പെര്‍ത്തില്‍ തകര്‍ത്തടിച്ച് സ്റ്റോയ്‌നിസ്; ലങ്കയെ 7 വിക്കറ്റിന് തകര്‍ത്ത് നില ഭദ്രമാക്കി ഓസീസ്


Photo: twitter.com/ICC

പെര്‍ത്ത്: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 ഗ്രൂപ്പ് ഒന്നിലെ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ നിര്‍ണായക ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. ലങ്ക ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം 16.3 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഓസ്‌ട്രേലിയ മറികടന്നു.

അഞ്ചാമനായി ക്രീസിലെത്തി തകര്‍ത്തടിച്ച ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസാണ് ഓസീസ് വിജയം വേഗത്തിലാക്കിയത്. വെറും 17 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി നേടിയ താരം 18 പന്തുകള്‍ നേരിട്ട് ആറ് സിക്‌സും നാല് ഫോറുമടക്കം 59 റണ്‍സോടെ പുറത്താകാതെ നിന്നു. ജയത്തോടൊപ്പം മികച്ച നെറ്റ് റണ്‍റേറ്റും ആവശ്യമായിരുന്ന ഓസീസിന് തുണയായത് സ്‌റ്റോയ്‌നസിന്റെ ഇന്നിങ്‌സായിരുന്നു.



വെടിക്കെട്ട് ഇന്നിങ്‌സോടെ ട്വന്റി 20-യില്‍ ഒരു ഓസീസ് താരത്തിന്റെ വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന റെക്കോഡ് സ്‌റ്റോയ്‌നിസ് സ്വന്തമാക്കി. ട്വന്റി 20 ലോകകപ്പില്‍ പിറക്കുന്ന ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ചുറിയും കൂടിയാണ് സ്‌റ്റോയ്‌നിസിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

158 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസിന് അഞ്ചാം ഓവറില്‍ തന്നെ ഡേവിഡ് വാര്‍ണറെ (11) നഷ്ടമായി. സഹ ഓപ്പണറും ക്യാപ്റ്റനുമായ ഫിഞ്ചിന് സ്‌കോര്‍ ഉയര്‍ത്താനും സാധിച്ചില്ല. 17 പന്തില്‍ നിന്ന് 17 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷും 12 പന്തില്‍ നിന്ന് 23 റണ്‍സടിച്ച ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് ഓസീസ് സ്‌കോറിങ് അല്‍പമെങ്കിലും വേഗത്തിലാക്കിയത്. എന്നാല്‍ ഇരുവരും പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ സ്‌റ്റോയ്‌നിസ് മത്സരം ഒറ്റയ്ക്ക് സ്വന്തമാക്കുകയായിരുന്നു. ഫിഞ്ച് 42 പന്തില്‍ നിന്ന് 31 റണ്‍സോടെ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തിരുന്നു.

ബാറ്റിങ്ങിനിറങ്ങിയ ലങ്കയുടേത് മോശം തുടക്കമായിരുന്നു. രണ്ടാം ഓവറില്‍ തന്നെ സ്‌കോര്‍ ഉയര്‍ത്താന്‍ കെല്‍പ്പുണ്ടായിരുന്ന കുശാല്‍ മെന്‍ഡിസ് (5) പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വീണു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച പഥും നിസ്സങ്ക - ധനഞ്ജയ ഡിസില്‍വ സഖ്യം 69 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലു സ്‌കോറിങ് വേഗം കുറഞ്ഞു. 23 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ഡിസില്‍വയെ 12-ാം ഓവറില്‍ ആഷ്ടണ്‍ അഗര്‍ മടക്കി. പിന്നാലെ നിസ്സങ്ക റണ്ണൗട്ടായി. 45 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയടക്കം 40 റണ്‍സെടുത്ത നിസ്സങ്കയായിരുന്നു ലങ്കയുടെ ടോപ് സ്‌കോറര്‍.

തുടര്‍ന്ന് സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ഭാനുക രജപക്‌സ (7), ക്യാപ്റ്റന്‍ ദസുന്‍ ഷാനക (3) എന്നിവരെ ലങ്കയ്ക്ക് നഷ്ടമായി. പിന്നാലെ വാനിന്ദു ഹസരംഗയേയും (1) അവര്‍ക്ക് നഷ്ടമായി. അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായതോടെ ലങ്കന്‍ സ്‌കോറിങ്ങിന്റെ വേഗവും കുറഞ്ഞു. എന്നാല്‍ 25 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സുമടക്കം 39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ചരിത് അസലങ്കയാണ് ലങ്കന്‍ സ്‌കോര്‍ 150 കടത്തിയത്. ഏഴു പന്തില്‍ നിന്ന് 14 റണ്‍സെടുത്ത ചാമിക കരുണരത്‌നെ, അസലങ്കയ്ക്ക് മികച്ച പിന്തുണ നല്‍കി. പാറ്റ് കമ്മിന്‍സ് എറിഞ്ഞ അവസാന ഓവറില്‍ 20 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.

Content Highlights: T20 World Cup Super 12 Australia vs Sri Lanka perth


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented