മഴമൂലം മാറ്റിവെച്ച തൃശ്ശൂർ പൂരം വെടിക്കെട്ട് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ പൊട്ടിച്ചപ്പോൾ |ഫോട്ടോ: ജെ. ഫിലിപ്പ്
തൃശ്ശൂര്‍: വിടില്ല ഞാന്‍ എന്ന മട്ടില്‍ വാശിപിടിച്ചുനിന്ന മഴ കുറച്ചുനേരം വഴങ്ങിയപ്പോള്‍ തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നഗരത്തെ പ്രകമ്പനം കൊള്ളിച്ചു. എന്നാല്‍, വിരിയമിട്ടുകളുടെ നിറഭേദങ്ങള്‍ പകല്‍വെളിച്ചത്തില്‍ മുങ്ങിപ്പോയി. ''ഇദെന്തൂട്ട് വെടിക്കെട്ടാ ഗഡ്യേ...'' എന്നു പറഞ്ഞ് തൃശ്ശൂരുകാര്‍ അപ്പോള്‍ മുഖം ചുളിക്കുകയും ചെയ്തു. ചുറ്റുമുള്ളതെല്ലാം പൊട്ടിവീഴുമെന്നപോലെ പ്രകമ്പനംകൊണ്ട കൂട്ടപ്പൊരിച്ചിലിന്റെ ഉശിരിന് കുറവുണ്ടായില്ല എന്നതില്‍ അവര്‍ ആശ്വസിച്ചു.
പകലെങ്കില്‍ പകല്‍ത്തന്നെ എന്നു പറഞ്ഞാണ് മന്ത്രി കെ. രാജനും ജില്ലാ കളക്ടറും ദേവസ്വം ഭാരവാഹികളും ഉള്‍പ്പെട്ട സംഘാടകര്‍ തികഞ്ഞ ആസൂത്രണത്തോടെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.05-ന് വെടിക്കെട്ട് തുടങ്ങിയത്. വെടിക്കെട്ടിലെ അവസാന തീപ്പൊരി അണഞ്ഞപ്പോഴേക്കും മഴ വീണ്ടും തിമര്‍ക്കുകയും ചെയ്തു.
പൂരം കഴിഞ്ഞ് പത്താംനാള്‍ പകല്‍ നടന്ന വെടിക്കെട്ടെന്ന ചരിത്രത്തിലേക്കും ഇക്കൊല്ലത്തെ പൂരം കയറിപ്പറ്റി. കാലാവസ്ഥ അനുകൂലമായാല്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് വെടിക്കെട്ടെന്ന് ജില്ലാഭരണകൂടവും തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളും തലേന്ന് പ്രഖ്യാപിച്ചപ്പോഴും അതൊരു നനഞ്ഞ പടക്കമാകുമോ എന്നായിരുന്നു ആശങ്ക. എന്നാല്‍, മഴ മാറിനിന്നപ്പോള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ 11 മണിക്ക് ദേവസ്വങ്ങളെ ചേര്‍ത്ത് യോഗം തുടങ്ങി. എത്രയും വേഗം വെടിക്കെട്ട് എന്ന ഒറ്റച്ചിന്തയില്‍ എല്ലാവരും മുന്നേറി.
11.30-നുശേഷം കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയപ്പോള്‍ തെല്ലൊരാശങ്ക. പക്ഷേ, തുടങ്ങിയ പണികള്‍ നിര്‍ത്തിവെച്ചില്ല. ആദ്യം പൊട്ടിക്കേണ്ട പാറമേക്കാവ് വിഭാഗം മാലപ്പടക്കവും കുഴിമിന്നലുകളും പ്ലാസ്റ്റിക് ഉറയില്‍ പൊതിഞ്ഞുകെട്ടി. ഗുണ്ടുകള്‍ വെച്ച പൈപ്പുകളും പ്ലാസ്റ്റിക് കവറുകൊണ്ട് പൊതിഞ്ഞു. എല്ലാം സഹിതമാണ് കത്തിത്തീര്‍ന്നത്. പൈപ്പുകള്‍ക്കു ചുവട്ടില്‍ ഉമിയിട്ട് ജലാംശം ഇല്ലാതാക്കിയിരുന്നു. ഒന്നേമുക്കാലോടെയാണ് പാറമേക്കാവ് വിഭാഗം വെടിമരുന്നിട്ടുതുടങ്ങിയത്. 2.05-ന് തിരികൊളുത്തി. എട്ടുമിനിറ്റില്‍ പൊട്ടിത്തീര്‍ന്നു. തിരുവമ്പാടി വിഭാഗം 2.37-ന് തിരികൊളുത്തി. നാലുമിനിറ്റില്‍ പൊട്ടിത്തീര്‍ന്നതും മഴ വീണതും ഒന്നിച്ചായിരുന്നു.
ഹൊ! ആശ്വാസം...
പൂരപ്പിറ്റേന്ന് പുലര്‍ച്ചെ നടത്തേണ്ട വെടിക്കെട്ട് മഴ കാരണം മാറ്റിവയ്ക്കുക, മഴയുണ്ടാകില്ലെന്ന ചിന്തയില്‍ പൊട്ടിക്കാന്‍ തീരുമാനിച്ച് മൂന്നുതവണ മാറ്റിവയ്ക്കുക, പത്തുനാള്‍ തേക്കിന്‍കാട് മൈതാനത്തെ കോണ്‍ക്രീറ്റുപുരകളില്‍ വെടിക്കോപ്പുകളെല്ലാം സൂക്ഷിക്കുക... തൃശ്ശൂര്‍ പൂരം സുഗമമായി കഴിഞ്ഞുപോയെങ്കിലും നീട്ടിവെച്ച വെടിക്കെട്ട് സംഘാടകരെ മുള്‍മുനയില്‍ നിര്‍ത്തുകയായിരുന്നു. റവന്യൂമന്ത്രി കെ. രാജനും ജില്ലാ കളക്ടര്‍ ഹരിതാ വി. കുമാറിനുമായിരുന്നു ആസൂത്രണത്തിന്റെ നേതൃത്വം.
പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ അതിസമ്മര്‍ദം നേരിട്ടെങ്കിലും മുന്നോട്ടുതന്നെ പോയി. പത്തുനാള്‍ വൈകിയിട്ടും വെടിക്കെട്ട് ഉപേക്ഷിക്കില്ലെന്ന സംഘാടകരുടെ തീരുമാനം ലക്ഷ്യം കാണുകയും ചെയ്തു. വെള്ളിയാഴ്ച മൂന്നുമണിക്കുശേഷം വലിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചതിനാലാണ് അതിനുമുമ്പ് വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ചാവക്കാട് ഭാഗത്ത് മഴമേഘങ്ങള്‍ ഉണ്ടാകുമെന്നും മൂന്നോടെ തൃശ്ശൂര്‍ നഗരത്തില്‍ മഴ പെയ്യുമെന്നും അറിയിപ്പ് കിട്ടിയിരുന്നു. അതിനാല്‍ രണ്ടരമണിക്കൂര്‍ സൂര്യന്‍ തെളിഞ്ഞുനിന്ന സമയം ഉപയോഗപ്പെടുത്തുകയായിരുന്നു-കളക്ടര്‍ പറഞ്ഞു.
രാത്രിവെടിക്കെട്ടിന്റെയത്ര ശോഭ ഇല്ലായിരുന്നെങ്കിലും പൂരം വെടിക്കെട്ടിന്റെ ശബ്ദഗാംഭീര്യത്തിന് കുറവുണ്ടായിരുന്നില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി സി. വിജയന്‍ എന്നിവര്‍ പറഞ്ഞു. ശുഭപര്യവസായി എന്നാണ് പാറമേക്കാവിന്റെ വെടിക്കെട്ട് ലൈസന്‍സിയുടെ സഹായി സ്റ്റെബിന്‍ സ്റ്റീഫന്‍ പറഞ്ഞത്. അഭിമാനം തോന്നുന്നെന്നാണ് തൃശ്ശൂര്‍ പൂരം വെടിക്കെട്ടിലെ ആദ്യ സ്ത്രീ ലൈസന്‍സിയായ തിരുവമ്പാടി വിഭാഗത്തിന്റെ ഷീനാ സുരേഷിന്റെ അഭിപ്രായം.
എല്ലാം കൃത്യം...
വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ റവന്യൂമന്ത്രിയും ജില്ലാ കളക്ടറും സ്ഥലം എം.എല്‍.എ. പി. ബാലചന്ദ്രനും ഉണ്ടായിരുന്നു. ജില്ലാ ഭരണകൂടവും പൂരം നടത്തിപ്പുകാരും എണ്ണയിട്ട യന്ത്രംപോലെയായി. ജില്ലയിലെ 600 പോലീസുകാരെ തേക്കിന്‍കാട് മൈതാനത്തെത്തിച്ചു. തിരുവന്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ക്കായി ആള്‍ക്കാരിറങ്ങി. അതില്‍ ദേവസ്വം അധികൃതരും പൂരപ്രേമികളും സാധാരണക്കാരുമുണ്ടായിരുന്നു. അമിട്ട് വയ്ക്കുന്ന കുറ്റികള്‍ തുണികൊണ്ട് തുടച്ച് വെള്ളം നീക്കി. കതിനയ്ക്കായി എടുത്ത കുഴികളില്‍ കടലാസും ഉമിയുമിട്ട് കത്തിച്ച് ചൂടാക്കി ഈര്‍പ്പം നീക്കി.
ഇടയ്ക്ക് സംഘാടകരുടെയും ആസ്വാദകരുടെയും മനക്കരുത്ത് പരീക്ഷിക്കുന്നതിനായി മഴ ചാറ്റലായി എത്തി. പക്ഷേ, വെടിക്കെട്ടിന്റെ പണി മുടങ്ങിയില്ല. ഇരുവിഭാഗങ്ങളിലുമായി നൂറുകണക്കിനുപേര്‍ അമിട്ടും കതിനയും കുഴിമിന്നലും നിലത്തുറപ്പിച്ചു. മൂന്നുലക്ഷം ഓലപ്പടക്കംകൊണ്ടുള്ള മാലയാണ് പ്ലാസ്റ്റിക് ഉറകളിലാക്കിയത്.
ദേവസ്വങ്ങളുെട പ്രസിഡന്റും സെക്രട്ടറിയുമുള്‍പ്പെടെയുള്ളവര്‍ വെടിക്കെട്ട് തയ്യാറാക്കുന്നതിനായി രംഗത്തെത്തി. സ്വരാജ് റൗണ്ടിലേക്ക് ഇരച്ചെത്തിയ ജനങ്ങളെ റൗണ്ടിലേക്കുള്ള റോഡില്‍ത്തന്നെ തടഞ്ഞു. ഇതിനായി ഇരുമ്പ് ബാരിക്കേഡ് ഉറപ്പിച്ചു. എമര്‍ജന്‍സി റോഡുകളില്‍ വടം കെട്ടിത്തിരിച്ചു. 12.45-ന് സ്വരാജ് റൗണ്ടില്‍ ഗതാഗതം നിരോധിച്ചു. സുരക്ഷയുടെ ഭാഗമായി കടകളടപ്പിച്ചു.
വെടിക്കെട്ട് നടത്തിയത് ആസൂത്രണവൈദഗ്ധ്യത്തിന്റെ ജയം
മഴയത്ത് ക്ഷേത്രാങ്കണത്തിലെ കെട്ടിടത്തിലേക്ക് കയറിനിന്ന പോലീസുകാരന്റെ വാക്കി ടോക്കിയിലേക്ക് കണ്‍ട്രോള്‍ റൂമില്‍നിന്ന് ചോദ്യമെത്തി-എന്തെങ്കിലും അത്യാഹിതം? ''ഇല്ല സാര്‍, വടക്കുന്നാഥക്ഷേത്രത്തിന്റെ ഗോപുരത്തില്‍നിന്ന് രണ്ട് ഓടുകള്‍ വീണുപൊട്ടി. അതുമാത്രം.'
ഓടിയെത്തിആസ്വാദകര്‍...
പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് വെള്ളിയാഴ്ച രണ്ടിന് തേക്കിന്‍കാടിന്റെ മാനത്ത് മിന്നിയപ്പോള്‍ മുനിസിപ്പല്‍ ഓഫീസ് റോഡിലും കുറുപ്പം റോഡിലും എം.ജി. റോഡിലുമെല്ലാം ആസ്വാദകര്‍ നിറഞ്ഞു. എം.ഒ. റോഡില്‍നിന്ന് റൗണ്ടിലേക്ക് കയറുന്നിടത്ത് പോലീസ് കെട്ടിയ ബാരിക്കേഡുകളോട് ചേര്‍ന്ന് റോഡിലും നടപ്പാതകളിലുമെല്ലാം ആളുകള്‍ കാത്തുനിന്നു. ചെറുപ്പക്കാരായിരുന്നു അധികവും. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളും കൂട്ടത്തില്‍ ചേര്‍ന്നു. വെടിക്കെട്ട് കാഴ്ചയ്ക്കൊപ്പം ആകാശത്തെ മഴമേഘങ്ങളിലായിരുന്നു എല്ലാവരുടെയും കണ്ണ്. ഇത്തവണയും മഴ കാലുവാരുമോയെന്ന ഭയമായിരുന്നു എല്ലാവര്‍ക്കും.
പാറമേക്കാവിന്റെ വെടിക്കെട്ട് കഴിഞ്ഞശേഷം പോസ്റ്റ് ഓഫീസ് റോഡിലൂടെയും ഇടറോഡുകളിലൂടെയും ആളുകള്‍ തിരുവമ്പാടി വെടിക്കെട്ട് കാണാന്‍ പാഞ്ഞു. പക്ഷേ, എല്ലായിടത്തും പോലീസ്. ബാരിക്കേഡുകള്‍ കെട്ടി പ്രവേശനം നിയന്ത്രിച്ചപ്പോള്‍ പലരും എം.ഒ. റോഡിലേക്കുതന്നെ തിരിച്ചെത്തി. ചിലര്‍ മടങ്ങി. എം.ഒ. റോഡിലെയും ചെട്ടിയങ്ങാടിയിലെയും കെട്ടിടങ്ങള്‍ക്ക് മുകളില്‍ സ്ത്രീകളടക്കമുള്ള ആസ്വാദകര്‍ വെടിക്കെട്ടിന് മുമ്പേ സ്ഥാനം പിടിച്ചിരുന്നു. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരെല്ലാം വെടിക്കെട്ട് കണ്‍നിറയെ കണ്ടു. റൗണ്ടിനോടുചേര്‍ന്നുള്ള ചില കടകള്‍ വെടിക്കെട്ട് പ്രമാണിച്ച് അടഞ്ഞുകിടന്നു.
വെടിക്കെട്ട് പകലായാലും രാത്രിയായാലും സെല്‍ഫി ഇല്ലാതെന്ത് ആഘോഷമെന്ന് യുവത്വം. വെടിക്കെട്ട് കഴിഞ്ഞതിന്റെ പുക വടക്കുന്നാഥന്‍ ക്ഷേത്രത്തിന് പിറകില്‍ നിറഞ്ഞ കാഴ്ചയും മനോഹരമായിരുന്നു. അത് കണ്ടുതീരുന്നതിനുമുമ്പേ മഴയെത്തി. റോഡില്‍ കുടചൂടി നിന്നവര്‍ അവിടെത്തന്നെ നിന്നു. അല്ലാത്തവര്‍ ഇരുവശങ്ങളിലെയും നടപ്പാതയിലേക്ക് ഓടിക്കയറി.
ആകാശം നിറഞ്ഞ് പക്ഷിക്കൂട്ടം
തെക്കേഗോപുരനടയ്ക്ക് മുന്നില്‍ ആദ്യ അമിട്ട് പൊട്ടിവിരിഞ്ഞു. ഒപ്പം തേക്കിന്‍കാട് മൈതാനത്തെ ഓരോ മരത്തില്‍നിന്നും ചിറകടിശബ്ദവുമുയര്‍ന്നു. പരിഭ്രാന്തരായി അവ ആകാശത്തേക്ക് പറന്നുയര്‍ന്നു. വൈകാതെ നഗരമാനമൊരു പക്ഷിമാനമായി. വെടിയൊച്ചകള്‍ കനത്തു. ഒപ്പം ആകാശത്ത് അവയുടെ ആര്‍ത്തനാദം പരന്നു. കൂട്ടപ്പൊരിച്ചിലുകള്‍ക്കിടയില്‍ അത് മുങ്ങിപ്പോയി. വെള്ളിയാഴ്ച നട്ടുച്ചനേരത്ത് വെടിക്കെട്ടാരംഭിച്ചപ്പോള്‍ നഗരമാനത്ത് കണ്ട കാഴ്ചയാണിത്. അപ്രതീക്ഷിതമായി മുഴങ്ങിയ വെടിയൊച്ചകളില്‍ ഭയന്ന് തേക്കിന്‍കാട്ടിലെ ഓരോ മരത്തില്‍നിന്നും ആയിരക്കണക്കിന് പക്ഷികളാണ് പറന്നുയര്‍ന്നത്. എന്തു സംഭവിച്ചുവെന്നറിയാതെ അവ പരക്കംപാഞ്ഞു.
പകലുറക്കത്തിലായിരുന്ന വവ്വാലുകള്‍, കാക്കകള്‍, മരക്കൊമ്പുകളില്‍ കുറുകിയിരുന്ന പ്രാവുകള്‍, മറ്റനേകം പക്ഷികള്‍... ചിലത് സമീപത്തെ കെട്ടിടങ്ങളിലും മരങ്ങളിലും അഭയം തേടി. തേക്കിന്‍കാട് മൈതാനത്തെ മരങ്ങളില്‍ ഇത്രമാത്രം അന്തേവാസികളുണ്ടെന്നുള്ള ഓര്‍മിപ്പിക്കല്‍ കൂടിയായിരുന്നു ഇത്. വെടിയൊച്ച മുഴങ്ങിയപ്പോള്‍ മൈതാനത്തും സമീപത്തുമുണ്ടായിരുന്ന തെരുവുനായ്ക്കളും ഭയന്നോടുന്നത് കാണാമായിരുന്നു. നഗരത്തില്‍ അലഞ്ഞിരുന്ന കാലികളെ കോര്‍പ്പറേഷന്‍ നേരത്തേ തന്നെ മാറ്റിയിരുന്നു.
Content Highlights: Thrissur pooram vedikettu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..