ഡെത്ത് ഓവര്‍ ബൗളിങ്, ബുംറയ്ക്ക് പകരക്കാരന്‍, ഹാര്‍ദിക്കിന് പരിക്കേറ്റാലോ? ഇന്ത്യന്‍ തലവേദനകള്‍


Photo: ANI

സ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ട്വന്റി 20 പരമ്പരകള്‍ അവസാനിച്ചതോടെ ഇന്ത്യന്‍ ടീമും ആരാധകരും ഇനി ട്വന്റി 20 ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ്. രണ്ട് ട്വന്റി 20 പരമ്പരകള്‍ നേടിയെങ്കിലും ലോകകപ്പിനൊരുങ്ങുന്ന ടീമില്‍ വലിയ ആശങ്കകള്‍ പലതും ഉണ്ട്. ഡെത്ത് ഓവറിലെ ഇന്ത്യന്‍ ബൗളര്‍മാരുടെ മോശം പ്രകടനവും അതിനൊപ്പം കൂനിന്‍മേല്‍ കുരുവെന്ന പോലെ ജസ്പ്രീത് ബുംറയുടെ അഭാവവും ടീമിന് വലിയ തലവേദന തന്നെയാണ്. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റാല്‍ പകരമൊരാള്‍ ഇപ്പോഴത്തെ നിരയിലില്ല എന്നുള്ളതും ടീമിന്റെ മറ്റൊരു ആശങ്കയാണ്.

1. ബുംറയ്ക്ക് പകരം ആര്?ജസ്പ്രീത് ബുംറ ലോകകപ്പിന് ഇല്ലെന്ന വാര്‍ത്ത ടീമിനും ആരാധകര്‍ക്കും ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. ബുംറ ലോകകപ്പിനുണ്ടാകില്ലെന്ന് തിങ്കളാഴ്ചയാണ് ബിസിസിഐ അറിയിച്ചത്. പുറം ഭാഗത്തേറ്റ പരിക്കാണ് ബുംറയ്ക്ക് വിനയായത്. ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം വിദഗ്ധരുമായി വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമായിരുന്നു തീരുമാനം. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിന് മുന്‍പായി നടത്തിയ പരിശീലനത്തിനിടെ പുറംവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബുംറ മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. മാത്രമല്ല ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ നിന്ന് ബുംറയെ പിന്നീട് മാറ്റിനിര്‍ത്തി. നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യയ്ക്കായി തിളങ്ങാറുള്ള ബുംറയുടെ അഭാവം ടീമിലുണ്ടാക്കുക ചെറിയ വിടവൊന്നും ആയിരിക്കില്ല. താരത്തിന് പകരക്കാരനെ ഇപ്പോഴും ബിസിസിഐ പ്രഖ്യാപിച്ചിട്ടുമില്ല. മുഹമ്മദ് ഷമിയും ദീപക് ചാഹറുമാണ് സ്റ്റാന്‍ഡ് ബൈ ആയിട്ടുള്ളവര്‍. എന്നാല്‍ ഇതില്‍ ഷമി ഈ വര്‍ഷം ഇന്ത്യയ്ക്കായി ഒരൊറ്റ ട്വന്റി 20 മത്സരം പോലും കളിച്ചിട്ടില്ല. ചാഹറാകട്ടെ ആകെ കളിച്ചത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങള്‍ മാത്രം. എന്നാല്‍ ലോകകപ്പ് വേദിയിലേക്ക് ഇത്രയും മത്സരങ്ങളുടെ പരിചയം മതിയോ എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന മത്സരത്തില്‍ ബാറ്റിങ്ങില്‍ തിളങ്ങിയെങ്കിലും ബൗളിങ്ങില്‍ ചാഹര്‍ നിരാശപ്പെടുത്തി.

2. ഡെത്ത് ഓവര്‍ ബൗളിങ്ങ്

ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ ആശങ്കയാണ് ഡെത്ത് ഓവര്‍ ബൗളിങ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ 237 റണ്‍സ് അടിച്ചുകൂട്ടിയിട്ടും ജയിക്കാനായത് വെറും 16 റണ്‍സിനായിരുന്നു. മോശം തുടക്കം ലഭിച്ച ശേഷമാണ് ദക്ഷിണാഫ്രിക്ക ഇത്തരത്തില്‍ കത്തിക്കയറി 221 റണ്‍സെടുത്തതെന്ന് ഓര്‍ക്കണം. ഓസ്‌ട്രേലിയന്‍ പരമ്പരയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കാര്‍ക്കും തന്നെ ഡെത്ത് ഓവറുകളില്‍ നിയന്ത്രണത്തോടെ പന്തെറിയാന്‍ സാധിക്കുന്നില്ല. ബുംറ കൂടി ഇല്ലാത്തതോടെ ഈ ആശങ്ക എങ്ങനെ പരിഹരിക്കുമെന്നതില്‍ ടീമിന് ഉത്തരമില്ല. കൃത്യതയോടെ യോര്‍ക്കറുകള്‍ എറിയുന്നതില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ സ്ഥിരമായി പരാജയപ്പെടുന്നു. വേരിയേഷനുകളും പരീക്ഷിച്ചിട്ട് ഫലമുണ്ടാകുന്നില്ല. ഹര്‍ഷല്‍ പട്ടേലിന്റെ സ്ലോ ബോളുകള്‍ ഐപിഎല്ലിലെ പോലെ രാജ്യാന്തര മത്സരങ്ങളില്‍ ഫലവത്താകുന്നില്ല. പലപ്പോഴും കൃത്യതയോടെ പന്തെറിയുന്നതില്‍ ബൗളര്‍മാര്‍ പരാജയമാകുന്നു.

3. ഋഷഭ് പന്തിന്റെ ഫോം

കഴിവുള്ള താരം തന്നെയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആ മികവ് ട്വന്റി 20 ഫോര്‍മാറ്റില്‍ പുറത്തെടുക്കാന്‍ പന്തിന് സാധിക്കുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി 14 പന്തില്‍ 27 റണ്‍സടിച്ചു. എന്നാല്‍ മികച്ച തുടക്കം അര്‍ധ സെഞ്ചുറിക്ക് അപ്പുറത്തേക്കെത്തിക്കാന്‍ പന്തിനാകുന്നില്ല. ഇരുപതുകളിലും മുപ്പതുകളിലും അവസാനിക്കുന്ന എത്രയോ പന്ത് ഇന്നിങ്‌സുകള്‍ക്കാണ് നമ്മള്‍ സാക്ഷികളായിട്ടുള്ളത്. മധ്യനിരയിലാണ് പന്തിന്റെ സ്ഥാനം എന്നാല്‍ ടീമിന് ആവശ്യമുള്ളപ്പോള്‍ പന്ത് സമ്പൂര്‍ണ പരാജയമാണ്. പലപ്പോഴും മോശം ഷോട്ടുകളാണ് പുറത്താകലിന് വഴിവെക്കുന്നതെന്ന കാര്യം തന്നെയാണ് ഗൗരവമേറിയത്. ഇക്കാരണത്താല്‍ തന്നെ പലപ്പോഴും ദിനേഷ് കാര്‍ത്തിക്ക് ടീമിലെ സ്ഥിരം സാന്നിധ്യമാകുമ്പോള്‍ പന്തിന് പലപ്പോഴും സ്ഥാനം നഷ്ടമാകുന്നതും നാം കണ്ടു.

4. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റാല്‍

ഇപ്പോഴത്തെ സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവ് കഴിഞ്ഞാല്‍ ഇന്ത്യന്‍ ട്വന്റി 20 ടീമിലെ പ്രധാന താരം ഹാര്‍ദിക് പാണ്ഡ്യയാണ്. പരിക്ക് കാരണം ദീര്‍ഘ കാലം ടീമില്‍ നിന്ന് വിട്ടുനിന്ന താരം തിരിച്ചെത്തിയ ശേഷം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. പന്തുകൊണ്ടും ബാറ്റ് കൊണ്ടും തനിക്ക് മത്സരം ജയിപ്പിക്കാന്‍ സാധിക്കുമെന്ന് ഈ വര്‍ഷം പലതവണ പാണ്ഡ്യ തെളിയിച്ചുകഴിഞ്ഞു. പാണ്ഡ്യയുടെ ഹാര്‍ഡ് ഹിറ്റിങ് ഡെത്ത് ഓവറുകള്‍ ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാണ്. മാത്രമല്ല, ബാറ്റ് ചെയ്യുന്ന ഒരു പേസറെ കൂടി ലഭിക്കുന്നതോടെ അത് ടീമിന്റെ സന്തുലിതാവസ്ഥയെ സ്വാധീനിക്കുന്നു. എന്നാല്‍ ലോകകപ്പിനിടെ ഹാര്‍ദിക്കിന് പരിക്കേറ്റാല്‍ ടീം എന്തുചെയ്യുമെന്ന കാര്യം സംശയമാണ്. പ്രത്യേകിച്ചും പരിക്ക് കാരണം രവീന്ദ്ര ജഡേജ ഇപ്പോള്‍ തന്നെ ലോകകപ്പിനില്ലാത്ത സാഹചര്യത്തില്‍. ഹാര്‍ദിക്കിന്റെ അഭാവം ടീമിന്റെ സന്തുലിതാവസ്ഥയെയാണ് ബാധിക്കുക. മാത്രമല്ല, 140 കി.മീ മുകളില്‍ ഇപ്പോള്‍ പന്തെറിയുന്ന ഹാര്‍ദിക്കിന്റെ ജോലിഭാരം കൂടി ടീം കണക്കിലെടുക്കേണ്ടിവരും. ഒന്നോ രണ്ടോ അപ്രധാന മത്സരങ്ങളില്‍ വിശ്രമം അനുവദിക്കാമെന്ന് കരുതിയാലും താരത്തിന് പകരം ആര് എന്ന ചോദ്യം ഇപ്പോഴും മുഴച്ചുനില്‍ക്കുന്നു.

5. വിക്കറ്റെടുക്കാത്ത യുസ്‌വേന്ദ്ര ചാഹല്‍

റിസ്റ്റ് സ്പിന്നര്‍മാര്‍ മിക്കവരും ട്വന്റി 20 ക്രിക്കറ്റില്‍ തിളങ്ങുന്നവരാണ്. ബാറ്റ്‌സ്മാന്‍മാര്‍ വമ്പനടികള്‍ക്ക് മുതിരുന്ന ടി20 ഫോര്‍മാറ്റില്‍ റിസ്റ്റ് സ്പിന്നര്‍മാരുടെ ഫ്‌ളൈറ്റഡ് ഡെലിവറികള്‍ അവര്‍ക്ക് ഒരു തലവേദന തന്നെയാണ്. പ്രത്യേകിച്ചും വലിയ ബൗണ്ടറികളുള്ള ഓസ്‌ട്രേലിയന്‍ ഗ്രൗണ്ടുകളില്‍ ചാഹലിന്റെ ലെഗ് സ്പിന്നുകളും ഗൂഗ്ലികളും ഏറെ ഫലപ്രദമാകുകയും ചെയ്യും. എന്നാല്‍ സമീപകാലത്തെ ചാഹലിന്റെ ഫോം ടീം ഇന്ത്യയ്ക്ക് ആശങ്ക സമ്മാനിക്കുന്നതാണ്. നിര്‍ണായക ഘട്ടങ്ങളില്‍ ഇന്ത്യയ്ക്കായി വിക്കറ്റ് വീഴ്ത്തിയിരുന്ന അദ്ദേഹത്തിന് ഇപ്പോള്‍ പലപ്പോഴും അതിന് സാധിക്കുന്നില്ല എന്ന് മാത്രമല്ല റണ്‍സ് വഴങ്ങുന്നതില്‍ ധാരാളിത്തവും കാണിക്കുന്നു. ഏഷ്യാ കപ്പിലും പിന്നാലെ ഓസീസിനെതിരായ പരമ്പരയിലും ചാഹല്‍ ധാരാളം റണ്‍സ് വഴങ്ങിയിരുന്നു. പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും താരത്തിന് അവസരം ലഭിച്ചില്ല. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ ഉണ്ടായിരുന്നുവെന്നത് ഒരു കാരണമായി പറയാമെങ്കിലും ചാഹലിന്റെ ഫോം ടീമിന് ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നതിന്റെ തെളിവ് കൂടിയാണിത്.

Content Highlights: Major Concerns For Team India Heading Into The T20 World Cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented