ബെന്‍ സ്‌റ്റോക്ക്‌സ് എന്ന സൂപ്പര്‍മാന്‍!


സ്വന്തം ലേഖകന്‍

സമ്മര്‍ദ ഘട്ടങ്ങളില്‍, നെഞ്ചിടിപ്പേറ്റുന്ന നിമിഷങ്ങളില്‍ അയാളിലെ പോരാളി എന്നും മികവിലേക്ക് ഉയര്‍ന്നിട്ടുണ്ട്

Photo: Getty Images

ക്രിക്കറ്റ് മൈതാനത്ത് ഇംഗ്ലീഷ് ബാറ്റിങ് നിര കാലിടറി വീഴുമ്പോഴെല്ലാം അവരുടെ രക്ഷയ്‌ക്കെത്തുന്ന ഒരു സൂപ്പര്‍മാനാണ് ബെഞ്ചമിന്‍ ആന്‍ഡ്രു സ്റ്റോക്ക്‌സ് എന്ന ബെന്‍ സ്‌റ്റോക്ക്‌സ്. 2019-ലെ ഏകദിന ലോകകപ്പ് ഫൈനലിലും പിന്നാലെ നടന്ന ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലുമെല്ലാം ഈ രക്ഷകന്റെ ഇന്നിങ്‌സുകള്‍ക്ക് നാം സാക്ഷിയായതാണ്. ഒടുവിലിതാ മെല്‍ബണില്‍ ട്വന്റി 20 ലോകകപ്പ് ഫൈനലിലും ഇംഗ്ലീഷ് ആരാധകരുടെ ആ വിശ്വാസം സ്റ്റോക്ക്‌സ് കാത്തു.

സമ്മര്‍ദഘട്ടങ്ങളില്‍, നെഞ്ചിടിപ്പേറ്റുന്ന നിമിഷങ്ങളില്‍ അയാളിലെ പോരാളി എന്നും മികവിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഒരു ഘട്ടത്തില്‍ ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലറുടെ വിക്കറ്റോടെ പാകിസ്താന്‍ കളിയില്‍ മേധാവിത്വമുറപ്പിക്കുമെന്ന ഘട്ടത്തിലാണ് സ്റ്റോക്ക്‌സില്‍ നിന്ന് ആ പക്വമായ ഇന്നിങ്‌സ് പിറവിയെടുക്കുന്നത്. ആ പോരാട്ടവീര്യത്തിന് പകരംവെയ്ക്കാന്‍ പാകിസ്താന്റെ തീ തുപ്പുന്ന ബൗളിങ് നിരയുടെ കൈക്കരുത്ത് പോരായിരുന്നു.ഒരര്‍ഥത്തില്‍ ഇത് സ്‌റ്റോക്ക്‌സിന്റെ ഒരു പ്രായശ്ചിത്തം കൂടിയാണ്. 2010-ല്‍ കിരീടം നേടിയ ഇംഗ്ലണ്ട് പിന്നീടൊരു ടി20 ലോകകപ്പ് ഫൈനല്‍ കളിക്കുന്നത് ആറു വര്‍ഷം പിന്നിട്ട് 2016-ലാണ്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആ ഫൈനല്‍ ഇംഗ്ലീഷ് താരങ്ങള്‍, പ്രത്യേകിച്ച് സ്റ്റോക്ക്‌സ് എക്കാലവും മറക്കാനാഗ്രഹിക്കുന്ന ഒരു മത്സരമായിരുന്നു. ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും ഏറ്റുമുട്ടിയ ആ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ വിന്‍ഡീസിന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 19 റണ്‍സായിരുന്നു. പന്തെറിയാനെത്തിയത് ബെന്‍ സ്റ്റോക്ക്സും. അന്ന് സ്റ്റോക്ക്സിന്റെ ആദ്യ നാലു പന്തും സിക്സർ പറത്തി കാര്‍ലോസ് ബ്രാത്‌വൈറ്റ്‌ എന്ന ഹീറോ വിന്‍ഡീസിനെ കിരീടത്തിലേക്ക് നയിച്ചു. അന്ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ പുല്‍മൈതാനത്ത് കണ്ണീരണിഞ്ഞിരുന്ന സ്റ്റോക്ക്സിന്റെ മുഖം ക്രിക്കറ്റ് പ്രേമികള്‍ അത്ര പെട്ടെന്നൊന്നും മറന്നിട്ടുണ്ടാകില്ല.

അവിടെ നിന്നും ആറു വര്‍ഷങ്ങള്‍ക്കിപ്പുറം ഇവിടെ മെല്‍ബണില്‍ നിലയുറപ്പിച്ച് നേടിയ ഒരു അര്‍ധ സെഞ്ചുറിയോടെ പണ്ട് കൈവിട്ട ആ കിരീടം സ്റ്റോക്ക്‌സ് തിരികെ പിടിച്ചിരിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരായ സെമിയിലെ ഹീറോ അലക്‌സ് ഹെയ്ല്‍സിനെയും ഫിലിപ്പ് സാള്‍ട്ടിനെയും വേഗം നഷ്ടപ്പെട്ട് ഇംഗ്ലണ്ട് പ്രതിരോധത്തിലായിരുന്ന സമയത്താണ് സ്‌റ്റോക്ക്‌സ് ക്രീസിലെത്തുന്നത്. ആദ്യം ജോസ് ബട്ട്‌ലര്‍ക്കൊപ്പം ഇന്നിങ്‌സ് ട്രാക്കിലാക്കാനുള്ള ദൗത്യം. പിന്നാലെ ബട്ട്‌ലര്‍ പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കുകയായിരുന്നു സ്‌റ്റോക്ക്‌സ്. ആദ്യം ഹാരി ബ്രൂക്ക്‌സിനെയും പിന്നീട് മോയിന്‍ അലിയേയും കൂട്ടുപിടിച്ച് അധികം റിസ്‌ക് എടുക്കാതെയുള്ള ചെറിയ കൂട്ടുകെട്ടുകള്‍. ബൗണ്ടറികള്‍ ആവശ്യമുള്ളപ്പോഴെല്ലാം അത് കണ്ടെത്തി കൃത്യമായ കണക്കുകൂട്ടലുകളോടെയുള്ള ഇന്നിങ്‌സ്. ഇതില്‍ മോയിന്‍ പുറത്താകുമ്പോഴേക്കും ഇംഗ്ലണ്ട് വിജയത്തിന് തൊട്ടടുത്തെത്തിയിരുന്നു.

2019 ലോകകപ്പ് ഇന്നിങ്‌സ്

2019-ല്‍ സ്വന്തം നട്ടില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ കിവീസിനെതിരേ കൈവിട്ടുപോയെന്ന് കരുതിയ കളി ഇംഗ്ലണ്ട് തിരികെ പിടിച്ചത് അയാളുടെ പോരാട്ടവീര്യം ഒന്നുകൊണ്ടു മാത്രമായിരുന്നു. ആ ഫൈനലില്‍ റണ്ണിനായുള്ള ഓട്ടത്തിനിടയിലെ വീഴ്ച്ചയില്‍ പറ്റിപ്പിടിച്ച മണ്ണുള്ള ആ ജഴ്‌സി അയാളുടെ വീട്ടിലെ ഷെല്‍ഫില്‍ പൊടിപിടിക്കാതെ എന്നുമുണ്ടാകുമെന്നുറപ്പാണ്.

98 പന്തില്‍ 84 റണ്‍സ്. അതില്‍ അഞ്ചു ഫോറും രണ്ട് സിക്‌സും. അഞ്ചാം വിക്കറ്റില്‍ ബട്ട്ലര്‍ക്കൊപ്പമുള്ള സെഞ്ചുറി കൂട്ടുകെട്ട്. അവസാന രണ്ട് ഓവറിനിടയില്‍ അടിച്ച സിക്‌സുകള്‍. അവസാന ഓവറിലെ 14 റണ്‍സ്. സൂപ്പര്‍ ഓവറിലെ ബാറ്റിങ്. സ്റ്റോക്ക്‌സ് കളിയിലെ താരമാകാന്‍ ഇത്രയും മതിയായിരുന്നു. അന്ന് ലോകകപ്പില്‍ 11 മത്സരങ്ങള്‍ കളിച്ച സ്റ്റോക്ക്സ് 54.42 ശരാശരിയില്‍ അഞ്ച് അര്‍ധ സെഞ്ചുറികളടക്കം 465 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഏഴു വിക്കറ്റുകളും സ്റ്റോക്ക്സ് സ്വന്തമാക്കി. ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ചുമായി. ഇതിനു പിന്നാലെ ഐ.സി.സിയുടെ 2019-ലെ മികച്ച ക്രിക്കറ്റര്‍ക്കുള്ള സര്‍ ഗാരി സോബേഴ്‌സ് ട്രോഫിയും ബെന്‍ സ്റ്റോക്ക്‌സിന് ലഭിച്ചു.

ആഷസ് അദ്ഭുതം

ടെസ്റ്റ് ക്രിക്കറ്റിലെ ക്ലാസിക് ഫിനിഷ്. 2019 ആഷസിലെ മൂന്നാം ടെസ്റ്റില്‍ ബെന്‍ സ്റ്റോക്ക്‌സ് എന്ന താരത്തിന്റെ ഇന്നിങ്‌സിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ലോകകപ്പ് ഫൈനലില്‍ കണ്ട ബെന്‍ സ്റ്റോക്ക്‌സിനെ കാണികള്‍ ഒരിക്കല്‍ കൂടി കണ്ടു. സ്റ്റോക്ക്‌സിന്റെ ചുമലിലേറി തോല്‍വിത്തുമ്പില്‍ നിന്ന് ഇംഗ്ലണ്ടിന്റെ അവിശ്വസനീയ തിരിച്ചുവരവ്. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിനെ അതിര്‍ത്തി കടത്തി സ്റ്റോക്ക്‌സും ഇംഗ്ലണ്ടും വാനിലേക്കുയര്‍ന്നു.

ആദ്യ ഇന്നിങ്‌സില്‍ വെറും 67 റണ്‍സിന് പുറത്തായ ഇംഗ്ലണ്ടില്‍ നിന്ന് കാണികള്‍ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടാം ഇന്നിങ്‌സില്‍ 200 റണ്‍സ് പോലും ഇംഗ്ലണ്ട് അതിജീവിക്കില്ല എന്നുറപ്പിച്ചായിരുന്നു ആരാധകര്‍ കളി കാണാനിരുന്നത്. 350-ന് മുകളിലുള്ള വിജയലക്ഷ്യം എത്തിപ്പിടിക്കാന്‍ അദ്ഭുതങ്ങള്‍ സംഭവിക്കണം എന്നറിയുന്ന ആരാധകര്‍ പലരും ടിവിക്ക് മുന്നില്‍ നിന്ന് എഴുന്നേറ്റുപോയി.

ഇതുവരെ ടെസ്റ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ട് 350 റണ്‍സിന് മുകളില്‍ പിന്തുടര്‍ന്ന് വിജയിച്ചിട്ടില്ലെന്നു കൂടി ഇതിനൊപ്പം കൂട്ടിവായിക്കണം. ജയിക്കാന്‍ 73 റണ്‍സ് വേണ്ടിടത്ത് ഇംഗ്ലണ്ടിന്റെ ഒമ്പതാം വിക്കറ്റും വീണതോടെ ഓസ്‌ട്രേലിയയുടെ വിജയത്തിനുള്ള ചടങ്ങ് മാത്രമാണ് ഇനി കളി എന്നു എല്ലാവരും കരുതി.

എന്നാല്‍ അവിടെ സ്റ്റോക്ക്‌സ് അവതരിച്ചു, 219 പന്തില്‍ നിന്ന് 135 റണ്‍സുമായി. ക്രിക്കറ്റ് ചരിത്രത്തില്‍ ഈ ഇന്നിങ്‌സിന് സമാനതകളുണ്ടോ എന്ന് സംശയമാണ്. അത്രയും ത്രസിപ്പിച്ച ഒറ്റയാള്‍ പോരാട്ടം. മനോധൈര്യവും ക്ലാസും ഒരുമിച്ചു ചേര്‍ന്ന ഇന്നിങ്‌സ്. സ്റ്റോക്ക്‌സ് നിങ്ങള്‍ എന്തൊരു മനുഷ്യനാണ് എന്നുവരെ ചോദിച്ചുപോകുന്നതായിരുന്നു ആ പ്രകടനം.

ഹൃദയമിടിപ്പോടെയാണ് അവസാന വിക്കറ്റ് കൂട്ടുകെട്ട് എല്ലാവരും കണ്ടത്. അത്യന്തം നാടകീയത നിറഞ്ഞുനിന്നു. ഒമ്പതാമനായി സ്റ്റുവര്‍ട്ട് ബ്രോഡ് പുറത്താകുമ്പോള്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 73 റണ്‍സ്. എന്നാല്‍ സ്റ്റോക്ക്‌സ് എന്ന പോരാളി തളര്‍ന്നില്ല. പതിനൊന്നാമനായ ജാക് ലീച്ചിനെ (1) കൂട്ടുപിടിച്ച് അവസാന വിക്കറ്റില്‍ 76 റണ്‍സ് ചേര്‍ത്ത ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ടിന്‍റെ വിജയമുറപ്പിച്ചു. ഈ 76 റണ്‍സില്‍ 74-ഉം പിറന്നത് സ്റ്റോക്ക്‌സിന്റെ ബാറ്റില്‍ നിന്നായിരുന്നു. ലീച്ച് നേടിയത് ഒരൊറ്റ റണ്‍. ശേഷിക്കുന്ന ഒരു റണ്‍ എക്‌സ്ട്രായും. ഒടുവില്‍ പാറ്റ് കമ്മിന്‍സിനെ അതിര്‍ത്തി കടത്തി സ്റ്റോക്ക്‌സിന്റെ വിജയാഘോഷം.

Content Highlights: Redemption for ben Stokes as England win T20 World Cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented