നെഞ്ചിടിപ്പില്ലാതെ എന്ന് കാണാനാവും....! തൃശൂർ പൂരം ഒരു പെണ്‍കാഴ്ച


ജോബിന ജോസഫ് | jobinajoseph@mpp.co.in

3 min read
Read later
Print
Share

തൃശ്ശൂര് ജനിച്ചുവളര്‍ന്ന മുതിര്‍ന്ന സ്ത്രീകള്‍ക്ക് പോലും ഇതുവരെ നേരില്‍ കാണാന്‍ സാധിച്ചിട്ടില്ല എന്നത് വിരോധാഭാസമാണ്. വീടുകളുടെ മട്ടുപ്പാവിലോ ആള്‍ക്കൂട്ടത്തില്‍ ഏറ്റവും പിന്നിലോ നിന്ന് പൂരം കാണുന്നവരാണിവര്‍. രാത്രിയായാല്‍ മൈതാനത്ത് ഒറ്റ സ്ത്രീയേയും കാണാനില്ലാത്ത അവസ്ഥയും മുമ്പുണ്ടായിരുന്നു

ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി

"നിന്നോടുള്ള സ്‌നേഹം കൊണ്ട് പറയുവാ മോളെ, പോയ പോലെ തിരിച്ചുവരൂല്ല. പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായി പങ്കെടുക്കാന്‍ പറ്റണതല്ല പൂരം". ആദ്യമായി തൃശ്ശൂര്‍ പൂരം കാണാന്‍ പൊയ്‌ക്കോട്ടേ എന്ന് ചോദിച്ചപ്പോള്‍ അടുപ്പമുള്ളവരൊക്കെ പറഞ്ഞത് ഇങ്ങനെയാണ്. എല്ലാവരും അവരവരുടെ റിസ്‌കില്‍ പൊയ്‌ക്കോളാന്‍ കോളേജീന്ന് സമ്മതിച്ചപ്പോ, എഴുതി ഒപ്പുമിട്ട് ഞങ്ങള്‍ 11 പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും കൂടി തൃശൂരിന് ട്രെയിന്‍ പിടിച്ചു.

തൃശൂരുകാര്‍ രണ്ടു പേര്‍ ഉണ്ടായിരുന്നതുകൊണ്ട് താമസത്തിന് ബുദ്ധിമുട്ടേണ്ടി വന്നില്ല. അവരുടെ വീടുകളില്‍ തങ്ങി ഉച്ചയോടെ പൂരസ്ഥലത്തെത്തി. പെണ്‍കുട്ടികളെല്ലാം ഒരു ചെയിന്‍ പോലെ കൈകള്‍ കോര്‍ത്തുപിടിച്ചുകൊണ്ടാണ് മൈതാനം മുഴുവന്‍ നടന്നത്. ഒടുവില്‍ മേളം തുടങ്ങിയതോടെ, മൈതാനത്ത് ജനസാഗരം തിങ്ങിനിറയാന്‍ തുടങ്ങി. അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് മാത്രമല്ല, ജനത്തിരക്കില്‍ കയ്യൊന്ന് പൊക്കാന്‍കൂടി കഴിഞ്ഞിരുന്നില്ല. ഒരുവിധത്തില്‍ മുന്നില്‍ നിന്നവരെയൊക്കെ തള്ളിമാറ്റി ഞങ്ങള്‍ 'സേഫ്' ആയ ഒരു സ്ഥലം പിടിച്ചു. മറ്റ് പുരുഷകേസരികളും ഞങ്ങള്‍ക്ക് ചുറ്റുംനിന്നു. ശ്വാസം മുട്ടിയുള്ള ഈ നില്‍പ്പ് എനിക്ക് തീരെ പറ്റിയിരുന്നില്ല. എന്നാല്‍, 'സുരക്ഷാപ്രശ്‌നങ്ങള്‍' മൂലം അത് ആവശ്യമായിരുന്നു. ഒന്ന് മുഖം തുടയ്ക്കാനുള്ള ഗ്യാപ്‌ പോലും നല്‍കാതെ ആളുകള്‍ തിരക്കുപിടിച്ച് മറ്റു സ്ഥലങ്ങളിലേക്ക് പൊയ്‌ക്കോണ്ടിരുന്നു.

പുരുഷന്മാരുടെ മാത്രമെന്ന് പറയാവുന്ന 'പൂരം'

കൃഷ്ണപ്രിയയും സുദീപും

കഴിഞ്ഞ വര്‍ഷം സുഹൃത്തിന്റെ തോളിലേറി പൂരം കണ്ട തൃശൂര്‍കാരി കൃഷ്ണപ്രിയയെ നമ്മള്‍ മറന്നിട്ടില്ല. 'ഏതൊരു പെണ്‍കുട്ടിക്കും ഉള്ള ആഗ്രഹമായിരിക്കും പൂരം അടുത്തുനിന്ന് കാണുക എന്നുള്ളത്, എന്നാല്‍ സാധിക്കുന്നവര്‍ കുറവാണ്. എനിക്ക് ഇത്രയും നല്ലൊരു സുഹൃത്തിനെ കിട്ടിയതുകൊണ്ടാണ് ആള്‍ക്കൂട്ടത്തിനിടയില്‍ പെട്ടുപോയിട്ടും തോളിലിരുന്ന് കുടമാറ്റം കാണാനായത്.'- കൃഷ്ണപ്രിയയുടെ ഈ വാക്കുകളില്‍ നാം ശ്രദ്ധിക്കേണ്ട ഒന്നുണ്ട്, പൂരം പെണ്‍കുട്ടികള്‍ക്കുള്ളതല്ല എന്ന സമൂഹത്തിന്റെ പൊതുധാരണയാണത്. തിരുവമ്പാടി ദേവസ്വം ബോര്‍ഡിന്റെ വെടിക്കെട്ട് ആദ്യമായി ഏറ്റെടുത്ത് നടത്തിയ വനിത, നടത്തിയ ഷീന സുരേഷും നമ്മുടെ മനസ്സിലുണ്ട്. ചരിത്രത്തിലാദ്യമായി പൂരത്തിന് ആകാശക്കാഴ്ചകള്‍ ഒരുക്കി ഒരു സ്ത്രീ എന്ന വാര്‍ത്ത വലിയ പ്രശംസയും നേടിയിരുന്നു. സമൂഹത്തിലെ മറ്റ് വേദികളിലെന്നപോലെ, തൃശൂര്‍ പൂരത്തിനും സ്ത്രീകള്‍ക്ക് അര്‍ഹതപ്പെട്ട ഇടം ഊട്ടിയുറപ്പിക്കുകയായിരുന്നു ഷീന.

രണ്ട് നൂറ്റാണ്ടിലേറെ പഴമയുള്ള പൂരഭംഗി, പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയും മത്സരിച്ചുള്ള കുടമാറ്റം, ജനസാഗരത്തെ വര്‍ണവിസ്മയത്തിലൂടെ കോരിത്തരിപ്പിക്കുന്ന വെടിക്കെട്ട്, പൂരപ്രഭയില്‍ മുഴുകി നില്‍ക്കുന്ന വടക്കുംനാഥക്ഷേത്രവും തേക്കിന്‍കാട് മൈതാനവും... ഇങ്ങനെയിങ്ങനെ നൂറുകണക്കിന് പ്രതീക്ഷകളുമായി പൂരം കാണാനെത്തിയതാണ് ഞങ്ങള്‍. എന്നാല്‍, മേളത്തിന്റെ മുന്‍പന്തിയില്‍നിന്ന് ആവേശം കൊള്ളുന്നത് കൂടുതലും പുരുഷന്മാരായിരുന്നു. ഏതെങ്കിലും മരത്തിന്റെ ചോട്ടിലോ തിരക്കൊഴിഞ്ഞ ഓരങ്ങളിലോ അല്ലെങ്കില്‍ ഏറ്റവും പിന്നിലോ നിന്ന് മേളം ആസ്വദിക്കുന്നവരാണ് കൂടുതല്‍ സ്ത്രീകളും. ലൈംഗികാതിക്രമണം ഉണ്ടാകുമോ ഭയം തന്നെയാണ് കാരണം. തൃശ്ശൂര്‍പൂരം പുരുഷന്മാരുടെ മാത്രം പൂരമായി ചുരുങ്ങിപ്പോയി എന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു നടി പ്രസ്താവിച്ചപ്പോള്‍ അവരെ വിമര്‍ശനങ്ങളും ട്രോളുകളും കൊണ്ട് മൂടിയതല്ലാതെ, സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലായവര്‍ കുറവാണ്. ഏഷ്യയില്‍തന്നെ ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ടം അണിനിരക്കുന്ന ഈ ക്ഷേത്രോത്സവം, നിര്‍ഭയമായി അടുത്തുനിന്ന് ആസ്വദിക്കേണ്ടത് പുരുഷന്മാര്‍ മാത്രമാണോ?

Also Read

തോളിലേറി പൂരം കണ്ടതിനെ വിമർശിച്ചവരോട്; ...

മട്ടുപ്പാവിലെ 'പൂരം'

പോകുന്ന വഴി, അവസരം നോക്കി സ്ത്രീകളുടെ ശരീരഭാഗങ്ങളില്‍ അനാവശ്യ സ്പര്‍ശനങ്ങളും നടത്തി യാത്ര ചെയ്ത വേന്ദ്രന്‍മാരുമുണ്ടായിരുന്നു. ഗുഡ് ടച്ചും ബാഡ് ടച്ചും എല്ലാം മനസ്സിലാവുന്ന, നല്ല പ്രതികരണശേഷിയുള്ള വ്യക്തികള്‍ക്കും ആ സമയത്ത് നിസ്സഹായരായി നില്‍ക്കാനേ കഴിയൂ. സ്പര്‍ശം അനുഭവപ്പെട്ട മാത്രയില്‍ത്തന്നെ ആളെ കണ്ടുപിടിക്കാനായി തിരിഞ്ഞുനോക്കിയപ്പോള്‍ എണ്ണാന്‍ പറ്റാത്തത്ര പുരുഷന്മാര്‍ കൂട്ടമായി കൈയ്യും വിരിച്ചുപിടിച്ച് നടക്കുന്നതാണ് കണ്ടത്. പിന്നില്‍ കയറിപ്പിടിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പുതന്നെ അതാ മുന്‍ഭാഗത്തും! പരാതിപ്പെടാന്‍ ആ പരിസരത്തൊന്നും ഒരു പോലീസുദ്യോഗസ്ഥരേയും കണ്ടില്ല. ഇവിടെ നിക്കാന്‍ പറ്റുന്നില്ല, ഇവിടെനിന്നും മാറണം എന്നുപറയാനായി ഞാനെന്റെ സുഹൃത്തുക്കളെ നോക്കിയപ്പോള്‍ ദേഷ്യവും വിഷമവും കലര്‍ന്ന ഒരു നിസ്സഹായതയോടെ അവരും എന്നെ നോക്കിനില്‍ക്കുന്നതാണ് കണ്ടത്. ഒടുവില്‍, തിരക്കൊന്ന് ശമിച്ചപ്പോള്‍, ഞങ്ങള്‍ മൈതാനത്ത് പുതിയ സ്ഥലം പിടിച്ചു. എങ്കിലും ഏത് നിമിഷവും ഒരു ലൈംഗികാതിക്രമണം പ്രതീക്ഷിച്ചുകൊണ്ടായിരുന്നു പൂരത്തിന്റെ ഒടുക്കം വരെ ഞങ്ങള്‍ ആ മൈതാനിയില്‍ നിന്നത്. കാഴ്ചയുടെ വര്‍ണാഭമൊരുക്കുന്ന പൂരക്കാഴ്ചകള്‍ നെഞ്ചിടിപ്പോടെ ആസ്വദിക്കുക എന്നത് എത്രയോ ദൗര്‍ഭാഗ്യകരമാണ്.

പൂരം ഒരു അവസരമായി മുതലെടുത്ത് ലൈംഗികാതിക്രമങ്ങളുടെ ഒരു പരമ്പര തന്നെ തേക്കിന്‍കാട് മൈതാനത്ത് നടത്തുന്നവരുണ്ട്. പൂരം എന്നാല്‍ 'കൂട്ടം' എന്നാണ് അര്‍ഥം. എല്ലാവരും ഒന്നിച്ചുചേരണം എന്നൊക്കെ സന്ദേശമുള്ള ഈ ആഘോഷത്തില്‍ പക്ഷേ മുന്‍പന്തിയിലുള്ളത് പുരുഷന്മാരാണ്. ആയിരക്കണക്കിനാളുകള്‍ പല നാടുകളില്‍നിന്ന് ഒത്തുചേരുന്ന പൂരം, പക്ഷേ, തൃശ്ശൂര് ജനിച്ചുവളര്‍ന്ന മുതിര്‍ന്ന സ്ത്രീകള്‍ക്ക് പോലും ഇതുവരെ നേരില്‍ കാണാന്‍ സാധിച്ചിട്ടില്ല എന്നത് വിരോധാഭാസമാണ്. വീടുകളുടെ മട്ടുപ്പാവിലോ ആള്‍ക്കൂട്ടത്തില്‍ ഏറ്റവും പിന്നിലോ നിന്ന് പൂരം കാണുന്നവരാണിവര്‍. രാത്രിയായാല്‍ മൈതാനത്ത് ഒറ്റ സ്ത്രീയേയും കാണാനില്ലായിത്ത അവസ്ഥയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ 'വിമന്‍ ഫ്രണ്ട്‌ലി പൂരം' എന്ന ആശയം പ്രഖ്യാപിച്ചതോടെ ഈ അവസ്ഥയ്ക്ക് മാറ്റം സംഭവിക്കുന്നുണ്ട്.

നെഞ്ചിടിപ്പോടെ കണ്ടുതീർക്കുന്ന 'പൂരം'

പൂരം കാണാന്‍ പോകുന്നതില്‍നിന്ന് സ്ത്രീയെ ആരും വിലക്കുന്നില്ല എന്നത് സത്യമാണ്. എന്നാല്‍, ഏതുസമയവും ലൈംഗികാതിക്രമണം ഉണ്ടാകാമെന്ന ഭയപ്പാടോടെ എങ്ങനെ പൂരസ്ഥലത്തേക്ക് പോകും? തൊട്ടുമുന്നില്‍ നില്‍ക്കുന്ന സ്ത്രീയുടെ പിന്‍ഭാഗത്ത് ലൈംഗികാതിക്രമം നടത്തിയും സ്ത്രീകള്‍ക്കിടയിലൂടെ ഇരുകൈയ്യുകളും വിരിച്ചുപിടിച്ച് പൂര്‍ണസ്വാതന്ത്ര്യത്തോടെ നടക്കുകയും ചെയ്യുന്ന പുരുഷന്മാരുടെയിടയില്‍ ഭയപ്പാടോടെ അരികത്ത് മാറിനിന്നല്ല സ്ത്രീകള്‍ പൂരം ആഘോഷിക്കേണ്ടത്. ഓരോ വര്‍ഷവും നൂറുകണക്കിന് സ്ത്രീകളാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിശ്ശബ്ദപീഡനങ്ങള്‍ അനുഭവിക്കുന്നതായി സാക്ഷ്യപ്പെടുത്തിയത്.

റിസര്‍വേഷനൊന്നുമില്ലാതെ പുരുഷന്മാര്‍ കാണുന്നതുപോലെ പൊതുഗ്രൗണ്ടില്‍നിന്ന് ആവേശത്തോടെ പൂരക്കാഴ്ചകള്‍ ആസ്വദിക്കാനാണ് തങ്ങള്‍ക്കിഷ്ടമെന്നാണ് മിക്ക സ്ത്രീകളും പങ്കുവെച്ച അഭിപ്രായം. ആണുങ്ങളാല്‍ തിങ്ങിനിറഞ്ഞ സാഗരത്തിന് നടുവില്‍ നെഞ്ചിടിപ്പോടെ നിന്ന് പൂരം കാണുന്ന അവസ്ഥ മാറുന്ന കാലം അതിവിദൂരമല്ലെന്ന് നമുക്ക് പ്രത്യാശിക്കാനേ വകുപ്പുള്ളൂ.

Content Highlights: thrissur pooram from a female perspective

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented