തൃശ്ശൂർ പൂരത്തിന് പാറമേക്കാവ് ഭഗവതി പുറപ്പെടുന്നു. ഫോട്ടോ: മനീഷ് ചേമഞ്ചേരി/ മാതൃഭൂമി
തൃശ്ശൂര്‍: മണ്ണിലും വിണ്ണിലും മനസ്സിലും നിറഞ്ഞ് പൂരാവേശം. കൊട്ടിക്കയറിയ ഇലഞ്ഞിത്തറ മേളത്തിനും തെക്കോട്ടിറക്കത്തിനും ശേഷം തെക്കേ ഗോപുരനടയില്‍ കുടമാറ്റ വിസ്മയം. വര്‍ണക്കുടകള്‍ ഒന്നിന് പിന്നാലെ ഒന്നായി ആനപ്പുറമേറി. അസ്തമയസൂര്യന്റെ പ്രഭയില്‍ വെട്ടിത്തിളങ്ങിയ നെറ്റിപ്പട്ടങ്ങള്‍ കുടകളില്‍ പൊന്‍വെട്ടം ചാര്‍ത്തി. തൊട്ടുരുമ്മിനിന്ന ആനകളുടെ പുറത്ത് അഴക് വിരിയിച്ചത് ഒന്നല്ല, ഒരായിരം കുടകള്‍.



സിരകളെ ത്രസിപ്പിച്ച മഠത്തില്‍വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും ആസ്വദിക്കാന്‍ വന്‍ജനസാഗരമാണ് പൂരനഗരിയിലെത്തിയത്. ബ്രഹ്മസ്വം മഠത്തിലെ ആല്‍ചുവട്ടില്‍ ആലിലകള്‍ക്കൊപ്പം ആസ്വാദകരും പഞ്ചവാദ്യത്തിന് താളമിട്ടു. രണ്ട് മണിയോടെ ആരംഭിച്ച ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറിയപ്പോള്‍ ജനങ്ങളും ആവേശത്തിന്റെ കൊടുമുടിയിലേറി. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലുള്ള 250 പേരടങ്ങുന്ന വാദ്യസംഘമാണ് ഇലഞ്ഞിച്ചോട്ടില്‍ താളമേള വിസ്മയം തീര്‍ത്തത്.
രാവിലെ ഏഴുമണിയോടെ ഘകടപൂരങ്ങളുടെ വരവോടെയായിരുന്നു പൂരച്ചടങ്ങുകളുടെ തുടക്കം. എട്ട് ഘടകക്ഷേത്രങ്ങളില്‍ കണിമംഗലം ശാസ്താവ് വാദ്യമേളങ്ങളോടെ പൂരപ്പറമ്പിലെഴുന്നളളി. ഇതോടെ ഘടകപൂരങ്ങളുടെ വരവായി. 11-നു പഴയനടക്കാവില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യത്തിനു തുടക്കമായി. 12.30-നു പാറമേക്കാവ് അമ്പലത്തിനു മുന്നില്‍ ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ച ചടങ്ങിനൊപ്പം പെരുവനം കുട്ടന്‍മാരാരുടെ ചെമ്പടമേളം അരങ്ങേറി.
Content Highlights: thrissur pooram 2022 kudamattam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..