മഴ കളിച്ച മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തു; സെമി പ്രതീക്ഷ നിലനിര്‍ത്തി പാകിസ്താന്‍


Photo: twitter.com/ICC

സിഡ്‌നി: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12-ലെ നിര്‍ണായക പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി സെമി പ്രതീക്ഷ നിലനിര്‍ത്തി പാകിസ്താന്‍. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 33 റണ്‍സിനായിരുന്നു പാകിസ്താന്റെ ജയം.

ഒരു ഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക ഒമ്പത് ഓവറില്‍ നാലിന് 69 റണ്‍സില്‍ നില്‍ക്കെ മഴയെത്തിയതോടെ വിജയലക്ഷ്യം 14 ഓവറില്‍ 142 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് 14 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.



മൂന്ന് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷഹീന്‍ അഫ്രീദിയാണ് പാക് ബൗളര്‍മാരില്‍ തിളങ്ങിയത്. ഷദാബ് ഖാന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

ജയത്തോടെ നാല് കളികളില്‍ നിന്ന് നാല് പോയന്റുമായി പാകിസ്താന്‍ മൂന്നാം സ്ഥാനത്തെത്തി. ഇപ്പോഴും പാക്‌ ടീമിന്റെ സെമി സാധ്യത ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകളുടെ അവസാന മത്സരഫലം അനുസരിച്ചാണ്.

19 പന്തില്‍ ഒരു സിക്‌സും നാല് ഫോറുമടക്കം 36 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടെംബ ബവുമയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

186 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം പാളി. ഫോമിലുള്ള ക്വിന്റണ്‍ ഡിക്കോക്കിനെ (0) ആദ്യ ഓവറില്‍ തന്നെ ഷഹീന്‍ അഫ്രീദി മടക്കി. പിന്നാലെ വമ്പനടികള്‍ക്ക് പേരുകേട്ട റൈലി റൂസ്സോയേയും (7) മടക്കിയ അഫ്രീദി പാകിസ്താന് പ്രതീക്ഷയേകി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ടെംബ ബവുമ - ഏയ്ഡന്‍ മാര്‍ക്രം സഖ്യം 49 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് ട്രാക്കിലാക്കിയിരുന്നു. പക്ഷേ എട്ടാം ഓവറില്‍ ബവുമയെ മടക്കി ഷദാബ് ഖാന്‍ മത്സരം വീണ്ടും പാകിസ്താന് അനുകൂലമാക്കി. അതേ ഓവറിലെ മൂന്നാം പന്തില്‍ മാര്‍ക്രത്തിന്റെ കുറ്റിയിളക്കിയ ഷദാബ് അവരെ പ്രതിരോധത്തിലാക്കി. 14 പന്തില്‍ നിന്ന് 20 റണ്‍സായിരുന്നു മാര്‍ക്രത്തിന്റെ സമ്പാദ്യം. പിന്നാലെ 15 റണ്‍സുമായി ഹെന്‍ റിക് ക്ലാസനും മടങ്ങിയതോടെ പാക് പ്രതീക്ഷ വര്‍ധിച്ചു. പിന്നാലെ വെയ്ന്‍ പാര്‍നല്‍ (3), ട്രിസ്റ്റണ്‍ സ്റ്റബ്ബ്‌സ് (18), കാഗിസോ റബാദ (1), ആന്റിച്ച് നോര്‍ക്യ (1) എന്നിവരെയും പുറത്താക്കി പാകിസ്താന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന്‍ തുടക്കത്തിലെ തകര്‍ച്ചയെ അതിജീവിച്ച് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തിരുന്നു.

ഒരു ഘട്ടത്തില്‍ നാലിന് 43 റണ്‍സെന്ന നിലയിലായിരുന്ന പാകിസ്താനെ ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ് എന്നിവരുടെ ഇന്നിങ്സുകളാണ് 185-ല്‍ എത്തിച്ചത്.

വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് വെറും 22 പന്തില്‍ നിന്ന് നാല് സിക്സും മൂന്ന് ഫോറുമടക്കം 52 റണ്‍സെടുത്ത ഷദാബാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍. ഇഫ്തിഖര്‍ 35 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 51 റണ്‍സെടുത്തു. ഇരുവരും ആറാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 82 റണ്‍സാണ് പാകിസ്താനെ മികച്ച സ്‌കോറിലെത്തിച്ചത്.

ലോകകപ്പില്‍ നിന്ന് പുറത്താകാതിരിക്കാന്‍ ജയം അനിവാര്യമായ മത്സരത്തില്‍ പാക് ടീമിന്റേത് മോശം തുടക്കമായിരുന്നു. ഓപ്പണര്‍മാരായ മുഹമ്മദ് റിസ്വാനും (4) ക്യാപ്റ്റന്‍ ബാബര്‍ അസമും (6) വലിയ ചെറുത്തുനില്‍പ്പില്ലാതെ മടങ്ങി. ഈ സമയം 11 പന്തില്‍ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 28 റണ്‍സെടുത്ത മുഹമ്മദ് ഹാരിസിന്റെ കാമിയോ ഇന്നിങ്സാണ് പവര്‍പ്ലേയില്‍ പാകിസ്താന് 42 റണ്‍സ് സമ്മാനിച്ചത്. എന്നാല്‍ അപ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നാലെ ഏഴാം ഓവറില്‍ ഷാന്‍ മസൂദും (2) പുറത്തായതോടെ പാകിസ്താന്‍ നാലിന് 43 റണ്‍സെന്ന നിലയിലേക്ക് വീണു.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഇഫ്തിഖര്‍ അഹമ്മദ് - മുഹമ്മദ് നവാസ് സഖ്യം 52 റണ്‍സ് കൂട്ടിച്ചേര്‍ത്ത് പാക് ടീമിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. എന്നാല്‍ 22 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത നവാസ് 13-ാം ഓവറില്‍ റണ്ണൗട്ടായതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു. എന്നാല്‍ ഇഫ്തിഖറിനൊപ്പം ഷദാബ് ഖാന്‍ എത്തിയതോടെ പാക് സ്‌കോറിങ് ടോപ് ഗിയറിലായി.

ദക്ഷിണാഫ്രിക്കയ്ക്കായി ആന്റിച്ച് നോര്‍ക്യ നാല് വിക്കറ്റ് വീഴ്ത്തി.

Content Highlights: T20 World Cup 2022 Pakistan vs South Africa Sydney


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented