യു.എ.ഇക്കെതിരേ പടിക്കല്‍ കലമുടച്ച് നമീബിയ പുറത്ത്, നെതര്‍ലന്‍ഡ്‌സ് സൂപ്പര്‍ 12-ല്‍


Photo: twitter.com/ICC

വിക്ടോറിയ: ഫലം മാറിമറിഞ്ഞ അത്യന്തം ആവേശകരമായ മത്സരത്തില്‍ നമീബിയയെ കീഴടക്കി യു.എ.ഇ. ഐ.സി.സി. ട്വന്റി 20 ലോകകപ്പ് പ്രാഥമിക ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഏഴ് റണ്‍സിനാണ് യു.എ.ഇ. നമീബിയയെ കീഴടക്കിയത്. ഈ തോല്‍വിയോടെ നമീബിയ സൂപ്പര്‍ 12 കാണാതെ പുറത്തായി. എ ഗ്രൂപ്പില്‍ നിന്ന് ശ്രീലങ്കയ്‌ക്കൊപ്പം നെതര്‍ലന്‍ഡ്‌സ് സൂപ്പര്‍ 12-ല്‍ ഇടം നേടി.

വിജയിച്ചാല്‍ സൂപ്പര്‍ 12-ല്‍ സ്ഥാനം നേടാന്‍ നമീബിയയ്ക്ക് സാധിക്കുമായിരുന്നു. മികച്ച റണ്‍റേറ്റും ടീമിനുണ്ടായിരു്‌നു. എന്നാല്‍ ടീമിന്റെ മോഹങ്ങള്‍ക്ക് യു.എ.ഇ. വലിയ തിരിച്ചടിയാണ് നല്‍കിയത്. ആദ്യം ബാറ്റുചെയ്ത യു.എ.ഇ. ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നമീബിയയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 50 റണ്‍സെടുക്കുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത മുഹമ്മദ് വസീമാണ് യു.എ.ഇയുടെ വിജയശില്‍പ്പി.



ടോസ് നേടി ബാറ്റിങ് ആരംഭിച്ച യു.എ.ഇ. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണ് നേടിയത്. ടീമിനായി ഓപ്പണര്‍ വസീം 41 പന്തുകളില്‍ നിന്ന് 50 റണ്‍സെടുത്തു. മൂന്നാമനായി വന്ന നായകനും മലയാളിയുമായ സി.പി.റിസ്വാന്‍ അടിച്ചുതകര്‍ക്കാന്‍ തുടങ്ങിയതോടെ യു.എ.ഇ. കുതിച്ചു. താരം 29 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെ പുറത്താവാതെ 43 റണ്‍സാണ് നേടിയത്. അഞ്ചാമനായി ക്രീസിലെത്തിയ മറ്റൊരു മലയാളിയായ ബേസില്‍ ഹമീദും നന്നായി ബാറ്റുചെയ്തതോടെ ടീം സ്‌കോര്‍ 148-ല്‍ എത്തി.

ബേസില്‍ 14 പന്തുകളില്‍ നിന്ന് പുറത്താവാതെ 25 റണ്‍സാണ് നേടിയത്. ബേസിലും റിസ്വാനും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 35 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നമീബിയയ്ക്ക് വേണ്ടി ഡേവിഡ് വീസും ബെര്‍ണാര്‍ഡ് ഷ്‌കോള്‍ട്‌സും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

149 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച നമീബിയയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. വെറും 69 റണ്‍സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടമായ നമീബിയയെ ആറാമനായി ഇറങ്ങിയ വീസ് ഒറ്റയ്ക്ക് തോളിലേറ്റി. റൂബന്‍ ട്രംപല്‍മാനെ കൂട്ടുപിടിച്ച് വീസ് അടിച്ചുതകര്‍ത്തു. ഇരുവരും 40 പന്തുകളില്‍ നിന്ന് 70 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്‌. വീസിന്റെ ബാറ്റിങ് മികവില്‍ നമീബിയ വിജയം നേടിയെന്ന് വരെ തോന്നിച്ചു. എന്നാല്‍ അവസാന ഓവറില്‍ കളി മാറി.

അവസാന ഓവറില്‍ നമീബിയയുടെ വിജയലക്ഷ്യം 14 റണ്‍സായി മാറി. വസീമിനെയാണ് നായകന്‍ റിസ്വാന്‍ പന്തേല്‍പ്പിച്ചത്. ആദ്യ പന്തില്‍ രണ്ട് റണ്‍സ് നേടിയ നമീബിയയ്ക്ക് രണ്ടാം പന്തില്‍ ഒരു റണ്‍ മാത്രമാണ് നേടാനായത്. ഇതോടെ മത്സരം ആവേശക്കൊടുമുടിയിലായി. മൂന്നാം പന്തിലും ഒരു റണ്‍ മാത്രമാണ് വസീം വിട്ടുനല്‍കിയത്. ഇതോടെ മൂന്ന് പന്തില്‍ നമീബിയയുടെ വിജയലക്ഷ്യം 10 റണ്‍സായി. നാലാം പന്തില്‍ അപകടകാരിയായ വീസിനെ പുറത്താക്കി വസീം മത്സരത്തിന്റെ ഗതി മാറ്റി. 36 പന്തുകളില്‍ നിന്ന് മൂന്ന് വീതം ഫോറിന്റെയും സിക്‌സിന്റെയും അകമ്പടിയോടെ 55 റണ്‍സെടുത്ത വീസിനെ വസീം അലിഷാന്‍ ഷറഫുവിന്റെ കൈയ്യിലെത്തിച്ചു. അടുത്ത രണ്ട് പന്തുകളിലും ഓരോ റണ്‍ മാത്രം വിട്ടുനല്‍കിയ വസീം യു.എ.ഇയ്ക്ക് ടൂര്‍ണമെന്റിലെ ആദ്യ വിജയം സമ്മാനിച്ചു. പടിക്കല്‍ കലമുടച്ച് കണ്ണീരോടെ നമീബിയ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

ട്രംപല്‍മാന്‍ 25 റണ്‍സെടുത്തും ഷ്‌കോള്‍ട്‌സ് ഒരു റണ്‍ നേടിയും പുറത്താവാതെ നിന്നു. യു.എ.ഇയ്ക്ക് വേണ്ടി സഹൂര്‍ ഖാനും ബേസില്‍ ഹമീദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജുനൈദ് സിദ്ദിഖ്, കാര്‍ത്തിക്ക് മെയ്യപ്പന്‍, മുഹമ്മദ് വസീം എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. യു.എ.ഇ. നേരത്തേ സൂപ്പര്‍ 12 കാണാതെ പുറത്തായിരുന്നു.

Content Highlights: icc t20 world cup 2022, t20 world cup 2022, namibia vs uae, super 12 team, uae cricket, namibia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented