സൂപ്പറായി തുടങ്ങി ന്യൂസീലന്‍ഡ്, ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരെ 89 റണ്‍സിന് തകര്‍ത്തു


Photo: twitter.com/ICC

സിഡ്‌നി: നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞ് ഐ.സി.സി ട്വന്റി 20 ലോകകപ്പില്‍ ന്യൂസീലന്‍ഡിന് ഉജ്ജ്വലത്തുടക്കം. സൂപ്പര്‍ 12 പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ 89 റണ്‍സിന് തകര്‍ത്താണ് കിവീസ് വിജയമാഘോഷിച്ചത്. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 17.1 ഓവറില്‍ 111 റണ്‍സിന് ഓള്‍ ഔട്ടായി. മത്സരത്തിലുടനീളം കിവീസ് ആധിപത്യം പുലര്‍ത്തി.

201 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തില്‍ തന്നെ തകര്‍ച്ച നേരിട്ടു. ടീം സ്‌കോര്‍ വെറും അഞ്ചുറണ്‍സില്‍ നില്‍ക്കെ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പുറത്തായി. ടിം സൗത്തിയാണ് വാര്‍ണറെ പുറത്താക്കിയത്. രണ്ടാം ഓവറിലെ ആദ്യ പന്തിലാണ് വിക്കറ്റ് വീണത്. സൗത്തിയുടെ പന്തില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച വാര്‍ണര്‍ക്ക് പിഴച്ചു. വാര്‍ണറുടെ ബാറ്റിലുരസിയ പന്ത് താരത്തിന്റെ തുടയിലിടിച്ച് ഉയര്‍ന്നുപൊങ്ങി. അത് വീണ്ടും ബാറ്റില്‍ തട്ടി വിക്കറ്റില്‍ പതിച്ചു. ഇതോടെ വാര്‍ണര്‍ ബൗള്‍ഡായി. ഇത് വിശ്വസിക്കാനാവാതെ വാര്‍ണര്‍ ക്രീസില്‍ മുട്ടുകുത്തി നിന്നു. അഞ്ച് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.പിന്നാലെ നാലാം ഓവറിലെ അവസാന പന്തില്‍ ഓപ്പണറും നായകനുമായ ആരോണ്‍ ഫിഞ്ചും പുറത്തായി. 11 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത ഫിഞ്ചിനെ മിച്ചല്‍ സാന്റ്‌നര്‍ പുറത്താക്കി. പിന്നലെ വന്ന മിച്ചല്‍ മാര്‍ഷ് അനാവശ്യമായി വിക്കറ്റ് കളഞ്ഞു. വെറും 16 റണ്‍സാണ് ഓള്‍റൗണ്ടറുടെ സമ്പാദ്യം. പിന്നാലെ ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞതോടെ ഓസ്‌ട്രേലിയന്‍ ക്യാമ്പില്‍ പ്രതീക്ഷ പരന്നു. എന്നാല്‍ താരത്തിന് പിന്തുണ നല്‍കാന്‍ മറുവശത്ത് ഒരു ബാറ്റര്‍ക്കും സാധിച്ചില്ല.

മാര്‍ക്കസ് സ്റ്റോയിനിസ് (14 പന്തില്‍ ഏഴ് റണ്‍സ്), ഡിം ഡേവിഡ് (എട്ട് പന്തില്‍ 11 റണ്‍സ്), മാത്യു വെയ്ഡ് (നാല് പന്തില്‍ രണ്ട് റണ്‍സ്) എന്നിവര്‍ നിലയുറപ്പിക്കുമുന്‍പ് പുറത്തായി. മാക്‌സ്‌വെല്‍ 20 പന്തുകളില്‍ നിന്ന് 28 റണ്‍സെടുത്ത് പൊരുതിയെങ്കിലും ഫലവത്തായില്ല. ഒടുവില്‍ മാക്‌സ്‌വെല്ലിന്റെ വിക്കറ്റും വീണു. താരത്തെ ക്ലീന്‍ ബൗള്‍ഡാക്കി ഇഷ് സോധി ഓസ്‌ട്രേലിയയുടെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി.

വാലറ്റത്ത് പ്രതിരോധിച്ച പാറ്റ് കമ്മിന്‍സാണ് ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 100 കടത്തിയത്. എന്നാല്‍ കമ്മിന്‍സിന് കൂട്ടായി നില്‍ക്കാന്‍ വാലറ്റത്ത് ആര്‍ക്കും കഴിഞ്ഞില്ല. മിച്ചല്‍ സ്റ്റാര്‍ക്കിനെയും (4) ആദം സാംപയെയും (0) ക്ലീന്‍ ബൗള്‍ഡാക്കി ട്രെന്റ് ബോള്‍ട്ട് ഓസ്‌ട്രേലിയയുടെ നടുവൊടിച്ചു. 18-ാം ഓവറില്‍ 21 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സിനെ മടക്കി ടിം സൗത്തി ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന് തിരശ്ശീലയിട്ടു.

കിവീസിനായി മിച്ചല്‍ സാന്റ്‌നറും ടിം സൗത്തിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റെടുത്തു. ലോക്കി ഫെര്‍ഗൂസനും ഇഷ് സോധിയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. 92 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് കിവീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറ്റൊരു ഓപ്പണറായ ഫിന്‍ അലനും മികച്ച പ്രകടനം പുറത്തെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിനായി ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെയും ഫിന്‍ അലനും മികച്ച തുടക്കം നല്‍കി.ടീമിന് അലനായിരുന്നു കൂടുതല്‍ അപകടകാരി. ആദ്യ വിക്കറ്റില്‍ കോണ്‍വെയ്‌ക്കൊപ്പം വെറും 4.1 ഓവറില്‍ 56 റണ്‍സാണ് അലന്‍ കൂട്ടിച്ചേര്‍ത്തത്. വെറും 16 പന്തുകളില്‍ നിന്ന് അഞ്ച് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 42 റണ്‍സാണ് താരം അടിച്ചെടുത്തത്. അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ അലനെ ജോഷ് ഹെയ്‌സല്‍വുഡ് ക്ലീന്‍ ബൗള്‍ഡാക്കി. അലന്‍ മടങ്ങുമ്പോള്‍ ന്യൂസീലന്‍ഡ് മികച്ച സ്‌കോറിലെത്തിയിരുന്നു. അലന് പകരം കെയ്ന്‍ വില്യംസണ്‍ ക്രീസിലെത്തി. വില്യംസണ്‍ സൂക്ഷിച്ച് കളിച്ചപ്പോള്‍ കോണ്‍വേ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു. റണ്‍റേറ്റ് കുറയാതെ ഇരുവരും ടീം സ്‌കോര്‍ ഉയര്‍ത്തി. 11-ാം ഓവറില്‍ ന്യൂസീലന്‍ഡ് 100 റണ്‍സ് കടന്നു.

വില്യംസണെ സാക്ഷിയാക്കി കോണ്‍വെ അടിച്ചുതകര്‍ത്തു. പിന്നാലെ താരം അര്‍ധസെഞ്ചുറി നേടി. 36 പന്തുകളില്‍ നിന്നാണ് ഈ ഇടംകൈയ്യന്‍ ബാറ്റര്‍ അര്‍ധസെഞ്ചുറി നേടിയത്. എന്നാല്‍ കോണ്‍വെയുടെ അര്‍ധസെഞ്ചുറിയ്ക്ക് പിന്നാലെ വില്യംസണ്‍ പുറത്തായി. അനാവശ്യ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച വില്യംസണെ ആദം സാംപ വിക്കറ്റിന് മുന്നില്‍ കുടുക്കി. 23 പന്തുകളില്‍ നിന്ന് 23 റണ്‍സെടുത്ത് കിവീസ് നായകന്‍ ക്രീസ് വിട്ടു.

വില്യംസണ് പകരം ഗ്ലെന്‍ ഫിലിപ്‌സ് ക്രീസിലെത്തി. ഫിലിപ്‌സിനെ കൂട്ടുപിടിച്ച് കോണ്‍വേ അനായാസം ബാറ്റിങ് തുടര്‍ന്നു. 16-ാം ഓവറില്‍ ടീം സ്‌കോര്‍ 150 കടന്നു. എന്നാല്‍ ഇതേ ഓവറില്‍ ഫിലിപ്‌സിനെ പുറത്താക്കി ഹെയ്‌സല്‍വുഡ് കിവീസിന് മേല്‍ പ്രഹരമേല്‍പ്പിച്ചു. ഹെയ്‌സല്‍വുഡിന്റെ ഷോര്‍ട്ട്പിച്ച് പന്ത് കളിക്കുന്നതില്‍ ഫിലിപ്‌സ് പരാജയപ്പെട്ടു. ബാറ്റിലുയര്‍ന്നുപൊന്തിയ പന്ത് ഹെയ്‌സല്‍വുഡ് തന്നെ കൈയ്യിലൊതുക്കി. വെറും 12 റണ്‍സാണ് ഫിലിപ്‌സിന്റെ സമ്പാദ്യം. ഫിലിപ്‌സിന് പിന്നാലെ ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമാണ് ക്രീസിലെത്തിയത്. എന്നാല്‍ അവസാന ഓവറുകളില്‍ ഇരുവര്‍ക്കും വേണ്ട വിധത്തില്‍ സ്‌കോര്‍ ഉയര്‍ത്താനായില്ല. ഇന്നിങ്‌സിലെ അവസാന പന്തില്‍ സിക്‌സടിച്ച് നീഷാം ടീം സ്‌കോര്‍ 200 കടത്തി. കോണ്‍വെ 58 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 92 റണ്‍സെടുത്ത് അപരാജിതനായി നിന്നു. നീഷാം 13 പന്തുകളില്‍ നിന്ന് 26 റണ്‍സ് നേടി പുറത്താവാതെ പൊരുതി.

ഓസീസ് ബൗളര്‍മാരെല്ലാം നന്നായി റണ്‍സ് വഴങ്ങി. ജോഷ് ഹെയ്‌സല്‍വുഡ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ആദം സാംപയും വിക്കറ്റെടുത്തു.

Updating ...

Content Highlights: icc t20 world cup 2022, new zealand vs australia, nz vs aus, super 12 match, t20 world cup super 12


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented