പൂരം കൊടിയേറ്റത്തിനുള്ള കവുങ്ങ് പാട്ടുരായ്ക്കലിൽനിന്ന് തിരുവമ്പാടി ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു
തൃശ്ശൂര്‍: പൂരക്കൊടിയേറ്റത്തിന് ഒരുങ്ങി ഘടകദേശങ്ങളിലും ആവേശം. ഘടകക്ഷേത്രങ്ങളില്‍ രണ്ടിടത്ത് രാവിലെയും ആറിടങ്ങളില്‍ വൈകീട്ടുമാണ് കൊടിയേറ്റം. ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിലും അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രത്തിലുമാണ് രാവിലെ കൊടിയേറ്റം. ലാലൂരിലാണ് ആദ്യം കൊടിയേറുക. എട്ടിനും എട്ടരയ്ക്കും ഇടയ്ക്കാണ് ഇവിടെ കൊടിയേറ്റം.
അയ്യന്തോള്‍ ക്ഷേത്രത്തില്‍ കൊടിയേറ്റത്തിനു മുമ്പ് മേളവും ആറാട്ടും നടക്കും. 11 മണിയോടെയാണ് കൊടിയേറ്റം. ചെമ്പുക്കാവ് കാര്‍ത്യായനി ക്ഷേത്രത്തില്‍ വൈകീട്ടാണ് പൂരക്കൊടി ഉയരുക. തുടര്‍ന്ന് ക്ഷേത്രക്കുളത്തില്‍ നടക്കുന്ന ആറാട്ടിന് തന്ത്രി നേതൃത്വം നല്‍കും.
പനമുക്കംപിള്ളി ശ്രീധര്‍മശാസ്താക്ഷേത്രത്തില്‍ തട്ടകക്കാര്‍ ചേര്‍ന്നാണ് വൈകീട്ട് കൊടിയേറ്റുക. ആറരയ്ക്കും ഏഴരയ്ക്കും ഇടയ്ക്കാണ് കൊടിയേറ്റം. പൂക്കാട്ടിക്കര കാരമുക്ക് ക്ഷേത്രത്തില്‍ വൈകീട്ട് ആറരയ്ക്ക് നാട്ടുകാര്‍ ചേര്‍ന്ന് കൊടിയേറ്റം നിര്‍വഹിക്കും.
കണിമംഗലം ശാസ്താക്ഷേത്രത്തില്‍ അഞ്ചരയ്ക്കാണ് കൊടിയേറ്റ്.
ചൂരക്കോട്ടുകാവ് ദുര്‍ഗാക്ഷേത്രത്തില്‍ രാത്രി 7.30-നാണ് കൊടിയേറ്റം . കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തില്‍ വൈകീട്ട് 6.30-ന് പൂരത്തിന് കൊടിയേറും.
പാട്ടുപൂരം
പൂരത്തിന്റെ പാട്ടൊരുക്കങ്ങളും മുറുകിയ താളത്തിലാണ്. പൂരാരവം നിറയ്ക്കുന്ന ഒട്ടേറെ പാട്ടുകളാണ് പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നത്. കുഞ്ഞായിപ്പൂരമാണ് ഇതിലൊന്ന്്. തൃശ്ശൂര്‍ പൂരം കാണാന്‍ പോയ മഞ്ഞക്കുഞ്ഞായിയുടെ കഥയാണിത്. കുഞ്ഞായി കണ്ട പൂരമാണ് ഈ പാട്ട്. പൂരത്തിന്റെ എല്ലാ പ്രധാന ചടങ്ങുകളുടെ വരികളും ദൃശ്യങ്ങളും ഇതിലുണ്ട്.
ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് രാം സുരേന്ദര്‍ ഈണം നല്‍കിയ ഗാനം പാടിയത് സന്നിധാനന്ദനാണ്. ഐ.എം. വിജയനും സന്നിധാനന്ദനും അഭിനയിച്ചിരിക്കുന്നു. വൈബ്സ് മീഡിയയുടെ ബാനറില്‍ ഷാജു സൈമണാണ് പൂരം സോങ് നിര്‍മിച്ചത്. സുദീപ് ഇ.എസ്. ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിച്ചു. പാട്ടിന്റെ പ്രകാശനം തെക്കേഗോപുരനടയില്‍ മന്ത്രി കെ. രാജന്‍ പി. ബാലചന്ദ്രന്‍ എം.എല്‍.എ.ക്ക് നല്‍കി നിര്‍വഹിച്ചു. ഐ.എം. വിജയനും ചടങ്ങില്‍ പങ്കെടുത്തു.
മോഹനം സ്വരവീചികയുടെ 'വെഞ്ചാമരം' പൂരഗാനങ്ങളും പുറത്തിറങ്ങി. ഏഴു പാട്ടുകളാണ് ഇതിലുള്ളത്. പൂരത്തിന്റെ ഓരോ ചടങ്ങും ഓരോ പാട്ടായി അവതരിപ്പിക്കുകയാണ്. വടക്കുന്നാഥസ്തുതിയിലാണ് തുടക്കം. പിന്നീട് മഠത്തില്‍വരവ്, പാറമേക്കാവിന്റെ വരവ്, ഇലഞ്ഞിത്തറമേളം, കുടമാറ്റം, ഉപചാരം എന്നിവയെല്ലാം വിവരിക്കുന്ന പാട്ടുകള്‍ ഇതിലുണ്ട്. വിദ്യാധരനാണ് സംഗീതം നല്‍കിയിരിക്കുന്നത്. കവി മുല്ലനേഴി, ജി.കെ. പള്ളത്ത്, പ്രദീപ് അഷ്ടമിച്ചിറ, രാവുണ്ണി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ജോഫി തരകന്‍, സലീം രാജ് എന്നിവരാണ് രചയിതാക്കള്‍. മധു ബാലകൃഷ്ണന്‍, സംഗീത, എടപ്പാള്‍ വിശ്വനാഥന്‍, നടേശ് ശങ്കര്‍ എന്നിവരാണ് ഗായകര്‍. യുട്യൂബില്‍ മോഹനം ക്രിയേഷന്‍സില്‍ ഗാനങ്ങള്‍ ലഭിക്കും.
തിരുവമ്പാടിയിലും പാറമേക്കാവിലും
കൊടിയേറ്റിനുശേഷം മൂന്നുമണിയോടെ തിരുവമ്പാടി ഭഗവതിയുടെ പൂരം പുറപ്പാട് നടക്കും. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. 3.30-ന് ഭഗവതി നായ്ക്കനാലില്‍ എത്തുമ്പോള്‍ നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകള്‍ ഉയരും. ശ്രീകൃഷ്ണന്റെയും ഭഗവതിയുടെയും സാന്നിധ്യം സൂചിപ്പിക്കുന്ന മഞ്ഞയും നീലയും നിറത്തിലുള്ള കൊടികളാണ് ഉയരുക. ശ്രീമൂലസ്ഥാനത്ത് മേളം കലാശിക്കും. തുടര്‍ന്ന് നടുവില്‍ മഠത്തില്‍ ആറാട്ട് നടക്കും. അഞ്ചുമണിയോടെ ഭഗവതി തിരുവമ്പാടി ക്ഷേത്രത്തില്‍ തിരിച്ചെത്തും. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കൊടിമരത്തിനുള്ള കവുങ്ങ് ക്ഷേത്രത്തില്‍ എത്തിച്ചു.
വലിയപാണിക്കുശേഷം പുറത്തേക്ക് എഴുന്നള്ളുന്ന പാറമേക്കാവിലമ്മയെ സാക്ഷിയാക്കിയാണ് പൂരക്കൊടി ഉയരുക. പാറമേക്കാവ് പദ്മനാഭന്‍ തിടമ്പേറ്റും. കൊടിയേറ്റിന് ശേഷം ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാല്‍ പന്തലിലും കൊടിയുയരും. എഴുന്നള്ളിപ്പില്‍ അഞ്ച് ആനകള്‍ അണിനിരക്കും. വടക്കുന്നാഥക്ഷേത്രം കൊക്കര്‍ണിയില്‍ തന്ത്രിയുടെ നേതൃത്വത്തില്‍ ഭഗവതിക്ക് ആറാട്ടും നടക്കും.
Content Highlights: thrissur pooram 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..