ആരാകും മെല്‍ബണില്‍ പാകിസ്താന്റെ എതിരാളി? സെമിയില്‍ ഇന്ന് ഇന്ത്യ - ഇംഗ്ലണ്ട്


ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഇന്ന് ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം, മത്സരം ഉച്ചയ്ക്ക് 1.30 മുതൽ അഡ്‌ലെയ്ഡിൽ

Photo: AFP, AP

അഡ്ലെയ്ഡ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് വ്യാഴാഴ്ച ഇംഗ്ലീഷ് പരീക്ഷയാണ്. ആത്യന്തിക മഹത്ത്വത്തിലേക്ക് ഇനി രണ്ടു ചുവടുകള്‍ മാത്രം. അഡ്ലെയ്ഡില്‍ നടക്കുന്ന സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ ചുവട് പിഴയ്ക്കാതിരിക്കാന്‍ രോഹിത് ശര്‍മയും സംഘവും ജാഗരൂകരായേ തീരൂ.

ഗ്രൂപ്പുഘട്ടത്തില്‍ ഇംഗ്ലണ്ടിനേക്കാള്‍ മികച്ച പ്രകടനമായിരുന്നു ലോക ഒന്നാം നമ്പര്‍ ടീമായ ഇന്ത്യയുടേത്. ഇന്ത്യ ഗ്രൂപ്പു ജേതാക്കളായപ്പോള്‍ രണ്ടാം സ്ഥാനക്കാരായാണ് ലോക രണ്ടാം നമ്പര്‍ ടീമായ ഇംഗ്ലണ്ട് സെമിയിലെത്തിയത്.ഇടര്‍ച്ചകള്‍

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടൂര്‍ണമെന്റുകളില്‍ പലപ്പോഴും ഇന്ത്യക്ക് സെമിയിലും ഫൈനലിലും കാലിടറിയിട്ടുണ്ട്. 2014 ട്വന്റി 20 ലോകകപ്പ് ഫൈനല്‍, 2016 ട്വന്റി 20 ലോകകപ്പ് സെമിഫൈനല്‍, 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍, 2019 ഏകദിന ലോകകപ്പ് സെമിഫൈനല്‍ എന്നിവയിലെല്ലാം ഇന്ത്യ പരാജയപ്പെട്ടു. ആ മത്സരങ്ങളിലെല്ലാം രോഹിത് ശര്‍മ കളിച്ചിട്ടുണ്ട്. ക്യാപ്റ്റനായിരുന്നില്ലെന്നുമാത്രം. കിരീടവരള്‍ച്ചയാണ് വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് പ്രതിസന്ധിയുണ്ടാക്കിയത്. കോലിയില്‍നിന്ന് ക്യാപ്റ്റന്‍സി ഏറ്റെടുത്ത രോഹിതിന് കിരീടത്തില്‍ കുറഞ്ഞതൊന്നും മതിയാകില്ല.

ഇംഗ്ലണ്ടിനെതിരേ ക്യാപ്റ്റന്റെ ഇന്നിങ്സ് ആരാധകര്‍ പ്രതീക്ഷിക്കുന്നു. അഞ്ചു കളിയില്‍ 89 റണ്‍സ് മാത്രമാണ് രോഹിതിന് നേടാനായത്. ഒഴുക്കുള്ള ആ ശൈലി ഓസ്ട്രേലിയയില്‍ കാണാനാകുന്നില്ല. വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരില്‍ ഒരാള്‍ തിളങ്ങിയാല്‍ കാര്യങ്ങള്‍ അനുകൂലമാകും എന്ന ചിന്തയിലാണ് ഇന്ത്യ. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററാണ് (246) കോലി. സൂര്യ 225 റണ്‍സാണടിച്ചത്. ഇവരുടെ ഒരു മികച്ച കൂട്ടുകെട്ടാണ് ഇന്ത്യയുടെ സ്വപ്നം. ഹാര്‍ദിക് പണ്ഡ്യ നന്നായി ബൗള്‍ ചെയ്യുന്നുണ്ടെങ്കിലും ബാറ്റിങ്ങില്‍ മുടന്തുകയാണ്.

ക്യാപ്റ്റന്‍ ജോസ് ബട്ലറുടെ ബാറ്റിങ്ങിലും ബെന്‍ സ്റ്റോക്സിന്റെ ഓള്‍റൗണ്ട് മികവിലും ഇംഗ്ലണ്ട് ഏറെ ആശ്രയിക്കുന്നു. ബൗളിങ്ങില്‍ പേസര്‍ സാം കറനും ലെഗ് സ്പിന്നര്‍ ആദില്‍ റാഷിദുമായിരിക്കും ഇന്ത്യക്ക് ഭീഷണിയാവുക. പേസ് ബൗളര്‍ മാര്‍ക് വുഡ്, മൂന്നാം നമ്പര്‍ ബാറ്റര്‍ ഡേവിഡ് മാലന്‍ എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്. ഇവരുടെ ഫിറ്റ്നസ് സംബന്ധിച്ച് അവസാനനിമിഷംവരെ കാക്കാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം.

ഋഷഭും ചാഹലും വരുമോ?

ദിനേഷ് കാര്‍ത്തിക്കിന് പകരം ഋഷഭ് പന്തും അക്സര്‍ പട്ടേലിന് പകരം യുസ്വേന്ദ്ര ചാഹലും കളിക്കുമോ എന്നാണ് ഇന്ത്യന്‍ ക്യാമ്പിലെ ആകാംക്ഷ. കഴിഞ്ഞമത്സരത്തില്‍ ഋഷഭ് കളിച്ചെങ്കിലും ശോഭിച്ചില്ല. അഞ്ചാം നമ്പറില്‍ ഇറങ്ങി ആക്രമിച്ചുകളിക്കണോ പ്രതിരോധിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് ഋഷഭ്. ഫിനിഷര്‍ എന്ന ആശയത്തില്‍വന്ന കാര്‍ത്തിക്കിനെ പുറത്തിരുത്തുന്നത് കോച്ച് രാഹുല്‍ ദ്രാവിഡിന് അത്ര പഥ്യമല്ല.

9.10 ഇക്കോണമിയില്‍ മൂന്ന് വിക്കറ്റെടുത്ത അക്സറിന്റെ ബൗളിങ്ങും കേമമല്ല. സ്പിന്നിനെ തുണയ്ക്കുമെന്ന് കരുതുന്ന പിച്ചില്‍ ചാഹലിന് അവസരം കൊടുക്കണമെന്ന് വാദിക്കുന്നവരുണ്ട്.

കോലിയുടെ പ്രിയ ഗ്രൗണ്ട്

ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ വിരാട് കോലിയുടെ പ്രിയ ഗ്രൗണ്ടാണ് അഡ്ലെയ്ഡ്. എല്ലാ ഫോര്‍മാറ്റിലുമായി 14 ഇന്നിങ്സുകളില്‍ കോലി ഇവിടെ അഞ്ച് സെഞ്ചുറികളും മൂന്ന് അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്. കോലിയുടെ ആദ്യ ടെസ്റ്റ് സെഞ്ചുറി ഇവിടെയായിരുന്നു. ഈ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരേ കോലി അര്‍ധസെഞ്ചുറി നേടിയിരുന്നു.

കോലിയെ തളയ്ക്കാന്‍ ലെഗ് സ്പിന്നര്‍ ആദില്‍ റാഷിദിനെയാകും ഇംഗ്ലണ്ട് ആശ്രയിക്കുക. ഈ ലോകകപ്പില്‍ സ്പിന്നര്‍മാര്‍ക്കെതിരേ കോലി ജാഗ്രതയോടെയാണ് കളിക്കുന്നത്. സ്പിന്നര്‍മാര്‍ക്കെതിരേ സ്ട്രൈക്ക് റേറ്റ് 113.55 മാത്രം, സീമര്‍മാര്‍ക്കെതിരേ 151.69-ഉം. ട്വന്റി 20-യില്‍ കോലിക്കെതിരേ റാഷിദ് 59 പന്തുകളില്‍ 63 റണ്‍സ് മാത്രമാണ് വഴങ്ങിയത്. രണ്ടുതവണ വിക്കറ്റും വീഴ്ത്തി.

ടോസ് കിട്ടിയാല്‍ തീര്‍ന്നു!

ലോകകപ്പില്‍ അഡ്ലെയ്ഡില്‍ ആറുകളികളാണ് നടന്നത്. ആറിലും ടോസ് നേടിയ ടീമുകള്‍ തോറ്റു. ഇവിടത്തെ ശരാശരി ഒന്നാം ഇന്നിങ്സ് സ്‌കോര്‍ 157 ആണ്. രണ്ടാമത് ബാറ്റ് ചെയ്ത ടീം നാല് കളികളില്‍ തോറ്റു.

Content Highlights: T20 World Cup 2022 India vs England semi final


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented