ട്വന്റി 20 ലോകകപ്പില്‍ വരുമോ ആ സ്വപ്ന ഫൈനല്‍?


അനുരഞ്ജ് മനോഹര്‍

Photo: AP

2007 സെപ്റ്റംബര്‍ 24, ഈ ദിനം മറക്കാനാകുമോ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക്? പ്രഥമ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ കീഴടക്കി ഇന്ത്യ വിശ്വകിരീടം ചൂടുമ്പോള്‍ ക്രീസില്‍ മുട്ടുകുത്തി നിന്ന് ഒരാള്‍ കരയുന്നുണ്ടായിരുന്നു. മിസ്ബാ ഉള്‍ ഹഖ്. ഒരു ഘട്ടത്തില്‍ കൈവിട്ടുപോയ പ്രതീക്ഷകള്‍ പാകിസ്താന് വേണ്ടി തിരിച്ചുപിടിച്ച മിസ്ബയ്ക്ക് പക്ഷേ ജോഗീന്ദര്‍ ശര്‍മ ചെയ്ത അവസാന ഓവറിലെ മൂന്നാം പന്തില്‍ പിഴച്ചു. ഓവറിലെ ആദ്യ പന്ത് തന്നെ വൈഡായപ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പരന്നു. പിന്നാലെ വന്ന പന്തില്‍ മിസ്ബയെ റണ്‍സെടുക്കാന്‍ ജോഗീന്ദര്‍ അനുവദിച്ചില്ല. രണ്ടാം പന്തില്‍ പടുകൂറ്റന്‍ സിക്‌സ് നേടിക്കൊണ്ട് മിസ്ബാ പാകിസ്താനെ വിജയതീരത്തിനടുത്തെത്തിച്ചിരുന്നു. എന്നാല്‍ മൂന്നാം പന്തില്‍ അദ്ദേഹത്തിന് പിഴച്ചു. മിസ്ബയുടെ ഷോട്ട് മലയാളി താരം ശ്രീശാന്തിന്റെ കയ്യിലമര്‍ന്നപ്പോള്‍ ഇന്ത്യ ആവേശത്താല്‍ പൊട്ടിയൊലിച്ചു. ട്വന്റി 20 കിരീടം ധോനിയ്ക്കും കൂട്ടര്‍ക്കും സ്വന്തം!

ഇന്ത്യയും പാകിസ്താനും ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ അത് ലോകത്തിന്റെ വിഷയമാകുന്നത് സ്വാഭാവികം. അത്രമേല്‍ ആവേശം തുടിക്കുന്ന മറ്റൊരു ക്രിക്കറ്റ് മത്സരം ലോകത്തില്ല. ഫുട്‌ബോള്‍ അര്‍ജന്റീനയും ബ്രസീലും കൊമ്പുകോര്‍ക്കുന്ന അത്ര തന്നെ ആവേശവും ഊര്‍ജ്ജവുമാണ് ഇന്ത്യ-പാക് മത്സരങ്ങള്‍ സമ്മാനിക്കാറ്. അത്തരത്തിലൊരു സ്വപ്ന ഫൈനലിന് 2022 ട്വന്റി 20 ലോകകപ്പ് വേദിയാകുമോ?സെമി ഫൈനലില്‍ ന്യൂസീലന്‍ഡിനെ തകര്‍ത്തുകൊണ്ട് പാകിസ്താന്‍ ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ്. രണ്ടാം സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടാന്‍ നില്‍ക്കുകയാണ്. ഇംഗ്ലണ്ടിനെതിരേ ഇന്ത്യ വിജയം നേടിയാല്‍ വരുന്ന ഞായറാഴ്ച നടക്കാന്‍ പോകുന്നത് ചരിത്രമാണ്. ട്വന്റി 20 ലോകകപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യ-പാകിസ്താന്‍ ഫൈനല്‍. ക്രിക്കറ്റ് ആരാധകര്‍ക്ക് ഇതില്‍പ്പരം ആനന്ദം മറ്റെന്തുണ്ട്.

