ഇനിയും ഫോം കണ്ടെത്തിയിട്ടില്ല എന്ന് പറയുന്ന വിമര്‍ശകരോട് കോലിയ്ക്ക് പറയാനുള്ളത്


സ്‌പോര്‍ട്‌സ് ലേഖകന്‍

Photo: ANI

പ്രിയ വിരാട് കോലി, നിങ്ങളോട് ഇന്ത്യയിലെ എല്ലാ ക്രിക്കറ്റ് പ്രേമികളും കടപ്പെട്ടിരിക്കും. അത്രമേല്‍ വീരോചിതമായ പ്രകടനമാണ് നിങ്ങള്‍ ഇന്ന് പുറത്തെടുത്തത്. വിരാട് കോലി എന്ന ഇന്ത്യയുടെ റണ്‍ മെഷീന്‍ പാകിസ്താനെതിരായ മത്സരത്തില്‍ പുറത്തെടുത്ത ഫോം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഐ.സി.സി. ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്താനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ വിജയം നുണഞ്ഞപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് വിരാട് കോലിയാണ്. ഒരു ഘട്ടത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിങ് നിരയെ ഒറ്റയ്ക്ക് തോളിലേറ്റി വിജയതീരത്തെത്തിക്കുകയായിരുന്നു കോലി. വീരേതിഹാസങ്ങള്‍ ഏറെ കുറിച്ചിട്ടുള്ള കോലിയുടെ ബാറ്റില്‍ നിന്ന് മറ്റൊരു അത്യുജ്ജ്വല ഇന്നിങ്‌സ് കൂടി പിറന്നിരിക്കുന്നു. 53 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും നാല് സിക്സിന്റെയും സഹായത്തോടെ പുറത്താവാതെ 82 റണ്‍സെടുത്ത് കോലി കിങ് കോലിയായി മാറി.

ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ ഉയര്‍ത്തിയ 160 റണ്‍സെന്ന മോശമല്ലാത്ത ടോട്ടലിലേക്ക് ഇന്ത്യ ബാറ്റുചെയ്യാനെത്തുമ്പോള്‍ 2021 ട്വന്റി 20 ലോകകപ്പാണ് ആരാധകരുടെ മനസ്സിലേക്ക് വന്നത്. ഷഹീന്‍ അഫ്രീദിയുടെ തീപ്പന്തുകള്‍ക്ക് മുന്നില്‍ ചൂളിപ്പോയ ഇന്ത്യന്‍ ബാറ്റര്‍മാരുടെ വിളറിയമുഖം ആരാധകരുടെ മനസ്സിലൂടെ മിന്നിമറഞ്ഞുപോയിട്ടുണ്ടാകും. ഇത്തവണയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി. ഒട്ടും ആത്മവിശ്വാസമില്ലാതെ കളിച്ച രോഹിതും രാഹുലും പാകിസ്താന്‍ ബൗളിങ് പടയ്ക്ക് മുന്നില്‍ മുട്ടുകുത്തി. മൂന്നാമനായി കോലി ക്രീസിലെത്തുമ്പോള്‍ വിജയത്തിലേക്കുള്ള വഴി ഒട്ടും എളുപ്പമായിരുന്നില്ല. വിശ്വസ്തനായ സൂര്യകുമാര്‍ യാദവ് കൂടി പുറത്തായപ്പോള്‍ ഇന്ത്യ ആകെ തകര്‍ന്നുപോയി. വെറും 26 റണ്‍സെടുക്കുന്നതിനിടെ രോഹിത്തിനെയും രാഹുലിനെയും സൂര്യകുമാറിനെയും നഷ്ടപ്പെട്ട ഇന്ത്യ കിതച്ചു.സ്ഥാനക്കയറ്റം ലഭിച്ച് വന്ന അക്ഷറും അതിവേഗത്തില്‍ മടങ്ങിയതോടെ ഇന്ത്യ 31 ന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് വിരാട് കോലി എന്ന പ്രതിഭാധനനായ ബാറ്ററുടെ കഴിവില്‍ ഇന്ത്യന്‍ ജനത വിശ്വാസമര്‍പ്പിച്ചു. ആ വിശ്വാസം അദ്ദേഹം കാത്തുസൂക്ഷിക്കുകയും ചെയ്തു. പാകിസ്താനെതിരെയാണെങ്കില്‍ കോലിയുടെ ബാറ്റിന്റെ ചൂട് ഇരട്ടിയാകും. അതില്‍ പാക് ബൗളര്‍മാര്‍ വെന്തുരുകും. കഴിഞ്ഞ ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തില്‍ ഇതുപോലെ ഇന്ത്യന്‍ മുന്‍നിര ബാറ്റര്‍മാര്‍ തകര്‍ന്നപ്പോള്‍ കോലി ഒറ്റയ്ക്ക് നിന്ന് പൊരുതിയിരുന്നു. അന്ന് കോലിയുടെ മികവിലാണ് ഇന്ത്യ നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ടത്. ഇത്തവണയും കോലി ക്രീസിലുറച്ചുനിന്നപ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് പ്രതീക്ഷയുടെ അവസാന കണിക അകന്നുപോയില്ല.

ഹാര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് കോലി നടത്തിയ രക്ഷാപ്രവര്‍ത്തനം പ്രശംസനീയമാണ്. പന്തുകള്‍ സാവധാനം നേരിട്ട് പിച്ചിന്റെ ഗതി മനസ്സിലാക്കി തുടങ്ങിയ കോലി പതിയെ മത്സരത്തില്‍ താളം കണ്ടെത്തി. അനാവശ്യമായി വിക്കറ്റ് വലിച്ചെറിയാതെ മോശം പന്തുകള്‍ മാത്രം കണ്ടുപിടിച്ച് പ്രഹരിച്ച് കോലി മുന്നേറി. ഹാര്‍ദിക് മികച്ച പിന്തുണ നല്‍കി. പാക് പേസര്‍മാരുടെ തീതുപ്പുന്ന പന്തുകളെ കൂസലില്ലാതെ നേരിട്ട് കോലി ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. അത്രമേല്‍ പക്വതയോടെയാണ് താരം കളിച്ചത്.

12-ാം ഓവറില്‍ മുഹമ്മദ് നവാസിനെ സിക്‌സടിച്ചുകൊണ്ട് കോലി ബാറ്റിങ് ശൈലിയില്‍ കാര്യമായ മാറ്റം വരുത്തി. മറുവശത്ത് ഹാര്‍ദിക് റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചതോടെ ഇന്ത്യയുടെ കയ്യില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന തോന്നലുണ്ടായി. അവസാന മൂന്നോവറില്‍ 48 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. അപ്രാപ്യമെന്ന് തോന്നിച്ച ഈ ലക്ഷ്യത്തെ കോലി ഒറ്റയ്ക്ക് എത്തിപ്പിടിച്ചു. 18-ാം ഓവറിലെ ആദ്യ പന്തില്‍ ഫോറടിച്ച് കോലി കരിയറിലെ 34-ാം അന്താരാഷ്ട്ര ട്വന്റി 20 അര്‍ധശതകം കുറിച്ചു. 43 പന്തില്‍ നിന്നാണ് താരം 50 റണ്‍സെടുത്തത്. ആ ഓവറില്‍ 17 റണ്‍സാണ് പിറന്നത്.

മികച്ച ഫോമില്‍ പന്തെറിഞ്ഞ ഹാരിസ് റൗഫാണ് 19-ാം ഓവര്‍ ചെയ്തത്. ഈ ഓവറിലെ അവസാന രണ്ട് പന്തിലും സിക്‌സടിച്ച് കോലി ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ സമ്മാനിച്ചു. അഞ്ചാം പന്തില്‍ കോലി നേടിയ സിക്‌സ് അദ്ദേഹത്തിന്റെ പ്രതിഭയുടെ മകുടോദാഹരണമാണ്. അവസാന ഓവറിലും തകര്‍ത്തടിച്ച് കോലി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. അര്‍ധസെഞ്ചുറിയിലെക്കാന്‍ 43 പന്തുകള്‍ നേരിട്ട കോലിയ്ക്ക് പിന്നീട് 32 റണ്‍സ് നേടാന്‍ വെറും 10 പന്തുകള്‍ മാത്രമാണ് വേണ്ടിവന്നത്. മത്സരത്തിന്റെ നിര്‍ണായക ഓവറുകളില്‍ കോലി അടിച്ചെടുത്ത റണ്‍സ് ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഹാര്‍ദിക്കിനൊപ്പം 113 റണ്‍സിന്റെ കൂട്ടുകെട്ടാണ് കോലി പടുത്തുയര്‍ത്തിയത്. ട്വന്റി 20യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണിത്.

ഏഷ്യാകപ്പില്‍ അഫ്ഗാനെതിരേ സെഞ്ചുറി നേടിക്കൊണ്ട് ഫോമിലേക്കുയര്‍ന്ന കോലി ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ തന്നെ തകര്‍ത്തടിച്ച് വരവറിയിച്ചുകഴിഞ്ഞു. കോലി ഇനിയും ഫോം കണ്ടെത്തിയിട്ടില്ല എന്ന് പറയുന്ന വിമര്‍ശകര്‍ക്ക് കോലി മറുപടി നല്‍കിയ ദിനം കൂടിയായിരുന്നു ഇത്. ഇതുവരെ കൈകൊണ്ട് തൊടാനാകാത്ത ട്വന്റി 20 ലോകകിരീടത്തില്‍ മുത്തമിടണം എന്ന അടങ്ങാത്ത ആഗ്രഹവുമായാണ് ആ 18-ാം നമ്പര്‍ ജഴ്‌സിക്കാരന്‍ ഓസ്‌ട്രേലിയയില്‍ കാലുകുത്തിയത്. അയാള്‍ ഇതുപോലെ ബാറ്റിങ് തുടര്‍ന്നാല്‍ മറ്റ് ടീമുകള്‍ക്ക് തോറ്റുകൊടുക്കുകയല്ലാതെ മറ്റ് വഴികളൊന്നുമില്ല.

Content Highlights: virat kohli, kohli batting, kohli vs pakistan, india vs pakistan, icct20 world cup 2022, sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented