
കണിമംഗലത്തുനിന്നുള്ള പൂരം പ്രദക്ഷിണം റോഡിലൂടെ കടന്നുപോകുന്നത് കാണാൻ ശ്രമിച്ച താഴ്ന്ന ജാതിക്കാരെ ഉയർന്ന ജാതിക്കാർ മർദിച്ചെന്ന പരാതി ഉയർന്നിരുന്നു. 1918-ലായിരുന്നു ഇത്. ഇതിനു തൊട്ടുമുമ്പ് കൂർക്കഞ്ചേരി, ചിയ്യാരം, കണിമംഗലം എന്നിവിടങ്ങളിലെ ഒരുകൂട്ടം സവർണർ, പൂരം പ്രദക്ഷിണം കടന്നുപോകുമ്പോൾ അവർണർ പ്രശ്നമുണ്ടാക്കാൻ സാധ്യതയുണ്ടെന്നു കാണിച്ച് രാജാവിന് നിവേദനവും നൽകിയിരുന്നു. പക്ഷേ പ്രശ്നമൊന്നും ഉണ്ടായില്ല. അന്ന് മഹാരാജാവായിരുന്ന രാമവർമ 16-ാമൻ (മദിരാശിയിൽ തീപ്പെട്ട രാമവർമ) താഴ്ന്ന ജാതിക്കാരെ ഉയർന്ന ജാതിക്കാർ മർദിച്ചെന്ന പരാതിയെക്കുറിച്ച് അന്വേഷണം നടത്താൻ കമ്മിറ്റിയെ നിയോഗിച്ചു. ദിവാൻ പേഷ്കാർ, പോലീസ് സൂപ്രണ്ട്, ജില്ലാ മജിസ്ട്രേറ്റ്, ദേവസ്വം സൂപ്രണ്ടുമാർ എന്നിവരായിരുന്നു കമ്മിറ്റി. ഇവർ അവർണരുടെ പ്രശ്നങ്ങൾ പഠിച്ചശേഷം 1918 സെപ്റ്റംബർ രണ്ടിന് റിപ്പോർട്ട് സമർപ്പിച്ചു. പൂരം പ്രദക്ഷിണം കടന്നുപാകുന്ന വഴിയിൽ വീടുകളുള്ള അവർണർക്ക് വീട്ടിൽനിന്ന് പുറത്തിറങ്ങാതെ പ്രദക്ഷിണം കാണാമെന്നുള്ള അനുമതി നൽകുന്ന റിപ്പോർട്ടായിരുന്നു അത്.
എന്നാൽ പ്രദക്ഷിണത്തിലുള്ള വിഗ്രഹത്തിൽനിന്ന് 150 അടി അകലം ഉറപ്പാക്കി വേണം അവർണർ പ്രദക്ഷിണം കാണാനെന്നും നിർദേശമുണ്ടായിരുന്നു. അവർണർക്ക് തൃശ്ശൂർ പൂരം പ്രദക്ഷിണം കാണാൻ അനുമതി നൽകിയ രാമവർമ മഹാരാജാവിന്റെ പ്രതിമയാണ് തൃശ്ശൂർ കോർപ്പറേഷൻ ഒാഫീസിന് മുന്നിലുള്ളത്.
ക്ഷേത്രപ്രവേശന വിളംബരത്തോടെയാണ് പൂരം കാണാനും പൂരപ്പറന്പിലെത്താനും അവർണർക്ക് അനുമതി കിട്ടിയത്. കേരള സർക്കാരിന്റെ കൾച്ചറൽ പബ്ലിക്കേഷൻ വകുപ്പ് പുറത്തിറക്കിയ ‘ദ ഹിസ്റ്ററി ഒാഫ് ഫ്രീഡം മൂവ്മെന്റ് ഇൻ േകരള’ എന്ന പുസ്തകത്തിന്റെ രണ്ടാം വാല്യത്തിലാണ് ഇക്കാര്യമുള്ളത്.
കേരള സർക്കാരിന്റെ റീജണൽ റെക്കോഡ്സ് സർവ്വേ കമ്മിറ്റി സമാഹരിച്ച 1885 മുതൽ 1938 വരെയുള്ള കാലത്തെ രേഖകളിൽ നിന്നാണ് രണ്ടാം വാല്യം തയ്യാറാക്കിയത്. ഇതിന്റെ 345, 346 പേജുകളിലാണ് ഇക്കാര്യമുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..