പെര്‍ത്തില്‍ സിംബാബ്‌വെയുടെ അട്ടിമറി; പാകിസ്താനെ തകര്‍ത്തത് ഒരു റണ്ണിന്


തോല്‍വിയോടെ പാകിസ്താന്റെ സെമി പ്രതീക്ഷകള്‍ അനിശ്ചിതത്വത്തിലായി. രണ്ടു കളികളില്‍ നിന്ന് മൂന്ന് പോയന്റുമായി സിംബാബ്വെ ഗ്രൂപ്പ് രണ്ടില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.

Photo: AFP

പെര്‍ത്ത്: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്താനെ അട്ടിമറിച്ച് സിംബാബ്വെ. അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ഒരു റണ്ണിനായിരുന്നു സിംബാബ്വെയുടെ ജയം.

സിംബാബ്വെ ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്റെ പോരാട്ടം 20 ഓവറില്‍ എട്ടിന് 129 റണ്‍സില്‍ അവസാനിച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണ്ടിയിരുന്ന പാകിസ്താന് ഒമ്പത് റണ്‍സ് മാത്രമേ നേടാനായുള്ളൂ.



നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിക്കന്തര്‍ റാസയാണ് പാകിസ്താനെ തകര്‍ത്തത്. റാസ തന്നെയാണ് കളിയിലെ താരവും. തോല്‍വിയോടെ പാകിസ്താന്റെ സെമി പ്രതീക്ഷകള്‍ അനിശ്ചിതത്വത്തിലായി. രണ്ടു കളികളില്‍ നിന്ന് മൂന്ന് പോയന്റുമായി സിംബാബ്വെ ഗ്രൂപ്പ് രണ്ടില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. രണ്ടു മത്സരങ്ങളും പരാജയപ്പെട്ട പാകിസ്താന്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്.

131 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പാകിസ്താനായി ഇത്തവണയും ക്യാപ്റ്റന്‍ ബാബര്‍ അസമിന് തിളങ്ങാനായില്ല. ഒമ്പത് പന്തില്‍ നിന്ന് വെറും നാലു റണ്‍സ് മാത്രമെടുത്ത ബാബര്‍ നാലാം ഓവറില്‍ മടങ്ങി. പിന്നാലെ 16 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത് മുഹമ്മദ് റിസ്വാനും മടങ്ങിയതോടെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പാകിസ്താന്റെ തുടക്കം പാളി. തുടര്‍ന്നെത്തിയ ഇഫ്തിഖര്‍ അഹമ്മദിനെയും നിലയുറപ്പിക്കാന്‍ സിംബാബ്വെ ബൗളര്‍മാര്‍ സമ്മതിച്ചില്ല. 10 പന്തില്‍ നിന്നും അഞ്ചു റണ്‍സ് മാത്രമെടുത്ത ഇഫ്തിഖറിനെ ലൂക്ക് ജോങ്‌വെ മടക്കുകയായിരുന്നു. ഇതോടെ 7.4 ഓവറില്‍ മൂന്നിന് 36 റണ്‍സെന്ന നിലയിലേക്ക് പാകിസ്താന്‍ വീണു.

എന്നാല്‍ നാലാം വിക്കറ്റില്‍ ഷദാബ് ഖാനെ കൂട്ടുപിടിച്ച് ഷാന്‍ മസൂദ് 52 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി പാകിസ്താനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചിരുന്നു. എന്നാല്‍ 14-ാം ഓവറില്‍ തൊട്ടടുത്ത പന്തുകളില്‍ ഷദാബ് ഖാനെയും (14 പന്തില്‍ 17) ഹൈദര്‍ അലിയേയും (0) മടക്കിയ സിക്കന്തര്‍ റാസ പാകിസ്താനെ വീണ്ടും പ്രതിരോധത്തിലാക്കി. അപ്പോഴും ഷാന്‍ മസൂദ് ക്രീസിലുള്ളത് പാകിസ്താന് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ 16-ാം ഓവറില്‍ മടങ്ങിയെത്തിയ റാസ ആദ്യ പന്തില്‍ തന്നെ ഷാന്‍ മസൂദിനെ മടക്കി ആ പ്രതീക്ഷ അവസാനിപ്പിച്ചു. 38 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 44 റണ്‍സെടുത്താണ് മസൂദ് മടങ്ങിയത്.

പിന്നീട് ഏഴാം വിക്കറ്റില്‍ ഒന്നിച്ച മുഹമ്മദ് നവാസും മുഹമ്മദ് വസീമും ചേര്‍ന്ന് 34 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ജയത്തിലെത്താന്‍ പാകിസ്താനെ ആ കൂട്ടുകെട്ട് തുണച്ചില്ല. 18 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത നവാസ് നവാസിനെ അവസാന ഓവറില്‍ പുറത്താക്കി ബ്രാഡ് ഇവാന്‍സ് പാക് പ്രതീക്ഷകള്‍ അവസാനിപ്പിച്ചു. അവസാന പന്തില്‍ ജയിക്കാന്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കെ ഷഹീന്‍ അഫ്രീദി റണ്ണൗട്ടായതോടെ സിംബാബ്വെയ്ക്ക് ചരിത്ര ജയം.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സിംബാബ്വെ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തിരുന്നു.

നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് വസീമും 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷദാബ് ഖാനും ചേര്‍ന്നാണ് സിംബാബ്വെയെ തകര്‍ത്തത്. ഹാരിസ് റൗഫ് ഒരു വിക്കറ്റെടുത്തു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സിംബാബ്വെയുടേത് മികച്ച തുടക്കം തന്നെയായിരുന്നു. വെസ്ലി മധെവെരെയും ക്യാപ്റ്റനും ക്രെയ്ഗ് ഇര്‍വിനും ചേര്‍ന്ന് 29 പന്തില്‍ നിന്ന് 42 റണ്‍സടിച്ച ശേഷമാണ് പിരിഞ്ഞത്. 19 പന്തില്‍ നിന്നും 19 റണ്‍സ് നേടിയ ഇര്‍വിനെ മടക്കി മുഹമ്മദ് വസീമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ആറാം ഓവറില്‍ മധെവെരെയും മടങ്ങി. 13 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 17 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

പിന്നാലെ സിംബാബ്വെയ്ക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. 28 പന്തില്‍ നിന്നും 31 റണ്‍സെടുത്ത സീന്‍ വില്യംസിന് മാത്രമാണ് പിന്നീട് പാക് ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായത്. മില്‍ട്ടണ്‍ ശുംഭ (8), സിക്കന്തര്‍ റാസ (9), റെഗിസ് ചക്കാബവ (0) എന്നിവരെല്ലാം പരാജയമായി. റയാന്‍ ബേള്‍ 10 റണ്‍സോടെയും റിച്ചാര്‍ഡ് നഗാരവ മൂന്ന് റണ്‍സോടെയും പുറത്താകാതെ നിന്നു. ബ്രാഡ് ഇവാന്‍സ് 15 പന്തില്‍ നിന്ന് 19 റണ്‍സെടുത്തു.

Content Highlights: T20 World Cup 2022 Pakistan vs Zimbabwe at perth


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented