മേളപ്രമാണിമാരെ ആദരിക്കുന്ന ചടങ്ങിനെത്തിയ കോങ്ങാട് മധു, കിഴക്കൂട്ട് അനിയൻ മാരാർ, പെരുവനം കുട്ടൻ മാരാർ, പരയ്ക്കാട് തങ്കപ്പൻ മാരാർ എന്നിവർ കണ്ടുമുട്ടിയപ്പോൾ
തൃശ്ശൂര്‍: രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും തൃശ്ശൂര്‍ പൂരം നടക്കുന്നതിന്റെ ആവേശത്തിലാണ് മേളപ്രമാണിമാര്‍. മേളപ്രമാണിമാരായ പെരുവനം കുട്ടന്‍മാരാര്‍, കിഴക്കൂട്ട് അനിയന്‍ മാരാര്‍, പഞ്ചവാദ്യപ്രമാണിമാരായ പരയ്ക്കാട് തങ്കപ്പന്‍ മാരാര്‍, കോങ്ങാട് മധു എന്നിവരാണ് പൂരം മുറുകുന്നതിനിടെ കണ്ടുമുട്ടിയത്. വേദിയായത് പൂരം പൂക്കുന്ന വടക്കുന്നാഥക്ഷേത്രം ശ്രീമൂലസ്ഥാനവും. യുവസംസ്‌കാരയുടെ നേതൃത്വത്തില്‍ നടന്ന ആദരിക്കല്‍ച്ചടങ്ങാണ് അവസരം ഒരുക്കിയത്.
കലയില്‍ വിഭാഗീയതയില്ലെന്ന് എല്ലാവരും ആശങ്കകളില്ലാതെ വ്യക്തമാക്കി. എല്ലാവരും തമ്മിലുള്ള സൗഹൃദം ശക്തമാണെന്നും ഇവര്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ മത്സരമല്ല നടക്കുന്നതെന്നും കലയോടുള്ള ആവേശമാണെന്നുമാണ് മേളപ്രമാണിമാരുടെ പക്ഷം.
പൂരത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുത്തു. തിരുവമ്പാടി സെക്രട്ടറി സി. വിജയന്‍, പാറമേക്കാവ് സെക്രട്ടറി ജി. രാജേഷ്, തിരുവമ്പാടി വെടിക്കെട്ടിന് നേതൃത്വം നല്‍കുന്ന ഷീന സുരേഷ്, ആനപ്പാപ്പാന്‍ സുമേഷ്, ചമയകലാകാരന്മാരായ വസന്തന്‍, പുരുഷോത്തമന്‍, ആലവട്ടം ഒരുക്കുന്ന മുരളീധരന്‍, സുജിത്ത്, പന്തലുകള്‍ ഒരുക്കുന്ന യൂസഫ്, സെയ്തലവി, തീവെട്ടിയൊരുക്കുന്ന എം.എസ്. ഭരതന്‍, രംഗനാഥന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു. പൂരം പോലുള്ളവയുടെ നേതൃനിരയിലേക്ക് സ്ത്രീകള്‍ കടന്നുവരുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി കെ. രാജന്‍ മുഖ്യാതിഥിയായിരുന്നു. പി. ബാലചന്ദ്രന്‍ എം.എല്‍.എ., കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി. നന്ദകുമാര്‍, മുന്‍മന്ത്രി വി.എസ്. സുനില്‍കുമാര്‍, യുവസംസ്‌കാര ജനറല്‍ സെക്രട്ടറി കെ. കേശവദാസ് എന്നിവര്‍ പ്രസംഗിച്ചു. യുവസംസ്‌കാര ഭാരവാഹികളായ ലൂസിഫര്‍, ഐ. മനീഷ്‌കുമാര്‍, ജയദേവന്‍, ജയകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Content Highlights: thrissur pooram 2022, pooram melam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..