അത്ഭുതങ്ങള്‍ നിറഞ്ഞതാണ് പാകിസ്താന്റെ ഫൈനലിലേക്കുള്ള വഴി. ഒരു ഘട്ടത്തില്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുമെന്ന് ഉറപ്പിച്ച് വിമാനം കയറാന്‍ തുടങ്ങിയവര്‍ ഫൈനല്‍ ബര്‍ത്ത് ആദ്യം ഉറപ്പിച്ചിരിക്കുന്നു. അതിന് അവര്‍ നെതര്‍ലന്‍ഡ്‌സിനോട് നന്ദി പറയണം. നിര്‍ണായക മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെയാണ് പാകിസ്താന് വഴി തെളിഞ്ഞത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞുകൊണ്ട് പാകിസ്താന്‍ സെമിയിലേക്ക് മുന്നേറി. അവിടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി വന്ന ന്യൂസീലന്‍ഡായിരുന്നു എതിരാളികള്‍. പക്ഷേ പ്രവചനങ്ങള്‍ക്കുമപ്പുറത്തായിരുന്നു പാകിസ്താന്റെ ഉശിരന്‍ പ്രകടനം. ന്യൂസീലന്‍ഡിനെ തകര്‍ത്തുകൊണ്ട് അവര്‍ മൂന്നാം ട്വന്റി 20 ലോകകപ്പ് ഫൈനല്‍ ബെര്‍ത്തുറപ്പിച്ചിരിക്കുന്നു. ഇംഗ്ലണ്ടിനെ ഇന്ത്യ കീഴടക്കിയാല്‍ ആ സ്വപ്ന ഫൈനല്‍ വീണ്ടും കാണികളെ പുളകം കൊള്ളിക്കും. നവംബര്‍ 13 എന്ന ദിനം ഇന്ത്യ-പാകിസ്താന്‍ മത്സരം കൊണ്ട് മാത്രം ശ്രദ്ധേയമാകും.

ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താനോട് തോല്‍ക്കാത്തതിന്റെ റെക്കോഡ് കാത്തുസൂക്ഷിച്ച ഇന്ത്യയ്ക്ക് കഴിഞ്ഞ വര്‍ഷം അത് നഷ്ടമായി. 2021 ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പാകിസ്താന്‍ 10 വിക്കറ്റിന് ഇന്ത്യയെ തകര്‍ത്തു. ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരേ പാകിസ്താന്റെ ആദ്യ വിജയം. എന്നാല്‍ ഇത്തവണ ഇന്ത്യ അതിന് പകരം വീട്ടി. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയപ്പോള്‍ വിരാട് കോലിയുടെ ലോകോത്തര ബാറ്റിങ് മികവില്‍ അപ്രാപ്യമായിരുന്ന വിജയലക്ഷ്യം ഇന്ത്യ അടിച്ചെടുത്തിരുന്നു. വീറും വാശിയും നിറഞ്ഞ പോരാട്ടത്തില്‍ ഇന്ത്യയുടെ വിജയം ആരാധകര്‍ക്ക് സമ്മാനിച്ച ആവേശം ചെറുതല്ല.

അന്ന് പാകിസ്താന്‍ ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി സമ്മാനിച്ചാണ് കീഴടങ്ങിയത്. അതുകൊണ്ടുതന്നെ ഇന്ത്യ ഫൈനലിലെത്തിയാല്‍ കാര്യങ്ങള്‍ ഒട്ടും എളുപ്പമാകില്ല. ഇതുവരെ ഫോം കണ്ടെത്താത്ത ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ അഫ്രീദി എന്നിവര്‍ ഫോമിലേക്ക് മടങ്ങിയെത്തിയതോടെ പാകിസ്താന്‍ ടീം ശക്തമായിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരേ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യ ഫൈനലിലെത്തിയാല്‍ വരുന്ന ഞായറാഴ്ച നടക്കുന്ന കലാശപ്പോരില്‍ തീപാറുമെന്നുറപ്പ്. 2007 -ലെ ആ ലോകകപ്പ് ഫൈനല്‍ വീണ്ടും അന്ന് ആവര്‍ത്തിക്കും. അന്ന് ധോനിയും സംഘവും കാണിച്ചതുപോലെയൊരു മാജിക്ക് കൊണ്ടുവരാന്‍ രോഹിത് ശര്‍മയ്ക്കും കൂട്ടര്‍ക്കും സാധിക്കുമോ? കാത്തിരുന്ന് കാണാം.

Content Highlights: icc t20 world cup 2022, icct20 world cup,india vs pakistan, india vs pakistan final, ind vs pak, ind


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented