
2021-ലെ പൂരനാളിൽ രാത്രി മഠത്തിൽവരവിനിടെയാണ് അപ്രതീക്ഷിതമായ ആ സംഭവമുണ്ടായത്. രാത്രി തിരുവമ്പാടിയുടെ മഠത്തിൽവരവ് കാണാൻ സുഹൃത്തുക്കളോടൊപ്പമെത്തിയതാണ് രാമനാഥൻ. കേരളവർമ കോളേജ് പ്രിൻസിപ്പൽ നാരായണമേനോൻ ഉൾപ്പെടെയുള്ള സുഹൃത്തുക്കളോട് സംസാരിച്ചശേഷം മേളത്തിനടുത്തേക്ക് നീങ്ങിയതാണ്. പെട്ടെന്നാണ് ആൽമരക്കൊമ്പ് പൊട്ടിവീണത്. അപകടത്തിൽ രണ്ടുപേർ മരിച്ചു. പരിക്കേറ്റ മറ്റൊരാൾ മൂന്നുമാസത്തിനുശേഷം ചികിത്സയ്ക്കിടെ മരിച്ചു.
അപകടത്തിൽ രാമനാഥന്റെ നട്ടെല്ലിനാണ് കാര്യമായ ക്ഷതമേറ്റത്. അമൃത ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും ശേഷം കല്ലേറ്റുങ്കര നിപ്മറിൽ 80 ദിവസത്തെ പുനരധിവാസചികിത്സയിലൂടെ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഭാര്യയും എൽ.ഐ.സി. ഉദ്യോഗസ്ഥയുമായ അനന്തനാഗിനി ഈ ദിവസങ്ങളിലെല്ലാം പിന്തുണയേകി ഒപ്പംനിന്നു.
അതേസമയം മക്കളായ മേധയും മിഹിതും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് രാമനാഥനുവേണ്ടി വീടും പരിസരവുമൊരുക്കി. ഇലക്‌ട്രിക് വീൽചെയർ കയറ്റാൻ വീട്ടിലേക്ക് റാമ്പൊരുക്കി. ചക്രക്കസേര കയറ്റാനാകുംവിധം വാഹനമൊരുക്കി. സൗകര്യപ്രദമായവിധം ശൗചാലയം പുതുക്കിപ്പണിതു. പഴയ ജീവിതത്തിലേക്ക് രാമനാഥൻ തിരിച്ചെത്താൻ കുടുംബമൊന്നാകെ പ്രയത്നിച്ചു. ഇപ്പോഴും ഫിസിയോതെറാപ്പി തുടരുന്നുണ്ട്.
കഴിഞ്ഞ സെപ്‌റ്റംബറിൽ ചികിത്സയ്ക്കുശേഷം വീട്ടിലെത്തി. ചേർപ്പിൽ നടന്ന നടപ്പുരപഞ്ചവാദ്യം കാണാൻ ചക്രക്കസേരയിലെത്തിയാണ് അദ്ദേഹം പൂരലഹരി തിരിച്ചുപിടിച്ചത്. പിന്നീടങ്ങോട്ട് ഉത്സവപ്പറമ്പുകളിലൂടെയുള്ള സഞ്ചാരമായിരുന്നു. സഹായി വിജയനൊപ്പം ഇത്തവണ പെരുവനം-ആറാട്ടുപുഴ പൂരങ്ങൾ, വടക്കുന്നാഥനിലെ ശിവരാത്രി, നെന്മാറ-വല്ലങ്ങി വേല എന്നിവയ്ക്കെല്ലാം അദ്ദേഹമെത്തി.
അപകടത്തിനുശേഷം ഇൻഷുറൻസ് ആനുകൂല്യമോ സർക്കാർസഹായമോ രാമനാഥന് ലഭിച്ചിട്ടില്ല. രണ്ടാഴ്‌ചമുൻപാണ് ഭിന്നശേഷിക്കാരനാണെന്ന സർട്ടിഫിക്കറ്റ് ലഭിച്ചത്. ആരാധനാലയങ്ങൾ ഭിന്നശേഷിസൗഹൃദമാകണമെന്ന ആഗ്രഹം രാമനാഥനുണ്ട്. വടക്കുന്നാഥഭക്തനായ അദ്ദേഹം മുൻപ് ആഴ്‌ചയിൽ മൂന്നുതവണയെങ്കിലും അവിടെ ദർശനത്തിനെത്തുമായിരുന്നു. എന്നാൽ വീൽചെയർ പ്രവേശിപ്പിക്കാനാകാത്തതിനാൽ ഇപ്പോഴത് സാധിക്കുന്നില്ല. നമ്മുടെ നാട് കൂടുതൽ ഭിന്നശേഷിസൗഹൃദമാകേണ്ടതുണ്ടെന്ന് രാമനാഥൻ ഒാർമിപ്പിക്കുന്നു.
മെഡിക്കൽ റെപ്രസന്റേറ്റീവായ രാമനാഥന് ജോലി ചെയ്യുന്ന കമ്പനിയുടെ പൂർണ പിന്തുണയുമുണ്ട്.
Content Highlights: thrissur pooram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..