Photo: AP
ന്യൂഡല്‍ഹി: ഇത്തവണ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ ട്രംപ് കാര്‍ഡാണ് സൂര്യകുമാര്‍ യാദവ്. സൂപ്പര്‍ 12-ലെ അഞ്ച് മത്സരങ്ങളില്‍ നാലിലും ബാറ്റ് കൊണ്ട് തിളങ്ങിയ സൂര്യ ക്രീസിലെ പ്രകടനം കൊണ്ട് ആരാധകരെ ഞെട്ടിക്കുകയാണ്. മൈതാനത്തിന്റെ എല്ലാ വശത്തേക്കും പന്ത് പായിക്കുന്ന സൂര്യയുടെ അണ്‍ഓര്‍ത്തഡോക്‌സ് രീതി ഇതിനോടകം തന്നെ താരത്തിന് 360 ഡിഗ്രി കളിക്കാരനെന്ന ലേബലും സമ്മാനിച്ചു. ഫീല്‍ഡില്‍ ചടുലതയോടെ ഓരോ പന്തും കൈക്കലാക്കുകയും ക്യാച്ചുകളെല്ലാം തന്നെ അനായാസം കൈപ്പിടിയിലൊതുക്കുകയും ചെയ്യുന്ന സൂര്യയുടെ ഈ പ്രകടനത്തിനു പിന്നിലെ ശക്തി എന്തായിരിക്കും?
കൃത്യമായ ഡയറ്റും കടുത്ത ഭക്ഷണ നിയന്ത്രണങ്ങളുമാണ് സൂര്യയിലെ ക്രിക്കറ്റര്‍ക്ക് കരുത്ത് പകരുന്നതെന്ന് വെളിപ്പെടുത്തുകയാണ് താരത്തിന്റെ ഡയറ്റീഷ്യനായ ശ്വേത ഭാട്ടിയ. അറിയപ്പെടുന്ന ഡയറ്റീഷ്യനും സ്‌പോര്‍ട്‌സ് ന്യൂട്രീഷ്യനിസ്റ്റും കൂടിയാണ് ശ്വേത. കാര്‍ബോ ഹൈഡ്രേറ്റും കഫിനും ഒഴിവാക്കിയുള്ള ഭക്ഷണ ശീലമാണ് ശ്വേത, സൂര്യയ്ക്ക് നിര്‍ദേശിച്ചത്. ഇക്കാര്യത്തില്‍ യാതൊരു കള്ളത്തരവും കാട്ടാതെ അദ്ദേഹം അത് പിന്തുടരുന്നുണ്ടെന്നും ശ്വേത വ്യക്തമാക്കി.
''കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള ഫിറ്റ്നസ് മെച്ചപ്പെടുത്താന്‍ നോക്കുകയായിരുന്നു. സ്‌പോര്‍ട്‌സ് ന്യൂട്രീഷ്യനെ കുറിച്ചുള്ള അവബോധമുണ്ടാക്കാന്‍ ഞാന്‍ അദ്ദേഹത്തെ സഹായിച്ചു'' - എന്‍ഡിടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ശ്വേത വ്യക്തമാക്കി.
താരത്തിന്റെ ശരീരത്തിലെ കൊഴുപ്പ് അത്‌ലറ്റിക് സോണിനുള്ളില്‍ (12-15%) നിലനിര്‍ത്താന്‍ സഹായിക്കുന്നതായിരുന്നു ആദ്യപടി. ഫീല്‍ഡിലും മറ്റും ചടുതല വര്‍ധിപ്പിക്കുന്നതിനായി സൂര്യയുടെ കാര്‍ബോഹൈഡ്രേറ്റ് ഉപഭോഗം കുറഞ്ഞ നിലയിലേക്ക് എത്തിച്ചു.
''ഞങ്ങള്‍ സൂര്യയുടെ ഭക്ഷണത്തില്‍ നിന്ന് അധിക കാര്‍ബോഹൈഡ്രേറ്റുകള്‍ ഒഴിവാക്കി. ഒമേഗ 3 പോലുള്ള കൊഴുപ്പുകളാണ് അദ്ദേഹത്തിന്റെ ഭക്ഷണത്തില്‍ അടങ്ങിയിട്ടുള്ളത്. സസ്യേതര (മുട്ട, മാംസം, മത്സ്യം), പാലുല്‍പ്പന്നങ്ങള്‍, പച്ചക്കറികളില്‍ നിന്നുള്ള നാരുകള്‍ അടങ്ങിയ ഭക്ഷണം എന്നിവയിലൂടെ ധാരാളം ഫസ്റ്റ് ക്ലാസ് പ്രോട്ടീനുകള്‍ ലഭിക്കുന്നു. ഒരു കായികതാരത്തിന് ജലാംശം പരമപ്രധാനമായതിനാല്‍ തന്നെ ദ്രാവകങ്ങളും ഇലക്ട്രോലൈറ്റുകളും ഉള്‍പ്പെടുന്നുണ്ട്'' - ശ്വേത വ്യക്തമാക്കി.
Content Highlights: Suryakumar Yadav dietary habits
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..