'സ്‌കൈ', ദി ഇന്ത്യന്‍ എക്‌സ് ഫാക്ടര്‍


അഭിനാഥ് തിരുവലത്ത്

ഡെത്ത് ഓവറുകളില്‍ ബൗളറെയും ഫീല്‍ഡര്‍മാരെയും സമ്മര്‍ദത്തിലാക്കിയുള്ള സൂര്യയുടെ ഈ കടന്നാക്രമണമാണ് ഇന്ത്യയ്ക്ക് ഒരു 20-30 റണ്‍സിന്റെ അധിക ആനുകൂല്യം നല്‍കുന്നത്. ഒരു എക്‌സ്ട്രാ ബാറ്ററുടെ അല്ലെങ്കില്‍ ഒരു ഫിനിഷറുടെ വിടവാണ് ഓരോ മത്സരത്തിലും അയാള്‍ ഇന്ത്യയ്ക്കായി നികത്തിക്കൊണ്ടിരിക്കുന്നത്

Photo: ANI

യാള്‍ അന്യ ഗ്രഹത്തില്‍ നിന്നും വന്ന ആരെങ്കിലുമാണോ? വര്‍ഷങ്ങള്‍ക്ക് മുമ്പ് അബ്രഹാം ഡിവില്ലിയേഴ്‌സ് എന്ന ദക്ഷിണാഫ്രിക്കന്‍ ക്രീസില്‍ നിന്ന് ഗ്രൗണ്ടിന്റെ നാലുപാടും സിക്‌സറുകളും ഫോറുകളും യഥേഷ്ടം അടിച്ചുകൂട്ടിയപ്പോള്‍ നമ്മളില്‍ പലരും ചിന്തിച്ചതോ അല്ലെങ്കില്‍ പറഞ്ഞതോ ആയ കാര്യമാണിത്. അന്ന് പന്തെറിയുന്ന ബൗളര്‍ ആരാണെങ്കിലും, ക്യാപ്റ്റനും ബൗളറും ചേര്‍ന്ന് സെറ്റ് ചെയ്ത ഫീല്‍ഡിനനുസരിച്ച് ഒരണുവിട വ്യത്യാസമില്ലാതെ പന്തെറിഞ്ഞെങ്കിലും അതെല്ലാം ക്രീസിലെ ചടുലമായ നീക്കങ്ങളിലൂടെ ഒരുനിമിഷം കൊണ്ട് ഇല്ലാതാക്കിയിരുന്ന എബിഡി. ക്രീസില്‍ ഇരുന്നും കിടന്നും ചെരിഞ്ഞും തിരിഞ്ഞുമെല്ലാം അയാള്‍ പന്തിനെ അതിര്‍ത്തിവരയ്ക്കപ്പുറത്തേക്ക് എത്തിച്ചുകൊണ്ടിരുന്നതോടെ മിസ്റ്റര്‍ 360 എന്ന ഓമനപ്പേരും നമ്മള്‍ അയാള്‍ക്ക് ചാര്‍ത്തിക്കൊടുത്തു. വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് ഒരു ഇന്ത്യന്‍ താരത്തിന്റെ ക്രീസിലെ ഇത്തരത്തിലുള്ള താണ്ഡവം കണ്ട് നാം വീണ്ടും ചോദിച്ചുപോകുകയാണ് ഇയാള്‍ അന്യഗ്രജീവി വല്ലതും ആണോ. അതെ ആ ചോദ്യമാണ്, അല്ലെങ്കില്‍ പന്തിനെ ചിലപ്പോഴൊക്കെ അടിച്ചും മറ്റുചിലപ്പോള്‍ ചെറുതായൊന്ന് തഴുകിയും സൂര്യകുമാര്‍ യാദവെന്ന താരം ബൗണ്ടറിയിലെത്തിക്കുമ്പോള്‍ നമ്മള്‍ ചോദിച്ചുപോകുന്നത്.

