനത്തിൽനിന്ന് 3.5 ശതമാനമായി ഉയർത്താൻ ശ്രമമുണ്ടായേക്കും. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവിൽപ്പന, സബ്‌സിഡികൾ കുറയ്ക്കൽ തുടങ്ങിയവയുമായി മുന്നോട്ടുപോകാനാണ് സാധ്യത. സ്റ്റാർട്ടപ്പ് ഇന്ത്യാ പദ്ധതികൾ വഴി ഇത്തരം സംരംഭങ്ങൾക്ക് പ്രോത്സാഹനമുണ്ടായേക്കും.

●   ആദായനികുതി കുറയുമോ?

ഇന്ത്യയിലെ മധ്യവർഗം ഓരോ ബജറ്റിലും പ്രതീക്ഷിക്കുന്നത് ആദായനികുതിയിൽ കുറവുവരുമെന്നാണ്. ബജറ്റിൽ ഏറ്റവും ഉറ്റുനോക്കുന്ന മാറ്റങ്ങളിലൊന്നും ഇതുതന്നെ.

നികുതിനിരക്ക് കുറയ്ക്കുക, സ്റ്റാൻഡേഡ് ഡിഡക്‌ഷൻ പരിധി ഉയർത്തുക, 80സി പ്രകാരമുള്ള ഇളവ് വർധിപ്പിക്കുക തുടങ്ങിയവയാണ് ആദായനികുതിദായകർ ബജറ്റിൽ പ്രതീക്ഷിക്കുന്നത്. 2024-ലെ ലോക്‌സഭാതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇടത്തരക്കാരെ തൃപ്തിപ്പെടുത്താനുള്ള നീക്കമെന്ന നിലയ്ക്ക് ഇവയിൽ ചിലതിന് ധനമന്ത്രി മുതിർന്നാലും അദ്‌ഭുതപ്പെടാനില്ലെന്ന് വിദഗ്ധർ പറയുന്നു.

സ്റ്റാൻഡേഡ്‌ ഡിഡക്‌ഷൻ പരിധി ഉയർത്തിയാൽ ശമ്പളക്കാർക്കും പെൻഷൻകാർക്കും നേട്ടമാവും. നികുതിക്ക് അടിസ്ഥാനമാക്കുന്ന വ്യക്തിഗത വരുമാനത്തിൽ വരുത്തുന്ന കുറവാണ് സ്റ്റാൻഡേഡ് ഡിഡക്‌ഷൻ. ഇതുവഴി നികുതിഭാരം കുറയുന്നു. നിലവിൽ അരലക്ഷം രൂപയാണ് സ്റ്റാൻഡേഡ് ഡിഡക്‌ഷൻ. ജീവിതച്ചെലവ് വർധിച്ച സാഹചര്യത്തിൽ ഇത് വർധിപ്പിക്കണമെന്നാണ് ആവശ്യം.

2017-'18നുശേഷം ആദായനികുതി നിരക്കിൽ മാറ്റംവരുത്തിയിട്ടില്ല. 2020-ൽ പുതിയൊരു ഓപ്ഷണൽ നികുതി സ്ലാബ് രീതികൂടി കൊണ്ടുവന്നെങ്കിലും ഭൂരിഭാഗംപേരും അതിലേക്ക് മാറിയിട്ടില്ല. അതിനാൽ, നികുതിയിൽ അല്പം ആശ്വാസമാണ് ശമ്പളക്കാർ പ്രതീക്ഷിക്കുന്നത്. പരമാവധി നികുതിനിരക്ക് 30 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കണമെന്നും ഉയർന്ന നിരക്കിനുള്ള വരുമാനപരിധി പത്തുലക്ഷത്തിൽനിന്ന് 20 ലക്ഷം രൂപയാക്കണമെന്നും ആവശ്യമുയരുന്നു.

●   ഇളവുകൾ ഉണ്ടാവുമോ

ആദായനികുതിയിൽ പ്രതീക്ഷിക്കുന്ന മറ്റൊരിളവ് 80സി പ്രകാരമുള്ളതാണ്. നിലവിൽ 80 സി പ്രകാരം ഒന്നരലക്ഷം രൂപവരെയുള്ള ഇളവ് രണ്ടുമുതൽ രണ്ടരലക്ഷം വരെയെങ്കിലുമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ, ചികിത്സച്ചെലവുകളും മെഡിക്കൽ ഇൻഷുറൻസ് പ്രീമിയവും വർധിച്ചത് കണക്കിലെടുത്ത് 80ഡി പ്രകാരമുള്ള പരിധി 25,000 മുതൽ 50,000 രൂപവരെയുള്ളത് പണപ്പെരുപ്പനിരക്കിനനുസരിച്ച് വർധിപ്പിക്കണമെന്നാണ് ആവശ്യം. ലൈഫ് ഇൻഷുറൻസ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവയെപ്പോലെ ട്രാവൽ ഇൻഷുറൻസ്, ഹോം ഇൻഷുറൻസ്, അപകട ഇൻഷുറൻസ് എന്നിവയ്ക്കും നികുതിയിളവ് വേണമെന്ന് ആവശ്യമുയരുന്നുണ്ട്.

2014-ലാണ് ഏറ്റവുമൊടുവിൽ 80സി ഇളവ് പരിധിയിൽ മാറ്റംവരുത്തിയത്. ഭവനവായ്പ, നികുതിനേട്ടമുണ്ടാക്കുന്ന നിക്ഷേപങ്ങൾ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, ലൈഫ് ഇൻഷുറൻസ് പ്രീമിയം തുടങ്ങിയവ ഇതിനുകീഴിലാണ് വരുന്നത്. ജീവനക്കാരുടെ ശമ്പളവും പി.എഫ്. വിഹിതവും വർധിക്കുന്നുണ്ടെങ്കിലും 80സി പ്രകാരമുള്ള പരിധിയിൽ മാറ്റം വരുത്തിയിട്ടില്ല.

കോവിഡ് ലോക്ഡൗണിനുശേഷം ഒട്ടേറെ സ്ഥാപനങ്ങളിൽ ഇപ്പോഴും വർക്ക് ഫ്രം ഹോം തുടരുകയാണ്. അതിനാൽ വീട്ടിൽ ഓഫീസ് സ്ഥാപിക്കുന്ന ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അലവൻസ് പ്രഖ്യാപിക്കണമെന്ന ആവശ്യമുയരുന്നുണ്ട്.

അഞ്ചുലക്ഷം രൂപവരെയുള്ള സ്ഥിരനിക്ഷേപപലിശയെ നികുതിമുക്തമാക്കണമെന്ന് ബാങ്കുകൾ ആവശ്യപ്പെടുന്നു. ഇന്ത്യൻ ബാങ്ക് അസോസിയേഷൻ ഇതുസംബന്ധിച്ച് ധനമന്ത്രാലയത്തിന് നിവേദനം നൽകിയിട്ടുണ്ട്. മറ്റ് നിക്ഷേപപദ്ധതികളോട് ബാങ്ക് നിക്ഷേപത്തിന് മത്സരിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

നാഷണൽ പെൻഷൻ സ്കീമിലേക്കുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് 80 സി.സി.സി.ഡി.(1ബി) പ്രകാരമുള്ള ഡിഡക്‌ഷൻ അരലക്ഷത്തിൽനിന്ന് ഒന്നരലക്ഷമെങ്കിലുമാക്കണമെന്നും അസോചംപോലുള്ള സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.

●   കാർഷികമേഖല

കഴിഞ്ഞ ബജറ്റിൽ പി.എം. കിസാൻ പദ്ധതിക്ക് 65,000 കോടിയും സബ്‌സിഡി പദ്ധതിയായ ഫസൽ ഭീമാ യോജനയ്ക്ക് 16,000 കോടിയും ഹ്രസ്വകാലവായ്പകളുടെ പലിശ സബ്‌സിഡിക്കായി 19,468 കോടിയും നീക്കിവെച്ചിരുന്നു. ഇത്തവണയും ഇവയിലൊന്നും വലിയ കുറവ് പ്രതീക്ഷിക്കേണ്ടതില്ല.

ഹോർട്ടികൾച്ചർ, മത്സ്യബന്ധനം, പോൾട്രി, മൃഗസംരക്ഷണ മേഖലകൾക്ക് കൂടുതൽ വിഹിതം പ്രതീക്ഷിക്കുന്നുണ്ട്. ഇറച്ചിമേഖലയും വലിയ ക്ഷീണത്തിലാണ്. മത്സ്യബന്ധനം, ഇറച്ചി, പോൾട്രി മേഖലകളിൽ അടിസ്ഥാനസൗകര്യവികസനം പരിതാപകരമായതിനാൽ കൂടുതൽ തുക വകയിരുത്തണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പാൻ കാർഡ് ഏക ബിസിനസ് ഐ.ഡി.യാകുമോ?
ന്ത്യയിൽ ബിസിനസിനുള്ള ഏക ഐ.ഡി.യായി പാൻ കാർഡ് മാറ്റാൻ ബജറ്റിൽ തുടക്കം കുറിച്ചേക്കാമെന്ന് വ്യവസായികൾ പ്രതീക്ഷിക്കുന്നു. വിവിധ ബിസിനസ് പദ്ധതികളുടെ അംഗീകാരത്തിനായി നിലവിൽ ഇരുപതോളം വ്യത്യസ്ത ഐ.ഡി.കൾ തയ്യാറാക്കേണ്ടതുണ്ട്. നിക്ഷേപകരുടെ സമയവും പരിശ്രമവും ഏറെ വേണ്ടിവരുന്ന ഈ രീതിക്കുപകരമായി പാൻ കാർഡിനെ ഏക ഐ.ഡി.യാക്കണമെന്നാണ് ആവശ്യം.

Content Highlights: Budget Expectations: Will Income Tax Cut?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


02:09

പാടാനേറെ പാട്ടുകൾ ബാക്കിയാക്കി യാത്രയായ മലയാളത്തിന്റെ ഓലഞ്ഞാലിക്കുരുവി...

Feb 4, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented