തിരുവമ്പാടി വിഭാഗം സാമ്പിളിന്റെ അവസാന ഒരുക്കങ്ങളിൽ ഷീന സുരേഷ്
തൃശ്ശൂര്‍: അസ്സല്‍ പോരാട്ടത്തിനു മുന്നേ ആകാശത്തൊരു ചെറുപോരാട്ടം; നിറങ്ങളുടെ തേരോട്ടം. കാണാന്‍ ഞായറാഴ്ച തേക്കിന്‍കാട്ടിലെത്തിയാല്‍ മതി. പൂരം സാമ്പിളില്‍ തിരുവമ്പാടിയും പാറമേക്കാവും മാനം നിറയും.
അതിന്റെ മുറുക്കങ്ങളിലായിരുന്നു ശനിയാഴ്ച തൃശ്ശൂര്‍. പൂരം ഒരുക്കത്തിന് പരമാവധി മുറുക്കം കൈവന്ന ദിവസവുമായിരുന്നു ശനിയാഴ്ച. ഞായറാഴ്ച സാമ്പിള്‍, പിറ്റേന്ന് തെക്കേഗോപുരനട തള്ളിത്തുറക്കല്‍, ചൊവ്വാഴ്ച പൂരവും. വര്‍ണങ്ങള്‍ നിറയ്ക്കാനുള്ള കുഴിയെടുക്കലായിരുന്നു തേക്കിന്‍കാട് മൈതാനത്തെ കാഴ്ച.
വെടിക്കെട്ടുപുരകളിലും അവസാന ഒരുക്കത്തിലായിരുന്നു. കുഴികളെ മഴയില്‍നിന്നു രക്ഷിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍കൊണ്ട് മൂടിയിടുന്നുമുണ്ട് ജോലിക്കാര്‍. പല വര്‍ണങ്ങളാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. കൂട്ടത്തില്‍ പ്രകമ്പനം സൃഷ്ടിക്കാനുള്ള ശബ്ദങ്ങളെ നിശ്ശബ്ദമായി ഒളിപ്പിച്ചിട്ടുമുണ്ട്.
അമിട്ടുകളില്‍ പല വൈവിധ്യങ്ങള്‍. മുകളില്‍ പോയി കറങ്ങുന്നതും നിറങ്ങള്‍ വിതറുന്നതുമെല്ലാം ഇതിലുണ്ട്. ഫ്‌ളാഷ്, കാര്‍ണിവല്‍, ഡോള്‍ബി, ബട്ടര്‍ഫ്‌ളൈ എന്നിങ്ങനെയാണ് ഇവയ്ക്ക് പേരുനല്‍കിയിരിക്കുന്നത്. ആകാശപ്പുക എന്നൊരിനമാണ് ഇത്തവണ തിരുവമ്പാടി പുതുതായി ഇറക്കുന്നത്. പലവര്‍ണങ്ങളില്‍ പുക വിതറുന്ന ഇനമാണിത്.
മൂളിശബ്ദത്തോടെ ഉയര്‍ന്നുപൊങ്ങുന്ന അമിട്ടുള്‍പ്പെടെ പാറമേക്കാവും കരുതിവെച്ചിട്ടുണ്ട്. പടക്കം, കുഴിമിന്നല്‍, അമിട്ട് എന്ന ക്രമത്തിലാണ് സാമ്പിള്‍ മുന്നേറുക. ഇരുവിഭാഗത്തിന്റെയും വെടിക്കെട്ട് പൂര്‍ത്തിയായാലും അമിട്ട് പിന്നെയും പൊട്ടും. ആകാശത്ത് നിറങ്ങള്‍ വിതറുന്ന ഇവ കാണാനും ധാരാളം പേര്‍ കാത്തിരിക്കുന്നുണ്ടാകും.
ഷീനയുടെ ചരിത്രനിയോഗം
ഇത്തവണ പൂരം വെടിക്കെട്ടില്‍ തിരുവമ്പാടി വിഭാഗത്തിന് നേതൃത്വം നല്‍കുന്നത് ഷീന സുരേഷ് ആണ്. ആദ്യമായാണ് ഒരു വനിത വെടിക്കെട്ടിന്റെ മുന്‍നിരയിലെത്തുന്നത്. ഭര്‍ത്താവ് കുണ്ടന്നൂര്‍ തെക്കേക്കര പന്തലങ്ങാട്ടില്‍ പി.കെ. സുരേഷ് 2012 മുതല്‍ ഈ രംഗത്തുണ്ട്. സാമ്പിളിന്റെ ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ശനിയാഴ്ചയും ഷീന വെടിക്കെട്ടുപുരയിലുണ്ടായിരുന്നു. സാമ്പിള്‍ ഉഷാറാക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
പാറമേക്കാവില്‍ വര്‍ഗീസ്
വെള്ളിക്കുളങ്ങര സ്വദേശി പി.സി. വര്‍ഗീസാണ് പാറമേക്കാവിന്റെ വെടിക്കെട്ടിന് നേതൃത്വം നല്‍കുന്നത്. ആദ്യമായാണ് ഇദ്ദേഹം ഈ ചുമതല ഏറ്റെടുക്കുന്നത്. ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ സ്റ്റിബിന്‍ സ്റ്റീഫന്‍ രണ്ടുവര്‍ഷം തിരുവമ്പാടി വെടിക്കെട്ട് ഏറ്റെടുത്ത് നടത്തിയിരുന്നു. സ്റ്റിബിനും സഹായിയായി ഉണ്ട്. 2015, 2016 വര്‍ഷത്തെ വെടിക്കെട്ടാണ് സ്റ്റിബിന്‍ നടത്തിയിരുന്നത്. സാമ്പിളിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സ്റ്റിബിന്‍ പറഞ്ഞു. പല അത്ഭുതങ്ങളുമുണ്ടാകുമെന്ന സൂചനയും നല്‍കി.
Content Highlights: thrissur pooram 2022 sample fireworks
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..