ഇത്തവണത്തെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി പ്രവേശനത്തില്‍ നിര്‍ണായകമായ സംഭാവന നല്‍കിയത് സൂര്യയല്ലാതെ ആരാണ്. ഇപ്പോഴും ട്വന്റി 20-യില്‍ ഏകദിന ശൈലിയില്‍ തുടങ്ങുന്ന മുന്‍നിരയാണ് ഇന്ത്യയ്ക്കുള്ളത്. രോഹിത് - രാഹുല്‍ ഓപ്പണിങ് സഖ്യത്തിന് ഈ ലോകകപ്പില്‍ ഇതുവരെ ആശിച്ച തുടക്കം നല്‍കാന്‍ സാധിച്ചിട്ടില്ല. തുടര്‍ന്നെത്തുന്ന വിരാട് കോലിയുടെ ഇന്നിങ്‌സുകള്‍ ഇന്ത്യയ്ക്ക് രക്ഷയാകുന്നുണ്ടെങ്കിലും 150-160ല്‍ ഒതുങ്ങിപ്പോകുമെന്ന് കടുത്ത ആരാധകര്‍ പോലും കരുതുന്ന സ്‌കോറിനെ 180-ന് അപ്പുറത്തേക്കെത്തിക്കാന്‍ സാധിക്കുന്നു എന്നത് തന്നെയാണ് സൂര്യകുമാര്‍ യാദവെന്ന അസാമാന്യ ബാറ്റിങ് ശൈലിക്കുടമയുടെ കഴിവ്. പിച്ചിനെയോ ബൗളറെയോ ഫീല്‍ഡിങ് വിന്യാസത്തെയോ കൂസാതെയുള്ള ബാറ്റിങ് തന്നെയാണ് അയാളെ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. തങ്ങളുടെ ബൗളിങ് നിരയുടെ ശക്തിക്കൊത്തും ബാറ്ററുടെ ദൗര്‍ബല്യത്തിനൊത്തും ഫീല്‍ഡ് സെറ്റ് ചെയ്ത് ബാറ്റര്‍മാരെ പ്രതിരോധത്തിലാക്കുന്ന ഫീല്‍ഡിങ് ടീമിന്റെ ശൈലി അതേപടി നടപ്പാകുന്നത് ഓസ്‌ട്രേലിയയില്‍ ഇതുവരെ നടന്ന ഭൂരിഭാഗം മത്സരങ്ങളിലും നമ്മള്‍ കണ്ടുകഴിഞ്ഞു. എന്നാല്‍ ഈ ചക്രവ്യൂഹം ഒന്നോ രണ്ടോ പന്തുകള്‍ കൊണ്ട് പൊളിച്ച് കൈയില്‍ കൊടുക്കുന്നു എന്നത് തന്നെയാണ് സൂര്യയെ അപകടകാരിയാക്കുന്നതും ഗാലറിക്ക് പ്രിയപ്പെട്ടവനാക്കുന്നതും.

2020 ഐപിഎല്ലില്‍ മുംബൈക്കായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് താന്‍ ഇന്നും ഇവിടെയുണ്ട് എന്ന് സെലക്ടര്‍മാരോട് പറയാതെ പറഞ്ഞ സൂര്യയില്‍ നിന്നും ഇന്നത്തെ സൂര്യയ്ക്ക് യാതൊരു മാറ്റവുമില്ല. വായിലിട്ട ആ ബബിള്‍ഗം ചവയ്ക്കുന്ന ലാഘവത്തിലാണ് അയാള്‍ ബൗളറുടെ ഷോര്‍ട്ട് ഡെലിവറികളും വൈഡ് യോര്‍ക്കറുകളുമെല്ലാം അതിര്‍ത്തിക്കപ്പുറത്തേക്ക് പറത്തുന്നത്. പിച്ചിന്റെ സ്വഭാവം എന്ത് തന്നെയാണെങ്കിലും അത് ബാറ്റിങ്ങിനെ എത്രത്തോളം കഠിനമാക്കുന്ന സാഹചര്യമാണെങ്കിലും എത്രയും പെട്ടെന്ന് അത് മനസിലാക്കിയെടുക്കാന്‍ സാധിക്കുന്നു എന്നതാണ് സൂര്യയുടെ മികവ്. പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ മെല്‍ബണിലെ ബൗണ്‍സ് കൂടുതലുള്ള സാഹചര്യത്തെ ലാഘവമായെടുത്തതിലാണ് സൂര്യയ്ക്ക് പിഴച്ചത്. ഹാരിസ് റൗഫിന്റെ പന്തിന് വിചാരിച്ചതിലും ബൗണ്‍സ് ലഭിച്ചതോടെയാണ് ഒരു അപ്പര്‍ കട്ടിനുള്ള ശ്രമത്തില്‍ പരാജയപ്പെട്ട് സൂര്യ പുറത്താകുന്നത്. അങ്ങിനെ അയാള്‍ പുറത്തായിരുന്നില്ലെങ്കില്‍ ഉറപ്പാണ് ഇന്ത്യയ്ക്ക് ജയിക്കാന്‍ അവസാന ഓവറുകളിലെ ആ ഭാഗ്യത്തിന്റെ അകമ്പടിയൊന്നും വേണ്ടിവരുമായിരുന്നില്ല. വിരാട് കോലിയുടെ ബാറ്റിങ് മികവിനെ കുറച്ചുകാണുന്നില്ലെന്ന് പ്രത്യേകം എടുത്ത് പറയട്ടേ.

