മുപ്പതു കിലോ മയില്‍പ്പീലി, കിലോയ്ക്ക് വില 3000; പാകത്തിന് മുറിച്ചെടുത്ത് ആലവട്ടം അലങ്കാരം


പാറമേക്കാവ് വിഭാഗത്തിനായി ഒരുക്കിയ ആലവട്ടങ്ങളുമായി പ്രൊഫ. ചാത്തനാത്ത് മുരളീധരൻ

തൃശ്ശൂര്‍: ആലവട്ടം പൂരത്തിന്റെ കുസൃതിക്കണ്ണാണെങ്കില്‍ ചാമരം കുളിരാണ്. മയില്‍പ്പീലിക്കണ്ണുകള്‍ നിറഞ്ഞ ആലവട്ടവും മഞ്ഞുപോലുള്ള വെഞ്ചാമരവും പൂരത്തിലേക്ക് എത്രമാത്രം നിറങ്ങളെയാണ് ലയിപ്പിച്ചെടുക്കുന്നതെന്ന് അറിയില്ല. താളമുറുക്കങ്ങള്‍ക്കനുസരിച്ച് ഇളകിയാടി ഇവ പൂരാവേശം ഉയര്‍ത്തും. ചെറുതല്ല, ഈ തിളക്കങ്ങള്‍ക്ക് പിന്നിലെ അധ്വാനം.

മയില്‍പ്പീലി പാകത്തിന് മുറിച്ചെടുത്ത് അലങ്കാരങ്ങള്‍ തുന്നിച്ചേര്‍ത്ത്, തലപ്പുകള്‍ കൃത്യത്തിനു വെട്ടിയൊതുക്കി... അങ്ങനെ അങ്ങനെ പലഘട്ടങ്ങളിലൂടെയാണ് ആലവട്ടം രൂപപ്പെടുന്നത്. മുപ്പതു കിലോ മയില്‍പ്പീലിയാണ് ഓരോവിഭാഗവും ഒരു പൂരത്തിന് ഉപയോഗിക്കാറ്. കിലോയ്ക്ക് എകദേശം മൂവായിരം രൂപയാണ് വില. കോയമ്പത്തൂരില്‍നിന്നാണിത് കൊണ്ടുവരുന്നത്. നല്ലതു തിരഞ്ഞെടുത്ത് രണ്ടു പാളിയായി തുന്നിച്ചേര്‍ത്തശേഷം രണ്ടും കൂട്ടിച്ചേര്‍ത്താണ് ആലവട്ടം തയ്യാറാക്കുന്നത്. സാധാരണ ആലവട്ടങ്ങള്‍ തയ്യാറാക്കാന്‍ നാലു ദിവസം വേണം.

കൂട്ടാനകള്‍ക്കുള്ളത് തയ്യാറാക്കാന്‍ എട്ടുദിവസവും കോലമേറ്റുന്ന ആനക്കുള്ളതിന് 16 ദിവസവും വേണം. ശംഖ് പകിട, മുല്ലമൊട്ട് തുടങ്ങിയവയൊക്കെ അലങ്കാരങ്ങളായി തുന്നിച്ചേര്‍ക്കും. ഒക്ടോബര്‍ ഡിസംബര്‍ കാലത്താണത്രേ മയിലുകള്‍ പീലി കൊഴിക്കുന്നത്. ഈ സമയം കഴിഞ്ഞാല്‍ പീലിക്ക് ക്ഷാമമാകും. ചില വര്‍ഷങ്ങളില്‍ വിലയും കൂടും.

കന്നിയങ്കത്തില്‍ സുജിത്ത്, അനുഭവത്തിളക്കത്തില്‍ മുരളീധരന്‍

തിരുവമ്പാടിയുടെ ആലവട്ടം വെഞ്ചാമരം ചുമതലക്കാരനായ കണിമംഗലം സ്വദേശി സി. സുജിത്തിന് ചുമതലക്കാരനെന്ന നിലയില്‍ കന്നിയങ്കമാണിത്. ഇതിനാല്‍ പുതുമയുടെ ഊര്‍ജവും ആശയങ്ങളും നിറയെയുണ്ട്. പാറമേക്കാവിന്റെ ചുമതല വഹിക്കുന്ന പ്രൊഫ. ചാത്തനാത്ത് മുരളീധരന്റെ ബലം 18 വര്‍ഷത്തെ നേതൃത്വമാണ്. 57 വര്‍ഷമായി ഈ രംഗത്തുണ്ട്. 12 വയസ്സില്‍ ആരംഭിച്ചതാണ് ഈ ജോലി. ഇപ്പോള്‍ 62 വയസ്സായി. 125 വര്‍ഷത്തോളമായി പൂരത്തിന് ആലവട്ടവും വെഞ്ചാമരവും ഒരുക്കുന്ന കുടുംബത്തിലെ കണ്ണിയാണ് ഇദ്ദേഹം.

സുജിത്തിന്റെ ചുമതലയില്‍ ഇതാദ്യമാണെങ്കിലും അച്ഛന്‍ കടവത്ത് ചന്ദ്രനൊപ്പം 10 വര്‍ഷത്തോളമായി ഈ രംഗത്തുണ്ട്. അച്ഛന്റെ മരണത്തോടെയാണ് സുജിത്ത് ചുമതല ഏറ്റെടുത്തത്. കടവത്ത് ചന്ദ്രന്‍ 25 വര്‍ഷത്തോളം തിരുവമ്പാടിവിഭാഗത്തിന്റെ ആലവട്ടം വെഞ്ചാമരം ചുമതലയില്‍ ഉണ്ടായിരുന്നു. പ്രൊഫ. മുരളീധരനും സുജിത്തും ബന്ധുക്കളുമാണ്.

യാക്കിൻവാൽ വെഞ്ചാമരമാകുമ്പോൾ

ഹിമാലയൻ മേഖലയിൽ മേഞ്ഞുനടക്കുന്ന യാക്കുകൾക്ക് എന്ത് തൃശ്ശൂർപൂരം. പക്ഷേ, ഇവയുടെ വാലിന് ക്ഷാമം നേരിട്ടാൽ പൂരത്തിന്റെ വെൺമകുറയും. കുടമാറ്റം നടക്കുമ്പോഴും എഴുന്നള്ളിപ്പുകൾക്കും മേളങ്ങൾക്കുമിടയ്ക്കും വെൺചാമരമായി ഉയർന്നു പൊങ്ങുന്നത് ഈ വാലാണ്. 200 കിലോ യാക്കിൻ വാലാണ് ഓരോ വിഭാഗവും ഓരോ പൂരത്തിനും ഉപയോഗിക്കുന്നത്. മൈസൂരിൽനിന്നും ചെന്നൈയിൽനിന്നുമെല്ലാം വരുത്തുന്നതാണിത്. എല്ലിന്റെ ഭാഗങ്ങളോടുകൂടി വരുന്ന ഇത് വേർതിരിച്ചെടുക്കണമെങ്കിൽ കുറച്ചൊന്നും അധ്വാനം പോരാ.

വാൽരോമങ്ങൾ വലിപ്പത്തിനനുസരിച്ച് വേർതിരിക്കുകയെന്നതാണ് ആദ്യപണി. ഇത്തരം നാരുകൾ ചരടിൽ കോർത്ത് വെഞ്ചാമരനിർമാണത്തിനുള്ള വാൽ ഉണ്ടാക്കലാണ് പിന്നെ. വലിച്ചുകെട്ടിയ ചരടിൽ നാരുകൾ കോർത്തെടുക്കും. നീളമുള്ള നാരുകളാണ് ആദ്യം കോർക്കുക. ഇത്തരത്തിൽ കോർത്തെടുക്കുന്നതിന് ഒൻപതുമുഴം വരെ നീളമുണ്ടാകും. ഒരു വാല് കോർത്ത് തയ്യാറാക്കാൻ ഒമ്പതുമണിക്കൂർ വേണം. ഇത്തരത്തിൽ അറുപത് വാലുകൾ വേണ്ടിവരും ഒരുവിഭാഗത്തിന്. ഒരു വെഞ്ചാമരത്തിൽ രണ്ട് വാലുകൾ വെച്ചാണ് കോർക്കുക. കനംകുറഞ്ഞ മരം കടഞ്ഞ് ഉണ്ടാക്കുന്ന കതിരിലാണ് ഇതു ചുറ്റിയെടുക്കുക.

കതിരുകളുടെ പിടിയായി ഉപയോഗിക്കുന്നത് ഓടിൽ വെള്ളി പ്ലേറ്റ് ചെയ്താണ്. പൂർണമായും ചുറ്റിയ നാരുകൾ മിനുക്കിൽ കെട്ടി ഉറപ്പിക്കുകയാണ് അടുത്തപണി. ഇതും കഴിഞ്ഞാൽ പിന്നെ പൂർണമായും ചീകി വൃത്തിയാക്കും. ഇതോടെ യാക്കിൻ വാൽ തൂവെള്ള വെഞ്ചാമരമായി.

Content Highlights: thrissur pooram 2022

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented