തൃശ്ശൂർ പൂരത്തിന് സമാപനംകുറിച്ച് പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാർ വടക്കുന്നാഥന്റെ മുന്നിൽ ഉപചാരംചൊല്ലി പിരിയുന്നു.
തൃശ്ശൂര്‍: തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ വടക്കുന്നാഥനെ സാക്ഷിയാക്കി ഉപചാരം ചൊല്ലിയതോടെ ഇക്കൊല്ലത്തെ തൃശ്ശൂര്‍ പൂരത്തിന്റെ ആചാരപരമായ ചടങ്ങുകള്‍ക്ക് സമാപനം. മഴമേഘം കുടപിടിച്ച അന്തരീക്ഷത്തിലാണ് പകല്‍പ്പൂരവും ഉപചാരംചൊല്ലലും നടന്നത്. ഇടയ്ക്ക് മഴ തുള്ളിയിടുകയും ചെയ്തു. പക്ഷേ എഴുന്നള്ളിപ്പുകളെയോ മേളങ്ങളെയോ ബാധിച്ചില്ല.
രാവിലെ മണികണ്ഠനാല്‍ പന്തലില്‍നിന്നു പാറമേക്കാവ് ഭഗവതിയും നായ്ക്കനാല്‍ പന്തലില്‍നിന്നു തിരുവമ്പാടി ഭഗവതിയും ശ്രീമൂലസ്ഥാനം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. എറണാകുളം ശിവകുമാറിന്റെ പുറത്തേറിയായിരുന്നു പാറമേക്കാവിലമ്മയുടെ വരവ്. തിരുവമ്പാടി ചന്ദ്രശേഖരനാണ് തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റിയത്. രണ്ടു ഭഗവതിമാര്‍ക്കും പാണ്ടിമേളം അകമ്പടിയായി. തിരുവമ്പാടിക്കുവേണ്ടി കിഴക്കൂട്ട് അനിയന്‍മാരാരും പാറമേക്കാവിന് വേണ്ടി പെരുവനം കുട്ടന്‍മാരാരും കൊട്ടിത്തിമര്‍ത്തു.
ഉപചാരത്തിനു ശേഷം പകല്‍ വെടിക്കെട്ടിനു തീകൊളുത്തി. പാറമേക്കാവ് ഒന്നരയോടെ വെടിക്കെട്ടിന് തീകൊളുത്തി. തിരുവമ്പാടിയുടെ വെടിക്കെട്ട് രണ്ടരയോടെ പൂര്‍ത്തിയായി. ദേവിമാരെ പോലെ രണ്ടു വഴിക്കായി പിരിഞ്ഞ തട്ടകങ്ങള്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ഒരുക്കിയ പൂരക്കഞ്ഞിയും കുടിച്ചാണ് പൂരം പൂര്‍ത്തിയാക്കിയത്. ഒരുവര്‍ഷത്തേക്ക് ഓര്‍ത്തിരിക്കാനുള്ള പൂരം മനസ്സില്‍ സൂക്ഷിച്ചുകൊണ്ടായിരുന്നു തട്ടകവാസികളുടെ മടക്കം.
മഴയിലും ആളിക്കത്തി ആവേശം
തളര്‍ത്താനാകില്ല ഈ പൂരാവേശത്തെ; മഴയ്ക്കുപോലും. പൂരരാത്രിയില്‍ നഗരം നനഞ്ഞുകുതിര്‍ന്നു. വെടിക്കെട്ട് മാറ്റിവയ്‌ക്കേണ്ടിവന്നു. എന്നിട്ടും ബുധനാഴ്ച രാവിലെമുതലേ പകല്‍പ്പൂരം കാണാനുള്ള ഒഴുക്കാരംഭിച്ചു. മൂടിക്കെട്ടിയ അന്തരീക്ഷവും ചാറ്റല്‍മഴയും ഗൗനിക്കാതെ നഗരവഴികളിലൂടെ വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്തേക്ക് കുട്ടികളും മുതിര്‍ന്നവരും കൈകോര്‍ത്ത് നടന്നു.
പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും പകല്‍പ്പൂരങ്ങള്‍ ശ്രീമൂലസ്ഥാനത്തേക്ക് അടുക്കുന്തോറും തിരക്കേറി. 10.30 ആയപ്പോഴേക്കും മണികണ്ഠനാലിനു മുന്നിലൂടെ തേക്കിന്‍കാട് മൈതാനത്തേക്ക് കടക്കാനാകാത്ത സ്ഥിതിയായി.
എഴുന്നള്ളിപ്പുകള്‍ക്കടുത്തെത്താന്‍ വഴിതേടി സ്വരാജ് റൗണ്ടിലൂടെ ജനം അലഞ്ഞു. ഇത്തവണ പകല്‍പ്പൂരം തൃശ്ശൂര്‍ക്കാരുടേത് മാത്രമായിരുന്നില്ല. ഇതര ജില്ലക്കാരും പകല്‍പ്പൂരവും ഉപചാരവും കാണാന്‍ റൗണ്ടിന് പടിഞ്ഞാറും തേക്കിന്‍കാട്ടിലും കാത്തുനിന്നിരുന്നു. വെടിക്കെട്ട് കാണാനാകാത്ത സങ്കടം തീര്‍ക്കുക കൂടിയായിരുന്നു പലരും.
ഉപചാരസമയമടുത്തപ്പോഴേക്കും ശ്രീമൂലസ്ഥാനത്തുനിന്ന് നടുവിലാല്‍ പന്തല്‍ വരെയുള്ള വഴി തിങ്ങിനിറഞ്ഞിരുന്നു. തിരക്കിനിടയില്‍ നിരവധിപേര്‍ കുഴഞ്ഞുവീണു. പോലീസും സിവില്‍ ഡിഫന്‍സ് സേനയും ചേര്‍ന്ന് കുഴഞ്ഞുവീണവരെ ജനക്കൂട്ടത്തിനിടയിലൂടെ സ്‌ട്രെച്ചറിലെടുത്തുയര്‍ത്തി കാത്തുനിന്നിരുന്ന ആംബുലന്‍സുകളിലെത്തിച്ചു.
സമയം 12.30 ആയപ്പോഴേക്കും റൗണ്ടിലേക്കുള്ള വഴികളെല്ലാം ബാരിക്കേഡ് വെച്ച് അടച്ചു. തിരക്ക് നിയന്ത്രിക്കാന്‍ റൗണ്ടിലേക്ക് ആരെയും പ്രവേശിപ്പിക്കാതെയായി. പുറത്തിറങ്ങാനെത്തുന്നവരെ മാത്രം ബാരിക്കേഡിനിടയിലൂടെ കടത്തിവിട്ടു.
ഒരുമണിയോടെ ഉപചാരച്ചടങ്ങ് പൂര്‍ത്തിയാക്കി രണ്ടിനാണ് പാറമേക്കാവ് പകല്‍വെടിക്കെട്ടിന് തിരികൊളുത്തിയത്. അപ്പോഴേക്കും തേക്കിന്‍കാട്ടില്‍ ജനത്തെ ഒഴിവാക്കിയിരുന്നു.
എന്നിട്ടും വെടിക്കെട്ടിനായി ഒരുമണിക്കൂറോളം ജനം കാത്തുനിന്നു. ഒടുവില്‍ വെടിക്കെട്ടു കൂടി കണ്ടശേഷം രണ്ടുവര്‍ഷം നീണ്ട കാത്തിരിപ്പ് സഫലമായ സന്തോഷത്തില്‍ വരുംവര്‍ഷത്തെ പ്രതീക്ഷകള്‍ മനസ്സിലേറ്റി എല്ലാവരും മടങ്ങി; തേക്കിന്‍കാടൊഴിഞ്ഞു.
Content Highlights: thrissur pooram 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..