ഇനി നെതര്‍ലന്‍ഡ്‌സിനെതിരായ രണ്ടാം മത്സരം നോക്കൂ. രാഹുല്‍ വീണ്ടും പരാജയമായപ്പോള്‍ നെതര്‍ലന്‍ഡ്‌സ് ബൗളര്‍മാര്‍ക്കെതിരേ രോഹിത്തും കോലിയും അതിവേഗം റണ്‍സടിക്കാന്‍ ബുദ്ധിമുട്ടി. 12-ാം ഓവറില്‍ രോഹിത് പുറത്തായി സൂര്യ ക്രീസിലെത്തുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ വെറും 84 മാത്രം. അവിടെ നിന്നുമാണ് ഇന്ത്യന്‍ സ്‌കോര്‍ 179-ല്‍ എത്തിച്ച സൂര്യയുടെ വെടിക്കെട്ട് തുടങ്ങുന്നത്. 25 പന്തില്‍ നിന്ന് 51 റണ്‍സടിച്ച സൂര്യ അക്ഷരാര്‍ഥത്തില്‍ ടി20-യില്‍ എങ്ങനെ ബാറ്റ് വീശണമെന്ന് ഇന്ത്യന്‍ മുന്‍നിരയ്ക്ക് കാണിച്ചുകൊടുക്കുകയായിരുന്നു.

പിന്നീട് പെര്‍ത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ പേസിനും ബൗണ്‍സിനും മുന്നില്‍ മറ്റ് താരങ്ങളെല്ലാം ബാറ്റ് വെച്ച് കീഴടങ്ങിയപ്പോള്‍ 40 പന്തില്‍ 68 റണ്‍സുമായി അയാള്‍ തല ഉയര്‍ത്തി നില്‍പ്പുണ്ടായിരുന്നു. പോസും ബൗണ്‍സും കൊണ്ട് ഇന്ത്യന്‍ താരങ്ങളെ വിറപ്പിച്ച ലുങ്കി എന്‍ഗിഡിയെ യാതൊരു ഭയവും കൂടാതെയാണ് സൂര്യ അന്ന് നേരിട്ടത്. അത്രയും നേരം മറ്റ് ബാറ്റര്‍മാര്‍ നിന്ന് വിയര്‍ത്ത പിച്ചില്‍ അയാള്‍ കളിക്കാനിറങ്ങുമ്പോള്‍ തീര്‍ത്തും മറ്റൊരു ചിത്രമാണ് കാണികള്‍ക്ക് ലഭിക്കുക. അതിനി ഒരു സെഞ്ചുറിയാണെങ്കിലും ഡക്കാണെങ്കിലും ഒരേ പ്രതികരണം. ആരെയും ഒന്നിനെയും വകവെച്ച് കൊടുക്കാത്ത ഒരാള്‍. ലോകകപ്പില്‍ ഇതുവരെ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ ദൗര്‍ബല്യം കാര്യമായി വെളിപ്പെടാത്തതില്‍ സൂര്യയ്ക്കുള്ള പങ്ക് ചെറുതൊന്നുമല്ല. ബംഗ്ലാദേശിനെതിരേ പോലും രാഹുലും കോലിയും അര്‍ധ സെഞ്ചുറി കണ്ടെത്തിയെങ്കിലും സൂര്യ വെറും 16 പന്തില്‍ നിന്ന് നേടിയ 30 റണ്‍സാണ് ടീം സ്‌കോര്‍ 184-ലേക്ക് എത്തിച്ചത്. വമ്പന്‍ പേരുകാരായ രോഹിത്തും ഹാര്‍ദിക്കും പാണ്ഡ്യയുമെല്ലാം പരാജയപ്പെട്ടിടത്താണ് സൂര്യ ഇത്തരമൊരു ഇന്നിങ്‌സ് കാഴ്ചവെച്ചതെന്ന് ഓര്‍ക്കുക.

തൊട്ടടുത്ത മത്സരത്തില്‍ സിംബാബ്‌വെയ്‌ക്കെതിരേ അപ്രസക്തമായ മത്സരത്തില്‍ അയാള്‍ തന്റെ ബാറ്റിങ്ങിന്റെ എല്ലാ സ്‌ഫോടനാത്മകകളും കെട്ടഴിച്ചു. റിച്ചാര്‍ഡ് എന്‍ഗരാവ എന്ന സിംബാബ്‌വെ ബൗളര്‍ അയാള്‍ക്കെതിരേ എവിടെ പന്തെറിയുമെന്നറിയാതെ കുഴങ്ങുന്ന കാഴ്ച ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് നയനമനോഹരമായിരുന്നു. തേര്‍ഡ്മാനിലും ഡീപ് എക്‌സ്ട്രാ കവറിലും ഡീപ് കവറിലും ഫീല്‍ഡര്‍മാരെ നിര്‍ത്തി വൈഡ് യോര്‍ക്കറുകള്‍ എറിയാനുള്ള എന്‍ഗരാവയുടെ തന്ത്രം പന്തിനെ ഓഫ്സ്റ്റമ്പിന് പുറത്ത് നിന്ന് ഒരു സ്വീപ്പിലൂടെ ഗാലറിയിലെത്തിച്ചാണ് സൂര്യ പൊളിച്ച് കൈയില്‍ കൊടുത്തത്. സെറ്റ് ചെയ്തുവെച്ച ഫീല്‍ഡിന് അനുസരിച്ച് എത്ര കണിശതയോടെ പന്തെറിഞ്ഞാലും അത് മൈതാനത്തെ വിടവുകളിലൂടെ ബൗണ്ടറിലെത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു അയാള്‍.

ഒരു ട്വന്റി 20 ടീമിന്റെ സന്തുലിതാവസ്ഥ തീരുമാനിക്കുന്നത് ടീമിലെ ഓള്‍റൗണ്ടര്‍മാരാണ്. അധിക ബൗളിങ് ഓപ്ഷനുകള്‍ ഒരു ടീമിന് നല്‍കുന്ന ആനുകൂല്യം ചില്ലറയല്ല. ഒരു ബൗളര്‍ മോശമായാല്‍ ഒന്നോ രണ്ടോ ഓവറുകള്‍ നന്നായി എറിയാന്‍ സാധിക്കുന്ന ബാറ്റിങ് ഓള്‍റൗണ്ടര്‍മാര്‍ ഇത്തവണ മിക്ക ടീമിലും ഉണ്ട്. ഈ സാഹചര്യത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ മാത്രം ഉള്‍പ്പെടുത്തി ഇന്ത്യ ലോകകപ്പില്‍ ടീമിനെ ഇറക്കുന്നത്. അക്ഷര്‍ പട്ടേലിന് ഓള്‍റൗണ്ടര്‍ ലേബലുണ്ടെങ്കിലും ബാറ്റിങ്ങില്‍ എത്രത്തോളം വിശ്വസിക്കാനാകുമെന്ന് നമ്മള്‍ ഇത്തവണ കണ്ടതാണ്. ഈ സാഹചര്യത്തിലാണ് മധ്യനിരയില്‍ ഒരു ബാറ്റര്‍ ഇന്ത്യയുടെ ഈ ദൗര്‍ബല്യം പുറത്ത് കാണാന്‍ സാധിക്കാത്ത വിധത്തില്‍ തന്റെ ബാറ്റിങ് മികവിലൂടെ അതിനെ മറയ്ക്കുന്നത്. പിച്ചില്‍ അതിന് ഒന്നോ രണ്ടോ ഓവറുകള്‍ മുമ്പേ ഇറങ്ങി കളിതുടങ്ങിയത് പോലെയാണ് അയാള്‍ ഓരോ ഇന്നിങ്‌സ് തുടങ്ങുക. പിച്ചിനെ മനസിലാക്കുക അത് നല്‍കുന്ന ബൗണ്‍സും മൂവ്‌മെന്റുമെല്ലാം ശ്രദ്ധിക്കുക എന്നൊന്നും സൂര്യയ്ക്കില്ല. നേരിടുന്ന ആദ്യ പന്തുമുതല്‍ തന്നെ സ്‌കോറിങ് തുടങ്ങുകയായി. പന്തിന്റെ ലൈന്‍ ചെറുതായൊന്ന് മിഡില്‍ ആന്റ് ലെഗിലായാല്‍ കാണാം അയാള്‍ ഡീപ് സ്‌ക്വയര്‍ ലെഗിനും ഫൈന്‍ ലെഗിനും മുകളിലൂടെ തന്റെ പ്രിയപ്പെട്ട സ്വീപ് ഷോട്ട് കളിക്കുന്നത്. പ്രത്യേകിച്ചും ഡെത്ത് ഓവറുകളില്‍ ബൗളറെയും ഫീല്‍ഡര്‍മാരെയും സമ്മര്‍ദത്തിലാക്കിയുള്ള സൂര്യയുടെ ഈ കടന്നാക്രമണമാണ് ഇന്ത്യയ്ക്ക് ഒരു 20-30 റണ്‍സിന്റെ അധിക ആനുകൂല്യം നല്‍കുന്നത്. ഒരു എക്‌സ്ട്രാ ബാറ്ററുടെ അല്ലെങ്കില്‍ ഒരു ഫിനിഷറുടെ വിടവാണ് ഓരോ മത്സരത്തിലും അയാള്‍ ഇന്ത്യയ്ക്കായി നികത്തിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ ടി20 ഇന്നിങ്‌സ് കളിക്കുന്ന ഏക താരവും സൂര്യ തന്നെ. അതുതന്നെയാണ് അയാളെ ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തുന്നതും സമകാലിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്ററാക്കുന്നതും. ഒരുവേള സൂര്യ തന്നെയാണ് ഇപ്പോഴത്തെ ടീം ഇന്ത്യയുടെ പ്രധാന ദൗര്‍ബല്യവും. ഇനി ഇന്ത്യയ്ക്ക് ഇംഗ്ലണ്ടുമായുള്ള സെമിയാണ് മുന്നിലുള്ളത്. സൂര്യയ്ക്ക് ഒരു പിഴവ് സംഭവിച്ചാല്‍ അത് മറികടക്കാനുള്ള കെല്‍പ്പ് നിലവിലെ ഇന്ത്യന്‍ ബാറ്റിങ്‌നിരയ്ക്കുണ്ടോ എന്ന സംശയം തന്നെയാണ് ആരാധകരുടെ ആശങ്ക. പന്തിനെ താന്‍ മനസില്‍ കാണുന്നിടത്തേക്ക് അനായാസം എത്തിക്കാന്‍ സാധിക്കുന്ന സൂര്യ മാജിക് ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും കാണാന്‍ സാധിക്കട്ടെ. ഈ ലോകകപ്പിന്റെ താരം ആരെന്ന് ഇതിനോടകം തന്നെ വ്യക്തമായിക്കഴിഞ്ഞു എന്ന കമന്റേറ്റര്‍മാരുടെ വാക്കുകളിലുണ്ട് അയാള്‍ക്കുള്ള അംഗീകാരം. അതിന് ഒരു കിരീട നേട്ടത്തോടെ കാലം ചന്തം ചാര്‍ത്തുമോ. കാത്തിരിക്കാം.

Content Highlights: Suryakumar Yadav the t20 genius indian x factor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022

Most Commented