പവര്‍ഫുള്‍ പാകിസ്താന്‍, കിവീസിനെ ഏഴുവിക്കറ്റിന് തകര്‍ത്ത് ഫൈനലില്‍


Photo: AFP

സിഡ്‌നി: 2022 ട്വന്റി 20 ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ടീമായി പാകിസ്താന്‍. സെമി ഫൈനലില്‍ കരുത്തരായ ന്യൂസീലന്‍ഡിനെ ഏഴുവിക്കറ്റിന് തകര്‍ത്താണ് പാകിസ്താന്‍ ഫൈനലിലെത്തിയത്. അര്‍ധസെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാനും നായകന്‍ ബാബര്‍ അസമുമാണ് പാകിസ്താന് വേണ്ടി തകര്‍പ്പന്‍ വിജയമൊരുക്കിയത്. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന്‍ 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.

പാകിസ്താന്റെ മൂന്നാം ട്വന്റി 20 ലോകകപ്പ് ഫൈനലാണിത്. 2007 ഫൈനലില്‍ ഇന്ത്യയോട് തോറ്റ് പാകിസ്താന്‍ 2009-ല്‍ കിരീടം നേടിയിട്ടുണ്ട്. മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് പാകിസ്താന്‍ കിവീസിന്റെ ചിറകരിഞ്ഞത്.154 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് വേണ്ടി ഓപ്പണര്‍മാരായ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും തകര്‍പ്പന്‍ തുടക്കമാണ് കാഴ്ചവെച്ചത്. ആദ്യ ഓവര്‍ തൊട്ട് ആക്രമിച്ച് കളിച്ച ഇരുവരും വെറും 5.4 ഓവറില്‍ ടീം സ്‌കോര്‍ 50 കടത്തി. റിസ്വാനായിരുന്നു കൂടുതല്‍ അപകടകാരി. പേരുകേട്ട കിവീസ് പേസ് നിരയെ ബാറ്റര്‍മാര്‍ ഒരു കൂസലുമില്ലാതെ നേരിട്ടു.

11-ാം ഓവറില്‍ ബാബര്‍ അസം അര്‍ധസെഞ്ചുറി നേടി. 38 പന്തുകളില്‍ നിന്നാണ് പാക് നായകന്‍ അര്‍ധശതകം നേടിയത്. ടൂര്‍ണമെന്റിലെ ബാബറിന്റെ ആദ്യ അര്‍ധസെഞ്ചുറി കൂടിയാണിത്. അതുവരെയുള്ള എല്ലാ മത്സരങ്ങളില്‍ നിന്നുമായി ബാബര്‍ വെറും 39 റണ്‍സ് മാത്രമായിരുന്നു നേടിയിരുന്നത്. 11.4 ഓവറില്‍ റിസ്വാനും ബാബറും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. വെറും 73 പന്തുകളില്‍ നിന്നാണ് ഇരുവരും 100 റണ്‍സ് അടിച്ചെടുത്തത്.

എന്നാല്‍ അര്‍ധസെഞ്ചുറി നേടിയതിനുപിന്നാലെ ബാബര്‍ പുറത്തായി. ബോള്‍ട്ടിന്റെ പന്തില്‍ സിക്‌സടിക്കാനുള്ള ബാബറിന്റെ ശ്രമം ഡാരില്‍ മിച്ചലിന്റെ കൈയ്യില്‍ അവസാനിച്ചു. 42 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെ സഹായത്തോടെ 53 റണ്‍സെടുത്താണ് ബാബര്‍ മടങ്ങിയത്. ബാബറിന് പകരം മുഹമ്മദ് ഹാരിസാണ് ക്രീസിലെത്തിയത്.

പിന്നാലെ റിസ്വാനും അര്‍ധസെഞ്ചുറി നേടി. 36 പന്തുകളില്‍ നിന്നാണ് റിസ്വാന്‍ അര്‍ധശതകം പൂര്‍ത്തിയാക്കിയത്. എന്നാല്‍ റിസ്വാന് ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ടീം സ്‌കോര്‍ 132-ല്‍ നില്‍ക്കേ റിസ്വാനെ ബോള്‍ട്ട് പുറത്താക്കി. 43 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെ 57 റണ്‍സെടുത്താണ് റിസ്വാന്‍ ക്രീസ് വിട്ടത്.

റിസ്വാന്‍ മടങ്ങിയ ശേഷം ഹാരിസ് ഒരു സിക്‌സും ഫോറുമടിച്ച് സമ്മര്‍ദം കുറച്ചു. എന്നാല്‍ 19-ാം ഓവറിലെ അവസാന പന്തില്‍ ഹാരിസിനെ മിച്ചല്‍ സാന്റ്‌നര്‍ പുറത്താക്കി. എന്നാല്‍ 20-ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ വിജയറണ്‍ നേടിക്കൊണ്ട് ഷാന്‍ മസൂദ് ടീമിന് വിജയം സമ്മാനിച്ചു. ഷാന്‍ മൂന്ന് റണ്‍സെടുത്തും ഇഫ്തിഖര്‍ അഹമ്മദ് റണ്‍സെടുക്കാതെയും പുറത്താവാതെ നിന്നു.

ന്യൂസീലന്‍ഡിനായി ട്രെന്റ് ബോള്‍ട്ട് രണ്ടുവിക്കറ്റെടുത്തപ്പോള്‍ സാന്റ്‌നര്‍ ഒരു വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു.

തുടക്കം മോശമായ ന്യൂസീലന്‍ഡിനെ നാലാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ - ഡാരില്‍ മിച്ചല്‍ സഖ്യമാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. അര്‍ധ സെഞ്ചുറി നേടിയ മിച്ചലാണ് ന്യൂസീലന്‍ഡിന്റെ ടോപ് സ്‌കോറര്‍. 35 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 53 റണ്‍സോടെ പുറത്താകാതെ നിന്നു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് ഇന്നിങ്‌സിന്റെ മൂന്നാം പന്തില്‍ തന്നെ ഫിന്‍ അലനെ (4) നഷ്ടമായി. തുടര്‍ന്ന് ഡെവോണ്‍ കോണ്‍വെയും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ സ്‌കോര്‍ 38-ല്‍ നില്‍ക്കുമ്പോള്‍ കോണ്‍വെ റണ്ണൗട്ടായി. 20 പന്തില്‍ നിന്ന് 21 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നാലെയെത്തിയ വമ്പനടിക്കാരന്‍ ഗ്ലെന്‍ ഫിലിപ്പും (6) പെട്ടെന്ന് മടങ്ങിയതോടെ കിവീസ് പ്രതിരോധത്തിലായി.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച വില്യംസണ്‍ - ഡാരില്‍ മിച്ചല്‍ സഖ്യം 68 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീം സ്‌കോര്‍ മുന്നോട്ടുനയിച്ചു. ഇതിനിടെ ഷഹീന്‍ അഫ്രീദിയെറിഞ്ഞ 17-ാം ഓവറില്‍ വില്യംസണ് പിഴച്ചു. സ്‌കൂപ്പിന് ശ്രമിച്ച വില്യംസന്റെ വിക്കറ്റുമായി പന്ത് പറന്നു. 42 പന്തില്‍ നിന്ന് ഓരോ സിക്‌സും ഫോറുമടക്കം 46 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

പിന്നീട് ജെയിംസ് നീഷാമിനെ കൂട്ടുപിടിച്ച് മിച്ചല്‍ സ്‌കോര്‍ 152-ല്‍ എത്തിച്ചു. നീഷാം 12 പന്തില്‍ നിന്ന് 16 റണ്‍സോടെ പുറത്താകാതെ നിന്നു.

പാകിസ്താനു വേണ്ടി ഷഹീന്‍ അഫ്രീദി രണ്ട് വിക്കറ്റ് വീഴ്ത്തി.

Content Highlights: T20 World Cup 2022 Pakistan vs New Zealand 1st semi final


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented